Pages

പെണ്ണാളി

പെണ്ണാളീ**

നുണക്കുഴികളിൽ
നീ തലോടുമ്പോൾ
വിശന്നു ചുരുങ്ങിയ
നിന്റെ വയറിലാണ്
ഞാൻ കിടന്നത്

നിന്റെ കണ്ണുകളിൽ
മഴത്തുള്ളികൾ ഉതിർത്തത്
എന്റെ കവിളിൽ ഒട്ടിപ്പിടിച്ചു


നീ  ഊട്ടിയ മുലപ്പാൽ
വിശപ്പകറ്റാൻ തികഞ്ഞില്ല
മുലഞ്ഞെട്ടുകളിൽ
ആർത്തിയോടെ കടിച്ചപ്പോൾ
നീ ചിരിക്കുകയായിരുന്നു

ഞാൻ വളർന്നപ്പോൾ
മേൽക്കൂര തകർത്ത് ഇടിത്തീ വീണത്‌
ഏതു നെഞ്ചിലായിരുന്നെന്ന്
നിനക്ക് അറിയില്ലായിരുന്നോ ?

നുണക്കുഴികളിൽ  നീ തലോടിയത്
നിന്റെ വയറ്റിൽ പിറന്ന
ഒരു പാഴ് ജന്മത്തെയായിരുന്നു!

ഉറവവറ്റിയ മുല ഞെട്ടുകളിൽ
നീ ചേർത്തു പിടിച്ചത്
അപസ്വരം മീട്ടിയ
എന്റെ ചുണ്ടുകളായിരുന്നു .

ഉറവ നഷ്ടപ്പെട്ട നദികണക്കാണ്
എന്റെ ജന്മമെന്ന് ഞാനറിഞ്ഞു 
ശുഷ്കിച്ച് ഉൾവലിഞ്ഞ ജനനേന്ദ്രിയം
അസ്തിത്വ ത്തെ കണ്മഷിയിലേക്ക് തള്ളി 
ഞാനൊരു പെണ്ണാളിയായി!

ഒരു കൂരിരുട്ടിൽ
എനിക്കായ് തുറന്നു തന്നത്
അഗാധ ഗർത്ത ത്തിലേക്കുള്ള
വഴിയായിരുന്നെന്ന്
നീ അറിഞ്ഞു കാണുമോ?

ഗുഹ്യരോഗങ്ങൾക്കൊപ്പം 
രക്ഷകർ പിഴുതെറിഞ്ഞത്
ആണത്വം നഷ്ടപ്പെട്ട
എന്റെ മൂത്രനാളിയായിരുന്നു.

അമ്മേ ,
നിനക്ക് ഞാനിപ്പോഴും
മുലഞെട്ടുകൾ തിരയുന്ന
പിഞ്ചു കൈകളോ ?

ഞാനോ...

ലിംഗങ്ങളില്ലാതെ അലയുകയാണ്
ഒരു പെണ്ണാ ളിക്കുപോ ലും
ജന്മം കൊടുക്കുവാനാവാതെ!  
...................................................

**ഹിജഡകൾ എന്ന വിളിപ്പേരുള്ളവരെ  കുറിച്ചുള്ള  പൊള്ളുന്ന സത്യങ്ങൾ
15-2-15 ൽ NCPA ,മുംബായിൽ വെച്ചു കാക്കമാഗസീൻ നടത്തിയ   "ഗേറ്റ്വേ ലിറ്റ് ഫെസ്റ്റി" ൽ  
 അവതരിപ്പിക്കുകയുണ്ടായി. ഒരു മനുഷ്യജന്മം  "പെണ്ണാളി" യാണെന്ന്  
തിരിച്ചറിയുമ്പോൾ  വീട്ടുകാർ അവരെ ഉപേക്ഷിക്കുന്നു.
തുടർന്ന് അവർ തെരുവിന്റെ സന്തതികളാകുന്നു. 
 

അഭിപ്രായങ്ങളൊന്നുമില്ല: