Pages

ഓര്‍മ്മ പ്പെടുത്തല്‍

ഓര്‍മ്മ പ്പെടുത്തല്‍

മിന്നാമിനിങ്ങിന്റെ വെളിച്ചത്തില്‍
ഇരുട്ടുമൂടിയ ഉള്‍ക്കാടുകളിൽ 
പകൽ കടന്നു ചെല്ലുമ്പോൾ
പേടിച്ചു മിടിയ്ക്കുന്നു  ഹൃദയം

ഉഗ്ര വിഷ സർ പ്പങ്ങളുണ്ട്
ഇലകള്‍ക്കിടയില്‍
ഓരോചുവടും പതുക്ക പതുക്കെ.

കറുത്തിരുണ്ടു മുന്നില്‍
വഴിതടഞ്ഞു നില്‍ക്കുന്നത്
മിന്നിമറയുന്ന മിന്നല്‍ പിണരുകള്‍
ഉള്‍ക്കണ്ണിലോട്ടു കുത്തിയിറക്കുന്നു.

രാത്രിയെത്തുന്നതും കാത്ത്
താളം നിലപ്പിയ്ക്കാന്‍
മഴതുള്ളികള്‍ക്കായില്ല
ഒരു നീണ്ട യാത്രയിലെന്നപോലെ
ശാന്തമായൊഴുകുന്ന കാട്ടരുവി

രക്ത മൂറ്റി ക്കുടിയ്ക്കുന്ന അട്ടകള്‍
കാല്‍ മുട്ടുകള്‍ വരെ എത്തുന്നു
മുന്നോട്ടിനിയെന്തു ദൂരം അറിയില്ല

ശക്തമാണ് കൊടുങ്കാറ്റിന്‍റെ
ചലനങ്ങള്‍ , ഹൃദയം ഓര്‍മ്മപ്പെടുത്തുന്നു.
ആത്മാവ് കുളിര്‍കാറ്റിലലിയുന്നു
ധ്യാന മുഹൂര്‍ത്തങ്ങള്‍ പേടിപ്പെടുത്തുന്നു.

ഇരുളും വെളിച്ചവും തിരിച്ചറിയാതെ
ഇരുകൈയ്യും കൊണ്ടു പൊത്തട്ടെ കണ്ണുകള്‍
മുന്നില്‍ ഹസ്തമോ പിന്നില്‍ കരടിയോ
ഹൃദയം തുളുമ്പി തൂകുന്നു
ജീവന്റെ നിര്‍മ്മല സംഗീതം.

................... വിശ്വം.

പൗര സമ്മതം

പൗര സമ്മതം
*************

ചൂണ്ടുവിരല്‍ നീട്ടുക
കരിമഷി
മനസാക്ഷിയുടെ
ചുംബനം നല്കട്ടെ
പതിഞ്ഞ അടയാളങ്ങള്‍
പുറത്തറിയുന്നതുവരെ
നിശബ്ദത
നിരത്തിലലിയട്ടെ

കിനാക്കൾ
വെറുതേ പൂക്കില്ല
നിലാവെളിച്ചത്തില്‍
നിറം തെളിയില്ല

ചൂണ്ടു വിരൽ
അറിയട്ടെ
മഷി മണം

വെറുതേ
മായ്ക്കരുത്
തല വരകള്‍.

.................. 

പുലി ജന്മം

പുലി ജന്മം


ചത്തപുലിയ്ക്ക്
പല്ലില്ലായിരുന്നു

രക്ഷപ്പെട്ട പുള്ളിമാന്‍
മലദൈവങ്ങള്‍ക്ക്
സ്തോത്രം പറഞ്ഞു.
പിന്നെയും
പുല്മേടുകള്‍തേടി

പുലികൂട്ടങ്ങള്‍
മരണകാരണം അന്വേഷിച്ചു
പുലിയുടെ നഖങ്ങള്‍
പരിശോധിച്ചു

മുതലക്കുളത്തില്‍
വീണതു മുതല്‍
കടുവയുമായി
എറ്റുമുട്ടിയത് വരെ
മൂത്തപുലി
കൂട്ടിനോക്കി

പുല്ലുതിന്നപ്പോഴും
സിംഹ പയററിലും
പല്ലുണ്ടായിരുന്നതായി
പുലിക്കുട്ടികള്‍

ശക്തമായ ചെറുത്തുനില്പ്പില്‍
മാന്‍ ചവിട്ടിയതാകാം
പല്ലുപോയതെന്ന്
പുതിയ കണ്ടെത്തല്‍

ദയയില്ലാതെ
പുള്ളിമാന്‍ കടിച്ച്
കൊലപ്പെടുത്തിയതാണ്
പുലി ദിവ്യനെയെന്ന്
പുലി മൂപ്പന്‍.

ഇനി മുതൽ
കൂട്ടം കൂടി
പിടലിയിൽ കടിച്ചു  തന്നെ
മരണമുറപ്പാക്കണമെന്ന്
അന്ത്യ വിധി

പിന്നെപ്പിന്നെ
പുലിയ്ക്ക്
മാന്‍ പേടിയില്ല

.............. വിശ്വം.

പോയോ ..?


ആദ്യം ചോദിച്ചത് ആരാണ്..?
സൈക്കിളിന്‍റെ കാറ്റുപോയപ്പോള്‍
തിരക്കില്‍ പേഴ്സ് പോയപ്പോള്‍
കണക്കു ക്ളാസ്സില്‍ തോറ്റപ്പോള്‍
ചോദിച്ചവരോടെല്ലാം
ഉത്തരം പറഞ്ഞു മടുത്തിട്ടുണ്ട്.

കടയില്‍ പോയപ്പോള്‍
സ്കൂളില്‍ പോയപ്പോള്‍
കടവില്‍ പോയപ്പോള്‍
ചന്തയില്‍ പോയപ്പോള്‍
എല്ലായ്പ്പോഴും
ഒരേ ഉത്തരം തന്നെ പറഞ്ഞിരുന്നു.

