Pages

പാതാള്‍ പാനി




പാതാള്‍പാനിയില്‍
കുത്തിയൊലിച്ച്
പറന്നിറങ്ങിയ മഴവെള്ളം
കാല്‍ പാദങ്ങളിൽ
ഇക്കിളിയിട്ടൊഴുകി
വിഴുങ്ങിയത്
സ്വപ്നം കണ്ട് രസിച്ച
അഞ്ചു പച്ച ജീവന്‍.

മറിഞ്ഞു മറിഞ്ഞ്
ഒഴുകി മാറുമ്പോള്‍
ആർത്തിരമ്പാന്‍ കാഴ്ചക്കാര്‍
ഒടുവിലത്തെ
കാററിന്
മഴത്തുള്ളിയുടെ
കിലുക്കമായിരുന്നു.

ചുവട് തെറ്റിയ
ആണും പെണ്ണും
നിഴല്‍ നഷ്ടപ്പെട്ടവർ

പാതാള്‍പാനി*
മഴയില്‍
കലങ്ങി മറിഞ്ഞു

കലങ്ങി കരഞ്ഞ
കാഴ്ച കണ്ണുകള്‍ക്ക്‌
അവസാനം വരെ
ഓര്‍ത്തു വെയ്ക്കാന്‍
സമ്മാനമായി 
അഞ്ചു കരിനിഴൽ.


*  മധ്യപ്രദേശിലെ ഇൻഡോർ -ന് അടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രം  പാതാൾപാനി വെള്ള ച്ചാട്ടം. വെള്ളം ഒഴുകി എത്തുന്ന കുഴിയ്ക്ക് പാതാളത്തോളം ആഴമുണ്ട് എന്ന് സങ്കൽപം. 19-7-2011 ൽ പെട്ടെന്നുണ്ടായ   വെള്ള പൊക്ക ത്തിൽ 3 പേർ ഒഴുകി പോയി.
.... 

കാമിനി

കാമിനി


നീല മിഴികളില്‍
അഞ്ജനം തേയ്ക്കുമ്പോള്‍
എന്തായിരിയ്ക്കും അവളുടെ മനസ്സില്‍
കുത്തിയൊഴുകുന്ന
വെള്ളചാട്ടത്തിലെന്നപോലെ
പുഞ്ചിരിച്ചു മുടി കോതുമ്പോള്‍
ഏതു പാല്‍കിനാവാണു കണ്ടിരുന്നത്‌

വെറുതേ നേരം പോക്കിന്
പച്ച മണ്ണില്‍ കുഴച്ചു തീര്‍ത്ത
കാമിനിയ്ക്ക്
ആരായിരുന്നു കണ്ണാടി
ആര്‍ത്തിരമ്പി കളിയ്ക്കുന്ന തിരമാലകള്‍ക്ക്
നഗ്നയായ മണൽ രൂപത്തിനോട്
തീരാത്ത  പ്രണയം.

കടല്‍ കാറ്റ് കവിളില്‍
ഒരു ചുമ്പനം  നല്‍കി
അധരത്തില്‍ നിന്നും
അറിയാതെ മന്ദസ്മിതം

തിരക്ക് കൂടിയപ്പോള്‍
മൂടിപ്പുതച്ച് അവളുറങ്ങി
യാമാന്ത്യത്തില്‍ തിരമാലകള്‍
ഉള്‍ക്കടലിലേക്കവളുമായി
കൈകോര്‍ത്ത് യാത്രയായി.

.............. വിശ്വം.

രാജബുദ്ധി രാജ്യസുരക്ഷ

രാജബുദ്ധി രാജ്യസുരക്ഷ


രാജാവ് ഭരിയ്ക്കുമ്പോൾ
രാജ്യം
ബുദ്ധി
സ്വത്ത്
പ്രജ
രാജ്യ സുരക്ഷ
എല്ലാം ഭഗവാന്‍ കാക്കുന്നു


രാജകല്‍പ്പന
വിളംമ്പരം
കുറുനരിയുടെ
ഓരിയിടല്‍.
എല്ലാം പ്രജകള്‍ കേള്‍ക്കുന്നു


അന്നത്തിന്
പുത്തരികണ്ടം
ദേശം
ദാസന്‍റെ കാണിയ്ക്ക
വിദേശി
കടത്താതെ
എത്ര നൂറ്റാണ്ടുകള്‍
നിലവറകളില്‍
നൂറ്റാണ്ടുകളായി
തരിപോലും
എടുക്കാതെ

തന്നവർ
"എന്‍റെ വക" യെന്ന്
 എഴുതിയില്ല.
എല്ലാം
ഭദ്രമായി
രേഖകളാക്കി

പ്രജകള്‍ ഭരിയ്ക്കുമ്പോൾ
വിസ്മയങ്ങൾ
വിളിച്ചുകൂവുന്നു
ശ്രീ പത്മനാഭാ
നീ സമ്പന്നന്‍
ത്രിലോകത്തും
കണ്ണഞ്ചിപ്പി ച്ച്
പാലാഴി
ധനത്തിനായി
പ്രജാപതികള്‍
വരിവിട്ട്
ഓടുന്നു.

...... 

ദൂര പ്രമാണം



 ദൂര പ്രമാണം

ദൂരെ എങ്ങോ മുഴങ്ങുന്നു
കാലചക്ര കതിനകള്‍
ദൂരമെത്ര താണ്ടുന്നു
മിന്നലെന്ന മഹാരഥന്‍

ചന്ദ്രനെത്ര ദൂരത്തില്‍
ഭൂമിതന്നില്‍ വിളങ്ങുന്നു
സമുദ്രമെത്ര ദൂരത്തില്‍
കരയെ വാരി പോകുന്നു

ഹിമാവാനെത്ര ദൂരത്തില്‍
ഉയര്‍ന്നു പൊങ്ങി നില്‍ക്കുന്നു
വഴിയിലെത്ര ദൂരത്തില്‍
മഞ്ഞുമൂടി കിടക്കുന്നു

സത്യമെത്രയോ ദൂരത്തില്‍
സമസ്യപോലെ തെളിയുന്നു
ശക്തിയുള്ളവര്‍ ദൂരത്തില്‍
സമൂഹത്തെയകറ്റുന്നു

സമദൂരത്തില്‍
വൃത്തങ്ങള്‍
പ്രകാശദൂരത്തില്‍ നക്ഷത്രം
തുല്യദൂരത്തില്‍ ബാഹുക്കള്‍
ശരിദൂരത്തില്‍ പ്രദക്ഷിണം.
                   ....... വിശ്വം.

ജീവിത സാഫല്യം



ജീവിത സാഫല്യം


ചന്ദ്രനിലേക്കൊരു പേടകം വിട്ടിട്ട്
പൂർവ്വികരെപററി ചിന്തിച്ചു നോക്കണം
ചലന പ്രയാണത്തില്‍ അമ്പിളി തന്നുള്ളില്‍
അഭയമായ്‌ കാണുമോ! മെല്ലെ തിരയണം.

വെളുപ്പും കറുപ്പും പക്ഷങ്ങളാക്കി
നിലാവില്‍ ഇറങ്ങി നടക്കുന്നു  നേരങ്ങള്‍
അമാവാസിനാളിലെ സ്വപ്ന ചിറകിലായ്
എത്തും പലപ്പോഴും അമ്മുമ്മ മുറ്റത്ത്

കുപ്പിയൊന്നില്‍ കുറിയൊരു നൂലുമായ്
ചുറ്റിക്കറക്കിക്കളിച്ചു നടന്നപ്പോള്‍
കത്തി പറന്നൊരു റോക്കറ്റ് കണ്ടപ്പോള്‍
പെട്ടെന്ന് തോന്നിയ ബുദ്ധി പ്രഭയിത്

അമ്പിളി മാമ്മനില്‍ പാത്തിരിയ്ക്കുന്നൊരു
കറുമ്പന്‍ മുയലെന്‍റെ മുത്തശ്ശനാകുമോ!
ജീവിച്ചിരുന്നപ്പോള്‍ പുകല മുറുക്കി
കറുത്ത ചിരിതന്നെ, പൂനിലാ ചന്ദ്രനും.

ഭൂമി കറങ്ങുന്നു, ചന്ദ്രന്‍ കറങ്ങുന്നു
സൂര്യന്‍ സ്ഥിരമായി കേന്ദ്രത്തില്‍ നില്‍ക്കുന്നു
പാഠം പഠിച്ചപ്പോള്‍ ആകെ കുഴപ്പമായി
വിണ്ണ് വിചാരിച്ച ചന്ദ്ര തലമല്ല !

എന്തൊക്കെയത്ഭുതം ജനനമരണങ്ങളില്‍
ഒപ്പം നടന്നെന്നു തോന്നിയതാണർക്കന്‍
ജീവിത യാത്രയില്‍ ഒറ്റയ്ക്ക് തന്നെ നാം
സൂക്ഷിച്ചു മുന്നോട്ടു നീട്ടുക ചുവടുകള്‍


വായുവില്ലത്തൊരു ലോകത്തിലേല്ലോക്കല്ലോ 
ശ്വാസം നിലയ്ക്കുമ്പോള്‍ പോകുന്നതെന്നൊരു
ശാസ്ത്രം, അടിസ്ഥാനമില്ലാത്ത വിശ്വാസം
ഒറ്റപ്പെടുമ്പോള്‍ തെറ്റെന്നും തോന്നുന്നു.

ആയുധങ്ങളില്‍ അണുവായുധം കേമം
അണുക്കളില്‍ പരമാണുക്കള്‍ പ്രഗത്ഭന്മാര്‍
ജീവനുമായുസ്സും തമ്മില്‍ പൊരുതുമ്പോള്‍
അഗ്നിയ്ക്ക് തന്നേ സമര്‍പ്പിതം ക്ലേശങ്ങള്‍.

.........................

മഴക്കാലം


മഴക്കാലം  



മഴയ്ക്ക്
പരിഭവങ്ങള്‍ മാത്രം
ഈയിടെയായി
പെയ്തുപെയ്ത്
അമ്മയോട്
വഴക്കടി യ്ക്കുന്നു

വെളുക്കുമുമ്പേ ഉണര്‍ന്ന്
ഇരുട്ടുമുമ്പേ തളര്‍ന്ന്
കിഴക്കു  പടിഞ്ഞാറ്
വെറുതേ നടക്കുന്ന ഭ്രാന്തന്‍
ഇടയ്ക്കിടയ്ക്ക്
മഴക്കാറില്‍ ഒളിച്ചു കളിച്ച്
ചാറ്റല്‍ മഴയില്‍
മഴവില്ല് തീര്‍ക്കുന്നു

കാറ്റ് 
മദപ്പാടെന്ന  പോലെ
വൃക്ഷങ്ങള്‍
പിഴുതെറിയുന്നു

തണുത്തു കുളിച്ച ഇണകള്‍
പ്രണയിച്ചു രസിയ്ക്കുന്നു
ചൂടറിയാത്ത തെരുവുകള്‍
ഒളികണ്ണുകള്‍ തുറക്കുന്നു

തിരകള്‍
അട്ടഹസിയ്ക്കുന്നു
നീന്തറിയാതെ  മുക്കുവന്‍
നടുക്കടലില്‍
മത്സ്യങ്ങളോട്
കഥ പറയുന്നു.

ഒഴുകാതിരുന്ന പുഴകള്‍
പുതിയ വഴികള്‍
അളന്ന് തിരിച്ചെടുക്കുന്നു
മഴക്കാല ത്ത്
മേഘങ്ങൾ ആകാശത്ത്
ദിവസവും 
വിരുന്നൊരുക്കുന്നു

........................ വിശ്വം.

പ്ലാവ്



പ്ലാവ്


മുറ്റത്ത് അപ്പുപ്പന്‍റെ
അച്ഛന്‍ നട്ടതാണ്
ഒരു  മരണത്തിലും
പൂക്കാറില്ല
വീട്ടുമുറ്റത്ത്
തണല്‍ വിരിച്ച്
ഒതുങ്ങി നിൽക്കുന്നു

വീടിലൊരു കുഞ്ഞു ജനിച്ചാൽ
പ്ലാവില്‍ പൂവീഴും
കൊമ്പുകളിലും വേരിലും
തേന്‍ വരിയ്ക്ക

ചിലവ  കാറ്റിൽ
പൊഴിഞ്ഞു വീഴും
പുഴുകുത്തില്‍
പിന്നെയും ചിലത്
ബാക്കിവന്നവ
ചക്കയാകും

വേരിലുള്ളവ
മൂക്കും മുമ്പേ
കാണാതാകും

ഒരിയ്ക്കൽ
ചക്കക്കറ
വീടുവരെ വരയിട്ടു
നാട്ടിലങ്ങനൊരു
ചക്കകള്ളന്‍

കിളികൾ
കൊത്തിയപ്പോൾ
പഴുത്ത ചക്ക
താഴെയിറങ്ങി
ചുളയ്ക്ക്
തേന്‍ മധുരം
ചുട്ടകുരുവിന്
മധുര രുചി

പച്ച ചക്ക
അവിയലായി
തോരനായി
ഉപ്പേരിയായി
വറത്തരച്ച
ചക്ക മടല്‍
ആട്ടിറച്ചിയെ
വെല്ലു വിളിച്ചു

ചക്കച്ചുളകള്‍
തിന്നു മടുത്തപ്പോൾ
'അലുവ'യായി

ഇപ്പോള്‍
പ്ലാവ്  കായ്ക്കാറേയില്ല
കിളികൾ വരാതായി
മുകള്‍ ഭാഗം  ഉണങ്ങിതുടങ്ങി .
തായ്തടിയില്‍
മരംകൊത്തി
പൊത്തുണ്ടാക്കുന്നു
തൊലിയുണങ്ങി

ഇനി നിന്നാല്‍
ഒടിഞ്ഞു  വീഴുമെന്ന്
തടി പോകുമെന്ന്
നാട്ടുകാര്‍

പ്രിയ ദേവ വൃക്ഷമേ
ഇനിയെങ്ങനെ.?
നിന്നെ
ദയാപൂര്‍വ്വം
വെട്ടി മാറ്റണോ!

...... വിശ്വം.

പാഴ്ക്കണക്കുകള്‍

പാഴ്ക്കണക്കുകള്‍

കടലെങ്ങനെ കടലായെന്നൊരു
കടലാസ്സിലും കാലമെഴുതിയില്ല
കടലെടുക്കാതെങ്ങനെ ഇമ്മട്ടില്‍
കരയെ എങ്ങനെകാക്കുന്നു കാലം

ഇടവമാസത്തിലെങ്ങനീഭൂവില്‍
മഴ തിമിര്‍ക്കുന്നു നിർത്താതെ
കരയെങ്ങനെ താങ്ങുന്നു
മഴയില്‍ മുങ്ങാതെ ഭൂവിനെ

കുടയെടുക്കാതെ പോണോരെ
കുളിപ്പിച്ചെന്തിനു ചിരിയ്ക്കുന്നു
മഴ മടുക്കുമോ മാനവര്‍
ചൂടെടുത്ത് വിയർക്കുമ്പോള്‍

കരയിലെങ്ങനെ കാടുകള്‍
കടലിലെങ്ങനെ കണ്ടലും
നിലമെന്തിനു ഞങ്ങള്‍ക്ക്
സ്ഥലമല്ലേ യാവശ്യം

