Pages

കല്ല്

കല്ല്

എന്റെ ഹൃദയം കല്ലാണെന്ന്  അവൾ പറഞ്ഞു
കല്ലിനെയാണവൾ കോവിലിൽ തൊഴുന്നതെന്ന് ഞാനും.

അത് ദൈവമാണെന്നു തന്നെ അവൾ ആണയിട്ടു
എന്റെ ഹൃദയം തന്നെയാണ് നിന്റെ ദൈവമെന്നു ഞാനും .

അവൾ കരഞ്ഞു. ദൈവദോഷം പറയല്ലെയെന്നു തർക്കിച്ചു.
ഹൃദയത്തിന് ദോഷം വരല്ലേയെന്നു പ്രാർത്ഥിക്കാൻ ഞാനും

കല്ലല്ല ,കരളാണ് ദൈവമെന്ന് അവൾ മൊഴിമാറ്റി
കരളാണ് ഹൃദയമെന്ന് ദൈവത്തിനറിയുമെന്നായി ഞാൻ

ഹൃദയം തന്നെയാണ് ദൈവമെന്നവൾ ചിരിച്ചു ചൊല്ലി
സ്നേഹമാണ് ദൈവമെന്ന് മറന്നുപോയോന്നു ഞാൻ

കള്ളാ നീയാണെന്റെ ദൈവമെന്നായി അവസാനം
കല്ലു കേൾക്കണ്ട കല്ലല്ല പൊന്നേ എന്നായി ഞാൻ.
....................................

തർക്കം തീർന്നു


മുഖം

മുഖം 
കവിത വറ്റിയ എനിക്ക് 
കവിയാകാനാവില്ല
ഞാൻ കവിയല്ല 
മനുഷ്യത്വം നഷ്ടപ്പെട്ട എനിക്ക് 
മനുഷ്യനാകാൻ പറ്റില്ല 
ഞാൻ മനുഷ്യനല്ല
നിന്റെ ആമാശയത്തിൽ ദഹിക്കേണ്ടത് 
എന്റെ മാത്രം ഇഷ്ടങ്ങളാകണം 
നിന്റെ രുചിയും എന്റേതാകണം
കണ്ണീരുവറ്റിയ എനിക്ക് 
നിന്റെ മുഖം നനയുന്നത് കാണ്മാനാവില്ല 
നീ മോഹങ്ങൾ  വെടിയണം 
ഒരു മഴപോലും 
കൊതിയോടെ നനയുവാൻ 
എന്റെ നഗരങ്ങൾക്ക് കഴിയുന്നില്ല 
മഴയിൽ  മുങ്ങി താഴുന്നത് 
വെള്ളത്തിനോടുള്ള എന്റെ ആർത്തി 
കവിത ഞാൻ എഴുതാറെയില്ല 
മുങ്ങിതാഴുന്ന നഗരങ്ങളിൽ 
ഒരുചൂണ്ടകാരനെ പോലെ 
പലപ്പോഴും ഞാൻ ചുറ്റി നടക്കും 
നനഞ്ഞ്  വീർത്ത നിന്റെ ശരീരങ്ങളിൽ  
എന്റെ വാക്കുകളൂരി ഞാൻ പുതപ്പിക്കും .നിനക്ക് കവിത എഴുതാനറിയുമെങ്കിൽ 
എന്നെക്കുറിച്ച് മാത്രം എഴുതണം 

എന്തെന്നാല്‍ 
ഞാനും മനുഷ്യരെയല്ലേ 
അന്വേഷിക്കുന്നത്എന്റെ മുഖവും 
മനുഷ്യന്റേതല്ലേ 
.....