മത്തായി സാറു തോറ്റപ്പോള്‍
പെട്ടെന്ന് വിളക്കണഞ്ഞപ്പോള്‍
അവസാനത്തെ വണ്ടിയ്ക്കായെത്തിയപ്പോള്‍
വില്ലേജോഫീസറെത്തേടി എത്തിയപ്പോള്‍
ജോലിയ്ക്കായി പണംകൊടുത്തപ്പോള്‍
ഉത്തരം തളര്ത്തുന്നതായിരുന്നു.

ശ്വാസമടക്കി
വാന്കെടേ സ്റേറടിയത്തില്‍
വേള്‍ഡ് കപ്പ്‌ ക്രിക്കറ്റ്‌ കണ്ടപ്പോള്‍
ശ്രീലങ്ക ൨൭൪ രണ്സെടുത്തപ്പോള്‍
ആദ്യ വിക്കറ്റുപോയപ്പോള്‍
സച്ചിന്‍ വീണപ്പോള്‍
ഉത്തരമറിയാതെ
വെറുതെ ചോദിക്കുന്നു
പോയോ..?

................. വിശ്വം.

മലയാളം കവിത -മുമ്പേ നടന്ന കവിയ്ക്ക്...

Malayalam kavitha

Malayalam kavitha. Mumpe natanna kaviykku. -a tribute to kadamanitta- poet: viswam aryad: on record: Sukhesh ... MOV02580 ...

മുംബൈ ഓ.എന്‍.വി.യ്ക്ക് ....

ഓര്ത്തൊരുനാളെഴുന്നള്ളും മലയാളമീ മണ്ണില്‍
എന്‍ മനക്കാമ്പുകൊണ്ടുഞാനന്നത്തപ്പൂവിടും
വിത്തിറക്കാനൊരു പുഞ്ചകൂടി മാറ്റി ഞാന്‍
കുത്തി മറിയ്ക്കും പുഴനീരതിനേകുവാന്‍
റുപ്പിക എത്രയായേലും വീണ്ടും വിതയ്ക്കും
പ്പിന്നൂണെന്‍റെ വീട്ടില്‍ കുത്തരി കൊണ്ടാകും
നുകമേററ മണ്ണിന്‍ വികാരം കുറിയ്ക്കുവാന്‍
സ്വാതന്ത്ര്യം ഈ കരങ്ങള്‍ക്കുമുണ്ടാകും
ഗദ്ഗദമാണിപ്പോള്‍ പുഞ്ചകള്‍ മൂടുമ്പോള്‍
തംപുരു മീട്ടുന്ന പുഴകള്‍ വരളുമ്പോള്‍
നേട്ടംനമുക്കെല്ലാം ധരിത്രി നല്‍കിടും
രുചിയറിഞ്ഞമ്മിഞ്ഞ നുണയാന്‍ പഠിച്ചെന്നാല്‍
ന്നുകരുന്നു മധുരം ഇന്നിവിടെയീമക്കള്‍.

.....................................സ്നേഹപൂര്‍വ്വം വിശ്വം.

തത്തമ്മേ ...പൂച്ച.... പൂച്ച.

തത്തമ്മേ ...പൂച്ച.... പൂച്ച.



ഇന്നലെ ഒരു തത്ത
ഹോളി കളിയ്ക്കാന്‍
കാക്കകൾ ക്കൊപ്പം കൂടി
എത്ര നിറങ്ങൾ  തേച്ചിട്ടും
കാക്ക നിറം കറുത്തുതന്നെ

മുറ്റത്തെ
വാഴകൈയ്യില്‍
കാക്കകൾ  ഇരുന്നു
തത്ത മാവിന്‍ കൊമ്പിലും

തത്ത
മഞ്ഞക്കളറില്‍  
മഞ്ഞക്കിളിയായ്
കാപ്പി നിറത്തിൽ
ഓലംഞ്ഞാലി
നീല ഒഴിച്ചാൽ
നീല പൊന്മാൻ
കാക്കകൾ 
ആർത്തു വിളിച്ചു

മഞ്ഞപ്പൊടിയും
നീലപ്പൊടിയും
കാക്കകള്‍ക്ക്
കറുപ്പ് പോലെ
തത്ത കളിച്ച്
തരികിടയായി


ഹോളികളിച്ച്
കാക്കകള്‍
പോയി
തത്ത
കുളിച്ചുകുളിച്ച്
കുളം കലക്കി

കണ്ടന്‍പൂച്ച
ചാര തത്തയെ
കണ്ടു പതുങ്ങി  
മ്യാവൂ...മ്യാവൂ.

കൂട്ടില്‍ ക്കിടന്ന
മാടത്തയ്ക്ക്
തത്തക്കിളിയെ പിടികിട്ടി
പച്ച മലയാളത്തില്‍
കൂവിവിളിച്ചു

"തത്തമ്മേ ..പൂച്ച .. പൂച്ച."


.................... വിശ്വം.

ചിലത്

ചിലര്‍ എങ്കിലും വിചാരിയ്ക്കും
ചിലരെപററി
ചിലര്‍ എല്ലാവരെപററിയും
ചിലര്‍ ആരെപററിയും
ചിലര്‍ വിചാരങ്ങളൊന്നുമില്ലാതെ
ചിലരെ ററിമാത്രം
ചിലത് പറഞ്ഞുകൊണ്ടിരിയ്ക്കും.
ചിലര്‍ക്കത് കേള്‍ക്കുമ്പോള്‍
ചിലത് തോന്നും
ചിലപ്പോളത് വാര്‍ത്തയാകും
ചിലപ്പോള്‍മാത്രം
ചിതറിപ്പോകും
ചീററിപോകും

൦൦൦൦൦൦ വിശ്വം.


രാമകൃഷ്ണന്‍റെ ചായക്കട


ഇത് രാമകൃഷ്ണന്‍റെ ചായക്കട
പലഹാരങ്ങളെല്ലാം
ചില്ലലമാരയില്‍
ഈച്ചകള്‍ കയറാതെ സൂക്ഷിച്ചിരിക്കുന്നു
തിണ്ണബെഞ്ചില്
ഇപ്പോഴും പത്രം വായിക്കാനാളുകളുണ്ട് .....!
ചരിത്രത്തിലെ എല്ലാ താളിയോലകളും
ദിവസവും ഇവിടെ വായിക്കാറുണ്ട്

ഒരുചായക്കുടിച്ചപ്പോള്‍
അലമാരയില്‍ നിന്ന്
ഉണ്ണിയപ്പം രണ്ടെണ്ണം പുറത്തിറങ്ങി
ഉച്ച പലഹാരങ്ങള്ക്കിടയില്‍ നിന്ന്
അകന്നകന്നായിരുന്നു ഓരോ ഉണ്ണിയപ്പവും.

രാമകൃഷ്ണന്‍
കടംകൊടുത്തിരുന്നു.
പററിയതുകകള്‍
കൃത്യമായി കലണ്ടറില്‍ എഴുതിയിട്ടിരുന്നു.
അഞ്ചുവര്‍ഷമായി
ചായയും ഉണ്ണിയപ്പവും
തിന്നുറങ്ങിയിരുന്ന
സ്ഥിരം വായനക്കാരന്
പെട്ടെന്ന് പത്രവും ബെഞ്ചും
നിഷേധിച്ചിരിയ്ക്കുന്നു.

ഇന്ന്
രാമകൃഷ്ണന്റെ കട മുടക്കമാണ്
ഉണ്ണിയപ്പമുണ്ടാക്കിയിരുന്ന
ജോലിക്കാരന്‍
അവധിയില്‍
പോയിരിയ്ക്കുന്നു.

൦൦൦൦൦൦൦൦൦൦൦൦ വിശ്വം

ഇട്ടാമിട്ടായി കുട്ടപ്പായി


പേരുപറഞ്ഞപ്പോള്‍ നിങ്ങള്‍ ചിരിച്ചു
അല്ലെങ്കിലും പേരിലെന്തിരിയ്ക്കുന്നു.
ഇട്ടാമിട്ടായി പൊട്ടിച്ചിരിച്ചു

ഈയിടെയായി അങ്ങിനെയാണ്
പൊട്ടിത്തെറികളും പൊട്ടിച്ചിരികളും
ഭൂമികുലുങ്ങുന്ന പൊട്ടിത്തെറി
ഭൂമിമുങ്ങുന്ന പൊട്ടിച്ചിരി

അണുകൂടുതകർ ത്ത്
കൂട്ടത്തെറി
കാറ്റടിച്ചു പകര്‍ന്ന
വികിരണങ്ങള്‍

ഇട്ടാമിട്ടായിയ്ക്കിനി
പൊട്ടാനിടമില്ല
ഞെങ്ങി മരിച്ചവര്‍
മുങ്ങിമരിച്ചവര്‍
തിങ്ങി മരിച്ചവര്‍
കത്തിമരിച്ചവര്‍
കാണാതായവര്‍
ഇപ്പോള്‍ എല്ലാം
ഒന്നിച്ച്

കുറുകിചിരിച്ച
കാറ്റിന്
കരയാനറിയില്ല
ഇട്ടാമിട്ടായി
പൊട്ടിതെറിച്ചു

൦൦൦൦൦൦൦വിശ്വം




ബോധോദയം

ബോധോദയം
 
കോടിമുണ്ടുടുത്ത്
കൊടുങ്ങല്ലൂരിനു പോകുന്നവര്‍
പാടിയ ഭരണിപ്പാട്ട്
വീട്ടിലിരുന്ന്  ഏറ്റുപാടിയപ്പോള്‍
തുടയില്‍വീണ ചൂരല്‍വടി
ചെറുപ്പകാലത്തെ നേര്‍വഴികള്‍

പിന്നെയും പുതിയ വാക്കുകള്‍
പലവഴി കൂട്ടുകൂടി നാവിലുറങ്ങി
കണ്ണീര്‍വീഴ്ത്തിയ  അമ്മയ്ക്കുവേണ്ടി
കവചകുണ്ടലങ്ങള്‍
അറുത്തുമാററിയ കര്‍ണ്ണനായും
ക്രൌഞ്ചപക്ഷികളുടെ വിലാപത്താല്‍
ആദികവിയായ വാത്മീകിയായും
പിതൃവാക്കുകള്‍കേട്ട്
അയോദ്ധ്യവിട്ട രാമനായും
ബോധിവൃക്ഷച്ചുവട്ടില്‍
ജ്ഞാനംലഭിച്ച  സിദ്ധാര്‍ത്ഥനായും
ബോധമനസ്സിലേക്ക്
ഓരോന്നായവ കയറിയിറങ്ങി

മുച്ചീട്ടുകളിക്കാരന്റെ കളിത്തട്ടില്‍
ഇരട്ടിയ്ക്കുന്നപണം സ്വപ്നംകണ്ട്
കളത്തില്‍വെച്ച ശൂന്യഹൃദയം
ഇരട്ടിയായി തിരികെ കിട്ടിയപ്പോള്‍
തോളില്‍ നിന്നും
വേതാളം നിലത്തിറങ്ങി
ചൂരല്‍വടിയുമായി മുമ്പേനടന്നു.

കള്ളക്കളികള്‍ ഏതെന്ന് തിരിച്ചറിയാന്‍
ഇന്‍റര്‍നെറ്റില്‍ സേര്‍ച്ചു ചെയ്തു
ഭരണിപ്പാട്ടിന്റെ ഭക്തിയും
മുച്ചീട്ടു കളിക്കാരന്റെ വേഗതയും
ആദികവിയുടെ കാവ്യ ദർശനവും
ബുദ്ധന്റെ ചിരിയും
ഒന്നുമല്ല മനുഷ്യൻ 
എന്നായി അവസാനം 
ബോധോദയം
.... 

