Pages

താക്കോൽ

താക്കോൽ

ഭദ്രമാക്കി സൂക്ഷിക്കാൻ 
ഒരു ഭദ്രകാളി പൂട്ടിട്ട് പൂട്ടി 
താക്കോൽ തലമുറകളായി 
ഉത്തരത്തിൽ തിരുകി

താക്കോൽ ദ്വാരത്തിലൂടെ
എത്തിനോക്കിയവർ
കണ്ടതെല്ലാം
പാലായനം ചെയ്ത
പണക്കിഴികൾ

ഉറങ്ങാതെ
കോർത്തുപിടിച്ചുനിന്ന
ചങ്ങലപ്പൂട്ടുകളെ കബളിപ്പിച്ചു
മാന്ത്രികൻ
പുറത്തിറങ്ങിയത്
സ്വർണ്ണനൂൽ വസ്ത്രമുടുത്ത്
നിധി കുംഭവും എടുത്തെന്ന്
കണക്കു കൂട്ടിയവർ

താക്കോൽ
ഭദ്രമായി തന്നെ ഉത്തരത്തിൽ
നിധികാക്കുന്ന ഭൂതം
കള്ളനാണെന്ന് കണക്കൻ

ഉത്തരത്തിലെ ഗൌളി
നിർത്താതെ ചിലച്ചപ്പോൾ
തലമുറവിട്ട് താക്കോൽ
ഉള്ളങ്കയ്യിൽ മുറുകി.
  ....    ...   

ഒരു ക്വട്ടേഷൻ

ഒരു ക്വട്ടേഷൻ
..............................

ലോകത്തിലെ ലോഹങ്ങൾ
ഉരുക്കുവാനായി നല്കി
ഒരു ക്വട്ടേഷൻ

പരസ്യങ്ങൾ ഒഴിവാക്കി
രഹസ്യമായി കണ്ടെത്തിയതാണ്
കരാറുകാരനെ.

ലോഹങ്ങൾ മോഹങ്ങളാണ്
നന്നായി വലിച്ചുനീട്ടാവുന്നവ
ആഭരണങ്ങളായി ഹൃദയത്തിൽ
മുട്ടി തൂങ്ങിക്കളിയ്ക്കുന്നു
അല്ലാത്തവ
വിളക്കുകാലുകളിൽ
തീവണ്ടിപ്പാതകളിൽ
ഓടുന്ന വണ്ടികളിൽ
പലയിടങ്ങളിലായി
ജനമദ്ധ്യേ അലഞ്ഞു തിരിയുന്നു.

ആളൊഴിഞ്ഞ നേരത്ത്
കരാറുകാരൻ മുഖം കാണിച്ചു
ഉരുക്കിയ ലോഹങ്ങൾ നിറച്ച
കുഴികൾ  അയാൾ തുറന്നു
ഹൃദയംപോലെ ഉരുകിയവ
തിളച്ചു മറിഞ്ഞ് കുമിളകളായി
പൊട്ടിയൊലിക്കുന്നുണ്ടായിരുന്നു

അയാളുടെ കുഴിഞ്ഞ കണ്ണുകളിൽ
ഒരു ക്വട്ടേഷൻ കൂടി നിറഞ്ഞൊഴുകി 
ഉരുകിയ ലോഹങ്ങൾ തണുപ്പിച്ച്
ധ്രുവങ്ങളിലേക്ക്  വലിച്ചെറിയാൻ

                 .....    

മോണോറയിൽ

മോണോറയിൽ

അള്ളിപ്പിടിച്ച്  തേനെടുക്കാൻ
ആകാശത്തേക്ക് കയറുന്ന
കാട്ടുമൂപ്പനെ ഓർത്തത്‌
തലയ്ക്കുമുകളിലൂടെ
മോണോറയിൽ
പാഞ്ഞപ്പോഴായിരുന്നു 

