വിലാപയാത്ര
(കവി എ.അയ്യപ്പന് )
തെരുവില്‍ ഉറങ്ങുന്നവന്
മോർച്ചറിയിലെ കുട്ടുകാരോട്
അപരിചിതത്വം തോന്നില്ല
അപകടത്തില്‍പ്പെട്ട "*ആശാന്റെ" ഓര്‍മ്മ
തെരുവ് പുതിക്കിയെഴുതിയത്
മദ്യപാനിയുടെ മയക്കമാണെന്ന്
വഴിയാത്രികര്‍
*ലോട്ടറിയടിച്ചവനേയും കൊണ്ട്
നഗരം ചുറ്റുമ്പോള്‍
കാൽപ്പണം നഷ്ടപ്പെട്ടവന്
വേവലാതിയുടെ കരിനിഴല്‍
വേട്ടക്കാരന് കെണിയിൽ വീണ
പുലിയെ തിരിച്ചറിയാം
രോമത്തിലൊളിപ്പിച്ചിരുന്ന
മുർച്ചയുള്ളൊരമ്പ്
അവൻ തിരിച്ചറിഞ്ഞു
ശവപ്പെട്ടി ചുമക്കുന്നവരേയും കാത്ത്
പുലി കിടന്നത് അനാഥർക്കൊപ്പം
ചീവീടുകളുടെ ചലപിലശബ്ദത്തിൽ
തള്ളവിരലില്‍ ഉമ്മവെച്ചു, ചുണ്ടെലി
യുദ്ധം തീരുംവരെ ഭീഷ്മാചാര്യന്
ശരശയ്യയെന്നത് പുരാണങ്ങളിൽ
ജനനത്തിനും മരണത്തിനുമിടയിൽ
പാറിപ്പറന്ന കവിയ്ക്ക്
തെരുവ് തന്നെ താവളം
മോര്‍ച്ചറിയിൽ
മരണാന്തര സുഖവാസം
കൂടെയുറങ്ങുന്നവരേ, അനാഥരേ
തിരിച്ചറിയുമ്പോൾ
ബഹുമതികള്‍ കൂട്ടിനെത്തും
അതുവരെ നിങ്ങൾ
സുഗന്ധം പൂശിയ
മോർച്ചറിയുടെ ശീതശയ്യയിൽ
ഉറുമ്പരിയ്ക്കാതെ വിശ്രമിക്കുക
ഇനിയെനിയ്ക്ക്
കാത്തുകിടക്കുന്ന
അഗ്നിയിലേയ്ക്കുള്ള
വിലാപയാത്ര
........
* കുമാരനാശാന്റെ അപകട വിയോഗം
* മലയാള കവിത യ്ക്ക് ജ്ഞാന പീഠം കിട്ടിയ സന്തോഷം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