Pages

അങ്ങനെ.. അങ്ങനെ

അങ്ങനെ.. അങ്ങനെ


മഴ കഥ പറയുമ്പോൾ 
കാറ്റ് നീട്ടിമൂളും
കളയടോ നിന്റെയാ
കരിങ്കൊടിയെന്നലറി
കുടക്കമ്പികളുടെ
മസ്സിലുകളിൽ തടവും
മഴ മനസ്സിലേക്ക്
തേനൊഴുക്കും
നനഞ്ഞു കുതിരുമ്പോൾ  
ഞങ്ങൾ ഒന്നാകും
തെരുവിലൂടെ
ഒഴുകിയൊഴുകി
അങ്ങനെ.. അങ്ങനെ



കേമത്തം

കേമത്തം

ജീവിക്കുന്നതു തന്നെ
കേമത്തം കാട്ടാനാണ്


സംസാരിച്ചപ്പോൾ ഓർത്തില്ല
അയാൾ ഒരു കേമനാണെന്ന്.
ചോദിക്കാതെ വന്ന്
അരയിൽ മണികെട്ടാൻ
അനുവാദം കൊടുത്തില്ല.

കളി കേമനോടല്ലേ
കളം പൊതുമുതലാണെന്ന്
അറിയിപ്പുണ്ടായി   
സൗഹൃദം, പരിചയം
കുടുംബ ബന്ധം
എല്ലാം
കളരിക്കു പുറത്ത്.

കുടിവെള്ളമൊഴുക്കിയ 
പുഴയെ തടഞ്ഞു നിർത്തി
കേമനല്ലേ
ഒരു വിരലാൽ അന്നം മുട്ടിച്ചു
വിശപ്പ റി യി ച്ച പ്പോ ൾ
അനുഭവിക്കുന്ന സ്വത്തിന്റെ
അവകാശിയല്ലെന്നു കല്പനയുണ്ടായി

ശരിയാണല്ലോ
കേമന്മാർക്കല്ലേ
കേമത്തം കാട്ടാനാവൂ !
 പണിതു തന്ന
ശില്പിയെതന്നെ
കൊന്നല്ലേ ശീലം

കേമന്മാർ
സർവ്വ വ്യാപികൾ
ജീവിക്കുമ്പോൾ 
കേമനെപേടിക്കണം.
.......................   

തീക്കളി

തീക്കളി

ചൂടാക്കാൻ
ഉരുണ്ടു കറങ്ങി
തീയ്ക്ക് ചുറ്റും
കളിക്കുന്നവൾ

പറഞ്ഞിട്ടെന്തേ
വരച്ച വരയിൽ
അവൾ ഉരുളുന്നത്
മേലുകീഴ്‌ മഞ്ഞുകട്ടകൾ പിടിച്ച്
ഉള്ളുനിറയെ വെള്ളം നിറച്ച്

ഇനി പറയൂ
അവൾക്കീ കളി 
തീക്കളിയാണോ?

സ്വബോധം



സ്വബോധം


എന്റെ കാര്യത്തിൽ
ഞാൻ പറയുന്നതൊന്നും
ബാധകമല്ല 
ഇവിടെ പറഞ്ഞതൊന്നും
ഞാൻ ചെയ്തിട്ടില്ലല്ലോ!
മറ്റുള്ളവരുടെ
കാര്യത്തിൽ
ഇതാണ് ശരി.

v

ചോരയുണ്ടുസഖാക്കളേ  നമുക്കുനിന്നുപൊരുതുവാൻ
ചേരണം കരുത്തുകാട്ടാൻ  ചെങ്കൊടിക്കുകീഴിലായ്
ചോർന്നുപോയധീരതകൾ ചേർത്തുനിർത്തി മുന്നേറാം
ചേർന്നുനിൽക്കൂനമ്മളല്ലേലാകും മൂകസാക്ഷികൾ 


പെണ്ണാളി

പെണ്ണാളീ**

നുണക്കുഴികളിൽ
നീ തലോടുമ്പോൾ
വിശന്നു ചുരുങ്ങിയ
നിന്റെ വയറിലാണ്
ഞാൻ കിടന്നത്

നിന്റെ കണ്ണുകളിൽ
മഴത്തുള്ളികൾ ഉതിർത്തത്
എന്റെ കവിളിൽ ഒട്ടിപ്പിടിച്ചു


നീ  ഊട്ടിയ മുലപ്പാൽ
വിശപ്പകറ്റാൻ തികഞ്ഞില്ല
മുലഞ്ഞെട്ടുകളിൽ
ആർത്തിയോടെ കടിച്ചപ്പോൾ
നീ ചിരിക്കുകയായിരുന്നു

ഞാൻ വളർന്നപ്പോൾ
മേൽക്കൂര തകർത്ത് ഇടിത്തീ വീണത്‌
ഏതു നെഞ്ചിലായിരുന്നെന്ന്
നിനക്ക് അറിയില്ലായിരുന്നോ ?

നുണക്കുഴികളിൽ  നീ തലോടിയത്
നിന്റെ വയറ്റിൽ പിറന്ന
ഒരു പാഴ് ജന്മത്തെയായിരുന്നു!

ഉറവവറ്റിയ മുല ഞെട്ടുകളിൽ
നീ ചേർത്തു പിടിച്ചത്
അപസ്വരം മീട്ടിയ
എന്റെ ചുണ്ടുകളായിരുന്നു .

ഉറവ നഷ്ടപ്പെട്ട നദികണക്കാണ്
എന്റെ ജന്മമെന്ന് ഞാനറിഞ്ഞു 
ശുഷ്കിച്ച് ഉൾവലിഞ്ഞ ജനനേന്ദ്രിയം
അസ്തിത്വ ത്തെ കണ്മഷിയിലേക്ക് തള്ളി 
ഞാനൊരു പെണ്ണാളിയായി!

ഒരു കൂരിരുട്ടിൽ
എനിക്കായ് തുറന്നു തന്നത്
അഗാധ ഗർത്ത ത്തിലേക്കുള്ള
വഴിയായിരുന്നെന്ന്
നീ അറിഞ്ഞു കാണുമോ?

ഗുഹ്യരോഗങ്ങൾക്കൊപ്പം 
രക്ഷകർ പിഴുതെറിഞ്ഞത്
ആണത്വം നഷ്ടപ്പെട്ട
എന്റെ മൂത്രനാളിയായിരുന്നു.

അമ്മേ ,
നിനക്ക് ഞാനിപ്പോഴും
മുലഞെട്ടുകൾ തിരയുന്ന
പിഞ്ചു കൈകളോ ?

ഞാനോ...

ലിംഗങ്ങളില്ലാതെ അലയുകയാണ്
ഒരു പെണ്ണാ ളിക്കുപോ ലും
ജന്മം കൊടുക്കുവാനാവാതെ!  
...................................................

**ഹിജഡകൾ എന്ന വിളിപ്പേരുള്ളവരെ  കുറിച്ചുള്ള  പൊള്ളുന്ന സത്യങ്ങൾ
15-2-15 ൽ NCPA ,മുംബായിൽ വെച്ചു കാക്കമാഗസീൻ നടത്തിയ   "ഗേറ്റ്വേ ലിറ്റ് ഫെസ്റ്റി" ൽ  
 അവതരിപ്പിക്കുകയുണ്ടായി. ഒരു മനുഷ്യജന്മം  "പെണ്ണാളി" യാണെന്ന്  
തിരിച്ചറിയുമ്പോൾ  വീട്ടുകാർ അവരെ ഉപേക്ഷിക്കുന്നു.
തുടർന്ന് അവർ തെരുവിന്റെ സന്തതികളാകുന്നു. 
 

പകൽ മായുമ്പോൾ

പകൽ മായുമ്പോൾ 

വിരലിനോളമായി തീരും ചുവർചിത്രവും 
തൊടിയിൽ മധുനുകരുന്നൊരു കരിവണ്ടും 
പുഴയിലെപ്പഴന്തോണിമെല്ലെയിളകിയും
നിഴൽ അനക്കം ഓളത്തിലലിയുന്നതും 
കതിരോനൊളിക്കുവാൻ കുങ്കുമംതേച്ചതും 
കണ്ടു പേടിച്ച മിഴികളുമായല്ലോ 
പകൽ പതിവായി  യാത്രപോകുന്നത് !


വഴിയിലെങ്ങോ തളർന്ന മുക്കുറ്റിതൻ 
തോഴനാം അർക്കകിരണബാഹുക്കൾ  
തടവി നാണിക്കും നാലുമണിപൂക്കളും 
കരയാതെ കാർകൂന്തലഴിച്ചിട്ടരികത്ത് 
കരളുവെന്തുലയൂതും ശിശിരമേഘങ്ങളും 
വെറുതേയീ ചുണ്ടിൽ അടയാളമായിട്ടൊര
ധര ചുംബനം തന്നോ പിരിയുമീ നേരത്ത് !   


ഹൃദയതന്ത്രികൾ മീട്ടുന്ന രാഗങ്ങൾ 
സിരകളിൽ തിരയുന്നതല്ലോ അനുരാഗം
പിളർന്നമാറിലും ചുരന്നു പാൽപ്പുഴ
പിടഞ്ഞുതളർന്നുതേങ്ങുന്നൊരമ്മയിൽ    
പറഞ്ഞ വാക്കുകൾ പതിഞ്ഞ നോട്ടങ്ങൾ
ഉറവയിൽ നിന്നിറ്റ കദന കാരുണ്യവും
തിരികെ നൽകുന്നു വെറുതേ പോകണ്ടല്ലോ !


ഉരുണ്ടുരുണ്ടനാദി കാലമായ് തിരിയുന്നു
വിരണ്ടു നിന്നില്ല ഇരുളിലെങ്ങുമേ   
നരകവിനോദങ്ങൾ നടനമാടുവാൻ

കായൽ പാട്ട്

കായൽ പാട്ട്

തിന്താരിത്തക തിന്താരിതക തിന്തക താരോ ...
തിന്താരിത്തക തിന്താരിതക തിന്തക താരോ ...

കൈചുണ്ടൻ വള്ളത്തിലന്നു പാമരം കെട്ടിയേ ..
കൈതപ്പുഴ കായലിലന്നു വല വിരിച്ചേ ..
കൊട്ടയോളം മീൻ കുഞ്ഞോളെ വല പിടിച്ചേ
കെട്യോളുമായി  വട്ടവല വലിച്ചേ ...

തിന്താരിത്തക തിന്താരിതക തിന്തക താരോ ...
തിന്താരിത്തക തിന്താരിതക തിന്തക താരോ ...

കൈനിറയെ കരിമീൻ കണ്ടമ്പോളോളും ചൊല്ലിയേ ..
കായ്കൾ വന്നു ഞങ്ങാളെ ളുപ്പത്തി  കൂര മേയുമേ  ..
കിളിച്ചുണ്ടൻ  മാങ്ങാതിന്ന് കൊതി തീർക്കുമേ ..
കരിവളകൾ വാങ്ങി ഇട്ട് കൈകൾ കിലുക്കുമേ ..

തിന്താരിത്തക തിന്താരിതക തിന്തക താരോ ...
തിന്താരിത്തക തിന്താരിതക തിന്തക താരോ ...

വള്ളം നിറേ മീൻ കണ്ടപ്പോ ഏനും ചൊല്യെ
കള്ളിനൊപ്പം മൂന്നാലെണ്ണം ചുട്ടു തരേണേ
ബാക്കി മതി നമുക്കങ്ങടിയിൽ കാശിനു വിക്കാൻ
വെള്ളം തേകി വള്ളോമായി പിന്നെ മെല്ലെ തിരിച്ചേ

തിന്താരിത്തക തിന്താരിതക തിന്തക താരോ ...
തിന്താരിത്തക തിന്താരിതക തിന്തക താരോ ...

കെട്യോളും ഏനും കൂടി മീൻ തിരഞ്ഞേ
കുഞ്ഞു മീൻ കുട്യോളെ ഞങ്ങ തിരികേ വിട്ടേ
കരിമീനേം പള്ളത്തിയേം  തിരിഞ്ഞിട്ടേ
പുളുന്താനേം വട്ടാനേം പിന്നെ ദൂരെ കളഞ്ഞേ ..

തിന്താരിത്തക തിന്താരിതക തിന്തക താരോ ...
തിന്താരിത്തക തിന്താരിതക തിന്തക താരോ ...

കൈതപ്പുഴ കായലിൽ മെല്ലെ നേരം പുലർന്നേ
ഏനുമെന്റെ കെട്യോളും കൂടെ വള്ളം തൊഴഞ്ഞേ
കരകാണാദൂരത്തല്ലോ വള്ളം കിടന്നേ
പാട്ടും പാടി ഞങ്ങാ വേഗത്തിൽ വള്ളം തൊഴഞ്ഞേ

തിന്താരിത്തക തിന്താരിതക തിന്തക താരോ ...
തിന്താരിത്തക തിന്താരിതക തിന്തക താരോ ...

തകിർതിയിൽ എങ്ങാട്ടൊക്കെ മാനമിരുണ്ടേ
കാറ്റടിച്ചു കായലിലാകെ ഓളം നിറഞ്ഞേ
ഏനുമെന്റെ കെട്യോളും തുഴ നീട്ടി വലിച്ചേ
കാറ്റിലാടി ആടിയുലഞ്ഞേ വള്ളോം മീനും

തിന്താരിത്തക തിന്താരിതക തിന്തക താരോ ...
തിന്താരിത്തക തിന്താരിതക തിന്തക താരോ ...

ഏനിനി ഓർക്കാൻ വയ്യേ ബാക്കി ഓരോന്നും 
ഏന്റെ ഈ ചങ്കിലിപ്പോഴും തിരവരുന്നേ 
കാറ്റിലാടിയാടി വള്ളം തിരയിൽ പെട്ടേ ..
കാത്തു കാത്തതെല്ലാം മുങ്ങീ വള്ളത്തിനൊപ്പം 

തിന്താരിത്തക തിന്താരിതക തിന്തക താരോ ...
തിന്താരിത്തക തിന്താരിതക തിന്തക താരോ ...

ഏനിനി ഓർക്കാൻ വയ്യേ വയ്യെന്റെ ദൈവേ
ഏന്റെയാകൊട്യോളങ്ങനെ കൈവിട്ടുപോയേ
കരിവള കരിമീൻ പിന്നെ കൂരേം പോയേ
ഏനിപ്പോ കരയാനിത്തിരി കണ്ണീരുമില്ലേ ..

തിന്താരിത്തക തിന്താരിതക തിന്തക താരോ ...
തിന്താരിത്തക തിന്താരിതക തിന്തക താരോ ...

 ഏനിപ്പോ.. കരയാനി...ത്തിരി ..കണ്ണീരു..വേണേ ....
ഏനിപ്പോ.. മോന്താനി...ത്തിരി ..കള്ളും .വേണേ ....

തിന്താരിത്തക തിന്താരിതക തിന്തക താരോ ...
തിന്താരിത്തക തിന്താരിതക തിന്തക താരോ ...
തിന്താരിത്തക തിന്താരിതക തിന്തക താരോ ...
തിന്താരിത്തക തിന്താരിതക തിന്തക താരോ ...
....................................................

കുത്ത്

കുത്ത്

കൊതുകെന്തിനാണ് കുത്തുന്നത്
ആന കുത്തുന്നതെപ്പോഴാണ്
നെല്ലുകുത്തുമ്പോൾ  പാട്ടുപാടണോ
കാതു കുത്തുമ്പോൾ കരയല്ലേ
ഉളികുത്തുമ്പോൾ തടി മുറിയും
ചെല്ലി കുത്തുമ്പോൾ തെങ്ങു വീഴും
തിന്നതു കുത്തുമ്പോൾ
വെറുതേ പലതും തോന്നും
ഒറ്റ കുത്തിന് എല്ലാം തീരും

ഉള്ളത്

ഉള്ളത്

ഉണ്ടമാതിരി നീ വന്നു നിന്നതെൻ
ഉണ്ടയായൊരുകണ്‍മുന്നിലല്ലയോ
ഉണ്ടതിൽപരം നൊമ്പരമെന്നുള്ളിൽ
ഉണ്ടയാലല്ലോകൊഴിയുന്നു പുഞ്ചിരി    

തേന്മാവ്

തേന്മാവ്

പൂത്തുല്ലസിച്ചു കാറ്റിൽ
നിലാത്തിരികത്തുന്നു കണ്ണിൽ

കയ്ച്ചുപുളിച്ചുണ്ണികൾമെല്ലേ
കണ്ണുകാട്ടി വിളിച്ചുകളികൂട്ടരെ

കാത്തിരിക്കുന്നോർക്കായി  
മധുരമൂട്ടാമെന്നുതേന്മാവും  

തൊട്ടാവാടി

തൊട്ടാവാടി

നാണിച്ചു വഴിയരികിൽ കിടക്കുമിവളെ
തോണ്ടാൻ, വിരലുകൾ പേടിക്കും രണ്ടാമത്
വാടിത്തളർന്നോരിലകളിൽ കാവൽസൂചികൾ
വേണ്ടാ, വെറുതേ ജീവിച്ചു പോകട്ടെയവളും