ഒറ്റത്തടിയുള്ള മരത്തിന്റെ നെറുകയിൽ

ചായസഞ്ചി പോലെ
ഇരമ്പി പായുന്ന തേനീച്ചകൾ.
നെഞ്ചുരച്ച് കൈകാലുകളാൽ അള്ളിപ്പിടിച്ച്
ചൂളം വിളിക്കാതെ കാട്ടുമൂപ്പൻ
നിലത്തെ സ്റ്റേഷനിൽ നിന്നും യാത്രയാകുന്നു
ഒറ്റബോഗിയുള്ള ആദ്യത്തെ മോണോറയിൽ
ആകാശത്തേക്ക് പാഞ്ഞത്
കാട്ടുതേൻ എടുക്കാനായിരുന്നു


ഏറുമാടങ്ങളിൽ കയറിയിറങ്ങി
ഉയർന്ന നഗരവീഥികളിലൂടെ
വളഞ്ഞും ചെരിഞ്ഞും ഇഴയുകയാണ്
തേനുമായീ നഗരമൂപ്പൻ.

ചുറ്റിനും  ചേരികളുടെ ചെതുമ്പൽ
ലോക്കൽ ട്രെയിൻ പോലെ
മോണോറയിൽ പാഞ്ഞാൽ
തമ്പാക്കും  പാനും തിന്നുന്നവർ
പക്ഷികാഷ്ടം പോലെ
താഴെ  അടയാളങ്ങൾ തീർക്കും

തേനെടുക്കാൻ പറന്നു  കളിയ്ക്കുന്ന
തേനീച്ചകളെ പേറുന്ന കൂടുപോലെ
നഗരത്തിൻറെ  ജീവനാഡിയാകാൻ
വെറുതെ വളഞ്ഞു തിരിഞ്ഞു പായുന്നു
മുംബായ് മോണോറയിൽ
                 ------  

ലക്ഷ്യത്തിലെത്താൻലക്ഷ്യത്തിലെത്താൻ
------------------------------- 
തിരക്കുള്ള ഇടങ്ങളിൽ 
ലക്ഷ്യത്തിന്  ഒരു നിരതന്നെയുണ്ടാകും 
പാഞ്ഞുപോകുന്ന ട്രയിൻ 
ലക്ഷ്യത്തിൽ എത്തിയ്ക്കുന്നത് 
നിരകളായി കൊളുത്തപ്പെട്ട 
ബോഗികളിലെ നിശ്വാസങ്ങളെയാണ്

മനുഷ്യന് മൃഗങ്ങൾ പായുമ്പോൾ 
വേഗതയുള്ളതായി തോന്നും 
പക്ഷികൾ  പറക്കുന്നതും 
അതിവേഗത്തിൽ തന്നെ  

പെട്ടെന്ന് വേഗം കൂട്ടാൻ
വേഗപ്പൂട്ടില്ലാത്ത ബസ്സിൽ കയറി
പലയിടങ്ങളിൽ നിന്ന് 
പാഞ്ഞെത്തിയവയെല്ലാം  
ഒരിടത്ത് കുടുങ്ങി 
നിരയായി നീണ്ടു കിടന്നു 


ലക്ഷ്യത്തിലെത്താൻ
വേഗനിരകടക്കണം 
ഇറങ്ങിനടന്നാൽ 
ഓടിയാൽ 
നിരയ്ക്കപ്പുറം കടക്കാം 
പറക്കാൻ കഴിഞ്ഞാൽ 
റോഡിൽ  നീളുന്ന 
യന്ത്രവേഗങ്ങളെ മറികടക്കാം 

വേഗത കൂട്ടി പായാൻ 
ഒരു പക്ഷിയായി
ലക്ഷ്യത്തിലേക്ക്  പറന്നു
  ....

കാരസ്ക്കരം

കാരസ്ക്കരം
------------------------


കാഞ്ഞിരത്തിന്റെ കുരു തുളച്ച് 
ഈർക്കിൽ കടത്തി 
കറക്കി കാണിച്ചത് 
മരം വെട്ടുകാരനായിരുന്നു 

നിർത്താതെ കറങ്ങുന്ന പമ്പരം 
വീണ്ടും വീണ്ടും ഉണ്ടാക്കി കളിച്ചപ്പോൾ  
കാഞ്ഞിരം രണ്ടുകട്ടിലായി 
ഒന്നിൽ വാതം പിടിപെട്ട വല്യച്ഛൻ 
പുക നുണഞ്ഞു കിടന്നു
മറ്റേത് പൂമുഖത്ത് അതിഥികൾക്കായി 
അലങ്കരിച്ചു നിവർത്തിയിട്ടു.

