Pages

പിന്നാമ്പുറം

പിന്നാമ്പുറം

ചിലപ്പോൾ അങ്ങനെയാണ്
കടൽകാണാൻ  മാളിൽ പോകണം
കരകയറാൻ കപ്പലിലും.

പിന്നാമ്പുറത്ത് നല്ല കാറ്റാണ്.
മുറ്റത്തിറങ്ങിയാൽ നല്ല തണുപ്പും.
എന്നാലും സ്‌പ്ലിറ്റ് എയർ കണ്ടീഷ ണർ
പ്രവർത്തിച്ചില്ലേൽ
മുറിയിൽ ഇരുന്നാൽ വിയർക്കും.


ഉള്ളിലെ വിദ്വെഷം
കടലാസുഭൂതങ്ങളായി പുറത്തിറങ്ങി
ആക്ഷേപങ്ങളാൽ അലങ്കാരം തീർത്തു.
പിന്നീട് വാക്കിലും വിഷം ചേർത്തു.
അങ്ങനെയേറ്റ ഒരൊളിയമ്പാണ്
മുറിവികളായി  ചോരയിറ്റിച്ചത് .

ചങ്ങാതി, നിങ്ങളുടെ കണ്ണാടിയിൽ
മുങ്ങി താഴ്‌ന്നു പോകുന്നതല്ല
നരച്ചു കൊഴിഞ്ഞുതുടങ്ങിയ
നഗരത്തിന്റെ തെരുവീഥികൾ.

ഒരിലത്താളത്തിന്റെ സംഗീതമാണ്
പിന്നാമ്പുറത്ത്
തെങ്ങോലകളെ കാറ്റ് പഠിപ്പിക്കുന്നത്
മുറിയിലാണ് ഇപ്പോൾ തണുപ്പുകൂടുതൽ.
.........

ക്ഷേത്രം

ക്ഷേത്രം

മന്ത്രങ്ങൾ മറന്ന ആചാരങ്ങൾ എന്തെന്നറിയാത്ത
ഒരു ഗുഹാക്ഷേത്രത്തിലായിരുന്നു
കാഴ്ചക്കാരനായിട്ട്  ഞാൻ എത്തിയത്.

ഓടാമ്പൽ പോലുമില്ലാതെ
തുറന്നുകിടക്കുന്ന ശ്രീകോവിൽ.
ശില്പത്തിന്റെ ഉടഞ്ഞ കൈത്തണ്ടയിൽ
ശേഷിക്കുന്ന വജ്രായുധത്തിന്റെ
അടർന്നു വീഴാറായ പാറക്കഷ്ണം.
പുഞ്ചിരിക്കുന്ന ചുണ്ടുകൾക്കും
പകുതി ഭാഗം നഷ്ടപ്പെട്ടിരിക്കുന്നു.
കാഴ്ചക്കാരായെത്തിയോർ ശിൽപ്പഭംഗി ആസ്വദിച്ച്
അരഞ്ഞാണവും അടയാഭരണവും തടവി
അടുത്തയിടത്തേയ്ക്ക്  ആർത്തിരമ്പിയൊഴുകുന്നു.

കണ്ണടച്ച് ആരാണിതിൻ ശില്പിയെന്നോർക്കേ
മുന്നിൽ ഒരു മെലിഞ്ഞ മനുഷ്യരൂപം.
കീറിപ്പറിഞ്ഞ മുഷിഞ്ഞ വസ്ത്രങ്ങൾ.
ഉള്ളിലേക്ക് കുഴിഞ്ഞിറങ്ങിയ കണ്ണുകൾ.
മോണകൾക്കിടയിലെവിടേയോ പല്ലുകൾ.
എവിടെനിന്നോ ഒരു ചങ്ങലകിലുക്കം.
കൈകളിലെ ഉളിയും ചുറ്റികയും ചോരയിൽ ചുവന്നിരിക്കുന്നു.

കേട്ടുപഴകിയ മന്ത്രങ്ങൾക്കൊപ്പം
എന്റെ ചുറ്റിനും നീട്ടിപ്പിടിച്ച കൈകൾ.
ഞാൻ പടികൾ ഓരോന്നായി തിരിച്ചിറങ്ങി.
അടുത്ത ഗുഹയിലും കാഴ്ച ദൈവങ്ങൾ
കാണേണ്ടവ തന്നെയെന്ന് സന്ദർശകർ.
..........AAA .....



നീ വന്നപ്പോൾ



 നീ വന്നപ്പോൾ

                          പി.വിശ്വനാഥൻ

നീ വന്നപ്പോൾ
ഞാൻ പെട്ടെന്ന് തിരക്കിലായി

ഉണങ്ങാൻ ഇട്ടിരുന്ന
എന്റെ സ്വകാര്യതകൾ
അഴയിൽനിന്ന്
അറയിലേക്ക്
മാറ്റണമായിരുന്നു

നീ ഒളിഞ്ഞു നോക്കാറുള്ള
എന്റെ മേൽക്കൂരയിൽ
പോളിത്തീൻ പേപ്പർ
പുതയ്ക്കണമായിരുന്നു

എങ്കിലുമെന്റെ മഴേ
ഇനി നീ വരുമ്പോൾ 
കാറ്റോ കാർമേഘമോ
അടയാളമായി കാട്ടിയാൽ
ഉമ്മറത്തിരുന്ന്
ഒരു ചുക്കുകാപ്പികുടിച്ച്
കുറച്ചുനേരം നമുക്ക്
കുശലം പറയാം

പക്ഷേ,
വാക്കുപാലിക്കാതെ
നീ വരുമ്പോൾ
മുങ്ങിത്താഴുന്ന
എന്റെ സ്വപ്നങ്ങൾക്കൊപ്പം
വീണ്ടും ഞാൻ തിരക്കിലാകും 

.....൪൪ർ....









ചില കാര്യങ്ങൾ

സ്നേഹം       

ഇത്തിരി സ്നേഹം തോന്നിയാൽ 
ഒത്തിരി ദേഷ്യം മാഞ്ഞുപോകും 

പേര് 
പേരില്ലാത്തവന്റെ കൂടെയല്ല 
പോരില്ലാത്തവന്റെ കൂടെയല്ലേ 
പെരുമയുള്ള  പേര് കൂട്ടുകൂടൂ

വിശപ്പ്
വിശപ്പുമാത്രമായിരുന്നു 
ഭക്ഷണത്തിനായി തലകുനിച്ചത്

സെൽഫി
ഒരു സെൽഫിയെടുക്കാൻ 
മൊബെയിലിനോടൊപ്പം ഒരുകൈ നീട്ടിപ്പിടിച്ചു


വാക്കുകൾ 

ഉപയോഗിച്ചു പഴകിയ വാക്കുകളാണ് 
തെരുവിൽ പ്രയോഗത്തിൽ ഉള്ളത്
അതിലൊന്നാണ് നിങ്ങൾ കേട്ടത് 

രക്ഷ 

രക്ഷയില്ലാതായപ്പോൾ 
രക്ഷാബന്ധനം ചെയ്ത് 
സോദരരായി വാഴ്ത്താൻ തീരുമാനിച്ചു 
അതിൽപിന്നെ അയാളുടെ കണ്ണുകൾ 
കീറിപോയ എന്റെ ആകാശത്തിനു കൂട്ടായി

 ഇരട്ടപ്പേര് 

ശരിക്കുള്ള എന്റെപേര് 
ആരും വിളിക്കാറില്ല
പലരും പറയുന്നത് 
ഇരട്ടപ്പേരെന്ന് സുഹൃത്തുക്കൾ
സൗഹൃദങ്ങൾ പലപ്പോഴും
സ്വകാര്യതയെ നോവിക്കും


അമ്മ 

ആർക്കും 
ഒരമ്മയുണ്ടാകും 
അവർക്ക് 
കാണാതായ മകനും 
ആത്മഹത്യചെയ്ത കുഞ്ഞും 
പീഡിപ്പിക്കപ്പെട്ട മകളും
കാണാൻ ദുഃസ്വപ്നങ്ങളും 
നിങ്ങൾക്ക് പറയാൻ 
ഒരുപാട് ന്യായങ്ങളും.