Pages

അടയാളങ്ങളില്ലാതെ


 അടയാളങ്ങളില്ലാതെ
തുറന്ന ജനാലയിലുടെ  അകത്തു കയറുമ്പോള്‍
വിരലടയാളങ്ങള്‍  പതിയും
പതിയെ  കിടക്ക വരിയ്ക്കടിയിലുള്ള 
താക്കോല്‍കൂട്ടം എടുത്താൽ   കൈ മുട്ടുമോ എന്തോ..?
അടയാളങ്ങള്‍ ബാക്കിയാക്കാതെങ്ങനെ മോഷ്ടിയ്ക്കും..?

ജീവിതം മോഷണങ്ങളുടെ  ചില്ല് കൊട്ടാരമാണ് 
ആദ്യം അടുത്തുകൂടി കരളെന്നുവിളിച്ചു ഹൃദയം  കവർന്നു
ബാക്കിവെച്ച മോഹങ്ങള്‍ പെട്ടെന്നാരോ തട്ടിയെടുത്തു 
ആയുസ്സിന്‍റെ  ഭാഗം മുഴുവന്‍ കാലം കവര്‍ന്നെത്തു 
ഇത്തിരിയുള്ള  ചിന്തകളില്‍ എങ്ങനെ  നീ വരാതിരിയ്ക്കും?

ചിറകുകള്‍കറുത്ത  വെളുപ്പാന്‍കാലം
ഇരുട്ടിനെ മോഷ്ടിക്കുന്നു
കറുത്തിരുണ്ട മേഘങ്ങള്‍ ചന്ദ്രബിംബത്തേയും 
എല്ലായിടത്തും അടയാളങ്ങള്‍ ബാക്കിയാകുന്നു.

മുഖം കണ്ടാലോ  ..? അടയാളങ്ങളില്‍ 
കാഴ്ചയ്ക്ക്  എന്ത് സ്ഥാനം !
കണ്ടത് വിവരിയ്ക്കുമ്പോള്‍ തെറ്റിയതാകാം 
പിന്നെയും തമ്മില്‍ കണ്ടാലല്ലേ കള്ളനാകൂ..!


അടയാളങ്ങളില്ലാതെ   
നിര്‍ത്താതെ  പ്രശംസിയ്ക്കുന്നവര്‍
പ്രസംഗിച്ചത്  മോഷണത്തെ കുറിച്ചായിരുന്നു. 
                                      .. .... ...   വിശ്വം.

കറുത്ത വാവില്‍

പല സന്ധ്യകള്‍ കാത്തുനിന്നൊരു 
കല്‍വിളക്കിന്നു  കരിന്തിരികത്തുമ്പോള്‍
പകലിന്‍വിയോഗത്തില്‍ കരയുന്നഗഗനത്തെ   
പുതപ്പിച്ചുറക്കാനായ്  കറുത്തവാവ്

ഇരുളിന്‍പുറംപറ്റി നിറയുന്നതാരകള്‍
കരളിലുതിര്‍ക്കുന്ന പുനര്‍ജന്മചിന്തകള്‍
ഉദയം പതിവെന്നാചാര്യവചനങ്ങള്‍
നിറയ്ക്കുംവെളിച്ചം പകലെന്നപോലെയും

ആരുപിരിഞ്ഞെന്നും ആരുകരഞ്ഞെന്നും
കാലം കണക്കതില്‍ കൂട്ടിനോക്കാറില്ല
പോകുന്നതെല്ലാം പുതിയൊരുനാമ്പുമായ്
പാതവക്കില്‍ തന്നെ ഫണമുയര്ത്തുന്നെന്നും

ഇത്തിരിവെട്ടം ചുരത്തിനില്‍ക്കുന്നോരമ്പിളി
പെട്ടെന്ന് മാഞ്ഞുപോകുമ്പോള്‍ പലപ്പോഴും
പുത്തനറിവുകള്‍  പൂക്കുംസിരകളില്‍
പൊട്ടിക്കരച്ചിലിന്‍  വേലിയേറ്റങ്ങളും

കത്തിപ്പടരുന്ന ഓര്‍മ്മകള്‍ പലരിലും
കത്തി ജ്വലിയ്ക്കുന്നതീ കറുത്തവാവില്‍
കാക്ക കൊത്തിതിന്നും ബലിചോറുകള്‍
കാലംകടന്നവര്‍ക്കായുള്ള  തര്‍പ്പണം
.................               ................  വിശ്വം.

പെരുമഴയുടെതാളങ്ങള്‍

ജിന്നുകളെ തിരക്കി ഇറങ്ങിയ രാത്രിയില്‍
വഴിയോരങ്ങളില്‍ കുപ്പിവളകളുടെ കിലുക്കം
ആദ്യം കണ്ടത് വിളക്കു നാളങ്ങളില്‍
കണ്മഷിയെഴുതുന്ന കരിവണ്ടിനെ

ഉറങ്ങാതെ  ഇടവിട്ടിടവിട്ടലറി വിളിയ്ക്കുന്ന
കതകിനു പറയുവാന്‍ രഹസ്യങ്ങള്‍ മാത്രം
പടിയിറങ്ങി പോകുന്ന കാമുകര്‍ക്കെല്ലാം
മുന്തിരിച്ചാറിന്റെ മണമുള്ള   ഓര്‍മ്മകള്‍


നിലാവുതെളിയുന്ന പുഞ്ചിരിചുണ്ടുകള്‍
നാഴിക മണിപോലെ മാടി വിളിയ്ക്കുന്നു
ചലിയ്ക്കുന്ന കണ്ണുകള്‍ പറഞ്ഞു വെച്ചത്
നഷ്ടപ്പെട്ട  ബാല്യവും മങ്ങിയ മാതൃത്വവും

പെരുമഴയുടെതാളങ്ങള്‍ക്കിടയില്‍
തകര്‍ന്ന്,   ജീവിതം നഷ്ടപ്പെട്ട ജിന്നുകള്‍
നിറം മങ്ങിയ നിലാവെളിച്ചത്തില്‍
കാര്‍മേഘങ്ങളലിഞ്ഞുചേരും പോലെ .
...  ....  ....   ... ..........   വിശ്വം

പ്രവാസി

മറുനാട്ടിലായതില്‍  ലഹരി പിടിച്ചെന്നും
മലയാളഭാഷയെ പഠിയ്ക്കുന്നൊരുവര്‍  നാം
ലളിതമാം വാക്കുകള്‍ക്കുള്ളില്‍ കിടക്കുന്ന
ഹരിത മനോഹരി, നിന്നെ നമിയ്ക്കുന്നു

നിഴലുകള്‍ നിലകളില്‍  വെഞ്ചാമരം വീശും
പുഞ്ചവരമ്പുകള്‍  പൂക്കളരുവികള്‍
കാഞ്ചന ശോഭയും കളകള നാദവും
കാറ്റിലുലയുന്ന  കല്പ വൃക്ഷങ്ങളും

കേട്ടാലഭിമാനമേകും  കഥകളും
പാട്ടുകള്‍ക്കിമ്പം പകരും സ്വരങ്ങളും
ഓര്‍ത്തു മരവിച്ചൊരകകണ്ണു മായാണ്ടില്‍  
തീ ര്‍ത്ഥ യാത്ര യ്ക്കെന്നപോല്‍ വരുന്നവര്‍

നോക്കി പിഴിയുന്ന കൂട്ടരെപ്പോലിന്നു
നാട്ടുകാര്‍ ഭാവം പകര്‍ന്നു ചിരിയ്ക്കുമ്പോള്‍
ഭേദം മറുനാടെന്നു  വിചാരിപ്പവര്‍ നാം
കഷ്ടം, പിരിഞ്ഞതോര്‍ക്കുന്നു നിന്‍ ഭൂവിനെ .


ഒരു രാത്രി പോലും മയങ്ങാതെ വേദന
മനതാരില്‍ വെച്ചു കഴിഞ്ഞു കുടുന്നവര്‍
പിറവി, ബാല്യം, ശീ ലം, മറക്കുവാന്‍ വയ്യല്ലോ  
മനുജനായ് പോയല്ലോ, അമ്മേ മലയാളമേ .

....................                                       ........ വിശ്വം

ജിവിത ചക്രം


 ജിവിത ചക്രം

ജനലഴിയില്‍ പിടിച്ചുനിന്നത്
വയസ്സായ ശരീരം.
വേദനിയ്ക്കുന്നുവോ നിനക്കെന്ന്
നിഴല്‍
ഇടനാഴിയില്‍ അടക്കിപ്പിടിച്ച
സംസാരങ്ങള്‍
എല്ലാ മുഖങ്ങളിലും
വേദനയുടെ ചുട്ടികള്‍

തോളത്തു തട്ടിയ  നിഴല്‍ പറഞ്ഞു


"പോയി കണ്ണടച്ചു കിടന്ന്
 സമയം കളയാതെ യാത്രയാകാന്‍
ബാക്കിയെല്ലാം നിലവിളിയ്ക്ക് ശേഷം"

വിദൂരതയിലേയ്ക്ക്   നിഴല്‍ മറഞ്ഞു
 വായപൊളിച്ച്   നീണ്ടു കിടന്നപ്പോൾ

ചുറ്റിലും കരയുന്നവര്‍
സ്ഥിതി ഗതികള്‍ അറിയിക്കുന്നവര്‍

ഓര്‍മ്മയില്‍ വളർന്നത്‌ 
 മധുര കിനാക്കള്‍
ഉയരങ്ങളില്‍ എത്തിയ്ക്കാന്‍
വിയര്‍ത്തു  ചുരുങ്ങിയത്
ശ്വാസം തേടിയ   ഉടല്‍

നാളത്തെ  വിമാനത്തിലേ 
മകനെത്തൂ  എന്ന് കൂടിനിന്നവര്‍
കാത്തിരുന്നെങ്കില്‍
പലരും  പിണങ്ങിയേനെ ..!

പിരിയുമ്പോൾ
നിഴല്‍ പറഞ്ഞിരുന്നു
കൊച്ചു മോന്റെ കാര്യത്തില്‍
മകന്‍ തിരക്കിലാണ്
വെറുതേ മോഹിച്ചാൽ
സമയം  പാഴാകും  !.
... ... വിശ്വം

പുതുവത്സ രാശംസക ള്‍.

പുതുവത്സ രാശംസക  ള്‍.


ഓടി അടു ത്തതും അക ന്നതും
പുതു വര്‍ഷം , പുലരുവോളം
പുണര്‍ ന്നതും പൂമ്പൊടി കുട ഞ്ഞതും
പുതുവത്സര ആഘോഷങ്ങ ള്‍

പ്രായമൊന്നേ റി, മെല്ലെ മാറു ന്നു
ശീല ങ്ങ ള്‍, പരാതി മനസ്സിലെഴു  ന്നു
പുതുമ കണ്ടു തീ  ര്‍ ക്കുന്നു കണ്ണുക ള്‍
കണ്ടതെല്ലാം ജിവിത ക്ലേശ്ശ ങ്ങ ള്‍

പിറക്കു ന്നു മറക്കു ന്നു
വളരു ന്നു തളരു ന്നു
പൊറുക്കുവാ ന്‍ പ്രതീക്ഷ ക ൾ
പുതു പുലരികള്‍ പൂക്കുന്നു

കഴിയുമീ  ജീവിതം
ഇരുട്ടിവെളുത്ത പോ ല്‍
പുതുമയീ  വര്‍ഷാന്ത്യത്തില്‍
കുപ്പിവാങ്ങി മിനുങ്ങിയും

എത്ര എത്ര ബ്രാണ്ടുക ള്‍
സൗഹൃദം പോ ല്‍ സുലഭമായ്
വാങ്ങി കൂടി കൊഴുപ്പി ച്ചാ ല്‍
പുതുവര്‍ഷം കേമമായ്

കണികാണേ ണ്ട  കഴിഞ്ഞെല്ലാം
രാത്രിയില്‍, പുതു പുലരിയുറങ്ങി യും
ഉണർ ന്നിനിയടുത്ത വര്‍ഷാന്ത്യം
നേരുന്നു  പുതുവത്സരാശംസകള്‍.
.... 

നിലനില്പ്


 നിലനില്പ്

കൊടുങ്കാറ്റുകള്‍
പറയാതെ തന്നെ
തണുപ്പ്  മൂടിയ
ഭൂമിയെ തഴുകുന്നു.

ഉയരുന്ന ജലവിതാനത്തില്‍
നിലയ്ക്കുന്നു
ഇടയ്ക്കിടയ്ക്ക്
ജീവിതം.

കടലും
കരയും
ഒന്നും അറിയാത്തപോലെ
പരസ്പരം മൂകരാകുന്നു

കലഹം മറക്കാന്‍
കഥകൾ എഴുതുന്നു
വിരുന്നു വരുന്ന
കൊടുംകാറ്റുകള്‍
കണ്ണീര്‍ ബാക്കിയാക്കുന്നു

തലയില്‍
അഗ്നികുണ്ഡം
ചൂടിയവന്‍
ദയയ്ക്കായി  കേഴുമ്പോള്‍
പൊഴിവാക്കുകളെന്ന്
നീതിന്യായം

ഒരിടവപ്പാതിയ്ക്കും
നിറവയറാൽ  വിതുമ്പുന്ന
ജീര്‍ണ്ണിച്ച ബന്ധനങ്ങള്‍ക്ക്
പകരമാകാന്‍ കഴിയില്ല
കൊടുങ്കാറ്റുകള്‍
ആഞ്ഞടിയ്ക്കുന്നത്
ഹൃദയത്തിലേയ്ക്ക്

വകതിരിച്ച്
കരുതി വെയ്ക്കണം
 ഇത്തിരി കണ്ണീര്‍
പുഴയൊഴുകി
കടലിലെത്തുമ്പോള്‍

നിന്‍റെ  ന്യായം
എന്‍റെ  മേലെയുള്ള
നിന്‍റെ കടന്നു കയറ്റം
എനിയ്ക്കുവേണ്ടി
ഇനിമേൽ  നീ
കണ്ണീര്‍ വീഴ്ത്തരുത് .

...... വിശ്വം

സ്വപ്നച്ചുഴി


 സ്വപ്നച്ചുഴി
ഉറങ്ങുമ്പോള്‍
പ്രളയം സ്വപ്നം കാണുന്ന രാപ്പനിയില്‍
തല മരവിച്ചിരുന്നു
പിച്ചും പേയും പറഞ്ഞ്  രാത്രിയില്‍
മറ്റുള്ളവരുടെ ഉറക്കവും

പനികൂര്‍ക്കയും  തുളസ്സിയിലയും  തേടി
മലകളില്‍ അലഞ്ഞു നടന്നു
ചുക്ക് വെള്ളം ചൂടാക്കിയ
ജീവന്‍റെ ഊഴം.

വാക്കുകള്‍ ചേക്കേറാനിടയില്ലാതെ
മൌനം വരിക്കുന്നു
ഒടിഞ്ഞു വീണ ചില്ലകളില്‍
മരത്തിന്‍റെ  വിങ്ങൽ


മരവിച്ച  ബന്ധങ്ങള്‍ 
വാക്കേറ്റങ്ങളുടെ ചുടു പകരും
തുടര്‍ന്ന്‌ 
പോരാളികളാകും

നിനക്ക് കണ്ണിമാങ്ങാ വേണോ..?
ഇത്തിരി ദാഹ ജലം എനിയ്ക്കും!
സ്നേഹം നടിച്ച് 
പ്രളയത്തോടൊപ്പം
പുര്‍വ്വ കാലങ്ങള്‍
സ്വപ്നച്ചുഴിയില്‍

...................... വിശ്വം.

മുല്ലപെരിയാര്‍

പെരിയാറേ മുല്ല പെരിയാറേ
മലയാളക്കരയുടെ കണ്ണീരേ
ജലവും കൊണ്ടു കുലുങ്ങിക്കളിയ്ക്കും
മലയാളി പെണ്ണാണ്‌ നീ....ഇന്നൊരു
കൊലയാളി കല്ലാണ് നീ ..! ( പെരിയാറേ)

മലയാളക്കരയില്‍ പിറന്നു പിന്നെ
തമിഴക നാട്ടില്‍ തളിർത്തു   ...! (മലയാള)
നഗരം കളയാതെ ജീവന്‍ കളയാതെ
മലയാളം കാക്കണം നീ.... ഇനി
മലയാളം കാക്കണം നീ (നഗരം..)

പൊന്നലകള്‍ പൊന്നലകള്‍
തകര്‍ത്തെറിഞ്ഞു
വീഴാനൊരുങ്ങുകയല്ലേ .. നീ  (പൊന്നലകള്‍...)
പുതിയൊരു ...അണകെട്ടി
വെള്ളം നല്‍കണം..!
തമിഴ്നാട്‌ നനയിക്കണം..തേനിയില്‍
നിലമെല്ലാം വിളയിക്കേണം..നീ
നിലമെല്ലാം വിളയിക്കേണം നീ (പുതിയൊരു..)

നാടാകെ ജീവിതം നല്കേണം
നാട്ടാരെ കുളിരില്‍ ഉറക്കേണം (നാടാകെ...)
തമിഴില്‍ നീ ചെല്ലണം നാട്ടാരെ
കാണണം..!
ബലക്ഷയം അറിയിക്കേണം .. അണയുടെ
ബലക്ഷയം അറിയിക്കേണം...! ( തമിഴില്‍...)
( പെരിയാറേ..)

....
ഈ മുല്ല പെരിയാർ ഉണ്ടോ  എന്തോ ?

ക്രിസ്തുമസ് പുതുവത്സര ആശംസകള്‍.

പേടിപ്പിച്ചും പേടിച്ചും
ഒരുവര്‍ഷം
പോകുന്നു
വരുന്നു

ഉറക്കം വരാതെ ഉറങ്ങാതെ
വെള്ളം സ്വപ്നം കണ്ടവര്‍
അവധിയെടുത്തെന്ന്
പരസ്യ പ്രസ്താവനകള്‍

പേടിച്ചു വിറച്ച്
മറുനാട്ടില്‍ മലയാളം
പേടിച്ചു തന്നെ
കാരുണ്യത്തിനായ്
കൈകളുയര്‍ത്തി
കൈരളി
നാക്കുതളര്‍ന്നവര്‍ക്ക്
ഉന്നതങ്ങളില്‍ ന്യായം


ജീവത്യാഗത്തിന്റെ
സ്നേഹത്തിന്റെ
ഒര്മ്മപ്പെടുത്തലുമായി
ക്രിസ്തുമസ്
പ്രത്യാശയുടെ
പുതുവെളിച്ചവുമായി
ഒരുനവവത്സരം


ഏവര്ക്കും
ഹൃദയം നിറഞ്ഞ
കൃസ്തുമസ്
പുതുവത്സരാശംസകള്‍

...... വിശ്വം.

പിറന്നാളില്‍


പിറന്നാളില്‍

കാവ്യമനോഹരീ ,  നീ കനിഞ്ഞെങ്കിലും
ദീപവിതാനം പോലെയായല്ലോ മനമിന്ന്
പൂർണ്ണം, നവതിയിലാലസ്യപ്പെടുമ്പോൾ
ആശ ഇനിയും നിൻ മൃദുഹസ്തങ്ങളെന്നിൽ 
ചൊരിയണം പൂക്കളസ്തമയം എത്തുംവരെ

ഒരഗ്നി ഗോളത്തില്‍ പെട്ട ശലഭം കണക്കെ ഞാന്‍
ശക്തി ചോരാതെ നിന്നെയും പ്രണയിച്ചു
അശക്തനാം തെരുവിന്റെ നിഴല്ചേര്ന്നു
പകര്ത്തിയതൊക്കെയും ഒര്ക്കുന്നീ ദിനം

കൃഷ്ണ പാദങ്ങള്‍ കണികണ്ടുണരുമ്പോള്‍
സര്‍ഗ്ഗ കാമനകള്‍ അടര്ന്നൂരിചരിയ്ക്കുംപോള്‍
മാതെ , മറക്കാതെ മറുന്നാട്ടിലും നിനക്കായ്‌
യാമങ്ങള്‍ എത്ര ഹോമിച്ചു കൂട്ടി ഞാന്‍

കവി എന്ന് ചൊല്ലി വിളിയ്ക്കുമ്പോള്‍
അറിയാതെ അകകാമ്പില്‍ ആനന്ദം
ആത്മ  നൊമ്പരമെത്ര ഞാന്‍ നേരിട്ടു
പിന്നാമ്പുറങ്ങളില്‍ ഏതെല്ലാം വിത്തുകള്‍

ഒന്നിനി മാത്രം മലയാളമേ കേൾക്കൂ
എല്ലാം ഒരു നിയോഗം പറയുകില്‍
മധുരം സുന്ദരം മഹാമനസ്കയീയമ്മയും
മറാഠീ, പ്രണാമം നിനക്കുമീ വേളയില്‍.

... .... ... വിശ്വം.

"മാവേലി നാട് വാണിരുന്നെങ്കില്‍"

"മാവേലി നാട് വാണിരുന്നെങ്കില്‍"


ഓണക്കിളി ചിലച്ചു
തുമ്പയും തുമ്പിയും
കണ്ടില്ലെന്ന്
മഞ്ഞ ക്കസവുകള്‍

ഓണത്തിന്
പായസവും
പരിപ്പും വെയ്ക്കാന്‍
പാദസരം വില്‍ക്കാന്‍
അമ്മ പോയി

തൂശ്ശനിലയിട്ട്
വിളക്കുകത്തിച്ചു
പുറത്തൂണുകൊടുത്തില്ലെ ങ്കി ല്‍
പാഴ്ജന്മ മാകുമെന്ന് മുത്തശ്ശി
അപ്പുപ്പനും കൂട്ടരും
വിരുന്നു കാക്കകളായെത്തും.

പൊന്നിന്റെ വില കേട്ടാല്‍
കാണം വില്‍ക്കാന്‍ തോന്നില്ല.
നില വിളിയ്ക്കുന്ന
മകള്‍ക്കുവേണ്ടി അമ്മ
ഓണമൊരുക്കാന്‍ മുത്തശ്ശിയുടെ
പാദസരം പൊതിഞ്ഞ്

പൂനിലാവ്‌
മുറ്റത്തു ചിരിച്ചു
നിലാവെളിച്ചത്തില്‍
മറന്നു പോയ വഴികളില്‍
പേടിച്ചു മിഴിതുറന്ന
ഓണത്തുമ്പി
അമ്മയുടെ നിഴൽ തേടി 
അമ്മുമ്മക്കഥകള്‍ കേട്ടു

ആരാണീ .. ..മാവേലി
ഓണത്തിന് നാട്ടിൽ വരുമോ 
.അടുത്ത ഓണത്തിനെങ്കിലും
"മാവേലി നാട് വാണിരുന്നെങ്കില്‍"

.. .... ... ....

മുറിവുകള്‍


ശബ്ദങ്ങളുടെ താഴ്‌വരയില്‍
നിശബ്ദതയുടെ വഴികാട്ടി
ഊണും ഉറക്കവും ഉപേക്ഷിച്ച്
മഴയത്ത്

തെരുവ് മുഴുവന്‍ പ്രതീക്ഷയുടെ
ത്രിവര്‍ണ്ണങ്ങള്‍
സ്വാതന്ത്രത്തിന്‍റെ മുറിവുകള്‍
പേറി നനഞ്ഞൊലിയ്ക്കുന്നു.

ഉറങ്ങി യുറങ്ങി
അധികാരത്തിന്‍റെ അതിര്‍ത്തികള്‍ കാട്ടി
നാടുവാഴികള്‍

പെയ്ത ഒരു മഴയിലും
കളഞ്ഞുപോയ സ്വപ്‌നങ്ങള്‍
തെളിഞ്ഞു വന്നില്ല

ഏഴു ദിവസങ്ങള്‍
സൃഷ്ടി മുഴവന്‍ കഴിഞ്ഞിരുന്നു
പിന്നെയും
തിരകളില്ലാത്ത സമുന്ദ്രത്തില്‍
മുത്തുകളില്ലെന്നു മുക്കുവന്‍

കേള്‍ക്കുന്ന ശബ്ദങ്ങള്‍
തിരിച്ചറിയാതെ
പാറാവുകാരെ വിട്ട്
അടഞ്ഞ വാതിലുകള്‍ക്കുള്ളില്‍
മുറുക്കിത്തുപ്പി , ചിരിയടക്കി
അവകാശങ്ങള്‍ തീറെഴുതിവാങ്ങിയ
ഭുവുടമകള്‍.
..... ... വിശ്വം.






नींद


रात बडी लम्भी हे
नींद बहुत बाकी हे
दोस्त दो आया हे
बात मुझे करना हे

बात बडी लम्भी हे
पीके हँस्के करना हे
दोस्त बैठके कहता हे
नींद मुझे छोड़ना हे

सोच मुझे खोजा हे
दोस्त बात करता हे
रात आधा पीया हे
नींद मेरा बाकी हे

दोस्तों पीकर बोला हे
नींद तेरा जूठा हे
दोस्तों सोक्कर पड़े हे
नींद फिर भी बाकी हे।
..... विश्वंमं .


കിനാ പൊയ്കകള്‍




കിനാ പൊയ്കകള്‍


ഓര്‍മ്മ ചെരുവിലെവിടെയോ
ഉറങ്ങുകയായിരുന്നു അവള്‍
കേള്‍വി കേട്ടപ്പോള്‍ മുതല്‍
മനസ്സില്‍ കയറിയിറങ്ങി
മധുരം നല്‍കി പോന്നിരുന്നു.

തിരക്കില്‍ നിന്നും ഒരിയ്ക്കല്‍
അവളെതേടി ഇറങ്ങിയതായിരുന്നു
ചെങ്കോട്ടയും കുത്തബ് മിനാറും
കേട്ടതില്‍ നിന്നും എത്രയോദൂരെ

മടുപ്പുളവാക്കാതെ പൊരിവെയിലത്ത്
ദാഹിച്ചു ദാഹിച്ചു നിന്നിലൂടെ ഞാന്‍
ഷാജഹാന്‍റെ പുതിയ രാജധാനിയില്‍
പൂന്തോട്ടങ്ങളും നീര്‍ തടാകങ്ങളും
നൃര്‍ത്ത മണ്ഡപങ്ങളില്‍
താളം പിഴയ്ക്കാത്ത
ചിലങ്കയുടെ മധുര ധ്വനികള്‍
കോട്ടയ്ക്കകത്തെ കച്ചവട കേന്ദ്രങ്ങളില്‍
പട്ടുനെയ്തിരുന്ന നെയ്തുകാർ

അലാവുദീന്‍ കില്ജിയുടെ
മോഹഭംഗങ്ങള്‍
കുത്തബ് മിനാറിനുമുന്നില്‍
കല്‍ തൂണുകളിലെ ശില്പ ഭംഗി
കവാടങ്ങളിലെ കൊത്തുവേലകള്‍
മിനാറിന്‍റെ ഉയരത്തെ വെല്ലുന്ന
സ്തൂഭ ശാസ്ത്ര വൈദഗ്ദ്യങ്ങള്‍
മനം കവരുന്ന ആകാര ഭംഗി

തിരിച്ചിറങ്ങുമ്പോള്‍
മനസ്സിന്‍റെ കോണിലേയ്ക്ക്
ഒരു കൊള്ളിയാന്‍ വീണു
മിനാറിനെ തകര്‍ത്ത മിന്നലിനെക്കാള്‍
ശക്തിയിൽ  ഹൃദയംതകർത്തു

എത്ര മനുഷ്യരുടെ
ആത്മത്യാഗത്തിന്‍റെ
മുതല്‍ കൂട്ടുകളാണിതെല്ലാം.
കാഴ്ച കുളിരില്‍ മതിമറന്നപ്പോൾ
വേദന പേറുന്ന കുഴിഞ്ഞ മുഖങ്ങള്‍
ചുറ്റിനും തിരിച്ചറിയാതെ.
................... വിശ്വം.

പാതാള്‍ പാനി




പാതാള്‍പാനിയില്‍
കുത്തിയൊലിച്ച്
പറന്നിറങ്ങിയ മഴവെള്ളം
കാല്‍ പാദങ്ങളിൽ
ഇക്കിളിയിട്ടൊഴുകി
വിഴുങ്ങിയത്
സ്വപ്നം കണ്ട് രസിച്ച
അഞ്ചു പച്ച ജീവന്‍.

മറിഞ്ഞു മറിഞ്ഞ്
ഒഴുകി മാറുമ്പോള്‍
ആർത്തിരമ്പാന്‍ കാഴ്ചക്കാര്‍
ഒടുവിലത്തെ
കാററിന്
മഴത്തുള്ളിയുടെ
കിലുക്കമായിരുന്നു.

ചുവട് തെറ്റിയ
ആണും പെണ്ണും
നിഴല്‍ നഷ്ടപ്പെട്ടവർ

പാതാള്‍പാനി*
മഴയില്‍
കലങ്ങി മറിഞ്ഞു

കലങ്ങി കരഞ്ഞ
കാഴ്ച കണ്ണുകള്‍ക്ക്‌
അവസാനം വരെ
ഓര്‍ത്തു വെയ്ക്കാന്‍
സമ്മാനമായി 
അഞ്ചു കരിനിഴൽ.


*  മധ്യപ്രദേശിലെ ഇൻഡോർ -ന് അടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രം  പാതാൾപാനി വെള്ള ച്ചാട്ടം. വെള്ളം ഒഴുകി എത്തുന്ന കുഴിയ്ക്ക് പാതാളത്തോളം ആഴമുണ്ട് എന്ന് സങ്കൽപം. 19-7-2011 ൽ പെട്ടെന്നുണ്ടായ   വെള്ള പൊക്ക ത്തിൽ 3 പേർ ഒഴുകി പോയി.
.... 

കാമിനി

കാമിനി


നീല മിഴികളില്‍
അഞ്ജനം തേയ്ക്കുമ്പോള്‍
എന്തായിരിയ്ക്കും അവളുടെ മനസ്സില്‍
കുത്തിയൊഴുകുന്ന
വെള്ളചാട്ടത്തിലെന്നപോലെ
പുഞ്ചിരിച്ചു മുടി കോതുമ്പോള്‍
ഏതു പാല്‍കിനാവാണു കണ്ടിരുന്നത്‌

വെറുതേ നേരം പോക്കിന്
പച്ച മണ്ണില്‍ കുഴച്ചു തീര്‍ത്ത
കാമിനിയ്ക്ക്
ആരായിരുന്നു കണ്ണാടി
ആര്‍ത്തിരമ്പി കളിയ്ക്കുന്ന തിരമാലകള്‍ക്ക്
നഗ്നയായ മണൽ രൂപത്തിനോട്
തീരാത്ത  പ്രണയം.

കടല്‍ കാറ്റ് കവിളില്‍
ഒരു ചുമ്പനം  നല്‍കി
അധരത്തില്‍ നിന്നും
അറിയാതെ മന്ദസ്മിതം

തിരക്ക് കൂടിയപ്പോള്‍
മൂടിപ്പുതച്ച് അവളുറങ്ങി
യാമാന്ത്യത്തില്‍ തിരമാലകള്‍
ഉള്‍ക്കടലിലേക്കവളുമായി
കൈകോര്‍ത്ത് യാത്രയായി.

.............. വിശ്വം.

രാജബുദ്ധി രാജ്യസുരക്ഷ

രാജബുദ്ധി രാജ്യസുരക്ഷ


രാജാവ് ഭരിയ്ക്കുമ്പോൾ
രാജ്യം
ബുദ്ധി
സ്വത്ത്
പ്രജ
രാജ്യ സുരക്ഷ
എല്ലാം ഭഗവാന്‍ കാക്കുന്നു


രാജകല്‍പ്പന
വിളംമ്പരം
കുറുനരിയുടെ
ഓരിയിടല്‍.
എല്ലാം പ്രജകള്‍ കേള്‍ക്കുന്നു


അന്നത്തിന്
പുത്തരികണ്ടം
ദേശം
ദാസന്‍റെ കാണിയ്ക്ക
വിദേശി
കടത്താതെ
എത്ര നൂറ്റാണ്ടുകള്‍
നിലവറകളില്‍
നൂറ്റാണ്ടുകളായി
തരിപോലും
എടുക്കാതെ

തന്നവർ
"എന്‍റെ വക" യെന്ന്
 എഴുതിയില്ല.
എല്ലാം
ഭദ്രമായി
രേഖകളാക്കി

പ്രജകള്‍ ഭരിയ്ക്കുമ്പോൾ
വിസ്മയങ്ങൾ
വിളിച്ചുകൂവുന്നു
ശ്രീ പത്മനാഭാ
നീ സമ്പന്നന്‍
ത്രിലോകത്തും
കണ്ണഞ്ചിപ്പി ച്ച്
പാലാഴി
ധനത്തിനായി
പ്രജാപതികള്‍
വരിവിട്ട്
ഓടുന്നു.

