Pages

സംഭവാമീ

  സംഭവാമീ
ഒരു പനിനീര്‍പുഷ്പം തന്നെ
നീ എനിക്കായ് നീട്ടുമ്പോഴും
ഇത്രയും ആവേശം കാട്ടരുത്
അറിയാമല്ലോ ജീവിതംതന്നെ  
ഒരുതരം  ഒത്തുകളിയാണ് .

ജ്ഞാനം
ആള്‍കൂട്ടത്തില്‍ കിട്ടില്ലെന്നറിയാന്‍
ധ്യാനം
മനസ്സിനുള്ളില്‍ തന്നെയാണെന്നറിയാന്‍
കഴിയാതെ പോയതാണ്
നിന്‍റെ  പ്രായത്തിന്‍റെ അജ്ഞത.

ബുദ്ധാ
അറിവ്  ആരും പറഞ്ഞുതരില്ല
ഹിംസയില്‍ നിന്നാണ്
നിനക്ക് തിരിച്ചറിവുണ്ടായത്
എന്‍റെ  ബോധത്തില്‍
എന്നെ നിലനിര്‍ത്തുന്നത്
അഹിംസ മാത്രം അല്ലല്ലോ?

അദൃശ്യങ്ങളാണ്
എന്‍റെ  പ്രഭാവലയം
എന്നിലേക്കുള്ള വഴി
നിശബ്ദതയുടെ
നീരൊഴുക്കാകണം
അഭയം പ്രാപിയ്ക്കുമ്പോള്‍
എന്നെ  നീ ഭയപ്പെടുത്തരുത്

പുത്രാ
ജ്ഞാനം  ഇപ്പോള്‍ ആത്മാവിന്
മോക്ഷം ഗയയില്‍


ജീവത്യാഗത്തിലൂടെ നീ
വേദങ്ങള്‍
ഹൃദിസ്ഥമാക്കിയിരിയ്ക്കുന്നു
സംഭവാമീ
അതു തന്നെയാണ് 
എന്‍റെ നിലനില്പ്
.........

ദേ പോയീ ...ദാ .. വന്നൂ.

കളിയ്ക്കാന്‍ പുതിയ കളികള്‍ 

കള്ളമില്ല  ചതിയും  

വേണം വേഗം 

കറങ്ങി ചിരിയ്ക്കുവാന്‍ 

 

ചോദ്യം ഉത്തരം 

ഉത്തരം ചോദ്യം 

പതിനഞ്ച് എത്തിയാല്‍  

ആയീ  കോടി രൂപ 

അഞ്ചില്‍ പത്തായിരം   

ചെക്കില്ല കിട്ടും 

പത്തിലോ  ഇരുപതായിരം 

മൂന്നു ലക്ഷത്തോടൊപ്പം 

 

വേണ്ട വെറുതേ അയച്ചാല്‍മതി  

എസ് എം എസ്സുകള്‍ 

അടിച്ചാല്‍ സാക്ഷാല്‍ 

സര്‍വ്വേശ്വരന്‍ മുന്നില്‍ 

 ഇരിയ്ക്കാം 

ഓരോരോ  കസേരയില്‍ 

വേഗവിരല്‍ ചോദ്യം 

എത്തിയ്ക്കും ഹോട്ട് സീറ്റില്‍ 

പിന്നെയോ വെറും പതിനഞ്ച് 

മധുരം കോടി പുതച്ചെത്തും  

പറഞ്ഞു  മുന്നേറിയാല്‍  

 

മൂന്നുവഴികള്‍ താങ്ങായി 

ഉണ്ടാകും കുഴഞ്ഞു പതറുമ്പോള്‍

തെറ്റിയാല്‍ വീണുപോകും 

പക്ഷേ  അഭിമാനം പറയും 

ദൈവമേ 

നിന്നെ കണ്ടതു തന്നെയെന്‍ 

സൌഭാഗ്യം 

 

കളിയില്‍ പണം പുല്ല്  

കിട്ടിയാല്‍ കിട്ടി 

പോയാല്‍ പോയി 

 

കോടി വാങ്ങുന്ന കൈകളും 

നോക്കി കാത്തിരിയ്ക്കുന്നു 

വീട്ടില്‍ കൂട്ടമായ്‌ 

അത്താഴത്തിന്‍മുമ്പ്  

കാണികള്‍  ബുദ്ധിമാന്മാര്‍ 

കാണുമ്പോള്‍ പറയുന്നു 

ശരിയുത്തരം, ഹോ... ഹോ... മണ്ടന്‍ 

ഇതും അറിയില്ലേ ഇവനെന്ന്  

ഉറക്കെ ടെലിവിഷന്‍ നോക്കി 

ചിരിയ്ക്കുന്നു 

 

ഇടയ്ക്കിടെ  

അവതാരമാം അവതാരകന്‍ 

വീശുന്നു കൈകള്‍ 

ചിരിച്ചു പറയുന്നു  

കാണും ജനത്തോട്  

ദേ  പോയീ ...ദാ .. വന്നൂ.

-------------------------------------  വിശ്വം .

ഗുവാഹട്ടി ഗുവാഹട്ടി

ഓര്‍ക്കാന്‍ മടിയ്ക്കുന്ന മുഹൂര്‍ത്തങ്ങളില്‍,  ഒരു വിശ്വാസം
ആള്‍കൂട്ടത്തില്‍ വെച്ച്,  ചവിട്ടി എറിഞ്ഞ കൂട്ടുകാരെ
നിങ്ങളെ ഞാന്‍ അങ്ങനെതന്നെയല്ലേ, ഇനിയും വിളിയ്ക്കേണ്ടത്!

ഇരുട്ടില്‍  ദുരാത്മാക്കളെ പേടിയ്ക്കുന്നത് പോലെയായല്ലോ
രാത്രി വെളിച്ചത്തില്‍ നിങ്ങളുടെ  സാമീപ്യം
കൌതുകമല്ലെങ്കിലും  നാണംകെട്ടവര്‍ കാഴ്ചക്കാര്‍

ജീവനുണ്ടായിരുന്നോ, അതോ മരിച്ച പിശാശുക്കളായി 
തെരുവില്‍ തള്ളപ്പെട്ട മാംസങ്ങളോ നിങ്ങള്‍ 
മനസ്സ് നഷ്ടപ്പെട്ട ഹൃദയ ശൂന്യര്‍, പേപിടിച്ച യൌവ്വനങ്ങള്‍  

രസമല്ല  അഹങ്കാരം, അബല ഞാന്‍ പക്ഷേ ക്ഷമിക്കില്ല
ഇനിയും യാത്ര,  തനിച്ച്‌   ഏതു വേഷത്തിലും  തിരക്കിലും
ഒളിപ്പിയ്ക്കാനെന്നും  പിറന്ന വഴിയും കുടിച്ച മുലകളും മാത്രം.

ഗുവാഹട്ടി, ഒരു തെരുവിന്റെ പേരല്ല , കാര്‍ക്കിച്ചു തുപ്പുമ്പോൾ 
തൂത്തുമാറ്റണം അപമാനം  അലയുമീ യൌവ്വനം
കാത്തിരിയ്ക്കാം ഇനിയൊരു പുതുപുലരിയ്ക്കായ്   
                              ....              

കുട

കുട

ഒരു കുടയുടെ
മറവിലായിരുന്നു
തലയില്‍വീഴാതെ
ചുറ്റിനും
മഴ
വട്ടം വരച്ചത്

ഒരു കാറ്റിന്‍റെ
കൈകളായിരുന്നു
കുട  തട്ടിപറിച്ച്
മഴയിലിട്ടത്

നനഞ്ഞു  നനഞ്ഞ്
ഞാനും
പെയ്തു പെയ്ത്
മഴയും
കെട്ടി പിടിച്ചു 

കാറ്റോ...!
മഴനനയാതെ
കുടയുമായി
പറന്നു  കളിച്ചു.

.. ... വിശ്വം .

പൂമൊട്ട്
പൂമൊട്ട്   

വീണുപോയി
പാടാന്‍ പലരുമുണ്ടാകും
നിവര്‍ത്തിയില്ലല്ലോ
വീണു പോയില്ലേ ?

ഒരുകൈ
ലാളിച്ചതാണ്
ഞെട്ടില്‍പിടിച്ചപ്പോള്‍
ചുറ്റുമുള്ളവര്‍ 
ചിരിച്ചു.

വിടര്‍ന്ന്
വിരിഞ്ഞില്ല
മണം
പടര്‍ന്നില്ല
ഇതളുകള്‍
തിരിഞ്ഞില്ല
ഞെട്ടറ്റപ്പോള്‍
പോയില്ലേ !

വിടര്‍ന്ന്
വിരിഞ്ഞ്
നില്ക്കാന്‍
പൂമണം
പരത്താന്‍
ഉയര്‍ന്ന്
നില്‍ക്കണോ?

തൊടാതെ
കാറ്റില്‍
കളിയ്ക്കാന്‍
കരിവണ്ടിന്റെ
ചുണ്ടില്‍
തളിര്‍ക്കാന്‍
വീണ്ടും
പൂവായ് തന്നെ
പിറക്കുമോ
ഞാന്‍.
...  ...  വിശ്വം.

വിശ്വാസികള്‍


വിശ്വാസികള്‍

മിന്നി മിന്നി മാഞ്ഞുപോകുന്ന വേദനകളാകുന്നു 
ജീവിത താളമെന്നു മരുന്നുകള്‍
വെളിച്ചത്തിനു ചൂടുണ്ടാകുമോയെന്ന് 
ഓരോ കുറിപ്പുകളും തേടുന്നു 
ഇരുട്ടിലേയ്ക്കുള്ള  യാത്ര, അതത്രേ ജീവിതം 
അസ്തമിച്ചവന്റെ ശേഷിപ്പുകള്‍ സൂര്യനെപോലെ 
ചക്രവാളത്തിന്‍റെ  ആഴങ്ങളില്‍   
മറഞ്ഞില്ലാതെയാവുന്നു.

നീണ്ട ബാല്യം രാവിലെ മുന്നിലുണ്ടാകും 
വൈകിയാല്‍ ശുഷ്കിച്ച  യൌവ്വനം 
മധ്യാഹ്നംവരെ  കാത്താല്‍ 
വാര്‍ദ്ധക്യചിന്തകളില്‍ സായാഹ്നം നഷ്ടമാകും
അസ്തമിയ്ക്കാതെ ഒരിയ്ക്കലും
ഒരു പുനര്‍ജന്മമില്ലല്ലോ?

താളം തെറ്റുന്ന ജീവിതങ്ങള്‍ ചുറ്റിനും 
മഴക്കാറില്‍  ഇരുട്ടിലേയ്ക്ക് നീന്തി  താഴുന്നവര്‍
ഒരിറ്റുവെളിച്ചം പോലുമില്ലാതെ മയങ്ങുന്നവര്‍ 
സ്വപ്നങ്ങളിലെ  വചനങ്ങള്‍ 
അസ്തമയംവരെ കാവല്‍നില്‍ക്കുന്നു  
ഭയന്ന്  നിഴല്‍രൂപങ്ങള്‍ 

വെളിച്ചത്തിനും വെള്ളത്തിനും ശ്വാസത്തിനും വേണ്ടി 
ജനിയ്ക്കാന്‍ പോകുന്ന പുത്രനെകൂടി 
കൂര്‍ത്ത പാറക്കെട്ടുകള്‍ക്കു മുകളിലേയ്ക്ക് 
വലിച്ചിഴയ്ക്കാനായി ചുറ്റിനും  വിശ്വാസികള്‍.

...         ....       ......             .................. ....       .....   വിശ്വം

ആചാരങ്ങള്‍


അശ്വമേധം കഴിഞ്ഞു നാം ഈ വഴിയില്‍
വിശ്വം ജയിച്ചതിന്‍ സന്തോഷം പകുക്കവേ
പൊട്ടിക്കരയുന്നപ്പുറം സദാചാര ചിന്തകള്‍
കുത്തിക്കീറിയതൊക്കെയും  രക്തബന്ധങ്ങള്‍

ആരുകേള്‍ക്കുന്നു പറയുന്ന സത്യം,  ഒക്കെയും
കാപട്യം,  കാണുന്നതെല്ലാം വെറും രണ്ടുജാതികള്‍
ആണവന്‍ പെണ്ണവള്‍  പിന്നെല്ലാമാവാമവിഹിതം
ഏറ്റെടുക്കുന്നവര്‍  സദാചാര സംരക്ഷകര്‍

കരിവണ്ട്  മൂളുന്നു പൂന്തേന്‍ നുണരുവാന്‍  
കടല്‍ തിരകോരുന്നു കരയെ പുണരുവാന്‍
കാട്ടില്‍ കടിപിടി ഇണയ്ക്കായ്‌ മൃഗാദികള്‍
അപരിഷ്കൃതം,  മര്‍ത്ത്യഗണങ്ങളല്ലല്ലോയിവ?


ഒറ്റയ്ക്ക് പോകുന്ന നാരിയ്ക്കു കൂട്ടിനായ്
എത്രയോകാലം തുണയേകി പൂരുഷര്‍ 
മിത്രമോ സഖിയോ മകളോ സതീര്‍ത്ഥയോ
വാക്കുകള്‍ക്കപ്പുറം പിന്നെന്ത്  കാട്ടണം

കാഴ്ചമങ്ങുന്നവര്‍ കാണുന്നെല്ലാം ഹീനമായ്
വേഴ്ച തടയുന്നവരായി ചമഞ്ഞു ഭരിയ്ക്കുന്നു
ചോരരാമിവര്‍ കവരുന്നു ധാര്‍ഷ്ട്യരായ് ധനമെല്ലാം
സാരമായ് മര്‍ദ്ദിച്ചു സദാചാരരാകുന്നു.

ആരിവര്‍, പുതുവേഷം കെട്ടിയ ചെന്നായ്ക്കള്‍
കൂട്ടിനായ് ചോദ്യാവലിയുമായ് മറുകൂട്ടര്‍
കേട്ടിട്ട് പേടിയാകുന്നു മലയാളമേ നീ വീണ്ടും
മദാലസ, ഭ്രാന്തമായലയുന്ന കാടായിമാറിയോ 

ആചാരമെത്രകാലം പഠിപ്പിച്ചു ആചാര്യര്‍
ദുരാചാരങ്ങളെല്ലാം വെടിഞ്ഞു സംസ്കൃതര്‍
അനാചാരങ്ങള്‍  പിന്നെയും പിന്തുടര്‍ന്നെത്തുന്നു
അസഹ്യമിക്കാലം  സദാചാരചിന്തകള്‍ .

ഒക്കെ തകര്‍ക്കുമീ സദാചാരപാലനം   
സത്യത്തിലെല്ലാം സങ്കല്പലോകങ്ങള്‍
ആലസ്യദുര്‍വിധി യലക്ഷ്യമീയാത്രകള്‍
വെടിക കാപട്യങ്ങള്‍ നാം മര്‍ത്ത്യരല്ലോ? .  

........................     ..................    ...........  വിശ്വം. 

കൊന്നപ്പൂക്കതിരുകള്‍

മേടപ്പുലരിയില്‍  കണികൊന്ന നാണിച്ചു
കണ്ടുപോയല്ലോ കൂട്ടരെന്‍ പൂങ്കുല
കണിയായിട്ടൊപ്പം വെള്ളരി പൂവന്‍പഴം
കണ്ണനോ  ചിരിയ്ക്കുന്നു വെണ്ണ കയ്യുമായി

ഓര്‍ത്തു പോയെങ്ങോ വഴിമാറിനിന്നൊരു
ബാല്യകാല കളിക്കൂട്ടുകാരെയൊക്കെയും
പൂത്തമാമ്പൂപോലെ കത്തിച്ച കമ്പിത്തിരി
നേത്രകൂട്ടിലേക്ക്  മിന്നിതിളങ്ങുന്നതും

രാത്രിയില്‍ കെട്ടിയുണ്ടാക്കും കണിവഞ്ചിക
വെളുപ്പിനേചുമന്നു ചെല്ലുന്നോരോ വീട്ടിലും
ചേങ്ങില മേളത്തില്‍ പാടിയുണര്‍ത്തുമ്പോള്‍
കണികണ്ടു കൈനീട്ടം നല്‍കുന്നു  ഗൃഹസ്ഥരും

പൊട്ടുന്ന പടക്ക കൂട്ടങ്ങള്‍ വിഷുവിലെന്‍
ഹൃത്തേ നിറച്ചതെല്ലാം  ആനന്ദ ലഹരികള്‍
പൊട്ടാത്ത പാളിപ്പടക്കതിരിയില്‍ നിന്നെത്ര
പൂക്കതിരുകള്‍  കത്തിച്ചു മിഴികള്‍ ചിമ്മിച്ചന്ന്‍

പൊന്നിന്‍ മുടിചൂടി മുറ്റത്തു വിഷുച്ചിരി
കത്തുന്ന സൂര്യകിരണങ്ങള്‍  മൂടുന്നു
എത്രകാത്തിട്ടാണ്  കൃത്യമായ് വിഷുവിന്
പൂത്തുലഞ്ഞുലകത്തില്‍ കൊന്ന കൈ നീട്ടുന്നത്  
  
ഇവിടിന്നൊറ്റയ്ക്ക്   ചിന്തിച്ചു ചന്തത്തില്‍
കൊന്നപ്പൂ വാങ്ങി കണിയൊരുക്കുമ്പോള്‍
എത്തുന്നതെല്ലാം നെറ്റില്‍ ആശംസാവാക്കുകള്‍
ബാക്കിയാകുന്നു കൂട്ടില്‍  കൊന്നപ്പൂക്കതിരുകള്‍

 .............           ................      വിശ്വം

വെറുമൊരു വിഷ് യു .. .. .കൊന്ന.

വെറുമൊരു വിഷ്  യു ..  ..  .കൊന്ന.


വിഷമമാകില്ലേ വിഷു പുലരിയില്‍
പൂത്തു പൊങ്കതിര്‍ നീട്ടി ചിരിയ്ക്കുവാന്‍
പൊന്നിട്ടുമുഖം മൂടിനിൽക്കുന്ന സുന്ദരി
കൊന്നേ,  പ്രിയേ , മലയാള മധുര്യമേ

പൊന്നിന്‍കതിര്‍മണി വിളയുന്ന പാടത്ത്
നിന്നു നിൻ കിങ്ങിണി മുത്തുകള്‍  കാവലായ്‌
കോര്‍ത്ത മരതകനൂലില്‍ മയങ്ങിയും
 നേർത്തു വീശി കളിക്കുന്നു മാരുതന്‍

വിഷു വന്നു മുറ്റത്തുക്കൈനീട്ടി നില്‍ക്കുമ്പോള്‍
വില്‍ക്കുന്നു കൊന്നപ്പൂക്കതിര്‍ വിലപേശി 
വിഷു  ആശംസിയ്ക്കുന്നു മണ്ണിലെതാരങ്ങള്‍
കണികാഴ്ചകൾ നിറയുന്നു പ്രഭാത വാര്‍ത്തയില്‍

മഞ്ഞച്ചകണ്ണില്‍ വിഷച്ചാറുകള്‍ തെറിയ്ക്കുന്നു 
പതിവുപോൽ കൊന്ന സ്വര്‍ണ്ണം പുതയ്ക്കുന്നു

ഒരു നേരം പോക്കായ്‌ വന്നുപോകുന്നു വിഷു,
വിഷക്കായ തിന്നൊരു വിഷുപക്ഷി ചിലയ്ക്കുന്നു  .
..............               .

കാതുകുത്തുമ്പോള്‍

 കാതുകുത്തുമ്പോള്‍


കാതുകുത്തുമ്പോള്‍
കരയുന്ന കുട്ടിക്കായ്
അമ്പിളിമാമനെ
തട്ടാന്‍ കാട്ടുന്നു

ദൂരേക്ക് നോക്കിയ്ക്കേ 
തെങ്ങോല കണ്ടില്ലേ
തത്തമ്മേ കണ്ടില്ലേ
അണ്ണാനെ കണ്ടില്ലേ
ഉമ്മാമ്മേ കണ്ടില്ലേ
എങ്ങനാ കരേണേ
അമ്മേ.... അമ്മേ .. 
പൊന്‍  സൂചിമെല്ലയാ
ഒന്നാം കാതില്‍  .

മറ്റേകാതിനി
കുത്തുന്നതെങ്ങനെ?
കുട്ടി കണ്ണിൽ .   
മുത്തു നിറയുന്നു
മുത്തമൊന്നമ്മ
കവിളില്‍ നിറയ്ക്കുന്നു

മാനത്ത് നോക്കിക്കേ
മേഘങ്ങള്‍ കണ്ടില്ലേ
കരയാതിരിക്കാങ്കില്‍
കാണാല്ലോ മാമ്മനെ
പാത്തുകളിയ്ക്കുന്ന
അമ്പിളി മാമ്മനെ
പൊട്ടിച്ചിരിച്ചപ്പോള്‍
പൊന്‍ സൂചി പിന്നെയും
മറ്റേകാതിലും  തൊട്ടുപോയി

മുത്തുകളെല്ലാം
കവിളില്‍ നിറഞ്ഞപ്പോള്‍
അമ്മ തട്ടാനോട്
തട്ടിക്കേറി

കരയാതിരുന്നാല്‍
കാണാം വൈകിട്ട്
പാത്തുകളിയ്ക്കുന്ന
അമ്പിളി മാമ്മനെ
കുത്തിയ കാതുകള്‍
കാണുമ്പോളമ്പിളി
മാണിക്യ മിട്ടായി
മോക്കുതരും
...  ...  ... .   