..

വൃദ്ധ സദനത്തിലേക്ക് ..........

വൃദ്ധ സദനത്തിലേക്ക് ..........


വയ്യ, ഇനിയും വഴക്കിടാന്‍ നിന്നോട് 
പയ്യിനെക്കെട്ടും തൊഴുത്തിലെങ്ങാനൊരിടം
തന്നാലവിടെ കഴിഞ്ഞിടാമല്ലോ ഞാൻ
വിവശയായിവിടിന്നു  തേങ്ങുന്നൊരമ്മയും

നിര്‍ദ്ദയം ചൊല്ലീ, ആ മകനമ്മയോട്
സ്വര്‍ഗ്ഗമാണല്ലോ, ആ വലിയ സദനം
കൂട്ടിനായ് ആഢ്യരാം അമ്മമാര്‍
വീട്ടു പണികളോ, കുഞ്ഞുമക്കള്‍ തന്‍
കരച്ചിലോ കേള്‍ക്കണ്ട , പിന്നയോ .....!
നേരം പുലരുന്നതിന്മുമ്പു ഡോക്ടര്
ശ്വാസവും പള്സും നോക്കിക്കുറിച്ചിടും
തെല്ലൊരു ജലദോഷമുണ്ടായാല്
വെല്ലുന്നൊരാശുപത്രി ക്കിടക്കയും
സായാഹ്നങ്ങളില്‍ ഇളംക്കാററു വീശുന്ന
ആരാമമൊന്നുണ്ടല്ലോ പുഴവക്കില്‍.
നേരെ മുമ്പിലായ് അമ്പലമല്ലോ നില്പൂ
ഈറനായ് എന്നും തൊഴുതിടാം ദേവിയേ..



വയ്യടാ പോകുവാന്‍, ഈ വീട്ടിലല്ലോ ...
ദിവ്യനാം നിന്നച്ഛനെന്നൊപ്പം വാണത്
ഇക്കാണും മരങ്ങളെല്ലാ മെനിയ്ക്കു പ്രിയര്‍
സര്പ്പക്കാവുകളെന്റെ ജീവ വിളക്കുകള്



അയ്യോ, പറയരുതമ്മേ, പത്തുമാസത്തോളമായ്
കാത്തിരിയ്ക്കുന്നു ഞാന്‍
ഇന്നലെയാണാ മുത്തശ്ശി ചത്തത്
ഏറെ നാള്‍ ദീനം പിടിപ്പെട്ടു കിടന്നിട്ട്
ഇക്കുറി പോയില്ലേല്‍, പോകുമാചാന്സും
മറ്റൊരൊഴിവിനായ് എത്രനാള്‍ കാള്‍ക്കണം
പത്തായിരം രൂപ പത്തുമാസമായ് കിടക്കുന്നു
പത്തായിരം തന്നെ പലിശ നഷ്ടം..!


കുട്ടികള്‍ രണ്ടും പിണങ്ങില്ലേ എന്നോടു
മുത്തശ്ശി കഥകള് പറയാന്‍ ഞാനില്ലെങ്കില്‍
രണ്ടും വളര്‍ന്നു വലുതായശേഷം ഞാന്‍
കട്ടായം പോകാം, വൃദ്ധ സദനത്തില്‍
ഇപ്പോളീ ഇറയത്തോ, തൊഴുത്തിലോ..
നാമം ജപിച്ചു ഞാന്‍ നേരം കളഞ്ഞിടാം.


പററില്ല , വീണ്ടും അവധി പറയുവാന്‍
ആയയും ചൊല്ലീ, അമ്മയുണ്ടെങ്കില്
വേറെ നോക്കണം , പററില്ലവള്‍ക്കെന്നും
രാവിലെ തുടരുന്ന ജീവിത പാച്ചിലില്‍
രാവില്‍ തകര്‍ന്നു ഞാന്‍ വീട്ടില്‍ അണയുമ്പോള്‍
വേറെന്തു സ്വസ്തത , അമ്മയെ കാണുമ്പോള്‍
കുട്ടികള്‍ നന്നായി പഠിച്ചിടാന്‍
പോകില്ലേയമ്മേ, ഇടയ്ക്കിടെ ഞാന്‍ വന്നിടാം.



ഈറന്‍ മിഴികളില്‍ കണ്ടുപിന്നായമ്മ
ഏറെ വളര്‍ന്ന തന്കുഞ്ഞിന്റെ ആശങ്ക..!
മാന്തളിര്‍ കണ്ടൊരു കാലത്ത് പൂന്തെന്നല്
കാന്തികലര്‍ത്തി പറഞ്ഞൊരു വാക്കുകല്
വെയ്ക്കേണ്ട മാനസം മാമ്പൂവില്‍
പാഴ്ജന്മങ്ങള്ലല്ലെയോ, പകുതിയും..!


നേരം കളഞ്ഞില്ല, പിന്നെയായമ്മ ചൊല്ലീ..
പോകാം , നന്നായി വളരട്ടെ നിന്‍ കുട്ടികള്‍.!

പടിയിറങ്ങുമ്പോള്‍ നീ പറയരുതാരോടും
പറയുക, പോയമ്മ കാശിയ്ക്കെന്ന്...!

ഒന്നുമേ വേണ്ടിനി, യെന്നാല്മാവുപോലും
പോകുന്നീയുടല്‍ വൃദ്ധ സദനത്തില്‍...!

....... ൦൦൦൦൦൦൦൦൦൦൦൦൦൦........വിശ്വം.

ഒരു പ്രണയഗീതം

ഒരു പ്രണയഗീതം

പ്രേമം മുളചെന്നിലേതോപെരുന്നാളു -
കണ്ടു തിരിയ്ക്കുന്നൊരു നാളില്‍
അറത്തുങ്കലേതോ, മലയാററൂരയോ,
അല്ലമ്പലമുററത്തു നിന്നാണെന്നെന്നോർമ്മ

ചൂളം വിളിച്ചു ചിരിച്ചു ഞാനവളുടെ
പിന്നാലെ ചെന്ന് കറങ്ങിത്തിരിഞ്ഞപ്പോള്‍
പ്രേമിക മെല്ലെ തിരിഞ്ഞൊന്നു നോക്കി
പേടിച്ചുപോയി ഞാന്‍, അടിയീറനായി.!

ജീവന്‍ തുളുമ്പുന്ന ചിരിയുമായവളെന്റെ
ചാരത്തുവന്നു, ശാഠ്യം നടിച്ചപ്പോള്‍
ഗോഷ്ടികള്ലേറെ കാട്ടികൂട്ടി ഞാനന്ന്
ശേഷിച്ച ജീവനാല്‍ നാവനക്കീടുവാൻ !

രോഗം പിടികിട്ടിയവള്‍ക്കുമന്നേരം, പിന്നെ-
രോഗിയായവളും, ശൃംഗാരം നീണ്ടുപോയ്
ഭാഗ്യം, ഞൊടിയിടകൊണ്ടു ഞങ്ങളൊന്നായ്
ഭാവനകള്‍ നെയ്തു  കറങ്ങി നടന്നന്ന്

ആദ്യം പറഞ്ഞു ഞാനെന്റെ പേരും
പിന്നെ തുടർന്നെൻ ദേശപ്പെരിമയും
കുശലം തുടരാന്‍ ചില നർമ്മകഥകളും
കേട്ടു ചിരിച്ചവള്‍ പറഞ്ഞഭിപ്രായവും .

നീണ്ട കാർക്കൂന്തലിനെ വർണ്ണിയ്ക്കുവാൻ
തേടിപ്പിടിച്ചു ഞാന്‍ കാളിദാസനെ
രവിവര്‍മ്മ പണ്ടുവരച്ച ചിത്രത്തിന്‍
തനിപ്പകര്‍പ്പല്ലയോ  നിന്റെ മിഴിയിണ

നാണം കുണുങ്ങി കുണുങ്ങിപ്പറഞ്ഞവള്‍
ഞാനും സുന്ദരനാണ് നസീറുപോൽ
ഭാഗ്യം, അല്ലെങ്കിലീ വഴിപാടിനായ്
ആഗമിയ്ക്കില്ലാ,  ഞാനേകയായിന്ന്

വീണ്ടുമാച്ചുണ്ടിൽ  നിന്നൂറുന്ന വിസ്മയം
തേടിയലഞ്ഞേതോലോകത്തിലായി ഞാന്‍
ഭാരമാം മിഥ്യകള്‍ മാററിമറിച്ചപ്പോൾ
നേരം ഇരുണ്ടതറിഞ്ഞില്ല തെല്ലുമേ

അവസാന വണ്ടിയ്ക്കായോടി ,ചാടി-
പ്പിടിച്ചവള്‍ പോകുന്നതുകാണ്കേ
പൊട്ടിയെന്നുള്ളിലായിരം ഉല്‍ക്കകള്‍
വിട്ടുപോകുന്ന  പ്രണയബോധത്തിനാല്‍

നീണ്ടു വിടർന്നയാ ശൃംഗാര ചൂടിനാല്‍
മണ്ടുവാൻ  മറന്നു വിലാസങ്ങളന്യോന്യം
തേടുവതെങ്ങുപോയവളെയെന്നോര്‍ത്തു ഞാൻ
റോഡുകള്‍ തോറും നടന്നു കരഞ്ഞന്ന്

പിന്നെയെല്ലാ പൂരപറമ്പിലും
പൂവുമായ് ഞാന്‍ നിന്നെ തേടിയലഞ്ഞല്ലോ!
കാർമുകിൽ  മാനത്തുചിത്രം വരയ്ക്കുമ്പോള്‍
കോമളേ, നീ തന്നെയെൻ കുടക്കീഴിലും

മുളയിലേ വാടിയ ഹൃദയക്കിളിര്‍പ്പിന്റെ
തളിരുമായ് ഓമലേ, നിന്നെ ഞാന്‍ തേടുന്നു.
വരില്ലേ വയമ്പുമായ്‌ ഇനിയുമൊരന്തിയില്‍
ഈ പ്രണയഗീതം പാടി നടയ്ക്കുവാന്‍
............................................

സന്ധ്യ

സന്ധ്യ


വിരൽ  തുമ്പില്‍ ഞാന്നു കിടക്കുന്നു കാലം
വിളർ ച്ച ബാധിച്ചൊരമ്മയ്ക്ക് ഭാരമായ്.
തളര്‍ന്ന മെയ്യിലൂന്നി മുറിയ്ക്കപ്പുറത്തുള്ളോരിടിഞ്ഞ
വാതില്‍പടിയിലൂടിറങ്ങുന്നു സന്ധ്യ.

ഇരുളുമാകാശത്തില്‍ മെല്ലെവിരിയുന്നു ചന്ദ്രിക
തപോവാസമുപേക്ഷിച്ചാഴിയിൽ
ആത്മസ്നാനം ചെയ്തു രസിക്കുന്ന ദിനകരന്‍.
ചിറകടിനാദമായ് ഉയരുന്ന പറവതന്‍ വിഷാദം.
അന്തി ദീപത്തിനായ് കല്‍വിളക്കില്‍
ഇണചേര്‍ന്നു നില്‍ക്കും തിരിതന്‍ ആത്മാഹൂതി
എരിഞ്ഞടങ്ങുന്ന ചിതയില്‍ മൌനമായ്
ഉടഞ്ഞു പൊട്ടുന്ന നെഞ്ചകം.
കർ മ്മ ത്തിന്നടിയേററു ബലിക്കല്ലില്‍
വീണു പിടഞ്ഞു ചാകുന്ന പുത്രന്റെ ശോണീതം

ഹോ..! ഇനിയുമെത്ര സന്ധ്യകള്‍ ബാക്കി
ഈ മിഴികള്‍ തുയിലു കൂടുവാന്‍.