അവധി ദിവസങ്ങളിൽ
അതിഥികൾ ആരും ഇല്ലാത്തപ്പോൾ 

എണ്ണയും കുഴമ്പും പുരട്ടി 
കാഞ്ഞിരകട്ടിലിൽ മലർന്ന് കിടന്ന് 
അച്ഛൻ കുന്തിരിക്കപ്പുകകൊള്ളും  

കറക്കി വിടുന്ന പമ്പരങ്ങൾ 
അമ്മകാഞ്ഞിരത്തിന്റെ ഓരോകാലിനും 
വലത്തിട്ട് കറങ്ങിക്കറങ്ങി 
മുട്ടിയുരുമ്മി നിൽക്കും 
കുന്തിരിക്കപ്പുകയിൽ കയ്പ്പ് മറന്ന് 
അമ്മക്കട്ടിൽ ആകാശം  നോക്കി നെടുവീർപ്പിടും 

പുകകാഞ്ഞ് കുഴമ്പുപിടിപ്പിച്ച ദേഹത്ത് 
ഒറ്റതോർത്ത് മുറുക്കിയുടുക്കാൻ 
അച്ഛൻ നിവർന്നു നിന്നപ്പോൾ 
കാൽവെള്ളയിൽ ഈർക്കിൽ തുളച്ചുകയറി 
ഇർക്കിൽ ഊരി കാഞ്ഞിരക്കുരു 
മഴയിലേക്ക്  വലിച്ചെറിഞ്ഞതാണ് 
മുറ്റത്തെ കുളമാടിയിൽ 
ചിരിച്ചു നിൽക്കുന്ന കാരസ്ക്കരം 

കാറ്റ് എപ്പോഴും കയ്പിനുചുറ്റും 
പമ്പരംപോലെ 
നിലയ്ക്കാതെ കറങ്ങുന്നു
                     ...... 

എന്റേതല്ലാത്തത്

എന്റേതല്ലാത്തത് 

ഇറച്ചി വിലയ്ക്ക്
തൂക്കികൊടുക്കാൻ 
വീട്ടിൽ ജന്തുക്കളില്ലായിരുന്നു 

എങ്കിലും`
രാവിലെ കയറിവന്ന വഴിപോക്കൻ
മച്ചിപശുവിനെ അന്വേഷിച്ചു 
മുട്ടനാടിനുവില പറഞ്ഞു 
വളഞ്ഞ അങ്കവാലുള്ള പൂവൻ 
പിടചവിട്ടിയാൽ
മുട്ടകുറയും എന്നും പറഞ്ഞു

വീട് എന്റേതല്ലാഞ്ഞതിനാൽ
ഞാൻ വെറുതേ മൂളി കൊണ്ടിരുന്നു 

മുറ്റത്തെ പ്ളാവിൽ നോക്കി 
അയാൾ പറഞ്ഞു 
തായ്ത്തടി ഉണങ്ങി തുടങ്ങി 
ഇപ്പോൾ മുറിച്ചാൽ 
വിറകിനു കൊള്ളാം 
മരമെന്റേതല്ലാഞ്ഞതിനാൽ
ഞാൻ വെറുതേ അയാളെ നോക്കി

തുടർന്നയാൾ ഉമ്മറത്തെ 
കസേരയിൽ കയറിയിരുന്നു 
വീട്ടുകാരനല്ലാഞ്ഞതിനാൽ 
ഞാൻ കുശലം പറയാതെ 
പടിവാതിൽ ചാരി നിന്നു 

അയാൾ മുറുക്കാൻ ചെല്ലം തുറന്ന്  
ഉള്ളിലേക്ക് നോക്കി ഉറക്കെ ചോദിച്ചു 
ചുണ്ണാമ്പുണ്ടെങ്കിൽ ഒന്നെടുക്കണേ?

ഉള്ളിൽ  നിന്നും പാഞ്ഞെത്തിയ
നാലു വയസ്സുകാരിയെ കണ്ട് 
എന്റേതല്ലാത്ത
 വീടിന്റെ വാതിൽ 
 ഞാൻ വലിച്ചടച്ചു.
 ......      ....