Pages

വിശ്വാസികള്‍


വിശ്വാസികള്‍

മിന്നി മിന്നി മാഞ്ഞുപോകുന്ന വേദനകളാകുന്നു 
ജീവിത താളമെന്നു മരുന്നുകള്‍
വെളിച്ചത്തിനു ചൂടുണ്ടാകുമോയെന്ന് 
ഓരോ കുറിപ്പുകളും തേടുന്നു 
ഇരുട്ടിലേയ്ക്കുള്ള  യാത്ര, അതത്രേ ജീവിതം 
അസ്തമിച്ചവന്റെ ശേഷിപ്പുകള്‍ സൂര്യനെപോലെ 
ചക്രവാളത്തിന്‍റെ  ആഴങ്ങളില്‍   
മറഞ്ഞില്ലാതെയാവുന്നു.

നീണ്ട ബാല്യം രാവിലെ മുന്നിലുണ്ടാകും 
വൈകിയാല്‍ ശുഷ്കിച്ച  യൌവ്വനം 
മധ്യാഹ്നംവരെ  കാത്താല്‍ 
വാര്‍ദ്ധക്യചിന്തകളില്‍ സായാഹ്നം നഷ്ടമാകും
അസ്തമിയ്ക്കാതെ ഒരിയ്ക്കലും
ഒരു പുനര്‍ജന്മമില്ലല്ലോ?

താളം തെറ്റുന്ന ജീവിതങ്ങള്‍ ചുറ്റിനും 
മഴക്കാറില്‍  ഇരുട്ടിലേയ്ക്ക് നീന്തി  താഴുന്നവര്‍
ഒരിറ്റുവെളിച്ചം പോലുമില്ലാതെ മയങ്ങുന്നവര്‍ 
സ്വപ്നങ്ങളിലെ  വചനങ്ങള്‍ 
അസ്തമയംവരെ കാവല്‍നില്‍ക്കുന്നു  
ഭയന്ന്  നിഴല്‍രൂപങ്ങള്‍ 

വെളിച്ചത്തിനും വെള്ളത്തിനും ശ്വാസത്തിനും വേണ്ടി 
ജനിയ്ക്കാന്‍ പോകുന്ന പുത്രനെകൂടി 
കൂര്‍ത്ത പാറക്കെട്ടുകള്‍ക്കു മുകളിലേയ്ക്ക് 
വലിച്ചിഴയ്ക്കാനായി ചുറ്റിനും  വിശ്വാസികള്‍.

...         ....       ......             .................. ....       .....   വിശ്വം

ആചാരങ്ങള്‍


അശ്വമേധം കഴിഞ്ഞു നാം ഈ വഴിയില്‍
വിശ്വം ജയിച്ചതിന്‍ സന്തോഷം പകുക്കവേ
പൊട്ടിക്കരയുന്നപ്പുറം സദാചാര ചിന്തകള്‍
കുത്തിക്കീറിയതൊക്കെയും  രക്തബന്ധങ്ങള്‍

ആരുകേള്‍ക്കുന്നു പറയുന്ന സത്യം,  ഒക്കെയും
കാപട്യം,  കാണുന്നതെല്ലാം വെറും രണ്ടുജാതികള്‍
ആണവന്‍ പെണ്ണവള്‍  പിന്നെല്ലാമാവാമവിഹിതം
ഏറ്റെടുക്കുന്നവര്‍  സദാചാര സംരക്ഷകര്‍

കരിവണ്ട്  മൂളുന്നു പൂന്തേന്‍ നുണരുവാന്‍  
കടല്‍ തിരകോരുന്നു കരയെ പുണരുവാന്‍
കാട്ടില്‍ കടിപിടി ഇണയ്ക്കായ്‌ മൃഗാദികള്‍
അപരിഷ്കൃതം,  മര്‍ത്ത്യഗണങ്ങളല്ലല്ലോയിവ?


ഒറ്റയ്ക്ക് പോകുന്ന നാരിയ്ക്കു കൂട്ടിനായ്
എത്രയോകാലം തുണയേകി പൂരുഷര്‍ 
മിത്രമോ സഖിയോ മകളോ സതീര്‍ത്ഥയോ
വാക്കുകള്‍ക്കപ്പുറം പിന്നെന്ത്  കാട്ടണം

കാഴ്ചമങ്ങുന്നവര്‍ കാണുന്നെല്ലാം ഹീനമായ്
വേഴ്ച തടയുന്നവരായി ചമഞ്ഞു ഭരിയ്ക്കുന്നു
ചോരരാമിവര്‍ കവരുന്നു ധാര്‍ഷ്ട്യരായ് ധനമെല്ലാം
സാരമായ് മര്‍ദ്ദിച്ചു സദാചാരരാകുന്നു.

ആരിവര്‍, പുതുവേഷം കെട്ടിയ ചെന്നായ്ക്കള്‍
കൂട്ടിനായ് ചോദ്യാവലിയുമായ് മറുകൂട്ടര്‍
കേട്ടിട്ട് പേടിയാകുന്നു മലയാളമേ നീ വീണ്ടും
മദാലസ, ഭ്രാന്തമായലയുന്ന കാടായിമാറിയോ 

ആചാരമെത്രകാലം പഠിപ്പിച്ചു ആചാര്യര്‍
ദുരാചാരങ്ങളെല്ലാം വെടിഞ്ഞു സംസ്കൃതര്‍
അനാചാരങ്ങള്‍  പിന്നെയും പിന്തുടര്‍ന്നെത്തുന്നു
അസഹ്യമിക്കാലം  സദാചാരചിന്തകള്‍ .

ഒക്കെ തകര്‍ക്കുമീ സദാചാരപാലനം   
സത്യത്തിലെല്ലാം സങ്കല്പലോകങ്ങള്‍
ആലസ്യദുര്‍വിധി യലക്ഷ്യമീയാത്രകള്‍
വെടിക കാപട്യങ്ങള്‍ നാം മര്‍ത്ത്യരല്ലോ? .  

........................     ..................    ...........  വിശ്വം. 

കൊന്നപ്പൂക്കതിരുകള്‍

മേടപ്പുലരിയില്‍  കണികൊന്ന നാണിച്ചു
കണ്ടുപോയല്ലോ കൂട്ടരെന്‍ പൂങ്കുല
കണിയായിട്ടൊപ്പം വെള്ളരി പൂവന്‍പഴം
കണ്ണനോ  ചിരിയ്ക്കുന്നു വെണ്ണ കയ്യുമായി

ഓര്‍ത്തു പോയെങ്ങോ വഴിമാറിനിന്നൊരു
ബാല്യകാല കളിക്കൂട്ടുകാരെയൊക്കെയും
പൂത്തമാമ്പൂപോലെ കത്തിച്ച കമ്പിത്തിരി
നേത്രകൂട്ടിലേക്ക്  മിന്നിതിളങ്ങുന്നതും

രാത്രിയില്‍ കെട്ടിയുണ്ടാക്കും കണിവഞ്ചിക
വെളുപ്പിനേചുമന്നു ചെല്ലുന്നോരോ വീട്ടിലും
ചേങ്ങില മേളത്തില്‍ പാടിയുണര്‍ത്തുമ്പോള്‍
കണികണ്ടു കൈനീട്ടം നല്‍കുന്നു  ഗൃഹസ്ഥരും

പൊട്ടുന്ന പടക്ക കൂട്ടങ്ങള്‍ വിഷുവിലെന്‍
ഹൃത്തേ നിറച്ചതെല്ലാം  ആനന്ദ ലഹരികള്‍
പൊട്ടാത്ത പാളിപ്പടക്കതിരിയില്‍ നിന്നെത്ര
പൂക്കതിരുകള്‍  കത്തിച്ചു മിഴികള്‍ ചിമ്മിച്ചന്ന്‍

പൊന്നിന്‍ മുടിചൂടി മുറ്റത്തു വിഷുച്ചിരി
കത്തുന്ന സൂര്യകിരണങ്ങള്‍  മൂടുന്നു
എത്രകാത്തിട്ടാണ്  കൃത്യമായ് വിഷുവിന്
പൂത്തുലഞ്ഞുലകത്തില്‍ കൊന്ന കൈ നീട്ടുന്നത്  
  
ഇവിടിന്നൊറ്റയ്ക്ക്   ചിന്തിച്ചു ചന്തത്തില്‍
കൊന്നപ്പൂ വാങ്ങി കണിയൊരുക്കുമ്പോള്‍
എത്തുന്നതെല്ലാം നെറ്റില്‍ ആശംസാവാക്കുകള്‍
ബാക്കിയാകുന്നു കൂട്ടില്‍  കൊന്നപ്പൂക്കതിരുകള്‍

 .............           ................      വിശ്വം

വെറുമൊരു വിഷ് യു .. .. .കൊന്ന.

വെറുമൊരു വിഷ്  യു ..  ..  .കൊന്ന.


വിഷമമാകില്ലേ വിഷു പുലരിയില്‍
പൂത്തു പൊങ്കതിര്‍ നീട്ടി ചിരിയ്ക്കുവാന്‍
പൊന്നിട്ടുമുഖം മൂടിനിൽക്കുന്ന സുന്ദരി
കൊന്നേ,  പ്രിയേ , മലയാള മധുര്യമേ

പൊന്നിന്‍കതിര്‍മണി വിളയുന്ന പാടത്ത്
നിന്നു നിൻ കിങ്ങിണി മുത്തുകള്‍  കാവലായ്‌
കോര്‍ത്ത മരതകനൂലില്‍ മയങ്ങിയും
 നേർത്തു വീശി കളിക്കുന്നു മാരുതന്‍

വിഷു വന്നു മുറ്റത്തുക്കൈനീട്ടി നില്‍ക്കുമ്പോള്‍
വില്‍ക്കുന്നു കൊന്നപ്പൂക്കതിര്‍ വിലപേശി 
വിഷു  ആശംസിയ്ക്കുന്നു മണ്ണിലെതാരങ്ങള്‍
കണികാഴ്ചകൾ നിറയുന്നു പ്രഭാത വാര്‍ത്തയില്‍

മഞ്ഞച്ചകണ്ണില്‍ വിഷച്ചാറുകള്‍ തെറിയ്ക്കുന്നു 
പതിവുപോൽ കൊന്ന സ്വര്‍ണ്ണം പുതയ്ക്കുന്നു

ഒരു നേരം പോക്കായ്‌ വന്നുപോകുന്നു വിഷു,
വിഷക്കായ തിന്നൊരു വിഷുപക്ഷി ചിലയ്ക്കുന്നു  .
..............               .