Pages

ഇരുന്നാലും

ഇരുന്നാലും
 

രാജാവ് , രാജ്ഞി , മന്ത്രി വരുന്നേരം 
കാലാളിരുന്നാലും വാർത്തയാകും.
എണീക്ക, വണങ്ങ ,ചിരിക്ക , പിന്നെ
ഇരിക്ക, വല്യോരെല്ലാമിരുന്ന ശേഷം  

 
 

പ്രേമം

പ്രേമം

മധുരപ്പതിനാറിൽ
പ്രേമം അപ്പ്‌ ലോഡ്
പ്രേമം ഡൌണ്‍ലോഡ്
പ്രേമം പിടിച്ചവൻ
മധുരപ്പുലിവാലിൽ 


വള്ളം

വള്ളം

മഴയല്ലേ വീഴുന്നതെന്നു പാടം
പുഴയേനോക്കിപറഞ്ഞുപോയി
പുതുമയിതിലൊന്നുമല്ലെനിക്ക്
കതിരില്ലാനീയെന്തുവയലാണെടീ
പുഴചൊല്ലിതീർന്നതും മഴപിണങ്ങി
തുഴയെടുത്തൊന്നു കൊടുക്കാൻ തോന്നി.    

വട്ട്

വട്ട്

സോഡാകുപ്പിയിൽ
കുടുങ്ങിയത് വട്ട്
ഗ്യാസ് പുറത്ത്.

വെട്ട്

 വെട്ട്

പിടലി വെട്ടി
ഉറക്കമായിരുന്നു 
മുറിവേറ്റില്ല

കാക്ക

കാക്ക

കാക്ക കരഞ്ഞു
കൊക്ക് കുഴഞ്ഞുപോയി
കാക്കകൾ കൂടി

നിറം

 നിറം

പരിശോധിച്ചു
തൊലിയിൽ തന്നെനിറം
ചോര ചുവപ്പ്

പനി

പനി

കടുത്ത പനി
ചൂടുനോക്കിയിരുന്നാൽ
രോഗം മാറില്ല

ജയം

ജയം

എടാ ജയിച്ചോ
പറയാനുണ്ടോകുട്ടാ
നല്ല സ്കോറല്ലേ !



അങ്ങനെ.. അങ്ങനെ

അങ്ങനെ.. അങ്ങനെ


മഴ കഥ പറയുമ്പോൾ 
കാറ്റ് നീട്ടിമൂളും
കളയടോ നിന്റെയാ
കരിങ്കൊടിയെന്നലറി
കുടക്കമ്പികളുടെ
മസ്സിലുകളിൽ തടവും
മഴ മനസ്സിലേക്ക്
തേനൊഴുക്കും
നനഞ്ഞു കുതിരുമ്പോൾ  
ഞങ്ങൾ ഒന്നാകും
തെരുവിലൂടെ
ഒഴുകിയൊഴുകി
അങ്ങനെ.. അങ്ങനെ



കേമത്തം

കേമത്തം

ജീവിക്കുന്നതു തന്നെ
കേമത്തം കാട്ടാനാണ്


സംസാരിച്ചപ്പോൾ ഓർത്തില്ല
അയാൾ ഒരു കേമനാണെന്ന്.
ചോദിക്കാതെ വന്ന്
അരയിൽ മണികെട്ടാൻ
അനുവാദം കൊടുത്തില്ല.

കളി കേമനോടല്ലേ
കളം പൊതുമുതലാണെന്ന്
അറിയിപ്പുണ്ടായി   
സൗഹൃദം, പരിചയം
കുടുംബ ബന്ധം
എല്ലാം
കളരിക്കു പുറത്ത്.

കുടിവെള്ളമൊഴുക്കിയ 
പുഴയെ തടഞ്ഞു നിർത്തി
കേമനല്ലേ
ഒരു വിരലാൽ അന്നം മുട്ടിച്ചു
വിശപ്പ റി യി ച്ച പ്പോ ൾ
അനുഭവിക്കുന്ന സ്വത്തിന്റെ
അവകാശിയല്ലെന്നു കല്പനയുണ്ടായി

ശരിയാണല്ലോ
കേമന്മാർക്കല്ലേ
കേമത്തം കാട്ടാനാവൂ !
 പണിതു തന്ന
ശില്പിയെതന്നെ
കൊന്നല്ലേ ശീലം

കേമന്മാർ
സർവ്വ വ്യാപികൾ
ജീവിക്കുമ്പോൾ 
കേമനെപേടിക്കണം.
.......................   

തീക്കളി

തീക്കളി

ചൂടാക്കാൻ
ഉരുണ്ടു കറങ്ങി
തീയ്ക്ക് ചുറ്റും
കളിക്കുന്നവൾ

പറഞ്ഞിട്ടെന്തേ
വരച്ച വരയിൽ
അവൾ ഉരുളുന്നത്
മേലുകീഴ്‌ മഞ്ഞുകട്ടകൾ പിടിച്ച്
ഉള്ളുനിറയെ വെള്ളം നിറച്ച്

ഇനി പറയൂ
അവൾക്കീ കളി 
തീക്കളിയാണോ?