മരം

മരം

പ്രണയത്തിനും 
പട്ടിഓടിക്കുമ്പോഴും
താങ്ങാകും മരം

പ്രപഞ്ചം

പ്രപഞ്ചം

അളന്നുനോക്കി
മനസ്സിലൂടാകാശം
പ്രപഞ്ചദൂരം

പ്രണയം

 പ്രണയം

മധുരമുള്ള
വാളൻ പുളിമരത്തിൽ
ഉമിനീരല്ലോ 

വിയോഗം

വിയോഗം 

ചലച്ചിത്രങ്ങൾ
നിശബ്ദമാകുന്നല്ലോ 
താങ്ങ് വീഴുമ്പോൾ 

വിളക്ക്

വിളക്ക്

വെളിച്ചം പകർന്ന് പകർന്ന്
കെടാതെ നിലകൊള്ളേണ്ടത് 
കത്തിച്ചാലല്ലേ തെളിയൂ

വിളക്കിയെടുക്കാനും 
വിപണനംനടത്താനും
ജാതിമതം നോക്കണ്ട

കത്തിക്കുമ്പോൾ
അതിൽ ഉയരുന്നത്
എണ്ണ കത്തുന്ന
വെളിച്ചമല്ലെന്നും
ആചാരമാണെന്നും
തിരിച്ചറിയാൻ
ഇരുട്ട് മാത്രം മതി
 വെളിച്ചം
വിളക്കിയതിനെ 
ഇരുട്ട്
വിലക്കി.

മാന്ത്രികൻ

മാന്ത്രികൻ

മുങ്ങുന്നല്ലോപെട്ടെന്നാഴിയിലൊരുത്തൻ
പിടിപ്പതിനൊക്കില്ലല്ലോവതങ്ങങ്ങുദൂരെ
പൊങ്ങുമൊന്നോർക്കുംമുമ്പിരുട്ടിലായ്
ഉടലീത്തീരത്തടിയുമ്പോളറിയട്ടെ ലോകം


പേടിച്ചുപോയായിരുട്ടിലുറങ്ങിപ്പോയ്
കണ്ടതെല്ലാമോഭാരിച്ചദുഃസ്വപ്നങ്ങളും
ചാടിയുണർന്നൊരുനേരത്ത് വാനിലതാ 
മിണ്ടാതെകലിതുള്ളിമിന്നുന്നു താരങ്ങൾ

കാണാതൊളിച്ചു കരിമ്പടക്കീഴിലായ്
നേരറിഞ്ഞഭീരുവിനുറങ്ങാൻകഴിയുമോ
കാണാദൂരത്തതാചിരിക്കുന്നു മാന്ത്രികൻ
നേരം വെളുത്തല്ലോ വീണ്ടുംവെളിച്ചമായ്

മന്ത്രവുംതന്ത്രവുമല്ലിതെല്ലാംതോന്നൽ
അന്ധകാരത്തിലല്ലേയറിവിന്റെമാറ്റൊലി
യന്ത്രംകണക്കുരുളുന്നുനിത്യേനനിന്നിടം
അന്ധനാകല്ലേരാപകൽകണ്‍കെട്ടുവിദ്യയും  

ബാൽക്കണിയിൽ കുരങ്ങുശല്യം

ബാൽക്കണിയിൽ  കുരങ്ങുശല്യം

രാവിലേ തുറന്നാലെത്തും കുരങ്ങന്മാർ 
പോവില്ല കീറാതെ, കിടക്കും വസ്തുക്കളെ
പാവങ്ങൾ വിശന്നു വലഞ്ഞെത്തുന്നോർ
നോവുന്നൂമനം ബാൽക്കണിയടക്കുമ്പോൾ

പത്രം

പത്രം

തെറ്റിച്ചല്ലോ പലതും
പറ്റിച്ചിന്നെന്റെപേരിലും
എത്രതെറ്റിലാണൊരുശരിയുത്തരം
മിത്രമേപറ്റിയല്ലോയെന്നുപത്രവും

പേടി

പേടി 

ഒട്ടുമേ പേടിക്കാതുറങ്ങണം
വെട്ടമില്ലാത്തൊരുരാത്രിയിൽ
പേനായപോലോടിയെത്തും   
കിനാക്കളല്ലേൽകടിക്കുമല്ലോ!

പോകുമ്പോൾ


പോകുമ്പോൾ


പോകുമ്പോൾ
ഒന്നും കരുതില്ല
അടഞ്ഞ പെട്ടിക്കുള്ളിൽ
ഒറ്റയ്ക്ക്

പക്ഷേ ഒന്നുണ്ട്
ഉപേക്ഷിച്ചുപോയത്
ഓർമ്മകളിൽ തങ്ങിനിൽക്കും
അതിൽ
ചിരിക്കുന്ന ഒരദ്ധ്യാപകനും
ചിതറുന്ന കുറേ ജീവനും
ഇറങ്ങി നടക്കും   

പ്രണാമം

പ്രണാമം

ചോദിക്കുന്നില്ലൊന്നും ചോദ്യമായ്
ഉദിക്കുന്നില്ലൊന്നും ഇരുട്ടിനായ്
അന്തിവന്നർക്കനെകൂട്ടികടന്നപ്പോൾ
സന്താപത്തോടെ കൂപ്പുന്നു ഭൂതലം

നടൻ

നടൻ 

വാടാതിരിക്കാൻ
കഴിയില്ല പൂവിന്

കേടായഞെട്ടാൽ
കൊഴിയുന്ന പോലെന്നും

കാലം വിളിക്കുമ്പോൾ
പൂമരം വീഴുന്നു

കോലമഴിക്കുന്നു നാം
നടനം കഴിയവേ

മഴയോട്

മഴയോട്

എന്തേ മഴേ നീ ചിരിക്കുന്നേ
ചന്തത്തിലീയന്തി നേരത്ത്
കാന്തം കണക്കൊപ്പംകാറ്റുമായി
ശാന്തേ നിനക്കെന്താ പ്രേമമാണോ

അഗ്നിച്ചിറകുകൾ

അഗ്നിച്ചിറകുകൾ

പറക്കാനഗ്നിച്ചിറകുകൾ
മറക്കാനാവില്ല കാലമേ
കേവലം മർത്ത്യനല്ല നീ
ജീവജ്വാലാപ്രഭ,കലാമേ 

തർക്കം

 തർക്കം

കാക്കക്കൂടുള്ള മരം
മറിഞ്ഞു വീണതിന് 
കാറ്റാണോ മഴയാണോ
കുറ്റക്കാരൻ
കാക്കകൾ
തർക്കിക്കുന്നു

നീ വരുമ്പോൾ

 
നീ വരുമ്പോൾ
നീ വന്നപ്പോൾ
ഞാൻ പെട്ടെന്ന് തിരക്കിലായി

ഉണങ്ങാൻ ഇട്ടിരുന്ന
എന്റെ സ്വകാര്യതകൾ
അഴയിൽ നിന്ന്
അറയിലേക്ക് മാറ്റണമായിരുന്നു

നീ ഒളിഞ്ഞു നോക്കാറുള്ള 
മേൽക്കൂരയിൽ  
പോളീത്തീൻ പേപ്പർ
പുതക്കണമായിരുന്നു

എങ്കിലുമെന്റെ മഴേ,
ഇനി നീ വരുമ്പോൾ

കാറ്റോ കാർമേഘമോ
അടയാളമായി കാട്ടിയാൽ 
ഉമ്മറത്തിരുന്ന് 
ഒരു ചുക്കുകാപ്പികുടിച്ച്
നമ്മുക്ക് കുറച്ചുനേരം
കുശലം പറഞ്ഞിരിക്കാം

നനയുക

 നനയുക 

ആദ്യമായി
മഴ നനഞ്ഞ മനുഷ്യൻ
ആരായാലും
നനഞ്ഞ്
വല്ല മരച്ചുവട്ടിലും
നിന്നിരിക്കാം

ആദ്യമായി
കുട കണ്ടുപിടിച്ചയാൾ
ആരായാലും
കുട പിടിച്ച്
പെരുമഴയത്ത്
നനഞ്ഞിരിക്കാം

ഇപ്പോൾ
മഴ മഴയത്തും
കുട മഴയത്തും
നനഞ്ഞൊലിക്കുന്നു

സുഖം

 സുഖം

മറന്നകുട
സദസ്സിലെ ബക്കറ്റിൽ
തണുത്ത് വിറക്കുന്നത്
മഴകാട്ടിതന്നു

അങ്ങനെ നീ
പരിശുദ്ധനാകേണ്ടെന്ന്
തലയിൽ തൊട്ട്
പറയാൻ തുടങ്ങി

എന്നാലുമെന്റെ മഴേ
ഒരു നനഞ്ഞ സുഖം
 

സിദ്ധാന്തം

സിദ്ധാന്തം

ആപ്പിൾ തലയിൽ വീഴും മുമ്പ്
നീ പെയ്തിരുന്നെങ്കിൽ
ന്യൂട്ടന്റെ ആകർഷണ സിദ്ധാന്തം
മഴേ, നിൻറെ താളത്തിലായേനെ.  

നീ..

നീ..

മഴേ മഴേ നീ വെറുതേയിന്നെങ്ങിനെ
പഴുത്തിലപോലെ കൊഴിയുന്നത് ?
കുളിരുകോരുന്നല്ലോ വൃക്ഷ ശിഖരങ്ങളിൽ
കുളിർമ്മനിറയുന്നു പ്രണയനിലാവിലും. 

ഴാ ..

ഴാ ..

മഴയാണ് പറയാതെ
പുഴയെ പുണർന്നത്‌
പൊട്ടിയവളഴുക്കിൽ
മിട്ടീ,കവിയുമാനന്ദം    

രാവണാ

 രാവണാ

ആമരമീമര ആമരീമര
ആവണമീവണആവണീവണ
ആസീതയീസീത ആസീതിസാതാ
ആലക്ഷ്മമീലക്ഷ്മആലക്ഷ്മീലഷ്മ
ആമരാമണസീതാലഷ്മണാമണരാവണാ

അമ്മ മലയാളം

 അമ്മ മലയാളം

ഒന്നേ ഒന്നേ ഓർക്കുമ്പോൾ
വന്നേ വന്നേ മലയാളം
നിന്നേ വന്നീ നാവിൻ തുമ്പിൽ
പൊന്നിൻ കുലപോൽ മലയാളം

അമ്മേ ചൊല്ലൂ ആരാണീ
കമ്മലുതൂക്കും മലയാളം
കുഞ്ഞേ കുഞ്ഞേ നോക്കിക്കേ
മഞ്ഞിൻ കതിരാമലയാളം

ഇമ്മലനാട്ടിലെ കൂട്ടർക്ക്
ചുമ്മാചൊല്ലാൻ മലയാളം
വന്മതിൽതീർക്കും ലോകത്ത്
നന്മകളേകാൻ മലയാളം

ഇങ്ക്ലീഷല്ലേ  നമുക്കെല്ലാം
ചങ്കിലിരിക്കും മലയാളം
വങ്കത്തം നീ പറയരുത്
ഇങ്ക്ലീഷല്ലാ  മലയാളം
 
എങ്കിലുമമ്മേ ചൊല്ലുവത് 
മങ്ക്ലീഷല്ലേ മലയാളീ
ദോഷം ദോഷം ഓർക്കുക നീ
ഭാഷയിലമ്മ മലയാളം   
...................  വിശ്വനാഥൻ . പി .

ഗൌരി

ഗൌരി

ഗൌരിയോട് ശിവനോതിയയാക്കഥ
കർക്കിടകത്തിൽ വായിച്ചിരിക്കവേ
ഗൌരിയോടുന്നുതിരിച്ചു സൗമമായ്
ശൌര്യമുള്ളയാപാർട്ടിയിലേക്കിതാ

കൊമ്പ്

കൊമ്പ്
പിടിച്ച മുയലിനു കൊമ്പുരണ്ടെണ്ണം
പിടിച്ചു നിന്നവൻവിളിച്ചു കൂവുന്നു
പറഞ്ഞു പോയല്ലോ കൊമ്പ്, യെങ്ങനെ
പറഞ്ഞതല്ലാതാവും കൂർത്തയാശ്രവസ്സുകൾ     


 

യാത്രാക്ലേശം

 യാത്രാക്ലേശം 

ഒരായിരം കിളികൾ പറന്നാലുമാകാശം
വരികളായ് യാത്രാക്കുരുക്കിൽ തളരില്ല
ആയിരം പുഷ്പകവിമാനങ്ങളൊന്നിച്ച്
വായുവിൽപാഞ്ഞാലറിയും യാത്രാക്ലേശം 

ലക്ഷം

 ലക്ഷം

ലക്ഷ്യമൊന്നേയുള്ളല്ലോ ജീവനിൽ 
ലക്ഷമെത്താനുതകേണം കവിതയും
ഭക്ഷണം തോടാനൊക്കുന്നിതിലെങ്കിൽ
അക്ഷമനായും വാക്കുകൾ കോർത്തിടാം

ഇരുന്നാലും

ഇരുന്നാലും
 

രാജാവ് , രാജ്ഞി , മന്ത്രി വരുന്നേരം 
കാലാളിരുന്നാലും വാർത്തയാകും.
എണീക്ക, വണങ്ങ ,ചിരിക്ക , പിന്നെ
ഇരിക്ക, വല്യോരെല്ലാമിരുന്ന ശേഷം  

 
 

പ്രേമം

പ്രേമം

മധുരപ്പതിനാറിൽ
പ്രേമം അപ്പ്‌ ലോഡ്
പ്രേമം ഡൌണ്‍ലോഡ്
പ്രേമം പിടിച്ചവൻ
മധുരപ്പുലിവാലിൽ 


വള്ളം

വള്ളം

മഴയല്ലേ വീഴുന്നതെന്നു പാടം
പുഴയേനോക്കിപറഞ്ഞുപോയി
പുതുമയിതിലൊന്നുമല്ലെനിക്ക്
കതിരില്ലാനീയെന്തുവയലാണെടീ
പുഴചൊല്ലിതീർന്നതും മഴപിണങ്ങി
തുഴയെടുത്തൊന്നു കൊടുക്കാൻ തോന്നി.    