മിഠായി

മിഠായി


പല്ലി മിഠായികള്‍   
നൊട്ടിനുണഞ്ഞപ്പോള്‍ 
'കാട്ബറിസ്'  കേട്ടിട്ടു പോലുമില്ല 
ഡെപ്പിയില്‍  
പല്ലിമുട്ടകള്‍ പോലെ 
പഞ്ചാര നിറങ്ങള്‍ 

 കടലാസില്‍ പൊതിഞ്ഞായിരുന്നു 
 പ്യാരി മിഠായികള്‍  ചിരിച്ചത് 
ഞൊറിഞ്ഞു ചുറ്റിയ അറ്റങ്ങള്‍ 
നിക്കറിന്റെ കീശയില്‍ 
കലപില കൂട്ടി 

കൂട്ടംകൂടി കൂടിനുള്ളില്‍ 
പോപ്പിന്‍സ്‌  ചരിത്രമായി 
നുണഞ്ഞു നുണഞ്ഞ്
മോണ വേദനച്ചിരുന്നു  

ബബിള്‍ഗം  പിന്നീട്
പല്ലുകള്‍ക്കിടയില്‍ 
ബലൂണുണ്ടാക്കി  
പശക്കഷ്ണം തുപ്പി
ചിരിയ്ക്കാന്‍ പഠിപ്പിച്ചു 

നിരകളായി  തൂങ്ങി തൂങ്ങി
'ലെയ്സ്' പകരക്കാരനായി 
തുപ്പാതെ ചവച്ചിറക്കി 
പ്ലാസ്റ്റിക്ക് കവറുകള്‍ 
വഴിനീളം തോരണം കെട്ടി 


മിഠായികള്‍ക്കിപ്പോള്‍  പകരക്കാരന്‍ 
പാന്‍ മസ്സാലപ്പൊതികള്‍ 

ജിവിതം മുഴുവന്‍ 
ലഹരിയുമായി പല്ലിമുട്ടകള്‍

....             ...... .....  വിശ്വം .

പൊന്മാന്‍

പൊന്മാന്‍

നില കുപ്പായത്തിലൊളിയ്ക്കും 
കിളിയേ നീയോ നീരാളി  
താഴെ താന്നു കുതിയ്ക്കുമ്പോഴാ     
പാവം മീന്‍ നിന്‍ചുണ്ടത്ത്.

നില നിറത്തില്‍ മുങ്ങി പൊങ്ങും
നീയൊരു മുങ്ങല്‍ വിദഗ്ദന്‍താന്‍
എല്ലാമീനും പമ്മിയൊളിയ്ക്കും
നിന്‍നിഴലെങ്ങാന്‍  കാണുമ്പോള്‍

നീല നിറത്തില്‍ ആകാശം 
നീലകളറെന്‍  ആഴിയ്ക്കും
നീലപൊയ്ക്കയില്‍  നീരാടും  
നിന്നെ  കാണാന്‍ എന്തുരസം    

പൊന്മയിരിയ്ക്കും കുളക്കടവില്‍ 
പമ്മി പമ്മി ഞാനിരിയ്ക്കും
പെട്ടെന്നൊരുമീനെ ചൂണ്ടുമ്പോള്‍  
കൂവിവിളിച്ചു കരയും ഞാന്‍

മാനേ മാനേ പൊന്മാനെ 
നീലപൊന്മാന്‍ നീയാണൊ..?
നീണ്ടചുണ്ടൊരു മുള്ളാണോ..?
മീനെകൊല്ലും അമ്പാണോ ..? 

( ഹരിതയ്ക്ക് )
 .....     .........                വിശ്വം

അടയാളങ്ങളില്ലാതെ


 അടയാളങ്ങളില്ലാതെ
തുറന്ന ജനാലയിലുടെ  അകത്തു കയറുമ്പോള്‍
വിരലടയാളങ്ങള്‍  പതിയും
പതിയെ  കിടക്ക വരിയ്ക്കടിയിലുള്ള 
താക്കോല്‍കൂട്ടം എടുത്താൽ   കൈ മുട്ടുമോ എന്തോ..?
അടയാളങ്ങള്‍ ബാക്കിയാക്കാതെങ്ങനെ മോഷ്ടിയ്ക്കും..?

ജീവിതം മോഷണങ്ങളുടെ  ചില്ല് കൊട്ടാരമാണ് 
ആദ്യം അടുത്തുകൂടി കരളെന്നുവിളിച്ചു ഹൃദയം  കവർന്നു
ബാക്കിവെച്ച മോഹങ്ങള്‍ പെട്ടെന്നാരോ തട്ടിയെടുത്തു 
ആയുസ്സിന്‍റെ  ഭാഗം മുഴുവന്‍ കാലം കവര്‍ന്നെത്തു 
ഇത്തിരിയുള്ള  ചിന്തകളില്‍ എങ്ങനെ  നീ വരാതിരിയ്ക്കും?

ചിറകുകള്‍കറുത്ത  വെളുപ്പാന്‍കാലം
ഇരുട്ടിനെ മോഷ്ടിക്കുന്നു
കറുത്തിരുണ്ട മേഘങ്ങള്‍ ചന്ദ്രബിംബത്തേയും 
എല്ലായിടത്തും അടയാളങ്ങള്‍ ബാക്കിയാകുന്നു.

മുഖം കണ്ടാലോ  ..? അടയാളങ്ങളില്‍ 
കാഴ്ചയ്ക്ക്  എന്ത് സ്ഥാനം !
കണ്ടത് വിവരിയ്ക്കുമ്പോള്‍ തെറ്റിയതാകാം 
പിന്നെയും തമ്മില്‍ കണ്ടാലല്ലേ കള്ളനാകൂ..!


അടയാളങ്ങളില്ലാതെ   
നിര്‍ത്താതെ  പ്രശംസിയ്ക്കുന്നവര്‍
പ്രസംഗിച്ചത്  മോഷണത്തെ കുറിച്ചായിരുന്നു. 
                                      .. .... ...   വിശ്വം.

കറുത്ത വാവില്‍

പല സന്ധ്യകള്‍ കാത്തുനിന്നൊരു 
കല്‍വിളക്കിന്നു  കരിന്തിരികത്തുമ്പോള്‍
പകലിന്‍വിയോഗത്തില്‍ കരയുന്നഗഗനത്തെ   
പുതപ്പിച്ചുറക്കാനായ്  കറുത്തവാവ്

ഇരുളിന്‍പുറംപറ്റി നിറയുന്നതാരകള്‍
കരളിലുതിര്‍ക്കുന്ന പുനര്‍ജന്മചിന്തകള്‍
ഉദയം പതിവെന്നാചാര്യവചനങ്ങള്‍
നിറയ്ക്കുംവെളിച്ചം പകലെന്നപോലെയും

ആരുപിരിഞ്ഞെന്നും ആരുകരഞ്ഞെന്നും
കാലം കണക്കതില്‍ കൂട്ടിനോക്കാറില്ല
പോകുന്നതെല്ലാം പുതിയൊരുനാമ്പുമായ്
പാതവക്കില്‍ തന്നെ ഫണമുയര്ത്തുന്നെന്നും

ഇത്തിരിവെട്ടം ചുരത്തിനില്‍ക്കുന്നോരമ്പിളി
പെട്ടെന്ന് മാഞ്ഞുപോകുമ്പോള്‍ പലപ്പോഴും
പുത്തനറിവുകള്‍  പൂക്കുംസിരകളില്‍
പൊട്ടിക്കരച്ചിലിന്‍  വേലിയേറ്റങ്ങളും

കത്തിപ്പടരുന്ന ഓര്‍മ്മകള്‍ പലരിലും
കത്തി ജ്വലിയ്ക്കുന്നതീ കറുത്തവാവില്‍
കാക്ക കൊത്തിതിന്നും ബലിചോറുകള്‍
കാലംകടന്നവര്‍ക്കായുള്ള  തര്‍പ്പണം
.................               ................  വിശ്വം.

പെരുമഴയുടെതാളങ്ങള്‍

ജിന്നുകളെ തിരക്കി ഇറങ്ങിയ രാത്രിയില്‍
വഴിയോരങ്ങളില്‍ കുപ്പിവളകളുടെ കിലുക്കം
ആദ്യം കണ്ടത് വിളക്കു നാളങ്ങളില്‍
കണ്മഷിയെഴുതുന്ന കരിവണ്ടിനെ

ഉറങ്ങാതെ  ഇടവിട്ടിടവിട്ടലറി വിളിയ്ക്കുന്ന
കതകിനു പറയുവാന്‍ രഹസ്യങ്ങള്‍ മാത്രം
പടിയിറങ്ങി പോകുന്ന കാമുകര്‍ക്കെല്ലാം
മുന്തിരിച്ചാറിന്റെ മണമുള്ള   ഓര്‍മ്മകള്‍


നിലാവുതെളിയുന്ന പുഞ്ചിരിചുണ്ടുകള്‍
നാഴിക മണിപോലെ മാടി വിളിയ്ക്കുന്നു
ചലിയ്ക്കുന്ന കണ്ണുകള്‍ പറഞ്ഞു വെച്ചത്
നഷ്ടപ്പെട്ട  ബാല്യവും മങ്ങിയ മാതൃത്വവും

