Pages

പൂവ്

  പൂവ്
 *******

കുടുങ്ങിയ പൂക്കളാണ് മാലയിൽ 
അറിഞ്ഞിട്ടും എടുത്തണിയുന്നു
വാടിയ  മലരുകളാണ് ഓരോന്നും 
എങ്കിലും  മണത്തുനോക്കുന്നു

"ഇതൊന്നും എന്റേതല്ലല്ലോ"
ചവറ്റിലേയ്ക്ക് വലിച്ചെറിയുന്നു

ശബ്ദിച്ചാൽ ഒറ്റപ്പെടും
ദുർഗന്ധം പേറുന്ന 
കാട്ടുപ്പൂവാണെന്ന്‌ 
വിളിച്ചു കൂവും 

എന്റെ തോട്ടത്തിലും
പൂക്കളുണ്ട്
ഇറുക്കാതെ 
കാറ്റുപോലും 
കടക്കാതെ 
സൂക്ഷിച്ചു പോരുന്നവ

ഒരു നിശ്വാസത്തിലവ 
അടഞ്ഞ ദളങ്ങളിലെ
സുഗന്ധം പരത്തുമ്പോൾ 
ഞാനും പേടിയ്ക്കുന്നു
     ...      ...     വിശ്വം

നക്ഷത്രമൊട്ടുകൾ

നക്ഷത്രമൊട്ടുകൾ 
------------------------

നക്ഷത്രചിന്തയിൽ അത്താഴമുണ്ണാതെ
ആകാശ വീഥികൾ തിരഞ്ഞ രാവിൽ
പൊട്ടുന്നനേകം പ്രകാശ പുഷ്പങ്ങൾ
പൊന്മുത്തുകൾ തുന്നിയ കമ്പളത്തിൽ

സത്യപ്രഭാവത്തിൽ ഒത്തുല്ലസിയ്ക്കുന്നല്ലോ  
ബോധതന്തുക്കളാൽ ചുറ്റുന്ന സൂര്യന്മാർ
വ്യത്യസ്ത രാശികൾ വർഷിച്ചൊരാനന്ദം
ചിത്തേനിറഞ്ഞതും താരഗണങ്ങളായ്

നിറവിന്യാസത്താൽ മായും മഹാശില
കരതീർത്ത  വിണ്ണിൻ  വിദൂര ദൃശ്യം
അതിരു മായിച്ച് കളിച്ചു ശയിയ്ക്കുന്ന
സാഗരം ഭൂമിതൻ ശ്വാസകോശം

നക്ഷത്രമെന്തേ അകന്നു നിൽക്കുന്നു
സത്യപ്രകാശം മനസ്സിൽ പരത്താതെ
മൃത്യുവിൻ  ദൃഷ്ടിയുമായൊരുരാത്രി 
കാട്ടുന്നനന്തത വിസൃത ഗഗനത്തിൻ 

അതിരുകളില്ലല്ലോ ബ്രഹ്മാണ്ഡമേ  
വിസ്മയം, വിശാലം മനചര്യയും 
നക്ഷത്ര ലോകമേ നിനക്ക് നൽകാൻ 
മൊട്ടായ് വിടരുന്നീകണ്‍കൾ രണ്ടും 
                                       .....   വിശ്വം . 

ഇടനെഞ്ചിലെത്തുന്ന നൊമ്പരം

ടനെഞ്ചിലെത്തുന്ന നൊമ്പരം
 ****************

ഇടനെഞ്ചിലേക്കൊരു 
തീ വന്നുവീഴുമ്പോൾ 
ഇത്തിരി വെള്ളം നൽകണം  നീ 

പ്രണയമേ പറയാതെൻ 
അരികിലുണ്ടാകണം
വെറുതേതോന്നുമീ ആഗ്രഹങ്ങൾ 

പറയുവാനല്പം 
പഴങ്കഥ കരുതണം 
കേൾക്കുമ്പോളനുഭൂതി 
നിറയുമെന്നിൽ 

ഇതൾവീണ പൂവിന്റെ 
ഓർമ്മപോൽ പടരണം 
നറുമണമെന്റെ സിരകളിൽനീ 

പിന്നിട്ട വഴികളിൽ   
പതിഞ്ഞ കാല്പാടുകൾ 
ഓരോന്നു മോർത്തോർത്തെടുക്കണം

നിന്റെ നിശ്വാസങ്ങളെൻ
ശ്വാസമായ്  തീരണം 
എന്നിലേയ്ക്കൊഴുകി നിറയണം 

പതറാതെ നില്ക്കണം 
കണ്ണീർ വീഴാതെ നോക്കണം നീ 
ചിരിയ്ക്കുന്ന മുഖമായിരിയ്ക്കണം
അധരമെൻ ചുണ്ടിലമർത്തണം
പ്രണയമധുരം പകർന്നു നല്കണം

അടയുമെൻ കണ്ണിൽ 
നിൻമുഖം തങ്ങണം 
പിരിയുന്നതെന്നേയ്ക്കുമല്ലേ

ഇടനെഞ്ചിലെത്തുന്ന നൊമ്പരം 
പ്രണയമേ, നിന്നെ 
അകലുന്ന വേദനയല്ലേ  
 .....       ... .....   