...... 

ദൂര പ്രമാണം



 ദൂര പ്രമാണം

ദൂരെ എങ്ങോ മുഴങ്ങുന്നു
കാലചക്ര കതിനകള്‍
ദൂരമെത്ര താണ്ടുന്നു
മിന്നലെന്ന മഹാരഥന്‍

ചന്ദ്രനെത്ര ദൂരത്തില്‍
ഭൂമിതന്നില്‍ വിളങ്ങുന്നു
സമുദ്രമെത്ര ദൂരത്തില്‍
കരയെ വാരി പോകുന്നു

ഹിമാവാനെത്ര ദൂരത്തില്‍
ഉയര്‍ന്നു പൊങ്ങി നില്‍ക്കുന്നു
വഴിയിലെത്ര ദൂരത്തില്‍
മഞ്ഞുമൂടി കിടക്കുന്നു

സത്യമെത്രയോ ദൂരത്തില്‍
സമസ്യപോലെ തെളിയുന്നു
ശക്തിയുള്ളവര്‍ ദൂരത്തില്‍
സമൂഹത്തെയകറ്റുന്നു

സമദൂരത്തില്‍
വൃത്തങ്ങള്‍
പ്രകാശദൂരത്തില്‍ നക്ഷത്രം
തുല്യദൂരത്തില്‍ ബാഹുക്കള്‍
ശരിദൂരത്തില്‍ പ്രദക്ഷിണം.
                   ....... വിശ്വം.

ജീവിത സാഫല്യം



ജീവിത സാഫല്യം


ചന്ദ്രനിലേക്കൊരു പേടകം വിട്ടിട്ട്
പൂർവ്വികരെപററി ചിന്തിച്ചു നോക്കണം
ചലന പ്രയാണത്തില്‍ അമ്പിളി തന്നുള്ളില്‍
അഭയമായ്‌ കാണുമോ! മെല്ലെ തിരയണം.

വെളുപ്പും കറുപ്പും പക്ഷങ്ങളാക്കി
നിലാവില്‍ ഇറങ്ങി നടക്കുന്നു  നേരങ്ങള്‍
അമാവാസിനാളിലെ സ്വപ്ന ചിറകിലായ്
എത്തും പലപ്പോഴും അമ്മുമ്മ മുറ്റത്ത്

കുപ്പിയൊന്നില്‍ കുറിയൊരു നൂലുമായ്
ചുറ്റിക്കറക്കിക്കളിച്ചു നടന്നപ്പോള്‍
കത്തി പറന്നൊരു റോക്കറ്റ് കണ്ടപ്പോള്‍
പെട്ടെന്ന് തോന്നിയ ബുദ്ധി പ്രഭയിത്

അമ്പിളി മാമ്മനില്‍ പാത്തിരിയ്ക്കുന്നൊരു
കറുമ്പന്‍ മുയലെന്‍റെ മുത്തശ്ശനാകുമോ!
ജീവിച്ചിരുന്നപ്പോള്‍ പുകല മുറുക്കി
കറുത്ത ചിരിതന്നെ, പൂനിലാ ചന്ദ്രനും.

ഭൂമി കറങ്ങുന്നു, ചന്ദ്രന്‍ കറങ്ങുന്നു
സൂര്യന്‍ സ്ഥിരമായി കേന്ദ്രത്തില്‍ നില്‍ക്കുന്നു
പാഠം പഠിച്ചപ്പോള്‍ ആകെ കുഴപ്പമായി
വിണ്ണ് വിചാരിച്ച ചന്ദ്ര തലമല്ല !

എന്തൊക്കെയത്ഭുതം ജനനമരണങ്ങളില്‍
ഒപ്പം നടന്നെന്നു തോന്നിയതാണർക്കന്‍
ജീവിത യാത്രയില്‍ ഒറ്റയ്ക്ക് തന്നെ നാം
സൂക്ഷിച്ചു മുന്നോട്ടു നീട്ടുക ചുവടുകള്‍


വായുവില്ലത്തൊരു ലോകത്തിലേല്ലോക്കല്ലോ 
ശ്വാസം നിലയ്ക്കുമ്പോള്‍ പോകുന്നതെന്നൊരു
ശാസ്ത്രം, അടിസ്ഥാനമില്ലാത്ത വിശ്വാസം
ഒറ്റപ്പെടുമ്പോള്‍ തെറ്റെന്നും തോന്നുന്നു.

ആയുധങ്ങളില്‍ അണുവായുധം കേമം
അണുക്കളില്‍ പരമാണുക്കള്‍ പ്രഗത്ഭന്മാര്‍
ജീവനുമായുസ്സും തമ്മില്‍ പൊരുതുമ്പോള്‍
അഗ്നിയ്ക്ക് തന്നേ സമര്‍പ്പിതം ക്ലേശങ്ങള്‍.

.........................