Pages

നിലനില്പ്


 നിലനില്പ്

കൊടുങ്കാറ്റുകള്‍
പറയാതെ തന്നെ
തണുപ്പ്  മൂടിയ
ഭൂമിയെ തഴുകുന്നു.

ഉയരുന്ന ജലവിതാനത്തില്‍
നിലയ്ക്കുന്നു
ഇടയ്ക്കിടയ്ക്ക്
ജീവിതം.

കടലും
കരയും
ഒന്നും അറിയാത്തപോലെ
പരസ്പരം മൂകരാകുന്നു

കലഹം മറക്കാന്‍
കഥകൾ എഴുതുന്നു
വിരുന്നു വരുന്ന
കൊടുംകാറ്റുകള്‍
കണ്ണീര്‍ ബാക്കിയാക്കുന്നു

തലയില്‍
അഗ്നികുണ്ഡം
ചൂടിയവന്‍
ദയയ്ക്കായി  കേഴുമ്പോള്‍
പൊഴിവാക്കുകളെന്ന്
നീതിന്യായം

ഒരിടവപ്പാതിയ്ക്കും
നിറവയറാൽ  വിതുമ്പുന്ന
ജീര്‍ണ്ണിച്ച ബന്ധനങ്ങള്‍ക്ക്
പകരമാകാന്‍ കഴിയില്ല
കൊടുങ്കാറ്റുകള്‍
ആഞ്ഞടിയ്ക്കുന്നത്
ഹൃദയത്തിലേയ്ക്ക്

വകതിരിച്ച്
കരുതി വെയ്ക്കണം
 ഇത്തിരി കണ്ണീര്‍
പുഴയൊഴുകി
കടലിലെത്തുമ്പോള്‍

നിന്‍റെ  ന്യായം
എന്‍റെ  മേലെയുള്ള
നിന്‍റെ കടന്നു കയറ്റം
എനിയ്ക്കുവേണ്ടി
ഇനിമേൽ  നീ
കണ്ണീര്‍ വീഴ്ത്തരുത് .

...... വിശ്വം

അഭിപ്രായങ്ങളൊന്നുമില്ല: