Pages

നാം മുന്നോട്ട്

നാം മുന്നോട്ട്  തന്നെ.
വേഗത്തിൽ ചിലപ്പോൾ കുലുങ്ങും
പലപ്പോഴും മറിയും
മലക്കം മറിയുക പലർക്കും
മാറ്റി വെയ്ക്കാനാവില്ല

നാം മുന്നോട്ട്  മുന്നോട്ടുതന്നെ
വലത്തേയ്ക്ക് കയറുന്നതും
നിന്നനില്പിൽ മറയുന്നതും
എല്ലാം മുന്നോട്ട്
ഇടതു വശം
കൊളസ്ട്രോളും ബ്ലോക്കും മൂലം 
കഷ്ടിച്ച്  സ്പന്ദിക്കുന്നു

ഇനിയും നമുക്ക്
ഒരുപാട് സ്വപ്നങ്ങളുണ്ട്
ഇടതു വശത്തുള്ള
ഈ ഹൃദയം
വലത്തേക്ക് മാറ്റി വെക്കണം.
തടസ്സം സൃഷ്ടിക്കാതെയപ്പോളത് 
പ്രവർത്തിച്ചു കൊള്ളും.

നാം മുന്നോട്ടു തന്നെയല്ലേ
ചെളിപുരളാത്ത ഈ  കുപ്പായം
അതിൽ അഴുക്കാക്കാതെ
നിങ്ങൾ അല്പം കൂടി
ഇടത്തേക്ക് മാറിനിൽക്കൂ.

നാം മാത്രം
ഇപ്പോൾ മുന്നോട്ട്.
 ........

വരവു പോക്കുകൾ

വരവു പോക്കുകൾ

ഇന്നലെ വന്നവരെല്ലാം
ഇന്നുപോകുന്നു
ഇന്നുവന്നവരെല്ലാം
നാളെപോകുന്നു
നാളെ വരുന്നവരെല്ലാം
നാളെകഴിഞ്ഞു പോകണം

വരുന്നവരെല്ലാം
തിരികെപോകുന്നു
വരാതിരിക്കാൻ
വഴി കണ്ടുപിടിക്കണം.
ജനനമരണ കണക്കുകൾ
അതുവരെ നമുക്കു സൂക്ഷിക്കാം

ചിത്രം

ചിത്രം 

ചിത്രകാരനിൽ 
ആഴത്തിൽ വീണ ഉല്കകൾ 
നിറകൂട്ടുകളായി 
രൂപാന്തരം പ്രാപിച്ചു 
ബ്രഷിലൂടെയത് 

ക്യാൻവാസിലേക്ക്  
പറിച്ചു നട്ടു.
അങ്ങനെനട്ട 
ഒരു ചിത്രമായിരുന്നു  അവൾ 
കരഞ്ഞ് 
ആരെയോ തേടുന്ന 
പന്ത്രണ്ടുകാരി.

മുഖത്തിന് 
മോണാലിസയുടെ സൌന്ദര്യം 
നിറകൂട്ടുകളാൽ 
വരച്ച കണ്ണുകളിൽ 
കരി പട ർന്നി രിക്കുന്നു 

ചിത്രകാരന് 
മക്കൾ ഇല്ലായിരുന്നു 
ആയാളുടെ ദാമ്പത്യം 
ചിത്രങ്ങൾക്കൊപ്പമായിരുന്നു 
അതിൽ പിറന്ന 
പന്ത്രണ്ടുകാരിയുടെ കരച്ചിൽ 
അയാളുടെ ചെവികളിൽ 
മുഴങ്ങി കൊണ്ടിരുന്നു .

ബ്രഷുകൾ കഴുകി 
നിറകുടുക്കകൾ  അടച്ച് 
പന്ത്രണ്ടുകാരിയെ മാത്രം 
അയാൾ നോക്കിയിരുന്നു 

വന്നവർ  വിലപറഞ്ഞത് 
ആ ചിത്രത്തിനായിരുന്നു.
000

എനിക്ക് കിട്ടിയ പുസ്തകം

എനിക്ക് കിട്ടിയ പുസ്തകം 

ഞാൻ നല്കിയ പുസ്തകത്തിന്  
പ്രതിഫലമായി
ഒരു കവിതാപുസ്തകം 
എനിക്കവൻ നല്കി

മൂർച്ചപിടിപ്പിച്ച 
മുനകളുള്ള കവിതകൾ
അക്ഷരങ്ങളുടെ ഇടയിൽ 
ഒളിച്ചിരുന്നു

ഓരോ പേജു മറിക്കുമ്പോഴും 
ചൂണ്ടു വിരലിൽ 
ആർത്തിയോടവ കടിച്ച് 
രക്തം കുടിക്കുന്നു
ഹൃദയത്തിൽ നിന്നൂറുന്ന 
ചുവന്ന നദികൾ 
കരകവിഞ്ഞ് ഒഴുകിയത് 
ആ വായനയിലായിരുന്നു 

രക്തം വറ്റിയ ശരീരത്തിൽ 
ഹൃദയം വേണ്ടെന്നായി 
ദേഷ്യത്താൽ വിറച്ചചിന്തകൾക്ക് 

കവിതകൾക്ക് ഉന്മാദം സംഭവിച്ചു 
ഓരോ വരികളും 
പുസ്തകം വിട്ട് പുറത്തിറങ്ങി 

ഞാൻ നല്കിയ പുസ്തകത്തിന്റെ 
പ്രതിഫലം 
കവിതയിൽ 
ഒളിച്ചിരുന്ന വാക്കുകളായിരുന്നു 

എണ്ണുംതോറും 
എണ്ണംതെറ്റി ഭ്രാന്തുപിടിച്ച് 
തിരമാലകളായി 
ഉയർന്നു പൊങ്ങുന്ന വാക്കുകൾ 

എന്റെ പുസ്തകത്തിലെ 
ഓരോവാക്കും കൊണ്ട് 
പുറത്തിറങ്ങിയ വാക്കുകളെ 
ഞാൻ ആശ്വസിപ്പിച്ചു 

ശാന്തമാകാതവ 
നഗരവീഥികളിൽ ആർത്തിരമ്പി 
ഗ്രാമങ്ങൾ തോറും 
കയറിയിറങ്ങി 
മൂളിപ്പാട്ടുകൾ പാടി 
ഉറക്കം കെടുത്തി 

എനിക്കു കിട്ടിയ 
പ്രതിഫലമായ പുസ്തകം തന്നെയാണ് 
തെരുവിൽ കത്തിച്ച് തീകായുന്നത്.
oooooooooo

മണിച്ചിത്ര താഴ്

മണിച്ചിത്ര താഴ്

താഴിട്ടു പൂട്ടുമ്പോൾ
മണിച്ചിത്രതാഴിടണം
അവിടെ കിടന്ന്
എല്ലാം പഠിച്ചിട്ട്
പുറത്തിറങ്ങുമ്പോൾ
നാവ് കുറുനാക്കാവും
പറയുന്നത്
പറഞ്ഞപടി അച്ചട്ട്
കേൾക്കുന്നവർ
കേട്ടപടി പേടിക്കും
കാണുന്നവർ
കണ്ണീരില്ലാതെ വലയും
ഇരയെ
മനുഷ്യർക്ക്‌ മാത്രമേ
പൂട്ടിയിടാനാവൂ.
മണിച്ചിത്രപൂട്ടിൽ
കിടന്ന്
ശബ്ദിക്കാനവ
മറന്നുപോകും .
00 






 

അറബിയും ഒട്ടകവും

അറബിയും ഒട്ടകവും


തണുപ്പിനൊരു കൂരമാത്രം
അറബി ഒട്ടകത്തിനു നല്കി
ഒട്ടകം അറബിയെ കണ്ടില്ല.
തണുപ്പിൽ കൂര വിറച്ചു ചത്തു.

കല്ല്

കല്ല്

എന്റെ ഹൃദയം കല്ലാണെന്ന്  അവൾ പറഞ്ഞു
കല്ലിനെയാണവൾ കോവിലിൽ തൊഴുന്നതെന്ന് ഞാനും.

അത് ദൈവമാണെന്നു തന്നെ അവൾ ആണയിട്ടു
എന്റെ ഹൃദയം തന്നെയാണ് നിന്റെ ദൈവമെന്നു ഞാനും .

അവൾ കരഞ്ഞു. ദൈവദോഷം പറയല്ലെയെന്നു തർക്കിച്ചു.
ഹൃദയത്തിന് ദോഷം വരല്ലേയെന്നു പ്രാർത്ഥിക്കാൻ ഞാനും

കല്ലല്ല ,കരളാണ് ദൈവമെന്ന് അവൾ മൊഴിമാറ്റി
കരളാണ് ഹൃദയമെന്ന് ദൈവത്തിനറിയുമെന്നായി ഞാൻ

ഹൃദയം തന്നെയാണ് ദൈവമെന്നവൾ ചിരിച്ചു ചൊല്ലി
സ്നേഹമാണ് ദൈവമെന്ന് മറന്നുപോയോന്നു ഞാൻ

കള്ളാ നീയാണെന്റെ ദൈവമെന്നായി അവസാനം
കല്ലു കേൾക്കണ്ട കല്ലല്ല പൊന്നേ എന്നായി ഞാൻ.
....................................

തർക്കം തീർന്നു










മുഖം

മുഖം 
കവിത വറ്റിയ എനിക്ക് 
കവിയാകാനാവില്ല
ഞാൻ കവിയല്ല 
മനുഷ്യത്വം നഷ്ടപ്പെട്ട എനിക്ക് 
മനുഷ്യനാകാൻ പറ്റില്ല 
ഞാൻ മനുഷ്യനല്ല
നിന്റെ ആമാശയത്തിൽ ദഹിക്കേണ്ടത് 
എന്റെ മാത്രം ഇഷ്ടങ്ങളാകണം 
നിന്റെ രുചിയും എന്റേതാകണം
കണ്ണീരുവറ്റിയ എനിക്ക് 
നിന്റെ മുഖം നനയുന്നത് കാണ്മാനാവില്ല 
നീ മോഹങ്ങൾ  വെടിയണം 
ഒരു മഴപോലും 
കൊതിയോടെ നനയുവാൻ 
എന്റെ നഗരങ്ങൾക്ക് കഴിയുന്നില്ല 
മഴയിൽ  മുങ്ങി താഴുന്നത് 
വെള്ളത്തിനോടുള്ള എന്റെ ആർത്തി 
കവിത ഞാൻ എഴുതാറെയില്ല 
മുങ്ങിതാഴുന്ന നഗരങ്ങളിൽ 
ഒരുചൂണ്ടകാരനെ പോലെ 
പലപ്പോഴും ഞാൻ ചുറ്റി നടക്കും 
നനഞ്ഞ്  വീർത്ത നിന്റെ ശരീരങ്ങളിൽ  
എന്റെ വാക്കുകളൂരി ഞാൻ പുതപ്പിക്കും .നിനക്ക് കവിത എഴുതാനറിയുമെങ്കിൽ 
എന്നെക്കുറിച്ച് മാത്രം എഴുതണം 

എന്തെന്നാല്‍ 
ഞാനും മനുഷ്യരെയല്ലേ 
അന്വേഷിക്കുന്നത്എന്റെ മുഖവും 
മനുഷ്യന്റേതല്ലേ 
.....

മരം

മരം

പ്രണയത്തിനും 
പട്ടിഓടിക്കുമ്പോഴും
താങ്ങാകും മരം

പ്രപഞ്ചം

പ്രപഞ്ചം

അളന്നുനോക്കി
മനസ്സിലൂടാകാശം
പ്രപഞ്ചദൂരം

പ്രണയം

 പ്രണയം

മധുരമുള്ള
വാളൻ പുളിമരത്തിൽ
ഉമിനീരല്ലോ 

വിയോഗം

വിയോഗം 

ചലച്ചിത്രങ്ങൾ
നിശബ്ദമാകുന്നല്ലോ 
താങ്ങ് വീഴുമ്പോൾ 

വിളക്ക്

വിളക്ക്

വെളിച്ചം പകർന്ന് പകർന്ന്
കെടാതെ നിലകൊള്ളേണ്ടത് 
കത്തിച്ചാലല്ലേ തെളിയൂ

വിളക്കിയെടുക്കാനും 
വിപണനംനടത്താനും
ജാതിമതം നോക്കണ്ട

കത്തിക്കുമ്പോൾ
അതിൽ ഉയരുന്നത്
എണ്ണ കത്തുന്ന
വെളിച്ചമല്ലെന്നും
ആചാരമാണെന്നും
തിരിച്ചറിയാൻ
ഇരുട്ട് മാത്രം മതി
 വെളിച്ചം
വിളക്കിയതിനെ 
ഇരുട്ട്
വിലക്കി.

മാന്ത്രികൻ

മാന്ത്രികൻ

മുങ്ങുന്നല്ലോപെട്ടെന്നാഴിയിലൊരുത്തൻ
പിടിപ്പതിനൊക്കില്ലല്ലോവതങ്ങങ്ങുദൂരെ
പൊങ്ങുമൊന്നോർക്കുംമുമ്പിരുട്ടിലായ്
ഉടലീത്തീരത്തടിയുമ്പോളറിയട്ടെ ലോകം


പേടിച്ചുപോയായിരുട്ടിലുറങ്ങിപ്പോയ്
കണ്ടതെല്ലാമോഭാരിച്ചദുഃസ്വപ്നങ്ങളും
ചാടിയുണർന്നൊരുനേരത്ത് വാനിലതാ 
മിണ്ടാതെകലിതുള്ളിമിന്നുന്നു താരങ്ങൾ

കാണാതൊളിച്ചു കരിമ്പടക്കീഴിലായ്
നേരറിഞ്ഞഭീരുവിനുറങ്ങാൻകഴിയുമോ
കാണാദൂരത്തതാചിരിക്കുന്നു മാന്ത്രികൻ
നേരം വെളുത്തല്ലോ വീണ്ടുംവെളിച്ചമായ്

മന്ത്രവുംതന്ത്രവുമല്ലിതെല്ലാംതോന്നൽ
അന്ധകാരത്തിലല്ലേയറിവിന്റെമാറ്റൊലി
യന്ത്രംകണക്കുരുളുന്നുനിത്യേനനിന്നിടം
അന്ധനാകല്ലേരാപകൽകണ്‍കെട്ടുവിദ്യയും  

ബാൽക്കണിയിൽ കുരങ്ങുശല്യം

ബാൽക്കണിയിൽ  കുരങ്ങുശല്യം

രാവിലേ തുറന്നാലെത്തും കുരങ്ങന്മാർ 
പോവില്ല കീറാതെ, കിടക്കും വസ്തുക്കളെ
പാവങ്ങൾ വിശന്നു വലഞ്ഞെത്തുന്നോർ
നോവുന്നൂമനം ബാൽക്കണിയടക്കുമ്പോൾ