Pages

വിരൽസ്പർശം

വിരൽസ്പർശം

പ്രിയേ, നിന്റെ നിശ്വാസത്തിൽ 
നയാഗ്രയിലെ വെള്ളച്ചാട്ടം
കണ്ണുകളിലേക്ക് കൂടണയുന്നു
തെളിനീരിന്റെ ധാരയിൽ
ഉതിർന്നു വീഴുന്ന തുള്ളികൾ
ഒഴുകി കവിയുന്നു കവിളുകളിൽ
ഏതു നൊമ്പരത്തിന്റെ
വേലിയിറക്കമാണിപ്പോൾ

നക്ഷത്രങ്ങളെ കോർത്തിട്ട
രാത്രി മഞ്ചത്തിൽ
തനിച്ചിരുന്ന്
സ്വപ്നം കാണുന്ന രാക്കിളിക്ക്
വെളിച്ചവുമായി
മിന്നാമിനുങ്ങുകൾ കൂട്ടിരുന്നു
 ദൂരെ നിന്നൊരു നക്ഷത്രം
ഇറങ്ങിവന്നത്
മിന്നും വെളിച്ചത്തിലലിഞ്ഞു

രാക്കിളിയുടെ കിനാക്കളിൽ
പൂത്തുലഞ്ഞ ആകാശം
പുത്തൻ ചിറകുകൾ വിടർത്തി
പറന്നിറങ്ങിയ ഇണക്കിളി
കൊക്കുകളുരുമി
കഥ പറഞ്ഞിരിക്കുന്നു  

പ്രിയേ, നീ പറയുന്ന ഗംഗാജലം
ഈ കണ്ണീരിലും പരിശുദ്ധമോ
വിതുമ്പുന്ന നിന്റെ ചുണ്ടുകൾക്ക്
ഒരു ജലധാരയുടെ സംഗീതമോ

ഒരു രാമഴ കൂടി നനഞ്ഞുകഴിയുമ്പോൾ
മോഹങ്ങൾ ഈറനണിയുന്നു
ഇമകളിൽ നിന്നുതിരുന്ന
പനിനീർ മൊട്ടുകളിൽ
നിലാവിന്റെ വെള്ളിനൂലുകൾ
ആരോഉപേക്ഷിക്കുന്നു
മധുരമായ് പാടിയ
പകൽപാട്ടിന്റെ ഈണത്തിൽ
സ്വാന്തനത്തിന്റെ വിരൽസ്പർശം........

പൂമ്പാറ്റകളുടെ താളം

പൂമ്പാറ്റകളുടെ താളം

                                      പി. വിശ്വനാഥൻ

എഴുതിയ 
തീയതികളിലൊന്നും 
പെൺപൂക്കൾ 
പൂമ്പാറ്റകൾക്കായി വിടർന്നില്ല 

പറക്കമുറ്റും മുമ്പേ 
മുന്നിൽ  കാവലുമായി 
കൈ പിടിച്ചു നീങ്ങിയ 
ഗന്ധ ർവ്വ ന്മാരെ 
നീതിയുടെ നിഷേധം എന്ന് 
അടയാളമിട്ട്  പ്രതിഷേധിക്കുമ്പോൾ 
സ്വയം പഠിച്ച പാഠങ്ങൾ 
താളത്തിലുള്ള ചലനങ്ങളായിരുന്നു

സ്വാതന്ത്രത്തിന് 
അമൃതിന്റെ രുചിയാണെങ്കിലും 
അമിതപാനം അരുതെന്നേ പറഞ്ഞുള്ളൂ
പൂമ്പാറ്റയുടെ താളം 
പുഴുവിൽ നിന്ന് തുടങ്ങുന്നു
 പെൺപൂക്കൾ 
വിടരുന്നതുവരെ 
തേൻ ഉള്ളിലെവിടെയോ 
ഒളിച്ചിരിക്കുന്നു

വിടർന്നു 
പുഞ്ചിരിക്കുന്ന പൂക്കളെ 
തേടുന്ന പൂമ്പാറ്റകൾ 
തേൻ കണങ്ങൾ 
ഊറ്റിക്കുടിക്കുമ്പോൾ 
കാറ്റ് ചുറ്റിയടിക്കുന്നു

കൊഴിഞ്ഞു വീണ പൂവിനോട് 
വിടപറയാതെ പറന്നുയരുന്നു 
പൂന്തോട്ടങ്ങളിൽ 
പുതുമ മാറാതെ 
പൂമ്പാറ്റകൂട്ടങ്ങൾ . 
....

നാം മുന്നോട്ട്

നാം മുന്നോട്ട്  തന്നെ.
വേഗത്തിൽ ചിലപ്പോൾ കുലുങ്ങും
പലപ്പോഴും മറിയും
മലക്കം മറിയുക പലർക്കും
മാറ്റി വെയ്ക്കാനാവില്ല

നാം മുന്നോട്ട്  മുന്നോട്ടുതന്നെ
വലത്തേയ്ക്ക് കയറുന്നതും
നിന്നനില്പിൽ മറയുന്നതും
എല്ലാം മുന്നോട്ട്
ഇടതു വശം
കൊളസ്ട്രോളും ബ്ലോക്കും മൂലം 
കഷ്ടിച്ച്  സ്പന്ദിക്കുന്നു

ഇനിയും നമുക്ക്
ഒരുപാട് സ്വപ്നങ്ങളുണ്ട്
ഇടതു വശത്തുള്ള
ഈ ഹൃദയം
വലത്തേക്ക് മാറ്റി വെക്കണം.
തടസ്സം സൃഷ്ടിക്കാതെയപ്പോളത് 
പ്രവർത്തിച്ചു കൊള്ളും.

നാം മുന്നോട്ടു തന്നെയല്ലേ
ചെളിപുരളാത്ത ഈ  കുപ്പായം
അതിൽ അഴുക്കാക്കാതെ
നിങ്ങൾ അല്പം കൂടി
ഇടത്തേക്ക് മാറിനിൽക്കൂ.

നാം മാത്രം
ഇപ്പോൾ മുന്നോട്ട്.
 ........