Pages

അങ്ങനെ.. അങ്ങനെ

അങ്ങനെ.. അങ്ങനെ


മഴ കഥ പറയുമ്പോൾ 
കാറ്റ് നീട്ടിമൂളും
കളയടോ നിന്റെയാ
കരിങ്കൊടിയെന്നലറി
കുടക്കമ്പികളുടെ
മസ്സിലുകളിൽ തടവും
മഴ മനസ്സിലേക്ക്
തേനൊഴുക്കും
നനഞ്ഞു കുതിരുമ്പോൾ  
ഞങ്ങൾ ഒന്നാകും
തെരുവിലൂടെ
ഒഴുകിയൊഴുകി
അങ്ങനെ.. അങ്ങനെ



കേമത്തം

കേമത്തം

ജീവിക്കുന്നതു തന്നെ
കേമത്തം കാട്ടാനാണ്


സംസാരിച്ചപ്പോൾ ഓർത്തില്ല
അയാൾ ഒരു കേമനാണെന്ന്.
ചോദിക്കാതെ വന്ന്
അരയിൽ മണികെട്ടാൻ
അനുവാദം കൊടുത്തില്ല.

കളി കേമനോടല്ലേ
കളം പൊതുമുതലാണെന്ന്
അറിയിപ്പുണ്ടായി   
സൗഹൃദം, പരിചയം
കുടുംബ ബന്ധം
എല്ലാം
കളരിക്കു പുറത്ത്.

കുടിവെള്ളമൊഴുക്കിയ 
പുഴയെ തടഞ്ഞു നിർത്തി
കേമനല്ലേ
ഒരു വിരലാൽ അന്നം മുട്ടിച്ചു
വിശപ്പ റി യി ച്ച പ്പോ ൾ
അനുഭവിക്കുന്ന സ്വത്തിന്റെ
അവകാശിയല്ലെന്നു കല്പനയുണ്ടായി

ശരിയാണല്ലോ
കേമന്മാർക്കല്ലേ
കേമത്തം കാട്ടാനാവൂ !
 പണിതു തന്ന
ശില്പിയെതന്നെ
കൊന്നല്ലേ ശീലം

കേമന്മാർ
സർവ്വ വ്യാപികൾ
ജീവിക്കുമ്പോൾ 
കേമനെപേടിക്കണം.
.......................   

തീക്കളി

തീക്കളി

ചൂടാക്കാൻ
ഉരുണ്ടു കറങ്ങി
തീയ്ക്ക് ചുറ്റും
കളിക്കുന്നവൾ

പറഞ്ഞിട്ടെന്തേ
വരച്ച വരയിൽ
അവൾ ഉരുളുന്നത്
മേലുകീഴ്‌ മഞ്ഞുകട്ടകൾ പിടിച്ച്
ഉള്ളുനിറയെ വെള്ളം നിറച്ച്

ഇനി പറയൂ
അവൾക്കീ കളി 
തീക്കളിയാണോ?

സ്വബോധം



സ്വബോധം


എന്റെ കാര്യത്തിൽ
ഞാൻ പറയുന്നതൊന്നും
ബാധകമല്ല 
ഇവിടെ പറഞ്ഞതൊന്നും
ഞാൻ ചെയ്തിട്ടില്ലല്ലോ!
മറ്റുള്ളവരുടെ
കാര്യത്തിൽ
ഇതാണ് ശരി.

v

ചോരയുണ്ടുസഖാക്കളേ  നമുക്കുനിന്നുപൊരുതുവാൻ
ചേരണം കരുത്തുകാട്ടാൻ  ചെങ്കൊടിക്കുകീഴിലായ്
ചോർന്നുപോയധീരതകൾ ചേർത്തുനിർത്തി മുന്നേറാം
ചേർന്നുനിൽക്കൂനമ്മളല്ലേലാകും മൂകസാക്ഷികൾ 


പെണ്ണാളി

പെണ്ണാളീ**

നുണക്കുഴികളിൽ
നീ തലോടുമ്പോൾ
വിശന്നു ചുരുങ്ങിയ
നിന്റെ വയറിലാണ്
ഞാൻ കിടന്നത്

നിന്റെ കണ്ണുകളിൽ
മഴത്തുള്ളികൾ ഉതിർത്തത്
എന്റെ കവിളിൽ ഒട്ടിപ്പിടിച്ചു


നീ  ഊട്ടിയ മുലപ്പാൽ
വിശപ്പകറ്റാൻ തികഞ്ഞില്ല
മുലഞ്ഞെട്ടുകളിൽ
ആർത്തിയോടെ കടിച്ചപ്പോൾ
നീ ചിരിക്കുകയായിരുന്നു

ഞാൻ വളർന്നപ്പോൾ
മേൽക്കൂര തകർത്ത് ഇടിത്തീ വീണത്‌
ഏതു നെഞ്ചിലായിരുന്നെന്ന്
നിനക്ക് അറിയില്ലായിരുന്നോ ?

നുണക്കുഴികളിൽ  നീ തലോടിയത്
നിന്റെ വയറ്റിൽ പിറന്ന
ഒരു പാഴ് ജന്മത്തെയായിരുന്നു!

ഉറവവറ്റിയ മുല ഞെട്ടുകളിൽ
നീ ചേർത്തു പിടിച്ചത്
അപസ്വരം മീട്ടിയ
എന്റെ ചുണ്ടുകളായിരുന്നു .

ഉറവ നഷ്ടപ്പെട്ട നദികണക്കാണ്
എന്റെ ജന്മമെന്ന് ഞാനറിഞ്ഞു 
ശുഷ്കിച്ച് ഉൾവലിഞ്ഞ ജനനേന്ദ്രിയം
അസ്തിത്വ ത്തെ കണ്മഷിയിലേക്ക് തള്ളി 
ഞാനൊരു പെണ്ണാളിയായി!

ഒരു കൂരിരുട്ടിൽ
എനിക്കായ് തുറന്നു തന്നത്
അഗാധ ഗർത്ത ത്തിലേക്കുള്ള
വഴിയായിരുന്നെന്ന്
നീ അറിഞ്ഞു കാണുമോ?

ഗുഹ്യരോഗങ്ങൾക്കൊപ്പം 
രക്ഷകർ പിഴുതെറിഞ്ഞത്
ആണത്വം നഷ്ടപ്പെട്ട
എന്റെ മൂത്രനാളിയായിരുന്നു.

അമ്മേ ,
നിനക്ക് ഞാനിപ്പോഴും
മുലഞെട്ടുകൾ തിരയുന്ന
പിഞ്ചു കൈകളോ ?

ഞാനോ...

ലിംഗങ്ങളില്ലാതെ അലയുകയാണ്
ഒരു പെണ്ണാ ളിക്കുപോ ലും
ജന്മം കൊടുക്കുവാനാവാതെ!  
...................................................

**ഹിജഡകൾ എന്ന വിളിപ്പേരുള്ളവരെ  കുറിച്ചുള്ള  പൊള്ളുന്ന സത്യങ്ങൾ
15-2-15 ൽ NCPA ,മുംബായിൽ വെച്ചു കാക്കമാഗസീൻ നടത്തിയ   "ഗേറ്റ്വേ ലിറ്റ് ഫെസ്റ്റി" ൽ  
 അവതരിപ്പിക്കുകയുണ്ടായി. ഒരു മനുഷ്യജന്മം  "പെണ്ണാളി" യാണെന്ന്  
തിരിച്ചറിയുമ്പോൾ  വീട്ടുകാർ അവരെ ഉപേക്ഷിക്കുന്നു.
തുടർന്ന് അവർ തെരുവിന്റെ സന്തതികളാകുന്നു. 
 

പകൽ മായുമ്പോൾ

പകൽ മായുമ്പോൾ 

വിരലിനോളമായി തീരും ചുവർചിത്രവും 
തൊടിയിൽ മധുനുകരുന്നൊരു കരിവണ്ടും 
പുഴയിലെപ്പഴന്തോണിമെല്ലെയിളകിയും
നിഴൽ അനക്കം ഓളത്തിലലിയുന്നതും 
കതിരോനൊളിക്കുവാൻ കുങ്കുമംതേച്ചതും 
കണ്ടു പേടിച്ച മിഴികളുമായല്ലോ 
പകൽ പതിവായി  യാത്രപോകുന്നത് !


വഴിയിലെങ്ങോ തളർന്ന മുക്കുറ്റിതൻ 
തോഴനാം അർക്കകിരണബാഹുക്കൾ  
തടവി നാണിക്കും നാലുമണിപൂക്കളും 
കരയാതെ കാർകൂന്തലഴിച്ചിട്ടരികത്ത് 
കരളുവെന്തുലയൂതും ശിശിരമേഘങ്ങളും 
വെറുതേയീ ചുണ്ടിൽ അടയാളമായിട്ടൊര- 
ധര ചുംബനം തന്നോ പിരിയുമീ നേരത്ത് !   


ഹൃദയതന്ത്രികൾ മീട്ടുന്ന രാഗങ്ങൾ 
സിരകളിൽ തിരയുന്നതല്ലോ അനുരാഗം
പിളർന്നമാറിലും ചുരന്നു പാൽപ്പുഴ
പിടഞ്ഞുതളർന്നുതേങ്ങുന്നൊരമ്മയിൽ    
പറഞ്ഞ വാക്കുകൾ പതിഞ്ഞ നോട്ടങ്ങൾ
ഉറവയിൽ നിന്നിറ്റ കദന കാരുണ്യവും
തിരികെ നൽകുന്നു വെറുതേ പോകണ്ടല്ലോ !


ഉരുണ്ടുരുണ്ടനാദി കാലമായ് തിരിയുന്നു
വിരണ്ടു നിന്നില്ല ഇരുളിലെങ്ങുമേ   
നരകവിനോദങ്ങൾ നടനമാടുവാൻ

കായൽ പാട്ട്

കായൽ പാട്ട്

തിന്താരിത്തക തിന്താരിതക തിന്തക താരോ ...
തിന്താരിത്തക തിന്താരിതക തിന്തക താരോ ...

കൈചുണ്ടൻ വള്ളത്തിലന്നു പാമരം കെട്ടിയേ ..
കൈതപ്പുഴ കായലിലന്നു വല വിരിച്ചേ ..
കൊട്ടയോളം മീൻ കുഞ്ഞോളെ വല പിടിച്ചേ
കെട്യോളുമായി  വട്ടവല വലിച്ചേ ...

തിന്താരിത്തക തിന്താരിതക തിന്തക താരോ ...
തിന്താരിത്തക തിന്താരിതക തിന്തക താരോ ...

കൈനിറയെ കരിമീൻ കണ്ടമ്പോളോളും ചൊല്ലിയേ ..
കായ്കൾ വന്നു ഞങ്ങാളെ ളുപ്പത്തി  കൂര മേയുമേ  ..
കിളിച്ചുണ്ടൻ  മാങ്ങാതിന്ന് കൊതി തീർക്കുമേ ..
കരിവളകൾ വാങ്ങി ഇട്ട് കൈകൾ കിലുക്കുമേ ..

തിന്താരിത്തക തിന്താരിതക തിന്തക താരോ ...
തിന്താരിത്തക തിന്താരിതക തിന്തക താരോ ...

വള്ളം നിറേ മീൻ കണ്ടപ്പോ ഏനും ചൊല്യെ
കള്ളിനൊപ്പം മൂന്നാലെണ്ണം ചുട്ടു തരേണേ
ബാക്കി മതി നമുക്കങ്ങടിയിൽ കാശിനു വിക്കാൻ
വെള്ളം തേകി വള്ളോമായി പിന്നെ മെല്ലെ തിരിച്ചേ

തിന്താരിത്തക തിന്താരിതക തിന്തക താരോ ...
തിന്താരിത്തക തിന്താരിതക തിന്തക താരോ ...

കെട്യോളും ഏനും കൂടി മീൻ തിരഞ്ഞേ
കുഞ്ഞു മീൻ കുട്യോളെ ഞങ്ങ തിരികേ വിട്ടേ
കരിമീനേം പള്ളത്തിയേം  തിരിഞ്ഞിട്ടേ
പുളുന്താനേം വട്ടാനേം പിന്നെ ദൂരെ കളഞ്ഞേ ..

തിന്താരിത്തക തിന്താരിതക തിന്തക താരോ ...
തിന്താരിത്തക തിന്താരിതക തിന്തക താരോ ...

കൈതപ്പുഴ കായലിൽ മെല്ലെ നേരം പുലർന്നേ
ഏനുമെന്റെ കെട്യോളും കൂടെ വള്ളം തൊഴഞ്ഞേ
കരകാണാദൂരത്തല്ലോ വള്ളം കിടന്നേ
പാട്ടും പാടി ഞങ്ങാ വേഗത്തിൽ വള്ളം തൊഴഞ്ഞേ

തിന്താരിത്തക തിന്താരിതക തിന്തക താരോ ...
തിന്താരിത്തക തിന്താരിതക തിന്തക താരോ ...

തകിർതിയിൽ എങ്ങാട്ടൊക്കെ മാനമിരുണ്ടേ
കാറ്റടിച്ചു കായലിലാകെ ഓളം നിറഞ്ഞേ
ഏനുമെന്റെ കെട്യോളും തുഴ നീട്ടി വലിച്ചേ
കാറ്റിലാടി ആടിയുലഞ്ഞേ വള്ളോം മീനും

തിന്താരിത്തക തിന്താരിതക തിന്തക താരോ ...
തിന്താരിത്തക തിന്താരിതക തിന്തക താരോ ...

ഏനിനി ഓർക്കാൻ വയ്യേ ബാക്കി ഓരോന്നും 
ഏന്റെ ഈ ചങ്കിലിപ്പോഴും തിരവരുന്നേ 
കാറ്റിലാടിയാടി വള്ളം തിരയിൽ പെട്ടേ ..
കാത്തു കാത്തതെല്ലാം മുങ്ങീ വള്ളത്തിനൊപ്പം 

തിന്താരിത്തക തിന്താരിതക തിന്തക താരോ ...
തിന്താരിത്തക തിന്താരിതക തിന്തക താരോ ...

ഏനിനി ഓർക്കാൻ വയ്യേ വയ്യെന്റെ ദൈവേ
ഏന്റെയാകൊട്യോളങ്ങനെ കൈവിട്ടുപോയേ
കരിവള കരിമീൻ പിന്നെ കൂരേം പോയേ
ഏനിപ്പോ കരയാനിത്തിരി കണ്ണീരുമില്ലേ ..

തിന്താരിത്തക തിന്താരിതക തിന്തക താരോ ...
തിന്താരിത്തക തിന്താരിതക തിന്തക താരോ ...

 ഏനിപ്പോ.. കരയാനി...ത്തിരി ..കണ്ണീരു..വേണേ ....
ഏനിപ്പോ.. മോന്താനി...ത്തിരി ..കള്ളും .വേണേ ....

തിന്താരിത്തക തിന്താരിതക തിന്തക താരോ ...
തിന്താരിത്തക തിന്താരിതക തിന്തക താരോ ...
തിന്താരിത്തക തിന്താരിതക തിന്തക താരോ ...
തിന്താരിത്തക തിന്താരിതക തിന്തക താരോ ...
....................................................

കുത്ത്

കുത്ത്

കൊതുകെന്തിനാണ് കുത്തുന്നത്
ആന കുത്തുന്നതെപ്പോഴാണ്
നെല്ലുകുത്തുമ്പോൾ  പാട്ടുപാടണോ
കാതു കുത്തുമ്പോൾ കരയല്ലേ
ഉളികുത്തുമ്പോൾ തടി മുറിയും
ചെല്ലി കുത്തുമ്പോൾ തെങ്ങു വീഴും
തിന്നതു കുത്തുമ്പോൾ
വെറുതേ പലതും തോന്നും
ഒറ്റ കുത്തിന് എല്ലാം തീരും

ഉള്ളത്

ഉള്ളത്

ഉണ്ടമാതിരി നീ വന്നു നിന്നതെൻ
ഉണ്ടയായൊരുകണ്‍മുന്നിലല്ലയോ
ഉണ്ടതിൽപരം നൊമ്പരമെന്നുള്ളിൽ
ഉണ്ടയാലല്ലോകൊഴിയുന്നു പുഞ്ചിരി    