...... ....... വിശ്വം.

നഷ്ടപ്പെട്ട വിളികള്‍

നഷ്ടപ്പെട്ട വിളികള്‍


അവളുടെ വിളികേട്ടിട്ട്  മാസങ്ങളായി
അവളുടെ മൊബേൽ  നമ്പര്‍
എങ്ങനെയോ ഡിലീറ്റ് ആയീ.

ഏതോ ഒരു സിം കാര്‍ഡില്‍
പെരെഴുതാതെ സേവ് ചെയ്തിരുന്നതാണ്.
മററുള്ള സിമ്മുകളിൽ
മിസ്ഡ്കാളുകളുടെ കൂട്ടത്തിലും.കാണണം

ഏതു പുതിയ സിം കാർഡ് വരുമ്പോഴും
ആദ്യം തന്നെ വാങ്ങി
അവളുടെ നമ്പരിലേക്ക് മിസ്ഡ് കാള്‍ അയച്ച്
അവസാനം ഡൌണ്‍ ലോഡ് ചെയ്ത
സംഗീതം അവളെ കേള്‍പ്പിച്ചിരുന്നു.


ഞങ്ങള്‍ മോബേലിൽ  സംസാരിച്ചിട്ടേയില്ല!
എല്ലാം മിസ്ഡ് കാളുകളായിരുന്നു.
സുഗന്ധം പരത്തുന്ന കാററിനെ പോലെ
ഇംഗിതങ്ങള്‍ മിസ്ഡ് കാളുകള്‍
പരസ്പരം അറിയിച്ചുകൊണ്ടേയിരുന്നു.

ഒരു റിംഗ് മാത്രം വന്നാൽ
സ്ഥലത്തെ ഹോട്ടല്‍ മുറിയിലവളുണ്ടെന്നും
റിംഗ് ടോണ്‍ രണ്ടു തവണയായാൽ
അവളുടെ കൂടെ കറങ്ങുവാന്‍ ചെല്ലണമെന്നും
മൂന്നു റിംഗ് കേട്ടാല്‍
അന്നത്തെ ഡിന്നറിനവളെ വെയിറ്റ് ചെയ്യണമെന്നും
എനിയ്ക്ക് മനസ്സിലാകുമായിരുന്നു.
നിര്‍ത്താത്ത റിംഗുകൾ  കേട്ടാല്‍
ഒരാഴ്ച്ചത്തേക്ക് അവൾ സ്ഥലത്തുണ്ടാവില്ല.

റിംഗുകള്‍ എണ്ണിയെണ്ണിയാണ്
സംസാരിയ്ക്കാന്‍ മറന്നുപോയത്
ഇനി കണ്ടു മുട്ടുമ്പോൾ
മോബേലിൽ  സംസാരിയ്ക്കുന്നതിനുള്ള
റിംഗ്കോഡുകൂടി ഉണ്ടാക്കണം..!

 റിംഗ് ടോണുകളുടെ  താളം മുടങ്ങിയപ്പോൾ 
സംശയം തോന്നിയ എല്ലാ നമ്പരുകളിലും
മിസ്ഡ് കാളയച്ചു
മറുപടി സംസാരത്തിലേക്കായാൽ
അവളല്ലെന്നു തിരിച്ചറിയുന്നു.

ഇപ്പോൾ വരുന്ന റിംഗു കള്‍
നോക്കാതെ എണ്ണിയെണ്ണി
കാളുകള്‍ നഷ്ടപ്പെട്ടുതുടങ്ങി.
രണ്ടു റിംഗിൽ  നിന്ന കാളുകള്‍ കേട്ട്
മണിക്കൂറോളം  തിയറെററിനു മുന്നില്‍ നിന്നു..!
മൂന്നു റിംഗുകേട്ടു തിരക്കുപിടിച്ച്
ഡിന്നര്‍ ഹാളിലെത്തി കാത്തിരുന്നു


എല്ലാം നിര്‍ത്താത്ത വിളികളാണ്‌
എടുക്കാതെ നീണ്ടു പോകുന്നവ
ഒറ്റ റിംഗുകൾ കേട്ടകാലം മറന്നിരിയ്ക്കുന്നു.
                                   ... .... ... ... .. .വിശ്വം.

തലക്കെട്ടുകള്‍

ഏട്ടിലെ പശു

ഏട്ടിലാണിപ്പോഴും പുള്ളിപ്പശു
പുല്ല്   തിന്നാറേയില്ല.
വൈക്കോൽ തുറു കണ്ടിട്ടും
തിരിച്ചറിയുന്നതേയില്ല.
..... ...... ......

നടത്തം

ജീവിച്ചിരിക്കുവാന്‍ വേണ്ടി
നടക്കുന്നവര്‍
മൈതാനത്തിനുച്ചുറ്റും
ഏഴുറൌണ്ട്
മലമുകളിലേക്ക്  കയറ്റം
പിന്നെ
കിതച്ചുകിതച്ച് ഇറക്കം
എല്ലാം
ഗുളികകള്‍
കഴിക്കുന്നതിനുമുമ്പ്...!
... .... ....... .....

ചരമക്കുറിപ്പ്

ജീവിച്ച്
പ്രായവ്യത്യാസമില്ലാതെ
തിരിച്ചുപോകുന്നവര്‍ക്ക്
കൂട്ടിനായി
ബന്ധവും പദവിയും
കാട്ടുന്നവരുടെ
ചരമക്കുറിപ്പുകൾ
... .... ... .....