വട്ട്

വട്ട്

സോഡാകുപ്പിയിൽ
കുടുങ്ങിയത് വട്ട്
ഗ്യാസ് പുറത്ത്.

വെട്ട്

 വെട്ട്

പിടലി വെട്ടി
ഉറക്കമായിരുന്നു 
മുറിവേറ്റില്ല

കാക്ക

കാക്ക

കാക്ക കരഞ്ഞു
കൊക്ക് കുഴഞ്ഞുപോയി
കാക്കകൾ കൂടി

നിറം

 നിറം

പരിശോധിച്ചു
തൊലിയിൽ തന്നെനിറം
ചോര ചുവപ്പ്

പനി

പനി

കടുത്ത പനി
ചൂടുനോക്കിയിരുന്നാൽ
രോഗം മാറില്ല

ജയം

ജയം

എടാ ജയിച്ചോ
പറയാനുണ്ടോകുട്ടാ
നല്ല സ്കോറല്ലേ !അങ്ങനെ.. അങ്ങനെ

അങ്ങനെ.. അങ്ങനെ


മഴ കഥ പറയുമ്പോൾ 
കാറ്റ് നീട്ടിമൂളും
കളയടോ നിന്റെയാ
കരിങ്കൊടിയെന്നലറി
കുടക്കമ്പികളുടെ
മസ്സിലുകളിൽ തടവും
മഴ മനസ്സിലേക്ക്
തേനൊഴുക്കും
നനഞ്ഞു കുതിരുമ്പോൾ  
ഞങ്ങൾ ഒന്നാകും
തെരുവിലൂടെ
ഒഴുകിയൊഴുകി
അങ്ങനെ.. അങ്ങനെകേമത്തം

കേമത്തം

ജീവിക്കുന്നതു തന്നെ
കേമത്തം കാട്ടാനാണ്


സംസാരിച്ചപ്പോൾ ഓർത്തില്ല
അയാൾ ഒരു കേമനാണെന്ന്.
ചോദിക്കാതെ വന്ന്
അരയിൽ മണികെട്ടാൻ
അനുവാദം കൊടുത്തില്ല.

കളി കേമനോടല്ലേ
കളം പൊതുമുതലാണെന്ന്
അറിയിപ്പുണ്ടായി   
സൗഹൃദം, പരിചയം
കുടുംബ ബന്ധം
എല്ലാം
കളരിക്കു പുറത്ത്.

കുടിവെള്ളമൊഴുക്കിയ 
പുഴയെ തടഞ്ഞു നിർത്തി
കേമനല്ലേ
ഒരു വിരലാൽ അന്നം മുട്ടിച്ചു
വിശപ്പ റി യി ച്ച പ്പോ ൾ
അനുഭവിക്കുന്ന സ്വത്തിന്റെ
അവകാശിയല്ലെന്നു കല്പനയുണ്ടായി

ശരിയാണല്ലോ
കേമന്മാർക്കല്ലേ
കേമത്തം കാട്ടാനാവൂ !
 പണിതു തന്ന
ശില്പിയെതന്നെ
കൊന്നല്ലേ ശീലം

കേമന്മാർ
സർവ്വ വ്യാപികൾ
ജീവിക്കുമ്പോൾ 
കേമനെപേടിക്കണം.
.......................   

തീക്കളി

തീക്കളി

ചൂടാക്കാൻ
ഉരുണ്ടു കറങ്ങി
തീയ്ക്ക് ചുറ്റും
കളിക്കുന്നവൾ

പറഞ്ഞിട്ടെന്തേ
വരച്ച വരയിൽ
അവൾ ഉരുളുന്നത്
മേലുകീഴ്‌ മഞ്ഞുകട്ടകൾ പിടിച്ച്
ഉള്ളുനിറയെ വെള്ളം നിറച്ച്

ഇനി പറയൂ
അവൾക്കീ കളി 
തീക്കളിയാണോ?

സ്വബോധംസ്വബോധം


എന്റെ കാര്യത്തിൽ
ഞാൻ പറയുന്നതൊന്നും
ബാധകമല്ല 
ഇവിടെ പറഞ്ഞതൊന്നും
ഞാൻ ചെയ്തിട്ടില്ലല്ലോ!
മറ്റുള്ളവരുടെ
കാര്യത്തിൽ
ഇതാണ് ശരി.

v

ചോരയുണ്ടുസഖാക്കളേ  നമുക്കുനിന്നുപൊരുതുവാൻ
ചേരണം കരുത്തുകാട്ടാൻ  ചെങ്കൊടിക്കുകീഴിലായ്
ചോർന്നുപോയധീരതകൾ ചേർത്തുനിർത്തി മുന്നേറാം
ചേർന്നുനിൽക്കൂനമ്മളല്ലേലാകും മൂകസാക്ഷികൾ 


പെണ്ണാളി

പെണ്ണാളീ**

നുണക്കുഴികളിൽ
നീ തലോടുമ്പോൾ
വിശന്നു ചുരുങ്ങിയ
നിന്റെ വയറിലാണ്
ഞാൻ കിടന്നത്

നിന്റെ കണ്ണുകളിൽ
മഴത്തുള്ളികൾ ഉതിർത്തത്
എന്റെ കവിളിൽ ഒട്ടിപ്പിടിച്ചു


നീ  ഊട്ടിയ മുലപ്പാൽ
വിശപ്പകറ്റാൻ തികഞ്ഞില്ല
മുലഞ്ഞെട്ടുകളിൽ
ആർത്തിയോടെ കടിച്ചപ്പോൾ
നീ ചിരിക്കുകയായിരുന്നു

ഞാൻ വളർന്നപ്പോൾ
മേൽക്കൂര തകർത്ത് ഇടിത്തീ വീണത്‌
ഏതു നെഞ്ചിലായിരുന്നെന്ന്
നിനക്ക് അറിയില്ലായിരുന്നോ ?

നുണക്കുഴികളിൽ  നീ തലോടിയത്
നിന്റെ വയറ്റിൽ പിറന്ന
ഒരു പാഴ് ജന്മത്തെയായിരുന്നു!

ഉറവവറ്റിയ മുല ഞെട്ടുകളിൽ
നീ ചേർത്തു പിടിച്ചത്
അപസ്വരം മീട്ടിയ
എന്റെ ചുണ്ടുകളായിരുന്നു .

ഉറവ നഷ്ടപ്പെട്ട നദികണക്കാണ്
എന്റെ ജന്മമെന്ന് ഞാനറിഞ്ഞു 
ശുഷ്കിച്ച് ഉൾവലിഞ്ഞ ജനനേന്ദ്രിയം
അസ്തിത്വ ത്തെ കണ്മഷിയിലേക്ക് തള്ളി 
ഞാനൊരു പെണ്ണാളിയായി!

ഒരു കൂരിരുട്ടിൽ
എനിക്കായ് തുറന്നു തന്നത്
അഗാധ ഗർത്ത ത്തിലേക്കുള്ള
വഴിയായിരുന്നെന്ന്
നീ അറിഞ്ഞു കാണുമോ?

ഗുഹ്യരോഗങ്ങൾക്കൊപ്പം 
രക്ഷകർ പിഴുതെറിഞ്ഞത്
ആണത്വം നഷ്ടപ്പെട്ട
എന്റെ മൂത്രനാളിയായിരുന്നു.

അമ്മേ ,
നിനക്ക് ഞാനിപ്പോഴും
മുലഞെട്ടുകൾ തിരയുന്ന
പിഞ്ചു കൈകളോ ?

ഞാനോ...

ലിംഗങ്ങളില്ലാതെ അലയുകയാണ്
ഒരു പെണ്ണാ ളിക്കുപോ ലും
ജന്മം കൊടുക്കുവാനാവാതെ!  
...................................................

**ഹിജഡകൾ എന്ന വിളിപ്പേരുള്ളവരെ  കുറിച്ചുള്ള  പൊള്ളുന്ന സത്യങ്ങൾ
15-2-15 ൽ NCPA ,മുംബായിൽ വെച്ചു കാക്കമാഗസീൻ നടത്തിയ   "ഗേറ്റ്വേ ലിറ്റ് ഫെസ്റ്റി" ൽ  
 അവതരിപ്പിക്കുകയുണ്ടായി. ഒരു മനുഷ്യജന്മം  "പെണ്ണാളി" യാണെന്ന്  
തിരിച്ചറിയുമ്പോൾ  വീട്ടുകാർ അവരെ ഉപേക്ഷിക്കുന്നു.
തുടർന്ന് അവർ തെരുവിന്റെ സന്തതികളാകുന്നു. 
 