തേന്മാവ്

തേന്മാവ്

പൂത്തുല്ലസിച്ചു കാറ്റിൽ
നിലാത്തിരികത്തുന്നു കണ്ണിൽ

കയ്ച്ചുപുളിച്ചുണ്ണികൾമെല്ലേ
കണ്ണുകാട്ടി വിളിച്ചുകളികൂട്ടരെ

കാത്തിരിക്കുന്നോർക്കായി  
മധുരമൂട്ടാമെന്നുതേന്മാവും  

തൊട്ടാവാടി

തൊട്ടാവാടി

നാണിച്ചു വഴിയരികിൽ കിടക്കുമിവളെ
തോണ്ടാൻ, വിരലുകൾ പേടിക്കും രണ്ടാമത്
വാടിത്തളർന്നോരിലകളിൽ കാവൽസൂചികൾ
വേണ്ടാ, വെറുതേ ജീവിച്ചു പോകട്ടെയവളും   

വിട

വിട 

അറിഞ്ഞോ നീയും
നിലാവുപോലെ മാഞ്ഞ്
ഇരുട്ടാകുന്നു 


സ്വന്തം

 സ്വന്തം

മദ്യമേ നീയും
നക്ഷത്രമാകുന്നല്ലോ
സ്വന്തം  കുടിയൻ

ലഹരി

ലഹരി

കള്ളേ , ഭാഗ്യവാൻ
പഴക്കമില്ലാത്ത നീ
രംഗത്തു വീണ്ടും.

കുടുക്ക

കുടുക്ക 

അടക്കി വെച്ച
സമ്പാദ്യങ്ങൾ പുറത്ത്
കുടുക്ക പൊട്ടി

കടുക്

കടുക് 

കടുകോളം നീ
കാത്തു സൂക്ഷിക്കുന്നത്
കഴിഞ്ഞ കാലം

വള്ളംകളി

വള്ളംകളി 

വെള്ളത്തിൽ കളി
ചുറ്റും പാഞ്ഞു വീശുന്നു   
വള്ളത്തിൽ തുഴ

ചിരി


ചിരി

നർമ്മം മുറിയിൽ
തിങ്ങിഞെരിഞ്ഞുപൊട്ടി
ചിരിച്ചു നീയും

കുമ്പസാരം

കുമ്പസാരം 

പാപം ചെയ്തത്
അറിയാതെയാണച്ചോ 
ഇനി ചെയ്യില്ല

ഉരുള

ഉരുള

ഉരുട്ടിയൂട്ടി
താലോലിക്കുമ്പോഴല്ലേ
ഉരുളവേണ്ടൂ 

ഉപദേശം

ഉപദേശം

ഉപദേശിക്കാം
നല്ലത് വിചാരിച്ച്
നിർബ്ബന്ധിയ്ക്കല്ലേ


നിർബ്ബന്ധം

നിർബ്ബന്ധം

ചന്ദ്രനെവേണം
കാൽപ്പന്തു കളിയ്ക്കാനാ
നിർബ്ബന്ധമാണ് 

കരുണ

കരുണ 

ഉപഗുപ്തന്റെ
ഉപദേശം കേട്ടപ്പോൾ
സമയമായി 

നുണ

 നുണ

നുണഞ്ഞ തേനും
പെയ്തിറങ്ങും മഴയും 
നുണയാകില്ല 

രുചി

രുചി

അരച്ചരച്ച്
ചമ്മന്തിയാക്കിയത് 
രുചി രഹസ്യം

കൊതുക്

കൊതുക് 

തല്ലുകൊള്ളാതെ 
ചോരയൂറ്റി കൊതുക്
സൂചിയല്ലല്ലോ

ചോറ്

ചോറ് 

ഉച്ചയൂണിന്
ഇരുന്നവർ തിന്നുന്നു
ചോറുംകൂട്ടാനും

കൂന്

കൂന് 

മുതുകിലൊരു
മുഴവലുതായത്
ആമയ്ക്ക് കൂന്

ഭാവം

ഭാവം 

വിളിച്ചതല്ലേ
തിരക്കിട്ട്‌ ചെന്നപ്പോൾ
കാണാത്ത ഭാവം
 

പിണക്കം

പിണക്കം 

മനപിണക്കം
വേണ്ടത് ചെയ്യാത്തപ്പോൾ 
മൗനം മാന്യത

കൂട്ടുകാർ

കൂട്ടുകാർ 

കൂട്ടുകാരെല്ലാം
കൂട്ടുകാരാന്നറിയാൻ
ആപത്തും വേണം

ചങ്ങാതി

ചങ്ങാതി 

ചെന്നപ്പോളല്ലേ
തിരക്കാണ് ചങ്ങാതി  
കണ്ടില്ലെൻ സ്നേഹം

ചങ്ങാത്തം

ചങ്ങാത്തം 

വിളിസ്നേഹത്താൽ
ചെന്നത് കുടുംബത്താൽ
തീർന്നൂ ചങ്ങാത്തം

മഴു

മഴു
തോട്ടിൽ വീണത്
അരുകിൽനിന്ന മരം 
കരഞ്ഞു മഴു

പ്രേമലേഖനം

പ്രേമലേഖനം
കരിയിലയ്ക്ക്
മണ്ണാക്കട്ട എഴുതി
പ്രേമലേഖനം 

വിരുന്ന്

വിരുന്ന് 
പുഴക്കരയിൽ
മണൽ വിരുന്നുപോയി 
മഴപെയ്തപ്പോൾ

മഴവെള്ളം

മഴവെള്ളം 
പെയ്തമഴയും
ഒഴുകിയ വെള്ളവും
തെരുവിലായി



ചുരം

ചുരം
ചുരം കടന്നാൽ
മലക്കപ്പുറംപോകാം
കേറടാകേറ്

സമ്പത്ത്

സമ്പത്ത് 
സമ്പത്തുള്ളവർ
വാങ്ങുന്നു കണ്ടതെല്ലാം
കണക്കില്ലാതെ

ദാരിദ്രം

ദാരിദ്രം 

കോട്ടകെട്ടിയും
പൂങ്കോഴിവളർത്തിയും
തീർന്നു ദാരിദ്രം

ചെളി

ചെളി 

അശ്രദ്ധയായാൽ
വാരിഎറിഞ്ഞവനും
വീഴും ചെളിയിൽ

നികുതി

നികുതി
നിന്റെ പകുതി
ഖജനാവിൽ വെക്കണം
നാം കുതിയ്ക്കണം

ജീവിതം

ജീവിതം

നീണ്ടവഴികൾ
മോടി പിടിപ്പിക്കുമ്പോൾ
ജീവിതം തീരും


മദ്യനികുതി

മദ്യനികുതി 

നികുതികൂട്ടി
നോക്കിക്കോ മുക്കുടിയൻ
കഴിക്കാത്തത്

മദ്യപാനി

മദ്യപാനി 

കള്ളമില്ലല്ലോ
കഴിക്കാത്തകുടിയൻ
ബെവറീജസിൽ  

കള്ള്

കള്ള് 

കുടിക്കരുത്
കള്ളുവിൽക്കുന്നകൂട്ടർ 
ആവർത്തിക്കുന്നു

വിദേശമദ്യം

വിദേശമദ്യം

മദ്യം കഴിയ്ക്കാം
ക്യൂനിന്ന് ഖജനാവ്
നിറച്ചു മാത്രം

കിറുക്ക്

കിറുക്ക് 

കിഴക്ക് സൂര്യൻ
ഉരുട്ടിക്കയറ്റിയ
കല്ല് താഴേയ്ക്ക്

വാങ്ങുമ്പോൾ


വാങ്ങുമ്പോൾ

ആനയെ വാങ്ങാൻ 
കൊമ്പുംപല്ലും നോക്കണം
വാലും നഖവും

വില


 വില

തലമറന്ന്
വിലമലകയറി
വലഞ്ഞുപോയി

കയറിപ്പിടി

കയറിപ്പിടി

കയറിൽ പിടി
കയറിപ്പിടിക്കല്ലേ
കയറേണ്ടതാ



ഫുട്ബോൾ

ഫുട്ബോൾ

മൈതാനത്തെല്ലാം
തട്ടുകൊണ്ട് നടക്കാൻ 
ഫുട്ബോളാണോ

പെനാൾട്ടി

പെനാൾട്ടി 

ഉന്നം തെറ്റിയാൽ
കിട്ടിയ പെനാൾട്ടിയും
പോസ്റ്റിൽ പകയ്ക്കും

ഗോൾ

ഗോൾ 

നോക്കിയടിച്ചാൽ
ഗോളിയും  പിടിക്കില്ല
അടിപോളിഗോൾ

കൊടി

കൊടി

പൊടി നിറഞ്ഞ്
കൊടി മറന്നുപോയി
അതിന്റെ നിറം

പുഴു

പുഴു 

പഴുത്തപഴം
മുറിച്ചുപകുത്തപ്പോൾ  
മുറിഞ്ഞ  പുഴു

വഴി

വഴി

ഒരൊറ്റവഴി
നോക്കിയുംകണ്ടും പോയാൽ
കുഴപ്പമില്ല 

വൈകൃതം

വൈകൃതം

മുഖം മിനുക്കി
വികൃതമല്ലനന്നും
ചന്ദ്രനെ പോലെ 

ഗ്രാവിറ്റേഷൻ

ഗ്രാവിറ്റേഷൻ


എഴാം ക്ലാസ്സിൽ 
ബെഞ്ചിൽ നിന്ന് താഴെ തള്ളിയിട്ടത്‌ 
ഐസക് ന്യൂട്ടനായിരുന്നു
അതുവരെ വീണ വീഴ്ചകൾക്ക് 
സയന്റിഫിക് പരി വേഷം ഇല്ലായിരുന്നു 
ചക്കവീണുചത്ത മുയലും 
മോങ്ങാനിരുന്ന നായരുടെ തലയിൽ 
തേങ്ങാവീ ണതും 
അതിനു മുമ്പും പറഞ്ഞു ചിരിച്ചിട്ടുണ്ട് 

 മാവിലെറിഞ്ഞകല്ലും 
വെട്ടിയിട്ട തേങ്ങാക്കുലയും
താഴേയ്ക്കു തന്നെയാണ് വീണത് 
പക്ഷേ  അന്നൊന്നും ഈ മണ്ടത്തലയിൽ 
ഗ്രാവിറ്റേഷൻ ഇല്ലായിരുന്നു 
ഉണ്ടായിട്ടും കാര്യവുമില്ല 
അതിനും വളരെ മുമ്പുതന്നെ 
ആപ്പിൾ ന്യൂട്ടന്റെ തലയിൽ വീണില്ലേ ?

ഉറക്കത്തിൽ 
സ്വപ്നം കണ്ടു തുടങ്ങിയതിനു ശേഷമാണ്
ടിവി വന്നതും ദിവസവും സീരിയൽ തുടങ്ങിയതും 
പറഞ്ഞി ട്ടു കാര്യമില്ല
ഉറങ്ങാതെ സ്വപ്നം കാണാതെ
ഇരുന്നിരുന്ന് തലയിൽ
കാക്ക പോലും തൂറിയില്ല 

വയസ്സുകാലത്ത്
ഉറങ്ങാതെ  റിസേർച്ചുചെയ്യാതെ
ആപ്പിളിന്റെ ഇടപെടലില്ലാതെ
തെളിയിച്ചത്
പുതിയ റോക്കറ്റ് തിയറം
അതിങ്ങനെ പറയപ്പെടുന്നു

"ആരു ഭരിച്ചാലും
ഗ്രാവിറ്റേഷ നെതിരെ കുതിച്ചു പായുന്നത്
കൈയ്യിൽ  നിൽക്കാത്ത ചിരിയ്ക്കുന്ന  സാധനം
അതാണ്‌ അതത്രേ വില "

വീണപൂവ്‌

വീണപൂവ്‌ 

പോകയാണെന്ന്
പറയാതെ പോയൊരു
പൂമരകുഞ്ഞ്

വേഴാമ്പൽ

വേഴാമ്പൽ

മഴ വരില്ലേ
മേഘകൈകളിലൂടെ
വേഴാമ്പലല്ലോ

സ്തുതി

സ്തുതി 

എഴുതാത്തവ
പാടി നടക്കുന്നവർ
വരച്ചു വെയ്ക്കും

പൂക്കാലം

പൂക്കാലം 

വീണതെല്ലാം പൂ
പാറ്റ കൾ പറന്നല്ലോ
വയ്യ പൂക്കാലം 

കര

കര

കാർന്നുതിന്നുന്ന
കഠിനജീവികളാൽ
കരയുന്നവൾ




കടൽ

കടൽ 

ഉപ്പുതിന്നപ്പോൾ
വെള്ളം കുടിച്ചു വീർത്ത്
അലറുന്നവൾ 

ശബ്ദം

ശബ്ദം 

നിശബ്ദമായി
ഇരിയ്ക്കണമെന്നാണ്
കേൾക്കുന്നശബ്ദം

മഴ

മഴ 

കാർമേഘങ്ങളെ 
കാറ്റ് പീഡിപ്പിച്ചപ്പോൾ
കൊഴിഞ്ഞ മുത്ത് 

ദൈവം

ദൈവം 

തൂണിൽ തുരുമ്പിൽ
പുസ്തകങ്ങളിൽ പോലും
വാണരുളുന്നു

മാഷ്‌

മാഷ്‌ 

എഴുതിപ്പിച്ചു
നോക്കി വിലയിരുത്തി
വട്ടം വരച്ചു

പുക

പുക 

പുകയുന്നത്
നനഞ്ഞമുറിവുകൾ
തീ പിടിയ്ക്കാതെ

സ്വന്തം

സ്വന്തം

സ്വന്തമാണല്ലോ 
അയൽവാസികൈവെച്ച 
അണക്കെട്ടുകൾ



ലൈബ്രറി

ലൈബ്രറി 

പുസ്തകക്കൂട്ടം 
കൂട്ടിനുവായനക്കാർ  
 ഉറക്കമാണ്

വായന

വായന

വായിച്ചതെല്ലാം
പറഞ്ഞു കേൾപ്പിക്കണം
വായനാറ്റത്തിൽ

താക്കോൽ

താക്കോൽ

ഭദ്രമാക്കി സൂക്ഷിക്കാൻ 
ഒരു ഭദ്രകാളി പൂട്ടിട്ട് പൂട്ടി 
താക്കോൽ തലമുറകളായി 
ഉത്തരത്തിൽ തിരുകി

താക്കോൽ ദ്വാരത്തിലൂടെ
എത്തിനോക്കിയവർ
കണ്ടതെല്ലാം
പാലായനം ചെയ്ത
പണക്കിഴികൾ

ഉറങ്ങാതെ
കോർത്തുപിടിച്ചുനിന്ന
ചങ്ങലപ്പൂട്ടുകളെ കബളിപ്പിച്ചു
മാന്ത്രികൻ
പുറത്തിറങ്ങിയത്
സ്വർണ്ണനൂൽ വസ്ത്രമുടുത്ത്
നിധി കുംഭവും എടുത്തെന്ന്
കണക്കു കൂട്ടിയവർ

താക്കോൽ
ഭദ്രമായി തന്നെ ഉത്തരത്തിൽ
നിധികാക്കുന്ന ഭൂതം
കള്ളനാണെന്ന് കണക്കൻ

ഉത്തരത്തിലെ ഗൌളി
നിർത്താതെ ചിലച്ചപ്പോൾ
തലമുറവിട്ട് താക്കോൽ
ഉള്ളങ്കയ്യിൽ മുറുകി.
  ....    ...   

ഒരു ക്വട്ടേഷൻ

ഒരു ക്വട്ടേഷൻ
..............................

ലോകത്തിലെ ലോഹങ്ങൾ
ഉരുക്കുവാനായി നല്കി
ഒരു ക്വട്ടേഷൻ

പരസ്യങ്ങൾ ഒഴിവാക്കി
രഹസ്യമായി കണ്ടെത്തിയതാണ്
കരാറുകാരനെ.

ലോഹങ്ങൾ മോഹങ്ങളാണ്
നന്നായി വലിച്ചുനീട്ടാവുന്നവ
ആഭരണങ്ങളായി ഹൃദയത്തിൽ
മുട്ടി തൂങ്ങിക്കളിയ്ക്കുന്നു
അല്ലാത്തവ
വിളക്കുകാലുകളിൽ
തീവണ്ടിപ്പാതകളിൽ
ഓടുന്ന വണ്ടികളിൽ
പലയിടങ്ങളിലായി
ജനമദ്ധ്യേ അലഞ്ഞു തിരിയുന്നു.

ആളൊഴിഞ്ഞ നേരത്ത്
കരാറുകാരൻ മുഖം കാണിച്ചു
ഉരുക്കിയ ലോഹങ്ങൾ നിറച്ച
കുഴികൾ  അയാൾ തുറന്നു
ഹൃദയംപോലെ ഉരുകിയവ
തിളച്ചു മറിഞ്ഞ് കുമിളകളായി
പൊട്ടിയൊലിക്കുന്നുണ്ടായിരുന്നു

അയാളുടെ കുഴിഞ്ഞ കണ്ണുകളിൽ
ഒരു ക്വട്ടേഷൻ കൂടി നിറഞ്ഞൊഴുകി 
ഉരുകിയ ലോഹങ്ങൾ തണുപ്പിച്ച്
ധ്രുവങ്ങളിലേക്ക്  വലിച്ചെറിയാൻ

                 .....    

മോണോറയിൽ









മോണോറയിൽ

അള്ളിപ്പിടിച്ച്  തേനെടുക്കാൻ
ആകാശത്തേക്ക് കയറുന്ന
കാട്ടുമൂപ്പനെ ഓർത്തത്‌
തലയ്ക്കുമുകളിലൂടെ
മോണോറയിൽ
പാഞ്ഞപ്പോഴായിരുന്നു 

ഒറ്റത്തടിയുള്ള മരത്തിന്റെ നെറുകയിൽ

ചായസഞ്ചി പോലെ
ഇരമ്പി പായുന്ന തേനീച്ചകൾ.
നെഞ്ചുരച്ച് കൈകാലുകളാൽ അള്ളിപ്പിടിച്ച്
ചൂളം വിളിക്കാതെ കാട്ടുമൂപ്പൻ
നിലത്തെ സ്റ്റേഷനിൽ നിന്നും യാത്രയാകുന്നു
ഒറ്റബോഗിയുള്ള ആദ്യത്തെ മോണോറയിൽ
ആകാശത്തേക്ക് പാഞ്ഞത്
കാട്ടുതേൻ എടുക്കാനായിരുന്നു


ഏറുമാടങ്ങളിൽ കയറിയിറങ്ങി
ഉയർന്ന നഗരവീഥികളിലൂടെ
വളഞ്ഞും ചെരിഞ്ഞും ഇഴയുകയാണ്
തേനുമായീ നഗരമൂപ്പൻ.

ചുറ്റിനും  ചേരികളുടെ ചെതുമ്പൽ
ലോക്കൽ ട്രെയിൻ പോലെ
മോണോറയിൽ പാഞ്ഞാൽ
തമ്പാക്കും  പാനും തിന്നുന്നവർ
പക്ഷികാഷ്ടം പോലെ
താഴെ  അടയാളങ്ങൾ തീർക്കും

തേനെടുക്കാൻ പറന്നു  കളിയ്ക്കുന്ന
തേനീച്ചകളെ പേറുന്ന കൂടുപോലെ
നഗരത്തിൻറെ  ജീവനാഡിയാകാൻ
വെറുതെ വളഞ്ഞു തിരിഞ്ഞു പായുന്നു
മുംബായ് മോണോറയിൽ
                 ------  

ലക്ഷ്യത്തിലെത്താൻ



ലക്ഷ്യത്തിലെത്താൻ
------------------------------- 
തിരക്കുള്ള ഇടങ്ങളിൽ 
ലക്ഷ്യത്തിന്  ഒരു നിരതന്നെയുണ്ടാകും 
പാഞ്ഞുപോകുന്ന ട്രയിൻ 
ലക്ഷ്യത്തിൽ എത്തിയ്ക്കുന്നത് 
നിരകളായി കൊളുത്തപ്പെട്ട 
ബോഗികളിലെ നിശ്വാസങ്ങളെയാണ്

മനുഷ്യന് മൃഗങ്ങൾ പായുമ്പോൾ 
വേഗതയുള്ളതായി തോന്നും 
പക്ഷികൾ  പറക്കുന്നതും 
അതിവേഗത്തിൽ തന്നെ  

പെട്ടെന്ന് വേഗം കൂട്ടാൻ
വേഗപ്പൂട്ടില്ലാത്ത ബസ്സിൽ കയറി
പലയിടങ്ങളിൽ നിന്ന് 
പാഞ്ഞെത്തിയവയെല്ലാം  
ഒരിടത്ത് കുടുങ്ങി 
നിരയായി നീണ്ടു കിടന്നു 


ലക്ഷ്യത്തിലെത്താൻ
വേഗനിരകടക്കണം 
ഇറങ്ങിനടന്നാൽ 
ഓടിയാൽ 
നിരയ്ക്കപ്പുറം കടക്കാം 
പറക്കാൻ കഴിഞ്ഞാൽ 
റോഡിൽ  നീളുന്ന 
യന്ത്രവേഗങ്ങളെ മറികടക്കാം 

വേഗത കൂട്ടി പായാൻ 
ഒരു പക്ഷിയായി
ലക്ഷ്യത്തിലേക്ക്  പറന്നു
  ....

കാരസ്ക്കരം

കാരസ്ക്കരം
------------------------


കാഞ്ഞിരത്തിന്റെ കുരു തുളച്ച് 
ഈർക്കിൽ കടത്തി 
കറക്കി കാണിച്ചത് 
മരം വെട്ടുകാരനായിരുന്നു 

നിർത്താതെ കറങ്ങുന്ന പമ്പരം 
വീണ്ടും വീണ്ടും ഉണ്ടാക്കി കളിച്ചപ്പോൾ  
കാഞ്ഞിരം രണ്ടുകട്ടിലായി 
ഒന്നിൽ വാതം പിടിപെട്ട വല്യച്ഛൻ 
പുക നുണഞ്ഞു കിടന്നു
മറ്റേത് പൂമുഖത്ത് അതിഥികൾക്കായി 
അലങ്കരിച്ചു നിവർത്തിയിട്ടു.

അവധി ദിവസങ്ങളിൽ
അതിഥികൾ ആരും ഇല്ലാത്തപ്പോൾ 

എണ്ണയും കുഴമ്പും പുരട്ടി 
കാഞ്ഞിരകട്ടിലിൽ മലർന്ന് കിടന്ന് 
അച്ഛൻ കുന്തിരിക്കപ്പുകകൊള്ളും  

കറക്കി വിടുന്ന പമ്പരങ്ങൾ 
അമ്മകാഞ്ഞിരത്തിന്റെ ഓരോകാലിനും 
വലത്തിട്ട് കറങ്ങിക്കറങ്ങി 
മുട്ടിയുരുമ്മി നിൽക്കും 
കുന്തിരിക്കപ്പുകയിൽ കയ്പ്പ് മറന്ന് 
അമ്മക്കട്ടിൽ ആകാശം  നോക്കി നെടുവീർപ്പിടും 

പുകകാഞ്ഞ് കുഴമ്പുപിടിപ്പിച്ച ദേഹത്ത് 
ഒറ്റതോർത്ത് മുറുക്കിയുടുക്കാൻ 
അച്ഛൻ നിവർന്നു നിന്നപ്പോൾ 
കാൽവെള്ളയിൽ ഈർക്കിൽ തുളച്ചുകയറി 
ഇർക്കിൽ ഊരി കാഞ്ഞിരക്കുരു 
മഴയിലേക്ക്  വലിച്ചെറിഞ്ഞതാണ് 
മുറ്റത്തെ കുളമാടിയിൽ 
ചിരിച്ചു നിൽക്കുന്ന കാരസ്ക്കരം 

കാറ്റ് എപ്പോഴും കയ്പിനുചുറ്റും 
പമ്പരംപോലെ 
നിലയ്ക്കാതെ കറങ്ങുന്നു
                     ...... 

എന്റേതല്ലാത്തത്

എന്റേതല്ലാത്തത് 

ഇറച്ചി വിലയ്ക്ക്
തൂക്കികൊടുക്കാൻ 
വീട്ടിൽ ജന്തുക്കളില്ലായിരുന്നു 

എങ്കിലും`
രാവിലെ കയറിവന്ന വഴിപോക്കൻ
മച്ചിപശുവിനെ അന്വേഷിച്ചു 
മുട്ടനാടിനുവില പറഞ്ഞു 
വളഞ്ഞ അങ്കവാലുള്ള പൂവൻ 
പിടചവിട്ടിയാൽ
മുട്ടകുറയും എന്നും പറഞ്ഞു

വീട് എന്റേതല്ലാഞ്ഞതിനാൽ
ഞാൻ വെറുതേ മൂളി കൊണ്ടിരുന്നു 

മുറ്റത്തെ പ്ളാവിൽ നോക്കി 
അയാൾ പറഞ്ഞു 
തായ്ത്തടി ഉണങ്ങി തുടങ്ങി 
ഇപ്പോൾ മുറിച്ചാൽ 
വിറകിനു കൊള്ളാം 
മരമെന്റേതല്ലാഞ്ഞതിനാൽ
ഞാൻ വെറുതേ അയാളെ നോക്കി

തുടർന്നയാൾ ഉമ്മറത്തെ 
കസേരയിൽ കയറിയിരുന്നു 
വീട്ടുകാരനല്ലാഞ്ഞതിനാൽ 
ഞാൻ കുശലം പറയാതെ 
പടിവാതിൽ ചാരി നിന്നു 

അയാൾ മുറുക്കാൻ ചെല്ലം തുറന്ന്  
ഉള്ളിലേക്ക് നോക്കി ഉറക്കെ ചോദിച്ചു 
ചുണ്ണാമ്പുണ്ടെങ്കിൽ ഒന്നെടുക്കണേ?

ഉള്ളിൽ  നിന്നും പാഞ്ഞെത്തിയ
നാലു വയസ്സുകാരിയെ കണ്ട് 
എന്റേതല്ലാത്ത
 വീടിന്റെ വാതിൽ 
 ഞാൻ വലിച്ചടച്ചു.
 ......      ....    

ദൈവത്തിന്റെ വികൃതികൾ

ദൈവത്തിന്റെ  വികൃതികൾ  
 ************

ഇടയ്ക്കിടയ്ക്ക് ദൈവം
മുറുക്കി തുപ്പാനായി 
പുറത്തിറങ്ങാറുണ്ട്
ചിലപ്പോൾ 
തുപ്പൽ വീഴുന്നത് 
ഭൂമിയിലെ 
ദൈവങ്ങളിലായിരിയ്ക്കും 


അഴുക്കുപുരണ്ട 
ഉടയാടകൾ
കാണുമ്പോൾ
കുളിച്ച് കുറിതൊട്ട മനുഷ്യർ 
ഉറഞ്ഞു തുള്ളാറുണ്ട്

ഇടയ്ക്കിടിക്ക് 
ദൈവം ചിരിയ്ക്കും 
കാഷായവും തൂവെള്ളയും
ദിഗമ്പരന്റെ മുന്നിൽ 
സമസ്യകൾ തീർക്കും 
ഗുരുവിൽ നിന്ന് 
വേരുകൾ അടർത്തി 
ദൈവം തെരുവിലിറങ്ങും  

ഇടയ്ക്ക് മാത്രം 
ഭൂമിയിലെ ദൈവങ്ങൾ 
മനുഷ്യരാകും 
അപ്പോൾ അറിയാതെ 
നീതിപീഠങ്ങൾ 
പൂജ മുടക്കും

ജാതിയും മതവും 
പൂജാപാത്രങ്ങളുമായി
ശ്രീകോവിലേക്ക് 
തിരിച്ചുകയറും 
......