Pages

കൂട്ടുകാരി

കൂട്ടുകാരി


കൂട്ടുകാരിയ്ക്ക്
മുല്ലപ്പൂവിന്റെ മണമായിരുന്നു
നീളം കുറഞ്ഞ വസ്ത്രങ്ങളിൽ
വാതോരാതെ  ചിലച്ച്
കടപ്പുറത്തും ഉദ്ധ്യാനങ്ങളിലും
ചുററിയപ്പോൾ 
കവിളിൽ  നുണക്കുഴികള്‍

കൂട്ടുകാരിയ്ക്ക്
സ്വർണ്ണത്തിന്റെ നിറമായിരുന്നു
ചിരിക്കുമ്പോള്‍
മുത്തുകള്‍ കൊഴിയുമായിരുന്നു
നഖങ്ങളില്‍
വസ്ത്രങ്ങളുടെ നിറമെഴുതുമായിരുന്നു
മുടികള്‍ കൂട്ടിക്കെട്ടി
തലയിളക്കി നടക്കുമായിരുന്നു

പ്രതീക്ഷിക്കാതെ
അവള്‍ അപരിചിതയെപ്പോലെ
പെരുമാറാൻ തുടങ്ങി
മൊബയിലിൽ  ചിരിച്ചുകളിച്ചു
കുട്ടുക്കാരിയ്ക്ക്
തിരക്കേറിയേറി വന്നു 



കൂട്ടുകാരിയ്ക്കിപ്പോൾ
ഷാമ്പുവിന്റെ ഗന്ധമാണ്
പലതരത്തില്‍
 മുടിയൊരുക്കി
ചിരിക്കുമ്പോള്‍
വായപ്പൊത്തുന്നു
ചെവിയ്ക്കുള്ളില്‍
സംഗീതം
ഉടക്കിക്കിടക്കുന്നു


പത്ര വാര്‍ത്തകളില്‍
സ്ഥാനം പിടിച്ചപ്പോള്‍
കൂട്ടുകരിയ്ക്കൊപ്പം
ദുര്‍ഗന്ധങ്ങള്‍ പുറത്തുവന്നു
മൊബയിലില്‍
ഉന്നതരുടെ നമ്പരുകളായിരുന്നു
അന്വേഷണത്തില്‍
 ഉറക്കഗുളികകള്‍മാത്രം
തെളിഞ്ഞുവന്നു.

....................

വടക്കോട്ടുപോയ കിനാവണ്ടികള്‍


വടക്കോട്ടുപോയ കിനാവണ്ടികള്‍


സ്വപ്നം തകർന്നവന്‍റെ
കിനാക്കളെല്ലാംകുടി
വടക്കോട്ടുപോയി
പര്‍വ്വതങ്ങളുടെ മുകളിലൂടെ മുകിലിനൊപ്പം
പറന്നാല്‍ മതി എന്ന്കാറ്റു പറഞ്ഞു
സഹ്യന്‍ കഴിഞ്ഞു...വിന്ധ്യന്‍ കഴിഞ്ഞു
യാത്രക്കിടെ  
മഞ്ഞില്‍ പ്പൊതിഞ്ഞ ഹിമവാന്‍
വിരുന്നിനായി
വിളിച്ചിറക്കി

താഴ്‌വരയില്‍ വെളിച്ചം വീണപ്പോൾ
നിറം  മാറി 
ചുവന്നു ചുവന്ന് 
മഞ്ഞുതുള്ളികള്‍

ഊരിവെച്ചകമ്പിളി ഉടുപ്പുകള്‍
ചോരയില്‍ പ്പൊതിഞ്ഞിരിക്കുന്നു
തകര്‍ന്നതെല്ലാം സ്വപ്നങ്ങളല്ലേയെന്ന്
വിരുന്നിനിടയില്‍ ഹിമാവാനോട്

ഉത്തരം തരാതെ

മഞ്ഞു കെട്ടിലേക്ക്
ഹിമാവാന്‍

ഊഴ്ന്നിറങ്ങി.

.............

വില്‍പ്പന

വില്‍പ്പന

വില്‍പ്പനയ്ക്കായി
അക്ഷരങ്ങള്‍
നിരത്തില്‍

പ്രേമവും പ്രണയവും
പുസ്തകത്തിലൊളിച്ച്
ഇരട്ടവാലന്മാരോട് കഥപറഞ്ഞു

വലിയക്ഷരവും ചെറിയക്ഷരവും
വീമ്പിളക്കി
കൂട്ടക്ഷരങ്ങളുടെ
ശ്രുതിതെററിച്ചു

എവിടെനിന്നോ
വില്പനക്കാരനെ
വളഞ്ഞ്
ശബ്ദങ്ങള്‍

അക്ഷര വിരോധികള്‍
മതവും അശ്ലീലവും ചേർത്ത്
പുസ്തകത്തോടൊപ്പം
വേഗത്തില്‍
അക്ഷരങ്ങളെ തിന്നുന്നു

പുറംച്ചട്ടകള്‍ക്ക്
സ്നേഹം പകര്‍ന്ന്
കുമ്പിട്ടുനിന്നു
തെരുവോരത്ത്
പുസ്തക പ്രേമികള്‍

....................

വിലാപയാത്ര (കവി എ.അയ്യപ്പന് )


വിലാപയാത്ര
 (കവി എ.അയ്യപ്പന് )


തെരുവില്‍ ഉറങ്ങുന്നവന്
മോർച്ചറിയിലെ കുട്ടുകാരോട്
അപരിചിതത്വം തോന്നില്ല

അപകടത്തില്‍പ്പെട്ട "*ആശാന്റെ" ഓര്‍മ്മ 
തെരുവ്  പുതിക്കിയെഴുതിയത് 
മദ്യപാനിയുടെ മയക്കമാണെന്ന്  
വഴിയാത്രികര്‍ 

*ലോട്ടറിയടിച്ചവനേയും കൊണ്ട്
നഗരം ചുറ്റുമ്പോള്‍
കാൽപ്പണം നഷ്ടപ്പെട്ടവന്
വേവലാതിയുടെ കരിനിഴല്‍

വേട്ടക്കാരന്  കെണിയിൽ വീണ 
പുലിയെ തിരിച്ചറിയാം 
രോമത്തിലൊളിപ്പിച്ചിരുന്ന
മുർച്ചയുള്ളൊരമ്പ് 
അവൻ തിരിച്ചറിഞ്ഞു 
ശവപ്പെട്ടി ചുമക്കുന്നവരേയും കാത്ത്
പുലി കിടന്നത് അനാഥർക്കൊപ്പം  

ചീവീടുകളുടെ ചലപിലശബ്ദത്തിൽ 
തള്ളവിരലില്‍ ഉമ്മവെച്ചു,  ചുണ്ടെലി
യുദ്ധം തീരുംവരെ ഭീഷ്മാചാര്യന് 
ശരശയ്യയെന്നത്  പുരാണങ്ങളിൽ 


ജനനത്തിനും മരണത്തിനുമിടയിൽ 
പാറിപ്പറന്ന  കവിയ്ക്ക് 
തെരുവ് തന്നെ താവളം
മോര്‍ച്ചറിയിൽ  
മരണാന്തര സുഖവാസം 

കൂടെയുറങ്ങുന്നവരേ,   അനാഥരേ 
തിരിച്ചറിയുമ്പോൾ
ബഹുമതികള്‍ കൂട്ടിനെത്തും  
അതുവരെ  നിങ്ങൾ
സുഗന്ധം പൂശിയ
 മോർച്ചറിയുടെ ശീതശയ്യയിൽ
ഉറുമ്പരിയ്ക്കാതെ വിശ്രമിക്കുക

ഇനിയെനിയ്ക്ക്
കാത്തുകിടക്കുന്ന 
അഗ്നിയിലേയ്ക്കുള്ള
വിലാപയാത്ര
                      ........

* കുമാരനാശാന്റെ  അപകട വിയോഗം 
* മലയാള കവിത യ്ക്ക് ജ്ഞാന പീഠം കിട്ടിയ സന്തോഷം