പകൽ മായുമ്പോൾ

പകൽ മായുമ്പോൾ 

വിരലിനോളമായി തീരും ചുവർചിത്രവും 
തൊടിയിൽ മധുനുകരുന്നൊരു കരിവണ്ടും 
പുഴയിലെപ്പഴന്തോണിമെല്ലെയിളകിയും
നിഴൽ അനക്കം ഓളത്തിലലിയുന്നതും 
കതിരോനൊളിക്കുവാൻ കുങ്കുമംതേച്ചതും 
കണ്ടു പേടിച്ച മിഴികളുമായല്ലോ 
പകൽ പതിവായി  യാത്രപോകുന്നത് !


വഴിയിലെങ്ങോ തളർന്ന മുക്കുറ്റിതൻ 
തോഴനാം അർക്കകിരണബാഹുക്കൾ  
തടവി നാണിക്കും നാലുമണിപൂക്കളും 
കരയാതെ കാർകൂന്തലഴിച്ചിട്ടരികത്ത് 
കരളുവെന്തുലയൂതും ശിശിരമേഘങ്ങളും 
വെറുതേയീ ചുണ്ടിൽ അടയാളമായിട്ടൊര
ധര ചുംബനം തന്നോ പിരിയുമീ നേരത്ത് !   


ഹൃദയതന്ത്രികൾ മീട്ടുന്ന രാഗങ്ങൾ 
സിരകളിൽ തിരയുന്നതല്ലോ അനുരാഗം
പിളർന്നമാറിലും ചുരന്നു പാൽപ്പുഴ
പിടഞ്ഞുതളർന്നുതേങ്ങുന്നൊരമ്മയിൽ    
പറഞ്ഞ വാക്കുകൾ പതിഞ്ഞ നോട്ടങ്ങൾ
ഉറവയിൽ നിന്നിറ്റ കദന കാരുണ്യവും
തിരികെ നൽകുന്നു വെറുതേ പോകണ്ടല്ലോ !


ഉരുണ്ടുരുണ്ടനാദി കാലമായ് തിരിയുന്നു
വിരണ്ടു നിന്നില്ല ഇരുളിലെങ്ങുമേ   
നരകവിനോദങ്ങൾ നടനമാടുവാൻ

കായൽ പാട്ട്

കായൽ പാട്ട്

തിന്താരിത്തക തിന്താരിതക തിന്തക താരോ ...
തിന്താരിത്തക തിന്താരിതക തിന്തക താരോ ...

കൈചുണ്ടൻ വള്ളത്തിലന്നു പാമരം കെട്ടിയേ ..
കൈതപ്പുഴ കായലിലന്നു വല വിരിച്ചേ ..
കൊട്ടയോളം മീൻ കുഞ്ഞോളെ വല പിടിച്ചേ
കെട്യോളുമായി  വട്ടവല വലിച്ചേ ...

തിന്താരിത്തക തിന്താരിതക തിന്തക താരോ ...
തിന്താരിത്തക തിന്താരിതക തിന്തക താരോ ...

കൈനിറയെ കരിമീൻ കണ്ടമ്പോളോളും ചൊല്ലിയേ ..
കായ്കൾ വന്നു ഞങ്ങാളെ ളുപ്പത്തി  കൂര മേയുമേ  ..
കിളിച്ചുണ്ടൻ  മാങ്ങാതിന്ന് കൊതി തീർക്കുമേ ..
കരിവളകൾ വാങ്ങി ഇട്ട് കൈകൾ കിലുക്കുമേ ..

തിന്താരിത്തക തിന്താരിതക തിന്തക താരോ ...
തിന്താരിത്തക തിന്താരിതക തിന്തക താരോ ...

വള്ളം നിറേ മീൻ കണ്ടപ്പോ ഏനും ചൊല്യെ
കള്ളിനൊപ്പം മൂന്നാലെണ്ണം ചുട്ടു തരേണേ
ബാക്കി മതി നമുക്കങ്ങടിയിൽ കാശിനു വിക്കാൻ
വെള്ളം തേകി വള്ളോമായി പിന്നെ മെല്ലെ തിരിച്ചേ

തിന്താരിത്തക തിന്താരിതക തിന്തക താരോ ...
തിന്താരിത്തക തിന്താരിതക തിന്തക താരോ ...

കെട്യോളും ഏനും കൂടി മീൻ തിരഞ്ഞേ
കുഞ്ഞു മീൻ കുട്യോളെ ഞങ്ങ തിരികേ വിട്ടേ
കരിമീനേം പള്ളത്തിയേം  തിരിഞ്ഞിട്ടേ
പുളുന്താനേം വട്ടാനേം പിന്നെ ദൂരെ കളഞ്ഞേ ..

തിന്താരിത്തക തിന്താരിതക തിന്തക താരോ ...
തിന്താരിത്തക തിന്താരിതക തിന്തക താരോ ...

കൈതപ്പുഴ കായലിൽ മെല്ലെ നേരം പുലർന്നേ
ഏനുമെന്റെ കെട്യോളും കൂടെ വള്ളം തൊഴഞ്ഞേ
കരകാണാദൂരത്തല്ലോ വള്ളം കിടന്നേ
പാട്ടും പാടി ഞങ്ങാ വേഗത്തിൽ വള്ളം തൊഴഞ്ഞേ

തിന്താരിത്തക തിന്താരിതക തിന്തക താരോ ...
തിന്താരിത്തക തിന്താരിതക തിന്തക താരോ ...

തകിർതിയിൽ എങ്ങാട്ടൊക്കെ മാനമിരുണ്ടേ
കാറ്റടിച്ചു കായലിലാകെ ഓളം നിറഞ്ഞേ
ഏനുമെന്റെ കെട്യോളും തുഴ നീട്ടി വലിച്ചേ
കാറ്റിലാടി ആടിയുലഞ്ഞേ വള്ളോം മീനും

തിന്താരിത്തക തിന്താരിതക തിന്തക താരോ ...
തിന്താരിത്തക തിന്താരിതക തിന്തക താരോ ...

ഏനിനി ഓർക്കാൻ വയ്യേ ബാക്കി ഓരോന്നും 
ഏന്റെ ഈ ചങ്കിലിപ്പോഴും തിരവരുന്നേ 
കാറ്റിലാടിയാടി വള്ളം തിരയിൽ പെട്ടേ ..
കാത്തു കാത്തതെല്ലാം മുങ്ങീ വള്ളത്തിനൊപ്പം 

തിന്താരിത്തക തിന്താരിതക തിന്തക താരോ ...
തിന്താരിത്തക തിന്താരിതക തിന്തക താരോ ...

ഏനിനി ഓർക്കാൻ വയ്യേ വയ്യെന്റെ ദൈവേ
ഏന്റെയാകൊട്യോളങ്ങനെ കൈവിട്ടുപോയേ
കരിവള കരിമീൻ പിന്നെ കൂരേം പോയേ
ഏനിപ്പോ കരയാനിത്തിരി കണ്ണീരുമില്ലേ ..

തിന്താരിത്തക തിന്താരിതക തിന്തക താരോ ...
തിന്താരിത്തക തിന്താരിതക തിന്തക താരോ ...

 ഏനിപ്പോ.. കരയാനി...ത്തിരി ..കണ്ണീരു..വേണേ ....
ഏനിപ്പോ.. മോന്താനി...ത്തിരി ..കള്ളും .വേണേ ....

തിന്താരിത്തക തിന്താരിതക തിന്തക താരോ ...
തിന്താരിത്തക തിന്താരിതക തിന്തക താരോ ...
തിന്താരിത്തക തിന്താരിതക തിന്തക താരോ ...
തിന്താരിത്തക തിന്താരിതക തിന്തക താരോ ...
....................................................

കുത്ത്

കുത്ത്

കൊതുകെന്തിനാണ് കുത്തുന്നത്
ആന കുത്തുന്നതെപ്പോഴാണ്
നെല്ലുകുത്തുമ്പോൾ  പാട്ടുപാടണോ
കാതു കുത്തുമ്പോൾ കരയല്ലേ
ഉളികുത്തുമ്പോൾ തടി മുറിയും
ചെല്ലി കുത്തുമ്പോൾ തെങ്ങു വീഴും
തിന്നതു കുത്തുമ്പോൾ
വെറുതേ പലതും തോന്നും
ഒറ്റ കുത്തിന് എല്ലാം തീരും