സ്വബോധം



സ്വബോധം


എന്റെ കാര്യത്തിൽ
ഞാൻ പറയുന്നതൊന്നും
ബാധകമല്ല 
ഇവിടെ പറഞ്ഞതൊന്നും
ഞാൻ ചെയ്തിട്ടില്ലല്ലോ!
മറ്റുള്ളവരുടെ
കാര്യത്തിൽ
ഇതാണ് ശരി.

v

ചോരയുണ്ടുസഖാക്കളേ  നമുക്കുനിന്നുപൊരുതുവാൻ
ചേരണം കരുത്തുകാട്ടാൻ  ചെങ്കൊടിക്കുകീഴിലായ്
ചോർന്നുപോയധീരതകൾ ചേർത്തുനിർത്തി മുന്നേറാം
ചേർന്നുനിൽക്കൂനമ്മളല്ലേലാകും മൂകസാക്ഷികൾ 


പെണ്ണാളി

പെണ്ണാളീ**

നുണക്കുഴികളിൽ
നീ തലോടുമ്പോൾ
വിശന്നു ചുരുങ്ങിയ
നിന്റെ വയറിലാണ്
ഞാൻ കിടന്നത്

നിന്റെ കണ്ണുകളിൽ
മഴത്തുള്ളികൾ ഉതിർത്തത്
എന്റെ കവിളിൽ ഒട്ടിപ്പിടിച്ചു


നീ  ഊട്ടിയ മുലപ്പാൽ
വിശപ്പകറ്റാൻ തികഞ്ഞില്ല
മുലഞ്ഞെട്ടുകളിൽ
ആർത്തിയോടെ കടിച്ചപ്പോൾ
നീ ചിരിക്കുകയായിരുന്നു

ഞാൻ വളർന്നപ്പോൾ
മേൽക്കൂര തകർത്ത് ഇടിത്തീ വീണത്‌
ഏതു നെഞ്ചിലായിരുന്നെന്ന്
നിനക്ക് അറിയില്ലായിരുന്നോ ?

നുണക്കുഴികളിൽ  നീ തലോടിയത്
നിന്റെ വയറ്റിൽ പിറന്ന
ഒരു പാഴ് ജന്മത്തെയായിരുന്നു!

ഉറവവറ്റിയ മുല ഞെട്ടുകളിൽ
നീ ചേർത്തു പിടിച്ചത്
അപസ്വരം മീട്ടിയ
എന്റെ ചുണ്ടുകളായിരുന്നു .

ഉറവ നഷ്ടപ്പെട്ട നദികണക്കാണ്
എന്റെ ജന്മമെന്ന് ഞാനറിഞ്ഞു 
ശുഷ്കിച്ച് ഉൾവലിഞ്ഞ ജനനേന്ദ്രിയം
അസ്തിത്വ ത്തെ കണ്മഷിയിലേക്ക് തള്ളി 
ഞാനൊരു പെണ്ണാളിയായി!

ഒരു കൂരിരുട്ടിൽ
എനിക്കായ് തുറന്നു തന്നത്
അഗാധ ഗർത്ത ത്തിലേക്കുള്ള
വഴിയായിരുന്നെന്ന്
നീ അറിഞ്ഞു കാണുമോ?

ഗുഹ്യരോഗങ്ങൾക്കൊപ്പം 
രക്ഷകർ പിഴുതെറിഞ്ഞത്
ആണത്വം നഷ്ടപ്പെട്ട
എന്റെ മൂത്രനാളിയായിരുന്നു.

അമ്മേ ,
നിനക്ക് ഞാനിപ്പോഴും
മുലഞെട്ടുകൾ തിരയുന്ന
പിഞ്ചു കൈകളോ ?

ഞാനോ...

ലിംഗങ്ങളില്ലാതെ അലയുകയാണ്
ഒരു പെണ്ണാ ളിക്കുപോ ലും
ജന്മം കൊടുക്കുവാനാവാതെ!  
...................................................

**ഹിജഡകൾ എന്ന വിളിപ്പേരുള്ളവരെ  കുറിച്ചുള്ള  പൊള്ളുന്ന സത്യങ്ങൾ
15-2-15 ൽ NCPA ,മുംബായിൽ വെച്ചു കാക്കമാഗസീൻ നടത്തിയ   "ഗേറ്റ്വേ ലിറ്റ് ഫെസ്റ്റി" ൽ  
 അവതരിപ്പിക്കുകയുണ്ടായി. ഒരു മനുഷ്യജന്മം  "പെണ്ണാളി" യാണെന്ന്  
തിരിച്ചറിയുമ്പോൾ  വീട്ടുകാർ അവരെ ഉപേക്ഷിക്കുന്നു.
തുടർന്ന് അവർ തെരുവിന്റെ സന്തതികളാകുന്നു.