Pages

വിരൽസ്പർശം

വിരൽസ്പർശം

പ്രിയേ, നിന്റെ നിശ്വാസത്തിൽ 
നയാഗ്രയിലെ വെള്ളച്ചാട്ടം
കണ്ണുകളിലേക്ക് കൂടണയുന്നു
തെളിനീരിന്റെ ധാരയിൽ
ഉതിർന്നു വീഴുന്ന തുള്ളികൾ
ഒഴുകി കവിയുന്നു കവിളുകളിൽ
ഏതു നൊമ്പരത്തിന്റെ
വേലിയിറക്കമാണിപ്പോൾ

നക്ഷത്രങ്ങളെ കോർത്തിട്ട
രാത്രി മഞ്ചത്തിൽ
തനിച്ചിരുന്ന്
സ്വപ്നം കാണുന്ന രാക്കിളിക്ക്
വെളിച്ചവുമായി
മിന്നാമിനുങ്ങുകൾ കൂട്ടിരുന്നു
 ദൂരെ നിന്നൊരു നക്ഷത്രം
ഇറങ്ങിവന്നത്
മിന്നും വെളിച്ചത്തിലലിഞ്ഞു

രാക്കിളിയുടെ കിനാക്കളിൽ
പൂത്തുലഞ്ഞ ആകാശം
പുത്തൻ ചിറകുകൾ വിടർത്തി
പറന്നിറങ്ങിയ ഇണക്കിളി
കൊക്കുകളുരുമി
കഥ പറഞ്ഞിരിക്കുന്നു  

പ്രിയേ, നീ പറയുന്ന ഗംഗാജലം
ഈ കണ്ണീരിലും പരിശുദ്ധമോ
വിതുമ്പുന്ന നിന്റെ ചുണ്ടുകൾക്ക്
ഒരു ജലധാരയുടെ സംഗീതമോ

ഒരു രാമഴ കൂടി നനഞ്ഞുകഴിയുമ്പോൾ
മോഹങ്ങൾ ഈറനണിയുന്നു
ഇമകളിൽ നിന്നുതിരുന്ന
പനിനീർ മൊട്ടുകളിൽ
നിലാവിന്റെ വെള്ളിനൂലുകൾ
ആരോഉപേക്ഷിക്കുന്നു
മധുരമായ് പാടിയ
പകൽപാട്ടിന്റെ ഈണത്തിൽ
സ്വാന്തനത്തിന്റെ വിരൽസ്പർശം........

അഭിപ്രായങ്ങളൊന്നുമില്ല: