Pages

ചിത്രം

ചിത്രം 

ചിത്രകാരനിൽ 
ആഴത്തിൽ വീണ ഉല്കകൾ 
നിറകൂട്ടുകളായി 
രൂപാന്തരം പ്രാപിച്ചു 
ബ്രഷിലൂടെയത് 

ക്യാൻവാസിലേക്ക്  
പറിച്ചു നട്ടു.
അങ്ങനെനട്ട 
ഒരു ചിത്രമായിരുന്നു  അവൾ 
കരഞ്ഞ് 
ആരെയോ തേടുന്ന 
പന്ത്രണ്ടുകാരി.

മുഖത്തിന് 
മോണാലിസയുടെ സൌന്ദര്യം 
നിറകൂട്ടുകളാൽ 
വരച്ച കണ്ണുകളിൽ 
കരി പട ർന്നി രിക്കുന്നു 

ചിത്രകാരന് 
മക്കൾ ഇല്ലായിരുന്നു 
ആയാളുടെ ദാമ്പത്യം 
ചിത്രങ്ങൾക്കൊപ്പമായിരുന്നു 
അതിൽ പിറന്ന 
പന്ത്രണ്ടുകാരിയുടെ കരച്ചിൽ 
അയാളുടെ ചെവികളിൽ 
മുഴങ്ങി കൊണ്ടിരുന്നു .

ബ്രഷുകൾ കഴുകി 
നിറകുടുക്കകൾ  അടച്ച് 
പന്ത്രണ്ടുകാരിയെ മാത്രം 
അയാൾ നോക്കിയിരുന്നു 

വന്നവർ  വിലപറഞ്ഞത് 
ആ ചിത്രത്തിനായിരുന്നു.
000

എനിക്ക് കിട്ടിയ പുസ്തകം

എനിക്ക് കിട്ടിയ പുസ്തകം 

ഞാൻ നല്കിയ പുസ്തകത്തിന്  
പ്രതിഫലമായി
ഒരു കവിതാപുസ്തകം 
എനിക്കവൻ നല്കി

മൂർച്ചപിടിപ്പിച്ച 
മുനകളുള്ള കവിതകൾ
അക്ഷരങ്ങളുടെ ഇടയിൽ 
ഒളിച്ചിരുന്നു

ഓരോ പേജു മറിക്കുമ്പോഴും 
ചൂണ്ടു വിരലിൽ 
ആർത്തിയോടവ കടിച്ച് 
രക്തം കുടിക്കുന്നു
ഹൃദയത്തിൽ നിന്നൂറുന്ന 
ചുവന്ന നദികൾ 
കരകവിഞ്ഞ് ഒഴുകിയത് 
ആ വായനയിലായിരുന്നു 

രക്തം വറ്റിയ ശരീരത്തിൽ 
ഹൃദയം വേണ്ടെന്നായി 
ദേഷ്യത്താൽ വിറച്ചചിന്തകൾക്ക് 

കവിതകൾക്ക് ഉന്മാദം സംഭവിച്ചു 
ഓരോ വരികളും 
പുസ്തകം വിട്ട് പുറത്തിറങ്ങി 

ഞാൻ നല്കിയ പുസ്തകത്തിന്റെ 
പ്രതിഫലം 
കവിതയിൽ 
ഒളിച്ചിരുന്ന വാക്കുകളായിരുന്നു 

എണ്ണുംതോറും 
എണ്ണംതെറ്റി ഭ്രാന്തുപിടിച്ച് 
തിരമാലകളായി 
ഉയർന്നു പൊങ്ങുന്ന വാക്കുകൾ 

എന്റെ പുസ്തകത്തിലെ 
ഓരോവാക്കും കൊണ്ട് 
പുറത്തിറങ്ങിയ വാക്കുകളെ 
ഞാൻ ആശ്വസിപ്പിച്ചു 

ശാന്തമാകാതവ 
നഗരവീഥികളിൽ ആർത്തിരമ്പി 
ഗ്രാമങ്ങൾ തോറും 
കയറിയിറങ്ങി 
മൂളിപ്പാട്ടുകൾ പാടി 
ഉറക്കം കെടുത്തി 

എനിക്കു കിട്ടിയ 
പ്രതിഫലമായ പുസ്തകം തന്നെയാണ് 
തെരുവിൽ കത്തിച്ച് തീകായുന്നത്.
oooooooooo

മണിച്ചിത്ര താഴ്

മണിച്ചിത്ര താഴ്

താഴിട്ടു പൂട്ടുമ്പോൾ
മണിച്ചിത്രതാഴിടണം
അവിടെ കിടന്ന്
എല്ലാം പഠിച്ചിട്ട്
പുറത്തിറങ്ങുമ്പോൾ
നാവ് കുറുനാക്കാവും
പറയുന്നത്
പറഞ്ഞപടി അച്ചട്ട്
കേൾക്കുന്നവർ
കേട്ടപടി പേടിക്കും
കാണുന്നവർ
കണ്ണീരില്ലാതെ വലയും
ഇരയെ
മനുഷ്യർക്ക്‌ മാത്രമേ
പൂട്ടിയിടാനാവൂ.
മണിച്ചിത്രപൂട്ടിൽ
കിടന്ന്
ശബ്ദിക്കാനവ
മറന്നുപോകും .
00