സ്വപ്നത്തിൽ

സ്വപ്നത്തിൽ 
*****
പാതിയടഞ്ഞ കണ്ണുകളിലൂടെയാണ്
ഞാൻ സ്വപ്നം കാണുന്നത്
നിങ്ങളോ?

കൊഴിഞ്ഞു വീഴുന്ന പഴങ്ങളാണ്  
ഓരോ സ്വപ്നവും 
ഞാൻ വെറുതേയവ കൂട്ടിവെയ്ക്കുന്നു
നിങ്ങളോ?

വേഗത തീരെയില്ലാത്ത കാലുകളാണ്
സ്വപ്നത്തിൽ  എനിയ്ക്ക്
നിങ്ങൾക്കോ?

എന്റെ പിന്നാലെയാണ്
സ്വപ്നത്തിൽ  എല്ലാവരും
തിരിഞ്ഞു നോക്കാൻ
എനിയ്ക്ക് പേടിയായിരുന്നു
നിങ്ങൾക്കോ?

ഒരിയ്ക്കലോടിക്കയറിയത് വലിയ 
കോട്ടയിലേക്കായിരുന്നു
നിറയെ രത്നങ്ങൾ പതിപ്പിച്ച
ചുവരുകളുള്ള ഒരു കൊട്ടാരം

നീണ്ടതാടിയുള്ള വയസ്സൻ രാജാവ്
ചുറ്റിലും സ്വർണ്ണ പൂമ്പാറ്റകൾ
സിംഹാസനത്തിലേക്കാണ് 
എന്നെയവർ പിടിച്ചിരുത്തിയത്

എനിയ്ക്കു ചുറ്റും  
ആലവട്ടവും വെഞ്ചാമരവുമായി  
പരിചാരകൾ 
ഞാൻ പറയേണ്ടതെല്ലാം 
രാജാവ് പറഞ്ഞു തീർക്കുന്നു 

പൂമ്പാറ്റകൾ ഓരോന്നായി 
രത്നചുവരുകളിൽ 
പറന്നിരിയ്ക്കുന്നു  
താടിരോമങ്ങൾ  
മുള്ളുകളായി എന്നെ പൊതിയുന്നു 

മുള്ളുകൾതീർത്ത  
ഒരു കൂട്ടിലായി ഞാൻ 
ചുറ്റും ചൂലുകൾ പേറിയവർ 
രാജാവ് വില്ലുകുലയ്ക്കുന്നു 

ഞാനിരുന്ന സിംഹാസനം 
ചുട്ടുപഴുക്കാൻ തുടങ്ങി
എനിയ്ക്കപ്പോൾ
വിശപ്പ്  ഇല്ലായിരുന്നു

പിന്നീടെല്ലാം നിങ്ങളാണ് പറഞ്ഞത് 
പാതിയടഞ്ഞ കണ്ണുകളിലൂടെ 
ഞാൻ നിങ്ങളെയെല്ലാം കണ്ടിരുന്നു

ഒന്നുകൂടി നിങ്ങൾ പറയണം 
എന്താണ് ഇങ്ങനൊക്കെ ഞാൻ 
സ്വപ്നം കാണുന്നത് .
..  ... ...

മണ്ണ് അഥവാ മണൽ

മണ്ണ്  അഥവാ മണൽ 


മുറ്റം നിറയെ വീണു കിടക്കുന്നത്  മണലല്ലേ

ചുറ്റും  പറന്നു കളിയ്ക്കുന്നത് മണ്ണല്ലേ 

ചൂലടിച്ചടിച്ച് മുറ്റത്തു നിന്നും മാറ്റിയതും 

കുഴിച്ചു കുഴിച്ച് കൂനകൂട്ടിയതും മണ്ണുതന്നെ`


മണലാരണ്യത്തിലും കടപ്പുറത്തും 

മണ്ണ് വെറുതേ കൂട്ടിയിരിയ്ക്കുന്നു 

മണ്ണുമാന്തികൾ  കടലും പുഴയും 

മാന്തി കൂട്ടുന്നതും മണ്ണല്ലേ 


മലപൊടിയ്ക്കുന്നതും 

കാട് വെട്ടുന്നതും 

മണ്ണിനായല്ലേ 


ഒരു പിടി മണ്ണല്ലേ  നീ തിന്നത്

പക്ഷേ  വിഴുങ്ങിയത്

ഈ ലോകം തന്നെ.


..   ...     വിശ്വം 

  

ഇടപ്പള്ളി തോട്

ഇടപ്പള്ളി തോട്

ആർക്കും വേണ്ടാതെ 
വീർപ്പുമുട്ടി കിടന്നൊരുതോട് 
നികത്തി ഉപയോഗിച്ചപ്പോൾ 
ആളായി ചോദിയ്ക്കാൻ 

ഒഴുകാനാവാതെ 
പോളയും മാലിന്യങ്ങളും നിറഞ്ഞ് 
ഒരു പുരാവസ്തുപോലെ
ഉറങ്ങുകയായിരുന്നു തോട് 

മാടി കെട്ടിയപ്പോൾ
മേനിയളവുകൾ പരസ്യമായി   
നാപ്പതു മീറ്റർ വീതിയുണ്ടായിരുന്നു 
കെട്ടുവള്ളങ്ങൾ ഉലാത്തിയിരുന്നു   
ഇപ്പോൾ അഞ്ചു കിലോമീറ്ററിൽ
അഞ്ചുമീറ്റർ മാത്രം വീതി 

സ്ഥലകണക്കിൽ അമ്പതേക്കർ പുഴ  
മലയും മണ്ണും കൂടി
തിന്നുതീർത്തിരിയക്കുന്നു 
പണക്കണക്കിൽ പറഞ്ഞാൽ 
അഞ്ഞൂറു കോടി രൂപാ !

ഇടപ്പള്ളി തോട്ടിൽ
ഇനിമുതൽ  
ബോട്ട്  ഓടുമത്രേ.

എല്ലാം വെറുതെ 
പരക്കുന്ന നുണയെന്ന് 
പാവം മുതലാളി 
  ....

സ്നേഹ ജ്വാലകൾ

സ്നേഹ ജ്വാലകൾ
ooooo ooooo ooooo  

കാറ്റത്ത്‌ 
കത്തുന്ന വിളക്ക്
നേരെ നില്ക്കാൻ 
കൊതിയ്ക്കുന്ന 
ഒരു തീനാളമാണ് 
ഏതു നിമിഷവും 
കറുത്ത് 
പുകയാൻ 
വിധിയ്ക്കപെട്ടവൾ   

 ചിരിയ്ക്കും 
കരച്ചിലിനും 
ഇടയിൽപ്പെട്ട  
കൗമാര സ്വപ്‌നങ്ങൾ 
ഇരു കരങ്ങളും കൊണ്ട് 
മാറിലേയ്ക്ക് 
മാറ്റി കൊണ്ടിരിയ്ക്കും  

സമവാക്യങ്ങളിൽ 
കാറ്റും വെളിച്ചവും 
അതിര് കടക്കില്ല  
ആണും പെണ്ണും 
തീയും 
വെള്ളവും പോലെയോ?

കാറ്റേ 
നീ കരുതി വീശുക

ആറ്റുവക്കിൽ 
അരിഞ്ഞാണം 
കാട്ടുതീയും 
പണിതു കൂട്ടുന്നു  

ചുവന്ന കണ്ണുകൾ 
അഞ്ജനം എഴുതി 
തിളപ്പിയ്ക്കണോ 

ഒരു കാറ്റിലും 
വീഴാതെ 
കത്തി നില്ക്കട്ടെ 
സ്നേഹ ജ്വാലകൾ 
....       വിശ്വം 

കിറുകൃത്യം

കിറുകൃത്യം  

അത് അവന്‍ തന്നെയാണ് 
കറുത്ത കോട്ടും 
കണ്ണടയും  വെച്ചിട്ട്

കണ്ടതും 
ഓടുകയായിരുന്നു 
അങ്ങനെ വിടാന്‍ പറ്റുമോ 
പുറകേ  ഓടി

അവന്  കൃത്യമായി 
കിടങ്ങ് അറിയാമായിരുന്നു 
വീണപ്പോള്‍ എനിയ്ക്കും 

അങ്ങനെയാണ് 
കൈയും കാലും ഒടിഞ്ഞത് 

ഇല്ലായിരുന്നെങ്കില്‍ 
കിറുകൃത്യം 
നിങ്ങളും വിശ്വസിച്ചേനെ!
...                .....

രഹസ്യം

രഹസ്യം 

ചില രഹസ്യങ്ങള്‍ 
രഹസ്യമായി തന്നെ 
പരസ്യപ്പെടും 

അത്തരം ഒരു 
രഹസ്യക്കാരിയെയാണ് 
അതിരഹസ്യമായി 
പിടിയ്ക്കപ്പെട്ടത്‌ 

പക്ഷേ  മുഖം 
പരസ്യങ്ങളില്‍ 
കണ്ടു  പരിചയമുള്ളത് 

ഇനി 
ഒരു രഹസ്യം കൂടി പറയാം 
വല വിരിച്ചാല്‍ 
ഇര വീഴുവോളം 
രഹസ്യം  
         ....    

ഒത്തുതീര്‍പ്പ്

ഒത്തുതീര്‍പ്പ്

എല്ലാംമറിയുന്നെങ്കിലുമൊരുപൊടിക്കൈ
എൻപേരിലും കിടക്കട്ടെയടയാളമായ്
ഞെട്ടുമോ ലോകം വെറും തോന്നലാകാം
ഞെട്ടറ്റതെല്ലാമഗ്നിയ്ക്കടിപ്പെടും

സ്വയമേകൊഴിയട്ടേ അരുതെന്ന് ബോധം
വയ്യെന്ന് ദേഹം നരകമാകുന്നു ജീവിതം
പിടിവാശികള്‍ വിട്ടൊരുമിച്ചു നില്‍ക്കുവാന്‍
ദേഹിയ്ക്ക്  സമ്മതം പേറുന്ന ദേഹത്തിനെ

കൊടും കാട്ടിലെങ്കില്‍  വന്യമൃഗങ്ങളോ 
മരുഭൂമിയിലെന്നാലോ  കഴുകകൂട്ടങ്ങളോ
വേര്‍പെടുത്തിടും  ദേഹമേ പോകു നീ
നേരമാകുമ്പോള്‍ നമ്മള്‍ പിരിഞ്ഞോളും

യാത്രയ്ക്കിനിവയ്യ വേറെന്തുപായം
കൂട്ടിനാരെയും  വയ്യല്ലോ ഈരഹസ്യത്തില്‍
തലവെച്ചുനോക്കൂ, പായും തീവണ്ടിമുന്നില്‍
ശിരസറ്റാലുറപ്പ്  നാം പിരിഞ്ഞിരിയ്ക്കും

വയ്യ സങ്കല്പിയ്ക്കുവാന്‍ വെണ്മ ചുവക്കുന്നത്
അല്ലെങ്കില്‍ നാം എന്തിനു മൂന്നായി പിരിയണം
എന്നാല്‍ നിസ്സാരം ചാടിയ്ക്കോ ആഴക്കയങ്ങളില്‍
ഞാന്‍ പോയശേഷം നീ പൊങ്ങിടും`ഉറപ്പായും.

അകെ വീര്‍ത്തു വിറങ്ങലിച്ചുള്ളൊരു കാഴ്ച വേണ്ട
ഒരിയ്ക്കലും  അതിനര്‍ഹനല്ല   ആരായിരുന്നു നീ
എങ്കിലാകാം ഏതെങ്കിലും കൊടുംവിഷം വേര്‍വിട്ടകറ്റും
നമ്മെ  പക്ഷെ കുടിയ്ക്കുമ്പോള്‍ നീ  ചതിയ്ക്കല്ലേ !

ഉറക്കെ ശബ്ദം വന്നാല്‍ എത്തില്ലേ ആള്‍ക്കൂട്ടം
അബദ്ധത്തില്‍ ആരെങ്കിലും മുതിര്‍ന്നാല്‍ തീരില്ലേ
പിരിയാന്‍ ഉറപ്പിച്ചാന്‍ വഴി മാത്രം തേടുക ഒക്കെ
തീരും  നിസ്സാരമായ് ഒരു നീളന്‍ കയര്‍ തുമ്പില്‍ .

ബോധമേ  നീ ബുദ്ധിമാന്‍,  ആരും അറിയാതെ
നമ്മുടെ സ്വപ്നസൌധത്തില്‍ തന്നെ പിരിഞ്ഞിടാം
തര്‍ക്കിക്കുന്നില്ലിനി മുറികള്‍ എല്ലാം അടയ്ക്കുന്നു ഞാന്‍
എഴുതിവെയ്ക്കൂ   നീ നിന്റെ അന്ത്യ കാവ്യക്കുറിപ്പുകള്‍ .
           ..  ..