ചിന്തകന്‍

ഭൂമി ഉരുണ്ടതാണ്
നീ ഇരുണ്ടതാണ്
ഇത് വിഷമാണ്
നീ വിഷമാണ്
ഇത് നീ കുടിക്കുക.
.... .... ......

മന്ത്രം

ചുണ്ടനക്കി തുടങ്ങുന്ന ഉണ്ണി
പറയുന്നതെല്ലാം
അമ്മയ്ക്ക് മന്ത്രം
പുഞ്ചപ്പാടങ്ങളില്‍
കടല്‍ കടന്നെത്തുന്ന
ഇരണ്ടകൾ  തമ്മില്‍
പറയുന്നതൊക്കെയും
കൊക്കിനു മന്ത്രം.
താളം തെറ്റുന്ന നര്‍ത്തകി
ചുവടു തെറ്റി കണ്ണെറിയുമ്പോൾ
പക്കക്കാരന്റെ
ചുണ്ടിലും മന്ത്രം.
... .... .... ...

നീ

എന്റെ സ്വപ്നങ്ങളെല്ലാം
നീ നേരത്തെ കാണുന്നു.
ശേഷിച്ചവയിലെല്ലാം
നീ തന്നെ
നിറഞ്ഞു നില്‍ക്കുന്നു.
... .... .... ...

ആനവില

താടിവളര്‍ത്തിയ
ആനക്കാരന്‍
കുമാരേട്ടന്‍
പറഞ്ഞു
സ്നേഹത്തിന്
ആനയുടെ വിലയുണ്ടെന്ന്...!
അപ്പോള്‍ ഇത്തിരി സ്നേഹം
തന്നാല്‍ ആനയെ തരുമോ..
കുമാരേട്ടാ....?
.... ... ....

ക്യൂ

എല്ലായ്പ്പോഴും
ക്യൂവിലാണ്
ചിലപ്പോള്‍
ഏറ്റവും പുറകില്‍
പലപ്പോഴും
ഇടയില്‍
ഒന്നാമതെത്തുമ്പോൾ
പുറകില്‍ നീണ്ട നിരകാണാം
തിരകളെപോലെ
തീരുന്ന നിര.
... ... ..... ...

കണ്ണാടി

നീയാണ് ചങ്ങാതി
കഷണ്ടിയും നരയും
യഥാസമയം
കാട്ടിത്തരുന്നു.
... ... ... ... ...

തീപ്പെട്ടി

ഒരു കെട്ടുഭീകരർ
പതിയിരിക്കുന്നു
ഓരോരുത്തരെയായി
തല കത്തിച്ചില്ലാതാക്കി.
.... ..... .... ....

മരുന്ന്

ഇടയ്ക്കിടയ്ക്ക്
ഒരു പനിയും
സുഖക്കുറവും
വന്നു പോകട്ടെ
എന്തിനാ വെറുതെ
അവററകളെ
രാസമരുന്ന് വെച്ച്
തുരത്തുന്നത്.....!
..... .... ........

ഇതുമാത്രമാണ് സത്യം

ഇനി ഒരു സത്യം പറയട്ടെ
ഇതുവരെ പറഞ്ഞതെല്ലാം
ശുദ്ധ നുണയായിരുന്നു.

...... .... ...... .... വിശ്വം.

കടലാസുപൊതികള്‍

കടലാസുപൊതികള്‍

മുളംകുറ്റിപുട്ട് 
പപ്പടം, പൂവന്‍പഴം
കഴിച്ചൂ, മൂക്കറ്റം.

കല്‍ക്കട്ടയ്ക്കുള്ള തീവണ്ടിയില്‍
വയറ്റത്തിട്ടടിച്ചു പാടുമ്പോൾ 
തുട്ടുകള്‍ക്കൊപ്പം കിട്ടിയപൊതി 
പഴകിയതെങ്കിലും
രുചിയുള്ളതായിരുന്നു

ആലുവാ പ്ലാറ്റ്ഫോമിൽ 
തുണിയില്‍ പൊതിഞ്ഞ്
ഉപേക്ഷിച്ഛതാണമ്മ
 
കടിയ്ക്കാതെ, കുരച്ചു കുരച്ച്
കാവല്‍നിന്ന നായ
കടലാസ് പെറുക്കികൾക്കൊപ്പം
യാത്രയാക്കിയതാണെന്ന് 
കൂടെ തെണ്ടുന്നവര്‍

ഓരോ പൊതിക്കെട്ട് കിട്ടുമ്പോഴും
ഹൃത്തടത്തില്‍ നിന്ന്
സ്നേഹത്തിന്റെ ഒരു കുളിര്‍കാറ്റ്
തണുത്തു തണുത്ത്
കണ്ണുകളിലൂടെ പെയ്തിറങ്ങുന്നു

ട്രെയിൻയാത്രക്കാരായ കുട്ടികള്‍
ഉറുമ്പുകടികൊണ്ട് 
തുണിക്കെട്ടിനുള്ളിൽ 
നിലവിളിച്ചവൾക്കു മുന്നിൽ  
അച്ഛനമ്മമാരുമായി
കൊഞ്ചിക്കുഴയുന്നു 

കമ്പാര്‍ട്ടുമെൻ്റുകളിൽ
കൈകൊട്ടിപാടി 
തെണ്ടിനടക്കുമ്പോള്‍
കണ്ണുകള്‍ തിരയുന്നത്
കണ്ണെഴുതി കരിവളയിട്ട്  
കവിളില്‍ മറുകുംകുത്തി
കടലാസുവഞ്ചി പോലെ
സ്റ്റേഷനില്‍ ഒഴുക്കിവിട്ട
ആ കടിഞ്ഞൂല്‍കാരിയെ

ഒറ്റയ്ക്കിരിയ്ക്കുമ്പോൾ
ഒരായിരം അമ്മചോദ്യങ്ങൾ
അവളെയും വേട്ടയാടി
ആരുമറിയാതെങ്ങനെയമ്മയവൾ 
ഉദരത്തില്ലെന്നെ കിടത്തി?
എവിടെ വെച്ചായിരിക്കും
അന്ന് വയറൊഴിഞ്ഞത്?
തുണിയില്‍ പൊതിഞ്ഞത്?
ആദ്യമായ് കരഞ്ഞപ്പോള്‍
ഊറിയില്ലേ അമ്മയ്ക്ക് നൊമ്പരം!
ഒരുതുള്ളി മുലപ്പാലെങ്കിലും
ഞാൻ നുണഞ്ഞു കാണുമോ?

തീവണ്ടിയോടികൊണ്ടിരുന്നു
പാടിയ പാട്ടുതീര്‍ന്നപ്പോള്‍
പുതിയ പാട്ടുപാടി
കൈകള്‍ മാറി മാറി
പുതിയപുതിയ മുഖങ്ങളിലേക്കുനീട്ടി
കൈവെള്ളയില്‍ വീണത്
വാടിക്കൊഴിഞ്ഞ നാണയത്തുട്ടുകള്‍
 
സ്വരം ഇടറിയപ്പോൾ
പാട്ട് നിര്‍ത്തി
പുറത്ത്  മരങ്ങളും വകെട്ടിടങ്ങളും
പിന്നിലേക്ക് ഓടി മറയുന്നു
താഴെയിരുന്നവൾ കിടിയ
കടലാസുപൊതി തുറന്നു

....... ...... വിശ്വം.

ശേഷിപ്പുകൾ തേടുന്നത്.......

ശേഷിപ്പുകൾ  തേടുന്നത്.......


"കിനാക്കൾ  എങ്ങനെയാണ്
ഒഴുക്കിൽ പെട്ടത്?
കാറ്റ്  എന്തിനാണ്
കൊടുങ്കാററായത്?"
......  കലാപത്തിനിടയില്‍
തെറിച്ചു വീണ കൊലക്കത്തി
ഉടലററ ശിരസ്സിനോട് ചോദിച്ചു

"തേന്മാവ് പൂക്കുന്നതും നോക്കി
സ്പന്ദിച്ചിരുന്ന ഒരു ഹൃദയമുണ്ടായിരുന്നു
നിന്റെ മൂർച്ചയ്ക്കുള്ളില്‍
വഴിതെറ്റി പിരിഞ്ഞത്   എന്റെ ഹൃദയം"
            .........ശിരസ്സു കത്തിയോടു് പറഞ്ഞു


'വെളിച്ചം തെളിയുന്നതും കാത്ത്
പൂങ്കോഴികൾ  ഉറക്കളയ്ക്കുന്നു
നിഴലുകള്‍ വളരുന്നതും നോക്കി
ഉച്ച വെയില്‍ തീകായുന്നു 
ഇഴഞ്ഞിഴഞ്ഞ്  ഭൂമിയളക്കുന്നു  ചന്ദ്രിക
തുറന്ന  ഈ കണ്ണുകള്‍ തേടുന്നത്
പാതിവഴിയില്‍  വെച്ച്
നീ കാരണം പിരിയേണ്ടി വന്ന... ... .'
        .......... .പൂർത്തിയാക്കാതെ  ശിരസ്സ് വിതുമ്പി 

നീ കൊത്തിവലിച്ചപ്പോൾ
 തുടിക്കുന്ന എൻറെ ഹൃദയം
കൊഞ്ചിക്കുഴയുകയായിരുന്നു .
നിന്റെ കൈപ്പിടിയിലെ രക്തക്കറ
എന്റെ ഹൃദയം
നല്കിയ  അവസാനത്തെ മുത്തം


മൂര്‍ച്ചയില്‍ നിന്ന് കണ്ണീരൊഴുകി
തണുത്തു തുടങ്ങിയ കത്തിയിൽ  
ഒട്ടിപ്പിടിച്ച  ഹൃദയരക്തത്തിൽ
സ്നേഹപൂർവ്വം   മൂർച്ച തലോടി 

"ഒരു ഹൃദയമുണ്ടയിരുന്നെങ്കില്‍....."

ആദ്യമായി കത്തി
ഹൃദയത്തെ പറ്റി ചിന്തിച്ചു.
.... .... ... വിശ്വം.

നിറങ്ങള്‍

നിറങ്ങള്‍


ഏഴു നിറങ്ങള്‍ നിനക്ക്
കറുപ്പില്‍ കരിമുകില്‍
വെളുപ്പില്‍ മേഘകൂട്ടുകള്‍
നീലപരവതാനിയിലൂടെ
ചുവന്നു തുടുത്ത സൂര്യന്‍


വെളുപ്പില്‍ പൊതിഞ്ഞ്
കറുത്ത കൈകള്‍
പകരം വെക്കാനാവാത്ത
ഓര്‍മകളുമായി
പിന്നില്‍.


ഇപ്പോള്‍
നിറങ്ങള്‍ക്ക്
നിന്നെ
തിരിച്ചറിയുവാന്‍
കഴിയുന്നില്ല.
...... ... വിശ്വം

മഴ

മഴ

ഒഴുക്കില്‍പ്പെട്ട നിനക്ക്
മനസ്സുതുറന്നൊന്നും
കേഴുവാനായില്ലല്ലോ


ഒരു നീര്‍മണിയുടെ വിതുമ്പല്‍
ഓളങ്ങള്‍ക്കൊപ്പം
വിദൂരതയിൽ

നനഞ്ഞുതിർന്ന
ദിനരാത്രങ്ങൾക്ക്
ഒരു താളംപോലെ
നിഴലുകള്‍ ഇല്ലാതെ
നീ യും.


മഴയ്ക്ക്‌
സംഗീതം
അറിയുമോ .ആവോ ....?

.... ..... .... .. വിശ്വം