സ്വപ്നത്തിൽ 
*****
പാതിയടഞ്ഞ കണ്ണുകളിലൂടെയാണ് 
ഞാൻ സ്വപ്നം കാണുന്നത്
നിങ്ങളോ?
കൊഴിഞ്ഞു വീഴുന്ന പഴങ്ങളാണ്   
ഓരോ സ്വപ്നവും  
ഞാൻ വെറുതേയവ കൂട്ടിവെയ്ക്കുന്നു
നിങ്ങളോ? 
വേഗത തീരെയില്ലാത്ത കാലുകളാണ് 
സ്വപ്നത്തിൽ  എനിയ്ക്ക്
നിങ്ങൾക്കോ?
എന്റെ പിന്നാലെയാണ്
സ്വപ്നത്തിൽ എല്ലാവരും
സ്വപ്നത്തിൽ എല്ലാവരും
തിരിഞ്ഞു നോക്കാൻ 
എനിയ്ക്ക് പേടിയായിരുന്നു
നിങ്ങൾക്കോ? 
ഒരിയ്ക്കലോടിക്കയറിയത് വലിയ 
കോട്ടയിലേക്കായിരുന്നു 
നിറയെ രത്നങ്ങൾ പതിപ്പിച്ച
ചുവരുകളുള്ള ഒരു കൊട്ടാരം 
നീണ്ടതാടിയുള്ള വയസ്സൻ രാജാവ്
ചുറ്റിലും സ്വർണ്ണ പൂമ്പാറ്റകൾ 
സിംഹാസനത്തിലേക്കാണ്  
എന്നെയവർ പിടിച്ചിരുത്തിയത്
 എനിയ്ക്കു ചുറ്റും  
ആലവട്ടവും വെഞ്ചാമരവുമായി
പരിചാരകൾ
ആലവട്ടവും വെഞ്ചാമരവുമായി
പരിചാരകൾ
ഞാൻ പറയേണ്ടതെല്ലാം 
രാജാവ് പറഞ്ഞു തീർക്കുന്നു 
പൂമ്പാറ്റകൾ ഓരോന്നായി 
രത്നചുവരുകളിൽ
രത്നചുവരുകളിൽ
പറന്നിരിയ്ക്കുന്നു   
താടിരോമങ്ങൾ  
മുള്ളുകളായി എന്നെ പൊതിയുന്നു 
മുള്ളുകൾതീർത്ത  
ഒരു കൂട്ടിലായി ഞാൻ
ഒരു കൂട്ടിലായി ഞാൻ
ചുറ്റും ചൂലുകൾ പേറിയവർ 
രാജാവ് വില്ലുകുലയ്ക്കുന്നു 
ഞാനിരുന്ന സിംഹാസനം 
ചുട്ടുപഴുക്കാൻ തുടങ്ങി
എനിയ്ക്കപ്പോൾ  
വിശപ്പ്  ഇല്ലായിരുന്നു 
പിന്നീടെല്ലാം നിങ്ങളാണ് പറഞ്ഞത് 
പാതിയടഞ്ഞ കണ്ണുകളിലൂടെ 
ഞാൻ നിങ്ങളെയെല്ലാം കണ്ടിരുന്നു 
ഒന്നുകൂടി നിങ്ങൾ പറയണം 
എന്താണ് ഇങ്ങനൊക്കെ ഞാൻ 
സ്വപ്നം കാണുന്നത് .
..  ... ... 
1 അഭിപ്രായം:
ചൂലുകള്‍ പേറി വന്ന് വൃത്തിയാക്കിക്കൊടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