Pages

ക്ഷേത്രം

ക്ഷേത്രം

മന്ത്രങ്ങൾ മറന്ന ആചാരങ്ങൾ എന്തെന്നറിയാത്ത
ഒരു ഗുഹാക്ഷേത്രത്തിലായിരുന്നു
കാഴ്ചക്കാരനായിട്ട്  ഞാൻ എത്തിയത്.

ഓടാമ്പൽ പോലുമില്ലാതെ
തുറന്നുകിടക്കുന്ന ശ്രീകോവിൽ.
ശില്പത്തിന്റെ ഉടഞ്ഞ കൈത്തണ്ടയിൽ
ശേഷിക്കുന്ന വജ്രായുധത്തിന്റെ
അടർന്നു വീഴാറായ പാറക്കഷ്ണം.
പുഞ്ചിരിക്കുന്ന ചുണ്ടുകൾക്കും
പകുതി ഭാഗം നഷ്ടപ്പെട്ടിരിക്കുന്നു.
കാഴ്ചക്കാരായെത്തിയോർ ശിൽപ്പഭംഗി ആസ്വദിച്ച്
അരഞ്ഞാണവും അടയാഭരണവും തടവി
അടുത്തയിടത്തേയ്ക്ക്  ആർത്തിരമ്പിയൊഴുകുന്നു.

കണ്ണടച്ച് ആരാണിതിൻ ശില്പിയെന്നോർക്കേ
മുന്നിൽ ഒരു മെലിഞ്ഞ മനുഷ്യരൂപം.
കീറിപ്പറിഞ്ഞ മുഷിഞ്ഞ വസ്ത്രങ്ങൾ.
ഉള്ളിലേക്ക് കുഴിഞ്ഞിറങ്ങിയ കണ്ണുകൾ.
മോണകൾക്കിടയിലെവിടേയോ പല്ലുകൾ.
എവിടെനിന്നോ ഒരു ചങ്ങലകിലുക്കം.
കൈകളിലെ ഉളിയും ചുറ്റികയും ചോരയിൽ ചുവന്നിരിക്കുന്നു.

കേട്ടുപഴകിയ മന്ത്രങ്ങൾക്കൊപ്പം
എന്റെ ചുറ്റിനും നീട്ടിപ്പിടിച്ച കൈകൾ.
ഞാൻ പടികൾ ഓരോന്നായി തിരിച്ചിറങ്ങി.
അടുത്ത ഗുഹയിലും കാഴ്ച ദൈവങ്ങൾ
കാണേണ്ടവ തന്നെയെന്ന് സന്ദർശകർ.
..........AAA .....



അഭിപ്രായങ്ങളൊന്നുമില്ല: