Pages

അടയാളങ്ങളില്ലാതെ


 അടയാളങ്ങളില്ലാതെ
തുറന്ന ജനാലയിലുടെ  അകത്തു കയറുമ്പോള്‍
വിരലടയാളങ്ങള്‍  പതിയും
പതിയെ  കിടക്ക വരിയ്ക്കടിയിലുള്ള 
താക്കോല്‍കൂട്ടം എടുത്താൽ   കൈ മുട്ടുമോ എന്തോ..?
അടയാളങ്ങള്‍ ബാക്കിയാക്കാതെങ്ങനെ മോഷ്ടിയ്ക്കും..?

ജീവിതം മോഷണങ്ങളുടെ  ചില്ല് കൊട്ടാരമാണ് 
ആദ്യം അടുത്തുകൂടി കരളെന്നുവിളിച്ചു ഹൃദയം  കവർന്നു
ബാക്കിവെച്ച മോഹങ്ങള്‍ പെട്ടെന്നാരോ തട്ടിയെടുത്തു 
ആയുസ്സിന്‍റെ  ഭാഗം മുഴുവന്‍ കാലം കവര്‍ന്നെത്തു 
ഇത്തിരിയുള്ള  ചിന്തകളില്‍ എങ്ങനെ  നീ വരാതിരിയ്ക്കും?

ചിറകുകള്‍കറുത്ത  വെളുപ്പാന്‍കാലം
ഇരുട്ടിനെ മോഷ്ടിക്കുന്നു
കറുത്തിരുണ്ട മേഘങ്ങള്‍ ചന്ദ്രബിംബത്തേയും 
എല്ലായിടത്തും അടയാളങ്ങള്‍ ബാക്കിയാകുന്നു.

മുഖം കണ്ടാലോ  ..? അടയാളങ്ങളില്‍ 
കാഴ്ചയ്ക്ക്  എന്ത് സ്ഥാനം !
കണ്ടത് വിവരിയ്ക്കുമ്പോള്‍ തെറ്റിയതാകാം 
പിന്നെയും തമ്മില്‍ കണ്ടാലല്ലേ കള്ളനാകൂ..!


അടയാളങ്ങളില്ലാതെ   
നിര്‍ത്താതെ  പ്രശംസിയ്ക്കുന്നവര്‍
പ്രസംഗിച്ചത്  മോഷണത്തെ കുറിച്ചായിരുന്നു. 
                                      .. .... ...   വിശ്വം.

കറുത്ത വാവില്‍

പല സന്ധ്യകള്‍ കാത്തുനിന്നൊരു 
കല്‍വിളക്കിന്നു  കരിന്തിരികത്തുമ്പോള്‍
പകലിന്‍വിയോഗത്തില്‍ കരയുന്നഗഗനത്തെ   
പുതപ്പിച്ചുറക്കാനായ്  കറുത്തവാവ്

ഇരുളിന്‍പുറംപറ്റി നിറയുന്നതാരകള്‍
കരളിലുതിര്‍ക്കുന്ന പുനര്‍ജന്മചിന്തകള്‍
ഉദയം പതിവെന്നാചാര്യവചനങ്ങള്‍
നിറയ്ക്കുംവെളിച്ചം പകലെന്നപോലെയും

ആരുപിരിഞ്ഞെന്നും ആരുകരഞ്ഞെന്നും
കാലം കണക്കതില്‍ കൂട്ടിനോക്കാറില്ല
പോകുന്നതെല്ലാം പുതിയൊരുനാമ്പുമായ്
പാതവക്കില്‍ തന്നെ ഫണമുയര്ത്തുന്നെന്നും

ഇത്തിരിവെട്ടം ചുരത്തിനില്‍ക്കുന്നോരമ്പിളി
പെട്ടെന്ന് മാഞ്ഞുപോകുമ്പോള്‍ പലപ്പോഴും
പുത്തനറിവുകള്‍  പൂക്കുംസിരകളില്‍
പൊട്ടിക്കരച്ചിലിന്‍  വേലിയേറ്റങ്ങളും

കത്തിപ്പടരുന്ന ഓര്‍മ്മകള്‍ പലരിലും
കത്തി ജ്വലിയ്ക്കുന്നതീ കറുത്തവാവില്‍
കാക്ക കൊത്തിതിന്നും ബലിചോറുകള്‍
കാലംകടന്നവര്‍ക്കായുള്ള  തര്‍പ്പണം
.................               ................  വിശ്വം.

പെരുമഴയുടെതാളങ്ങള്‍

ജിന്നുകളെ തിരക്കി ഇറങ്ങിയ രാത്രിയില്‍
വഴിയോരങ്ങളില്‍ കുപ്പിവളകളുടെ കിലുക്കം
ആദ്യം കണ്ടത് വിളക്കു നാളങ്ങളില്‍
കണ്മഷിയെഴുതുന്ന കരിവണ്ടിനെ

ഉറങ്ങാതെ  ഇടവിട്ടിടവിട്ടലറി വിളിയ്ക്കുന്ന
കതകിനു പറയുവാന്‍ രഹസ്യങ്ങള്‍ മാത്രം
പടിയിറങ്ങി പോകുന്ന കാമുകര്‍ക്കെല്ലാം
മുന്തിരിച്ചാറിന്റെ മണമുള്ള   ഓര്‍മ്മകള്‍


നിലാവുതെളിയുന്ന പുഞ്ചിരിചുണ്ടുകള്‍
നാഴിക മണിപോലെ മാടി വിളിയ്ക്കുന്നു
ചലിയ്ക്കുന്ന കണ്ണുകള്‍ പറഞ്ഞു വെച്ചത്
നഷ്ടപ്പെട്ട  ബാല്യവും മങ്ങിയ മാതൃത്വവും

പെരുമഴയുടെതാളങ്ങള്‍ക്കിടയില്‍
തകര്‍ന്ന്,   ജീവിതം നഷ്ടപ്പെട്ട ജിന്നുകള്‍
നിറം മങ്ങിയ നിലാവെളിച്ചത്തില്‍
കാര്‍മേഘങ്ങളലിഞ്ഞുചേരും പോലെ .
...  ....  ....   ... ..........   വിശ്വം

പ്രവാസി

മറുനാട്ടിലായതില്‍  ലഹരി പിടിച്ചെന്നും
മലയാളഭാഷയെ പഠിയ്ക്കുന്നൊരുവര്‍  നാം
ലളിതമാം വാക്കുകള്‍ക്കുള്ളില്‍ കിടക്കുന്ന
ഹരിത മനോഹരി, നിന്നെ നമിയ്ക്കുന്നു

നിഴലുകള്‍ നിലകളില്‍  വെഞ്ചാമരം വീശും
പുഞ്ചവരമ്പുകള്‍  പൂക്കളരുവികള്‍
കാഞ്ചന ശോഭയും കളകള നാദവും
കാറ്റിലുലയുന്ന  കല്പ വൃക്ഷങ്ങളും

കേട്ടാലഭിമാനമേകും  കഥകളും
പാട്ടുകള്‍ക്കിമ്പം പകരും സ്വരങ്ങളും
ഓര്‍ത്തു മരവിച്ചൊരകകണ്ണു മായാണ്ടില്‍  
തീ ര്‍ത്ഥ യാത്ര യ്ക്കെന്നപോല്‍ വരുന്നവര്‍

നോക്കി പിഴിയുന്ന കൂട്ടരെപ്പോലിന്നു
നാട്ടുകാര്‍ ഭാവം പകര്‍ന്നു ചിരിയ്ക്കുമ്പോള്‍
ഭേദം മറുനാടെന്നു  വിചാരിപ്പവര്‍ നാം
കഷ്ടം, പിരിഞ്ഞതോര്‍ക്കുന്നു നിന്‍ ഭൂവിനെ .


ഒരു രാത്രി പോലും മയങ്ങാതെ വേദന
മനതാരില്‍ വെച്ചു കഴിഞ്ഞു കുടുന്നവര്‍
പിറവി, ബാല്യം, ശീ ലം, മറക്കുവാന്‍ വയ്യല്ലോ  
മനുജനായ് പോയല്ലോ, അമ്മേ മലയാളമേ .

....................                                       ........ വിശ്വം

ജിവിത ചക്രം


 ജിവിത ചക്രം

ജനലഴിയില്‍ പിടിച്ചുനിന്നത്
വയസ്സായ ശരീരം.
വേദനിയ്ക്കുന്നുവോ നിനക്കെന്ന്
നിഴല്‍
ഇടനാഴിയില്‍ അടക്കിപ്പിടിച്ച
സംസാരങ്ങള്‍
എല്ലാ മുഖങ്ങളിലും
വേദനയുടെ ചുട്ടികള്‍

തോളത്തു തട്ടിയ  നിഴല്‍ പറഞ്ഞു


"പോയി കണ്ണടച്ചു കിടന്ന്
 സമയം കളയാതെ യാത്രയാകാന്‍
ബാക്കിയെല്ലാം നിലവിളിയ്ക്ക് ശേഷം"

വിദൂരതയിലേയ്ക്ക്   നിഴല്‍ മറഞ്ഞു
 വായപൊളിച്ച്   നീണ്ടു കിടന്നപ്പോൾ

ചുറ്റിലും കരയുന്നവര്‍
സ്ഥിതി ഗതികള്‍ അറിയിക്കുന്നവര്‍

ഓര്‍മ്മയില്‍ വളർന്നത്‌ 
 മധുര കിനാക്കള്‍
ഉയരങ്ങളില്‍ എത്തിയ്ക്കാന്‍
വിയര്‍ത്തു  ചുരുങ്ങിയത്
ശ്വാസം തേടിയ   ഉടല്‍

നാളത്തെ  വിമാനത്തിലേ 
മകനെത്തൂ  എന്ന് കൂടിനിന്നവര്‍
കാത്തിരുന്നെങ്കില്‍
പലരും  പിണങ്ങിയേനെ ..!

പിരിയുമ്പോൾ
നിഴല്‍ പറഞ്ഞിരുന്നു
കൊച്ചു മോന്റെ കാര്യത്തില്‍
മകന്‍ തിരക്കിലാണ്
വെറുതേ മോഹിച്ചാൽ
സമയം  പാഴാകും  !.
... ... വിശ്വം