കൂര വെയ്ക്കുവാന്‍ നിലം
നികത്തി മാറ്റുന്നു മാനവര്‍
വീടുവെയ്ക്കുമ്പോള്‍ മരം
വെട്ടിവീഴ്ത്തുന്നു നിര്‍ദ്ദയം

കാടുവെട്ടുന്നു ദിവസേന
കൈയ്യേറ്റമാണെന്നു ചിലര്‍
കടലു മൂടുന്നു മിണ്ടാതെ
കാറ്റ് നന്നെന്നു സഞ്ചാരി

കടലു പൊട്ടുന്നിടയ്ക്കിടെ
കര കുലുങ്ങുന്നു പലപ്പോഴും
പുഴ കളഞ്ഞൊരു കാടത്തം
മന്നിരങ്ങളായ് പൊങ്ങുന്നു

മനുജനായ് വീണ്ടുമീ മണ്ണില്‍
സഹസ്ര ജന്മങ്ങളുണ്ടാകും
മൃഗ സസ്യങ്ങളായുള്ളോര്‍
എണ്ണമില്ലാതെ തീര്‍ന്നിടും

നഗരവാസത്തിലിന്നു ഞാന്‍
മഴയെ ക്കാണുന്നു പേടിച്ച്
നിലയില്ലാതെ ഒഴുകുന്നു
റോഡിലൂടുയര്‍ന്നു മഴജലം

ഇനിയുമെന്തെല്ലാം ചോദ്യങ്ങള്‍
ഉത്തരങ്ങള്‍ തേടുന്നു
പതിവുതെറ്റാതെ പകലവന്‍
ആഴിതന്നില്‍ മറയുന്നു.

.............. 

പ്രണയ നിലാവ്

പ്രണയ നിലാവ്



പ്രഭയ്കെന്നെയറിയുമോ ....?
ചോദ്യത്തില്‍ തന്നെയുത്തരം
പിന്നീടെല്ലാം
ഒരു പഴുക്കാപാക്ക്
പൊളിയ്ക്കുന്നതുപോലെ
എളുപ്പം... സുന്ദരം.

പിരിഞ്ഞപ്പോള്‍
അമ്പലപ്പുഴ നാടകശ്ശാല സദ്യയ്ക്ക്
വരണമെന്നും പറഞ്ഞു.

പിന്നെ ഇടവിട്ട്
ശീമാട്ടിയിലും ശാന്തിയിലുമായി
മാറ്റിനികള്‍, ഉച്ചപ്പടങ്ങള്‍

എഴുതിയ കത്ത്
പ്രണയ ലേഖനമാണെന്ന്
കൂട്ടുകാരി പറഞ്ഞപ്പോള്‍
ഞങ്ങള്‍ പ്രണയത്തിലുമായി

കീറിയ പേജുകളെ
അച്ഛന്‍ അന്വേഷിച്ചപ്പോള്‍
ഹൃദയത്തില്‍ വരകള്‍ വീണു.
സ്കൂളിലും വീട്ടിലും
കാവലായി

കണ്ണുകളില്‍ കണ്ണുകളുമായി
പ്രണയാലസ്യം
അനുഭൂതികളെ കാത്ത്
വഴിയോരങ്ങള്‍  നിന്നു.


നിനക്കിവനെ  അറിയുമോ ...?
ഉത്തരം മുട്ടിച്ച  ചോദ്യം
മുന്നില്‍ നിന്നു ചിരിച്ചപ്പോള്‍
മാമ്പൂ കൊഴിയുന്നതുപോലെ
ഹൃദയത്തില്‍ നിന്നും
ഒരു പഴയ പ്രണയം
ഉർന്നൂർന്നു  പോയി.
                   ....... വിശ്വം

വീട്ടിലേക്കുള്ള വഴി




വീട്ടിലേക്കുള്ള വഴി


ഊട് വഴികളിലൂടെയായിരുന്നു
ആദ്യമെല്ലാം യാത്ര
ഇടയ്ക്കിടയ്ക്ക് പെരുവഴികൾ
ചുവടുതാങ്ങികൾ
ചൂളക്കാറ്റുറങ്ങുന്ന തണല്‍ മരങ്ങൾ

തൊട്ടാവാടികള്‍ കൂട്ടത്തോടെ
നാണംകുണുങ്ങുമായിരുന്നു.
ചെമ്പോത്ത് കൈതയോലയില്‍
കണക്കുകള്‍ എഴുതുമായിരുന്നു.
മഴവെള്ളം തോടുകിലൂടെ
കുരവയിട്ടു പായുമായിരുന്നു
ഒറ്റാലുകളില്‍ വരാലും വട്ടാനും
മത്സരിച്ചു കുടുങ്ങുമായിരുന്നു.
ഇടവഴികളില്‍
കല്ലുവട്ടും തലപ്പന്തും
തകരപ്പാട്ടയുടെ മേളത്തില്‍
കൂവി വിളിയ്ക്കുമായിരുന്നു.
കളസമണിഞ്ഞ തോക്കുകാരന്‍
പറക്കുന്ന പറവകളെ
വെടിയിറച്ചി യാക്കുമായിരുന്നു.