പെരുമഴയുടെതാളങ്ങള്‍ക്കിടയില്‍
തകര്‍ന്ന്,   ജീവിതം നഷ്ടപ്പെട്ട ജിന്നുകള്‍
നിറം മങ്ങിയ നിലാവെളിച്ചത്തില്‍
കാര്‍മേഘങ്ങളലിഞ്ഞുചേരും പോലെ .
...  ....  ....   ... ..........   വിശ്വം

പ്രവാസി

മറുനാട്ടിലായതില്‍  ലഹരി പിടിച്ചെന്നും
മലയാളഭാഷയെ പഠിയ്ക്കുന്നൊരുവര്‍  നാം
ലളിതമാം വാക്കുകള്‍ക്കുള്ളില്‍ കിടക്കുന്ന
ഹരിത മനോഹരി, നിന്നെ നമിയ്ക്കുന്നു

നിഴലുകള്‍ നിലകളില്‍  വെഞ്ചാമരം വീശും
പുഞ്ചവരമ്പുകള്‍  പൂക്കളരുവികള്‍
കാഞ്ചന ശോഭയും കളകള നാദവും
കാറ്റിലുലയുന്ന  കല്പ വൃക്ഷങ്ങളും

കേട്ടാലഭിമാനമേകും  കഥകളും
പാട്ടുകള്‍ക്കിമ്പം പകരും സ്വരങ്ങളും
ഓര്‍ത്തു മരവിച്ചൊരകകണ്ണു മായാണ്ടില്‍  
തീ ര്‍ത്ഥ യാത്ര യ്ക്കെന്നപോല്‍ വരുന്നവര്‍

നോക്കി പിഴിയുന്ന കൂട്ടരെപ്പോലിന്നു
നാട്ടുകാര്‍ ഭാവം പകര്‍ന്നു ചിരിയ്ക്കുമ്പോള്‍
ഭേദം മറുനാടെന്നു  വിചാരിപ്പവര്‍ നാം
കഷ്ടം, പിരിഞ്ഞതോര്‍ക്കുന്നു നിന്‍ ഭൂവിനെ .


ഒരു രാത്രി പോലും മയങ്ങാതെ വേദന
മനതാരില്‍ വെച്ചു കഴിഞ്ഞു കുടുന്നവര്‍
പിറവി, ബാല്യം, ശീ ലം, മറക്കുവാന്‍ വയ്യല്ലോ  
മനുജനായ് പോയല്ലോ, അമ്മേ മലയാളമേ .

....................                                       ........ വിശ്വം

ജിവിത ചക്രം


 ജിവിത ചക്രം

ജനലഴിയില്‍ പിടിച്ചുനിന്നത്
വയസ്സായ ശരീരം.
വേദനിയ്ക്കുന്നുവോ നിനക്കെന്ന്
നിഴല്‍
ഇടനാഴിയില്‍ അടക്കിപ്പിടിച്ച
സംസാരങ്ങള്‍
എല്ലാ മുഖങ്ങളിലും
വേദനയുടെ ചുട്ടികള്‍

തോളത്തു തട്ടിയ  നിഴല്‍ പറഞ്ഞു


"പോയി കണ്ണടച്ചു കിടന്ന്
 സമയം കളയാതെ യാത്രയാകാന്‍
ബാക്കിയെല്ലാം നിലവിളിയ്ക്ക് ശേഷം"

വിദൂരതയിലേയ്ക്ക്   നിഴല്‍ മറഞ്ഞു
 വായപൊളിച്ച്   നീണ്ടു കിടന്നപ്പോൾ

ചുറ്റിലും കരയുന്നവര്‍
സ്ഥിതി ഗതികള്‍ അറിയിക്കുന്നവര്‍

ഓര്‍മ്മയില്‍ വളർന്നത്‌ 
 മധുര കിനാക്കള്‍
ഉയരങ്ങളില്‍ എത്തിയ്ക്കാന്‍
വിയര്‍ത്തു  ചുരുങ്ങിയത്
ശ്വാസം തേടിയ   ഉടല്‍

നാളത്തെ  വിമാനത്തിലേ 
മകനെത്തൂ  എന്ന് കൂടിനിന്നവര്‍
കാത്തിരുന്നെങ്കില്‍
പലരും  പിണങ്ങിയേനെ ..!

പിരിയുമ്പോൾ
നിഴല്‍ പറഞ്ഞിരുന്നു
കൊച്ചു മോന്റെ കാര്യത്തില്‍
മകന്‍ തിരക്കിലാണ്
വെറുതേ മോഹിച്ചാൽ
സമയം  പാഴാകും  !.
... ... വിശ്വം