നീ വന്നപ്പോൾ
പി.വിശ്വനാഥൻ
നീ വന്നപ്പോൾ
ഞാൻ പെട്ടെന്ന് തിരക്കിലായി
ഉണങ്ങാൻ ഇട്ടിരുന്ന
എന്റെ സ്വകാര്യതകൾ
അഴയിൽനിന്ന്
അറയിലേക്ക്
മാറ്റണമായിരുന്നു
നീ ഒളിഞ്ഞു നോക്കാറുള്ള
എന്റെ മേൽക്കൂരയിൽ
പോളിത്തീൻ പേപ്പർ
പുതയ്ക്കണമായിരുന്നു
എങ്കിലുമെന്റെ മഴേ
ഇനി നീ വരുമ്പോൾ
കാറ്റോ കാർമേഘമോ
അടയാളമായി കാട്ടിയാൽ
ഉമ്മറത്തിരുന്ന്
ഒരു ചുക്കുകാപ്പികുടിച്ച്
കുറച്ചുനേരം നമുക്ക്
കുശലം പറയാം
പക്ഷേ,
വാക്കുപാലിക്കാതെ
നീ വരുമ്പോൾ
മുങ്ങിത്താഴുന്ന
എന്റെ സ്വപ്നങ്ങൾക്കൊപ്പം
വീണ്ടും ഞാൻ തിരക്കിലാകും
.....൪൪ർ....