മഴയത്ത് കടത്തുകാരന്‍
തോണിയിലെ വെള്ളം
തുഴയ്ക്കൊപ്പം തേകുമായിരുന്നു
വീട്ടിലേയ്ക്കുള്ള വഴി
വേലിപ്പടർപ്പുകൾക്ക്
അറിയാമായിരുന്നു.
പകലും രാത്രിയും
മുററത്ത് കുട്ടികൾ
സാറ്റ് കളിയ്ക്കുമായിരുന്നു.

വളര്‍ന്ന്  വളര്‍ന്ന്
സൈബര്‍ ഇടവഴികളില്‍
സിമന്റുഭിത്തികള്‍
കിളിത്തട്ട് കളിയ്ക്കുന്നു

മേല്‍വിലാസം തേടി
പടിവാതിലില്‍ തിരക്കുകള്‍
വീട്ടുകാർ ഒന്നിച്ച്
മുത്തശ്ശനേയുംമുത്തശ്ശിയേയും
കാണാന്‍
ശരണാലയത്തിലേക്ക്
ഉല്ലാസയാത്ര പോകുന്നു

നിലാവ് മേല്ക്കൂരയില്‍
തെരുവു വിളക്കുകളുമായി
ഇരുട്ടിനെപറ്റി പഴിപറയുന്നു

വീടിനിപ്പോൾ
ഒരു  പൊതുവഴിയും
ഉറക്കം നുണഞ്ഞിറക്കുന്ന
കാവല്ക്കരാനുള്ള
അടഞ്ഞ ഗേറ്റും മാത്രം.

....... വിശ്വം.

ചിത കത്തിയ്ക്കുക


ചിത കത്തിയ്ക്കുക

ചിത കത്തിയ്ക്കുക
എരിയട്ടെ ജീവിത പിശകുകള്‍
കരിയട്ടെ കയ്പ വള്ളികള്‍

നിശബ്ദ വികാരങ്ങള്‍
ഇറ്റിറ്റു തീരട്ടെ

ജപിയ്ക്കുന്ന മന്ത്ര ധ്വനികളില്‍
നിലയ്ക്കട്ടെ
ജീവിത പിശകുകള്‍ 

ചിത കത്തിയ്ക്കുക
തീരട്ടെ ഹൃദയ മിടിപ്പുകള്‍
നിഴല്‍ പോലുമില്ലാത്ത 
കരിയായടങ്ങട്ടെ
കാറ്റ്  ചിരിയ്ക്കട്ടെ

കുന്നിക്കുരുക്കള്‍
കൂട്ടിവെയ്ക്കുമ്പോള്‍
പിറവികൊള്ളുന്ന
പൈതലേ നീ
കരിവാരി
കടലിലെറിയുക
ഉപ്പു കുറയട്ടെ

ഒരു രാത്രി കൂടി
ഉറുമ്പായുറങ്ങട്ടെ
പകലവന്‍ ഉണരട്ടെ
ചിത കത്തിയ്ക്കുക.

..... വിശ്വം.

മിഴിനീരില്‍ എഴുതാന്‍ മറന്നത്..

മിഴിനീരില്‍ എഴുതാന്‍ മറന്നത്..


ചുവരുകൾക്ക്
മനസ്സിലെ ചോദ്യത്തിന്
ഉത്തരം നല്കാന്‍
കഴിയില്ലെന്നായിരുന്നു
അടഞ്ഞ വാതിൽ  പറഞ്ഞുകൊണ്ടിരുന്നത്.

നാല്‍ക്കവലകള്‍ തൊട്ട്
കുതിരപ്പുറത്ത്‌
ഞെളിഞ്ഞിരുന്നു വരുന്നവരുടെ
അകമ്പടിക്കാര്‍
നിശബ്ദമായി കരാറുണ്ടാക്കുന്നു

ചതഞ്ഞരഞ്ഞ പ്രതീക്ഷകള്‍
ചിരിച്ച്  മുന്നിലെത്തുമ്പോള്‍
ഓട്ടുവിളക്കേല്പിച്ച
കാല്‍ വെള്ളയിലെ മുറിവിന്
ഒരുറക്കം ഉണരുവാനോളം വേദന

ഓരോ ചിരിയിലും അര്‍ത്ഥം കണ്ടെത്തുന്നവരുടെ
അഴിഞ്ഞ വസ്ത്രങ്ങളിലാടിക്കുഴയാൻ  വേണ്ടി
ഉള്ളിലും പുറത്തും ഓടാമ്പലുകള്‍  അടയുന്നു.

കരഞ്ഞു കലങ്ങിയ മിഴികളില്‍
നിറഞ്ഞൊഴുകുന്നത്  ചോര
ഇരകളെ തേടി നഗരങ്ങളില്‍
കെണികളുമായി ആത്മാവ് നഷ്ടപ്പെട്ടവര്‍
പൊട്ടിച്ചെറിയാന്‍ പറ്റാതെ  ഇരുട്ടില്‍
വേട്ടക്കാരന്റെ കരങ്ങളില്‍
ശബ്ദം നഷ്ടപ്പെടുമ്പോള്‍
തിളച്ചു  തൂവുന്നത്
രതിയുടെ അടങ്ങാത്ത  സ്പര്‍ശങ്ങള്‍


"ഒരു തീമഴ പെയ്തിരുന്നെങ്കില്‍"

പൊള്ളുന്ന ഓർമ്മകളുടെ
നിഴല്‍ തേടി അലയുവാന്‍
കാത്തിരിയ്ക്കാതെ
തീ നനഞ്ഞ് ചൂടകറ്റാം
എന്ന പ്രതീക്ഷ
വാതില്‍ പിളർപ്പിലൂടെ
ഇരു മിഴികളിലും
എഴുതാതെ
......................... വിശ്വം.

പൂവ്


പൂവ്


നിറങ്ങളാണ്
പൂക്കള്‍
ദളങ്ങള്‍ കൂട്ടിച്ചേര്‍ത്ത്
തൊടിയിലും പിന്നാമ്പുറങ്ങളിലും
ചിരി ച്ച് കൂട്ടം കൂടി
മുടിക്കെട്ടുകളിലും.


മണങ്ങളാണ്
പൂക്കള്‍
പകല്‍ മുഴുവൻ
പരിമളം

രാത്രി
മാസ്മരികതയുടെ
ചൂഴ്ന്നു കയററം


പേരുകളാണ്പൂക്കള്‍
വാടാമുല്ലയും
നാലുമണിയും
പാലയുംഇലഞ്ഞിയും
മറക്കാനാവാത്തവ


പശു കടിച്ചും
ചവിട്ടിയരച്ചും
പൂക്കള്‍ക്ക്
ആത്മ ബന്ധങ്ങള്‍
നഷ്ടപ്പെടുന്നു

...... വിശ്വം.

കാലം കൂട്ടിചേര്‍ത്ത ചങ്ങാതിമാര്‍ക്ക്..

കാലം കൂട്ടിചേര്‍ത്ത  ചങ്ങാതിമാര്‍ക്ക്


പൊടിഞ്ഞ 
മേല്‍വിലാസ പുസ്തകത്തില്‍
മങ്ങി മറന്നിരുന്നു ചങ്ങാതിമാർ
ഇന്നലെ
ഓരോരുത്തരായി
പൊടി തട്ടി  പുറത്തിങ്ങി 

പല തലകളും
നരച്ചിരിയ്ക്കുന്നു
വിദഗ്ദര്രുടെ തല 
കറുപ്പില്‍  മുക്കിയെടുത്തവ.
യാത്രപറയാതെ പോയ
രണ്ടുപേര്‍ ഹൃദയത്തിൽ 
ഓർമ്മക്കനലുകള്‍
കോരിയിട്ടു .

ഡ്രായിംഗ് ഹാളില്‍,
വര്‍ക്ക് ഷോപ്പിലെ ഡി..സി.മെഷീനില്‍
കറങ്ങികൊണ്ടിരുന്ന   'ലേത്തി' ല്‍
ആവി പറക്കുന്ന ഫൌണ്ടറിയില്‍
നഷ്ടപ്പെട്ട  കണ്ണീർ അളന്ന 
വെഞ്ചുറി മീറ്ററില്‍
ബാലന്‍ സാറിന്റെ ക്ലാസ്സില്‍
ഓരോരോ അടവുകളുമായി
വീണ്ടും എല്ലാവരും 
നിരന്നിരുന്നു

നിശബ്ദമായി
പരീക്ഷാ ഹാളിലായിരുന്നു
അവസാനം ഒന്നിച്ചത്
പരീക്ഷ ഫലത്തിൽ
എല്ലാ പേരുകളും
ഒന്നി ച്ച് എഴുതപ്പെട്ടു


കാറ്റിനൊപ്പം പറന്ന്
മുളപ്പൊട്ടിയ  പുതുനാമ്പുകളുമായി
ഒരു ഓര്മ്മപ്പൊക്കത്തില്‍
ഒന്നിയ്ക്കുമ്പോള്‍
എല്ലാ നാവിലും
ചോറ്റുപാത്രത്തിലെ
അതേ ഉച്ച രുചി 

    നോക്കിയാല്‍ കാണാവുന്നത്ര
    ദൂരമേ ഇനി ഈ യാത്രയില്‍
    ബാക്കിയുണ്ടാവൂ
    കൈചൂണ്ടി
    തോളില്‍ തട്ടി
    ഉറക്കെ കൂവി
    മൊബയിലൂടെ
    ഇ- മെയിലിലൂടെ
    സോഷ്യല്‍ നെറ്റ്വർക്കിലൂടെ 
    ഇനിയും ഈ യാത്ര
    മു ന്നോ ട്ട്.

    ........... വിശ്വം.

    നഗരക്കുരുക്ക്

    നഗരക്കുരുക്ക്


    മുട്ടോളം പേടിയുണ്ട്
    കുറുകെ കടക്കുമ്പോള്‍
    പോളകയറിയ തോടുപോലെ
    ട്രാഫിക്സിഗ്നലില്‍
    സീബ്രലൈന്‍

    അക്കരെ എത്താൻ
    കാറുകൾക്കിടയിലൂടെ
    കിളിത്തട്ടുകളിക്കുന്നവര്‍
    ഒഴുകിതീരാതെ
    പിന്നെയും ജനകൂട്ടം

    ദേശാടനക്കിളികള്‍
    വഴിവാണിഭം കണ്ട്
    പാര്‍പ്പിട്ടു നില്‍ക്കും.
    എന്തെല്ലാംതരം വിഭവങ്ങള്‍
    നിരത്തില്‍ കണ്ണിറുക്കുന്നു.

    ഫ്ലോറാ ഫൌണ്ടനില്‍
    തിരക്കിപ്പോള്‍ തീരെയില്ല
    അംബരചുംബികള്‍
    ചെറുതായി, തലകുനിച്ച്
    പഴയ പുസ്തകങ്ങള്‍
    വിലപേശലില്‍  പിണങ്ങുന്നു.
    വിലയില്ലാത്ത കീടങ്ങള്‍
    നടപ്പാതകളില്‍ ചുരുളുന്നു

    ഒഴുക്കുനിന്ന നദിയെപോലെ
    ബാങ്ക് സ്ട്രീറ്റ് വിജനമായി

    ജഹാംഗീറില്‍ കൂടി പോകണം
    നിറങ്ങള്‍ പുല്കുന്നത്
    നോക്കിനില്‍ക്കാന്‍

    എല്ലാം കഴിഞ്ഞ്
    നഗര കുരുക്കിൽ
    കുടുങ്ങാതെ
    നക്കൂരമിട്ട കപ്പലുകള്‍ കാണാൻ
    ഗേറ്റ് വേയിലേക്ക്
    ഒരു പൂച്ചനടത്തം.

    ............... വിശ്വം.


    കടലാക്രമണം.


     കടലാക്രമണം.


    ജലമായിരുന്നു തിരഞ്ഞത്
    കുഴിച്ചാല്‍
    കിട്ടുമെന്നായി കൂട്ടര്‍

    വള്ളിപടര്‍പ്പോ
    മരത്തണലോ ഇല്ലാതെ
    ഭൂമിയുടെ ആഴത്തിൽ


    ഒരുകുടം വെള്ളവുമായി
    മണ്ണ് കുഴിച്ചുകൊണ്ടിരുന്നു.
    കൈയ്യോളം, തലയോളം
    ആകാശം
    അകന്നകന്നു പോയി
    ജലം കണ്ടില്ല
    കുടം വറ്റിവരണ്ടപ്പോള്‍
    നിശബ്ദമായി

    കുഴിച്ച കുഴിയിൽ
    തളര്‍ന്നിരുന്നു
    കൂട്ടുനിന്ന പകലവന്‍
    കടലിലിറങ്ങി
    പാതിരാവിൽ
    നക്ഷത്ര കൂട്ടങ്ങളില്‍
    തീമഴ പെയ്തു

    അവസാനം
    ജലം തന്നെയായിരുന്നു
    ഉറക്കത്തില്‍
    കൂട്ടിനായെത്തിയത്.

    കണ്ണീര്‍ മഴ നനഞ്ഞവര്‍
    മെഴുകുതിരി  വെളിച്ചങ്ങള്‍ പേറി
    തെരുവുകളില്‍
    സ്മാരകങ്ങളില്‍
    നക്ഷത്രങ്ങള്‍ നിറച്ചു.

    .................... വിശ്വം.

    ഓര്‍മ്മ പ്പെടുത്തല്‍

    ഓര്‍മ്മ പ്പെടുത്തല്‍

    മിന്നാമിനിങ്ങിന്റെ വെളിച്ചത്തില്‍
    ഇരുട്ടുമൂടിയ ഉള്‍ക്കാടുകളിൽ 
    പകൽ കടന്നു ചെല്ലുമ്പോൾ
    പേടിച്ചു മിടിയ്ക്കുന്നു  ഹൃദയം

    ഉഗ്ര വിഷ സർ പ്പങ്ങളുണ്ട്
    ഇലകള്‍ക്കിടയില്‍
    ഓരോചുവടും പതുക്ക പതുക്കെ.

    കറുത്തിരുണ്ടു മുന്നില്‍
    വഴിതടഞ്ഞു നില്‍ക്കുന്നത്
    മിന്നിമറയുന്ന മിന്നല്‍ പിണരുകള്‍
    ഉള്‍ക്കണ്ണിലോട്ടു കുത്തിയിറക്കുന്നു.

    രാത്രിയെത്തുന്നതും കാത്ത്
    താളം നിലപ്പിയ്ക്കാന്‍
    മഴതുള്ളികള്‍ക്കായില്ല
    ഒരു നീണ്ട യാത്രയിലെന്നപോലെ
    ശാന്തമായൊഴുകുന്ന കാട്ടരുവി

    രക്ത മൂറ്റി ക്കുടിയ്ക്കുന്ന അട്ടകള്‍
    കാല്‍ മുട്ടുകള്‍ വരെ എത്തുന്നു
    മുന്നോട്ടിനിയെന്തു ദൂരം അറിയില്ല

    ശക്തമാണ് കൊടുങ്കാറ്റിന്‍റെ
    ചലനങ്ങള്‍ , ഹൃദയം ഓര്‍മ്മപ്പെടുത്തുന്നു.
    ആത്മാവ് കുളിര്‍കാറ്റിലലിയുന്നു
    ധ്യാന മുഹൂര്‍ത്തങ്ങള്‍ പേടിപ്പെടുത്തുന്നു.

    ഇരുളും വെളിച്ചവും തിരിച്ചറിയാതെ
    ഇരുകൈയ്യും കൊണ്ടു പൊത്തട്ടെ കണ്ണുകള്‍
    മുന്നില്‍ ഹസ്തമോ പിന്നില്‍ കരടിയോ
    ഹൃദയം തുളുമ്പി തൂകുന്നു
    ജീവന്റെ നിര്‍മ്മല സംഗീതം.

    ................... വിശ്വം.

    പൗര സമ്മതം

    പൗര സമ്മതം
    *************

    ചൂണ്ടുവിരല്‍ നീട്ടുക
    കരിമഷി
    മനസാക്ഷിയുടെ
    ചുംബനം നല്കട്ടെ
    പതിഞ്ഞ അടയാളങ്ങള്‍
    പുറത്തറിയുന്നതുവരെ
    നിശബ്ദത
    നിരത്തിലലിയട്ടെ

    കിനാക്കൾ
    വെറുതേ പൂക്കില്ല
    നിലാവെളിച്ചത്തില്‍
    നിറം തെളിയില്ല

    ചൂണ്ടു വിരൽ
    അറിയട്ടെ
    മഷി മണം

    വെറുതേ
    മായ്ക്കരുത്
    തല വരകള്‍.

    .................. 

    പുലി ജന്മം

    പുലി ജന്മം


    ചത്തപുലിയ്ക്ക്
    പല്ലില്ലായിരുന്നു

    രക്ഷപ്പെട്ട പുള്ളിമാന്‍
    മലദൈവങ്ങള്‍ക്ക്
    സ്തോത്രം പറഞ്ഞു.
    പിന്നെയും
    പുല്മേടുകള്‍തേടി

    പുലികൂട്ടങ്ങള്‍
    മരണകാരണം അന്വേഷിച്ചു
    പുലിയുടെ നഖങ്ങള്‍
    പരിശോധിച്ചു

    മുതലക്കുളത്തില്‍
    വീണതു മുതല്‍
    കടുവയുമായി
    എറ്റുമുട്ടിയത് വരെ
    മൂത്തപുലി
    കൂട്ടിനോക്കി

    പുല്ലുതിന്നപ്പോഴും
    സിംഹ പയററിലും
    പല്ലുണ്ടായിരുന്നതായി
    പുലിക്കുട്ടികള്‍

    ശക്തമായ ചെറുത്തുനില്പ്പില്‍
    മാന്‍ ചവിട്ടിയതാകാം
    പല്ലുപോയതെന്ന്
    പുതിയ കണ്ടെത്തല്‍

    ദയയില്ലാതെ
    പുള്ളിമാന്‍ കടിച്ച്
    കൊലപ്പെടുത്തിയതാണ്
    പുലി ദിവ്യനെയെന്ന്
    പുലി മൂപ്പന്‍.

    ഇനി മുതൽ
    കൂട്ടം കൂടി
    പിടലിയിൽ കടിച്ചു  തന്നെ
    മരണമുറപ്പാക്കണമെന്ന്
    അന്ത്യ വിധി

    പിന്നെപ്പിന്നെ
    പുലിയ്ക്ക്
    മാന്‍ പേടിയില്ല

    .............. വിശ്വം.

    പോയോ ..?


    ആദ്യം ചോദിച്ചത് ആരാണ്..?
    സൈക്കിളിന്‍റെ കാറ്റുപോയപ്പോള്‍
    തിരക്കില്‍ പേഴ്സ് പോയപ്പോള്‍
    കണക്കു ക്ളാസ്സില്‍ തോറ്റപ്പോള്‍
    ചോദിച്ചവരോടെല്ലാം
    ഉത്തരം പറഞ്ഞു മടുത്തിട്ടുണ്ട്.

    കടയില്‍ പോയപ്പോള്‍
    സ്കൂളില്‍ പോയപ്പോള്‍
    കടവില്‍ പോയപ്പോള്‍
    ചന്തയില്‍ പോയപ്പോള്‍
    എല്ലായ്പ്പോഴും
    ഒരേ ഉത്തരം തന്നെ പറഞ്ഞിരുന്നു.

    മത്തായി സാറു തോറ്റപ്പോള്‍
    പെട്ടെന്ന് വിളക്കണഞ്ഞപ്പോള്‍
    അവസാനത്തെ വണ്ടിയ്ക്കായെത്തിയപ്പോള്‍
    വില്ലേജോഫീസറെത്തേടി എത്തിയപ്പോള്‍
    ജോലിയ്ക്കായി പണംകൊടുത്തപ്പോള്‍
    ഉത്തരം തളര്ത്തുന്നതായിരുന്നു.

    ശ്വാസമടക്കി
    വാന്കെടേ സ്റേറടിയത്തില്‍
    വേള്‍ഡ് കപ്പ്‌ ക്രിക്കറ്റ്‌ കണ്ടപ്പോള്‍
    ശ്രീലങ്ക ൨൭൪ രണ്സെടുത്തപ്പോള്‍
    ആദ്യ വിക്കറ്റുപോയപ്പോള്‍
    സച്ചിന്‍ വീണപ്പോള്‍
    ഉത്തരമറിയാതെ
    വെറുതെ ചോദിക്കുന്നു
    പോയോ..?

    ................. വിശ്വം.