Pages

മുംബൈ ഓ.എന്‍.വി.യ്ക്ക് ....

ഓര്ത്തൊരുനാളെഴുന്നള്ളും മലയാളമീ മണ്ണില്‍
എന്‍ മനക്കാമ്പുകൊണ്ടുഞാനന്നത്തപ്പൂവിടും
വിത്തിറക്കാനൊരു പുഞ്ചകൂടി മാറ്റി ഞാന്‍
കുത്തി മറിയ്ക്കും പുഴനീരതിനേകുവാന്‍
റുപ്പിക എത്രയായേലും വീണ്ടും വിതയ്ക്കും
പ്പിന്നൂണെന്‍റെ വീട്ടില്‍ കുത്തരി കൊണ്ടാകും
നുകമേററ മണ്ണിന്‍ വികാരം കുറിയ്ക്കുവാന്‍
സ്വാതന്ത്ര്യം ഈ കരങ്ങള്‍ക്കുമുണ്ടാകും
ഗദ്ഗദമാണിപ്പോള്‍ പുഞ്ചകള്‍ മൂടുമ്പോള്‍
തംപുരു മീട്ടുന്ന പുഴകള്‍ വരളുമ്പോള്‍
നേട്ടംനമുക്കെല്ലാം ധരിത്രി നല്‍കിടും
രുചിയറിഞ്ഞമ്മിഞ്ഞ നുണയാന്‍ പഠിച്ചെന്നാല്‍
ന്നുകരുന്നു മധുരം ഇന്നിവിടെയീമക്കള്‍.

.....................................സ്നേഹപൂര്‍വ്വം വിശ്വം.

തത്തമ്മേ ...പൂച്ച.... പൂച്ച.

തത്തമ്മേ ...പൂച്ച.... പൂച്ച.



ഇന്നലെ ഒരു തത്ത
ഹോളി കളിയ്ക്കാന്‍
കാക്കകൾ ക്കൊപ്പം കൂടി
എത്ര നിറങ്ങൾ  തേച്ചിട്ടും
കാക്ക നിറം കറുത്തുതന്നെ

മുറ്റത്തെ
വാഴകൈയ്യില്‍
കാക്കകൾ  ഇരുന്നു
തത്ത മാവിന്‍ കൊമ്പിലും

തത്ത
മഞ്ഞക്കളറില്‍  
മഞ്ഞക്കിളിയായ്
കാപ്പി നിറത്തിൽ
ഓലംഞ്ഞാലി
നീല ഒഴിച്ചാൽ
നീല പൊന്മാൻ
കാക്കകൾ 
ആർത്തു വിളിച്ചു

മഞ്ഞപ്പൊടിയും
നീലപ്പൊടിയും
കാക്കകള്‍ക്ക്
കറുപ്പ് പോലെ
തത്ത കളിച്ച്
തരികിടയായി


ഹോളികളിച്ച്
കാക്കകള്‍
പോയി
തത്ത
കുളിച്ചുകുളിച്ച്
കുളം കലക്കി

കണ്ടന്‍പൂച്ച
ചാര തത്തയെ
കണ്ടു പതുങ്ങി  
മ്യാവൂ...മ്യാവൂ.

കൂട്ടില്‍ ക്കിടന്ന
മാടത്തയ്ക്ക്
തത്തക്കിളിയെ പിടികിട്ടി
പച്ച മലയാളത്തില്‍
കൂവിവിളിച്ചു

"തത്തമ്മേ ..പൂച്ച .. പൂച്ച."


.................... വിശ്വം.

ചിലത്

ചിലര്‍ എങ്കിലും വിചാരിയ്ക്കും
ചിലരെപററി
ചിലര്‍ എല്ലാവരെപററിയും
ചിലര്‍ ആരെപററിയും
ചിലര്‍ വിചാരങ്ങളൊന്നുമില്ലാതെ
ചിലരെ ററിമാത്രം
ചിലത് പറഞ്ഞുകൊണ്ടിരിയ്ക്കും.
ചിലര്‍ക്കത് കേള്‍ക്കുമ്പോള്‍
ചിലത് തോന്നും
ചിലപ്പോളത് വാര്‍ത്തയാകും
ചിലപ്പോള്‍മാത്രം
ചിതറിപ്പോകും
ചീററിപോകും

൦൦൦൦൦൦ വിശ്വം.


രാമകൃഷ്ണന്‍റെ ചായക്കട


ഇത് രാമകൃഷ്ണന്‍റെ ചായക്കട
പലഹാരങ്ങളെല്ലാം
ചില്ലലമാരയില്‍
ഈച്ചകള്‍ കയറാതെ സൂക്ഷിച്ചിരിക്കുന്നു
തിണ്ണബെഞ്ചില്
ഇപ്പോഴും പത്രം വായിക്കാനാളുകളുണ്ട് .....!
ചരിത്രത്തിലെ എല്ലാ താളിയോലകളും
ദിവസവും ഇവിടെ വായിക്കാറുണ്ട്

ഒരുചായക്കുടിച്ചപ്പോള്‍
അലമാരയില്‍ നിന്ന്
ഉണ്ണിയപ്പം രണ്ടെണ്ണം പുറത്തിറങ്ങി
ഉച്ച പലഹാരങ്ങള്ക്കിടയില്‍ നിന്ന്
അകന്നകന്നായിരുന്നു ഓരോ ഉണ്ണിയപ്പവും.

രാമകൃഷ്ണന്‍
കടംകൊടുത്തിരുന്നു.
പററിയതുകകള്‍
കൃത്യമായി കലണ്ടറില്‍ എഴുതിയിട്ടിരുന്നു.
അഞ്ചുവര്‍ഷമായി
ചായയും ഉണ്ണിയപ്പവും
തിന്നുറങ്ങിയിരുന്ന
സ്ഥിരം വായനക്കാരന്
പെട്ടെന്ന് പത്രവും ബെഞ്ചും
നിഷേധിച്ചിരിയ്ക്കുന്നു.

ഇന്ന്
രാമകൃഷ്ണന്റെ കട മുടക്കമാണ്
ഉണ്ണിയപ്പമുണ്ടാക്കിയിരുന്ന
ജോലിക്കാരന്‍
അവധിയില്‍
പോയിരിയ്ക്കുന്നു.

൦൦൦൦൦൦൦൦൦൦൦൦ വിശ്വം

ഇട്ടാമിട്ടായി കുട്ടപ്പായി


പേരുപറഞ്ഞപ്പോള്‍ നിങ്ങള്‍ ചിരിച്ചു
അല്ലെങ്കിലും പേരിലെന്തിരിയ്ക്കുന്നു.
ഇട്ടാമിട്ടായി പൊട്ടിച്ചിരിച്ചു

ഈയിടെയായി അങ്ങിനെയാണ്
പൊട്ടിത്തെറികളും പൊട്ടിച്ചിരികളും
ഭൂമികുലുങ്ങുന്ന പൊട്ടിത്തെറി
ഭൂമിമുങ്ങുന്ന പൊട്ടിച്ചിരി

അണുകൂടുതകർ ത്ത്
കൂട്ടത്തെറി
കാറ്റടിച്ചു പകര്‍ന്ന
വികിരണങ്ങള്‍

ഇട്ടാമിട്ടായിയ്ക്കിനി
പൊട്ടാനിടമില്ല
ഞെങ്ങി മരിച്ചവര്‍
മുങ്ങിമരിച്ചവര്‍
തിങ്ങി മരിച്ചവര്‍
കത്തിമരിച്ചവര്‍
കാണാതായവര്‍
ഇപ്പോള്‍ എല്ലാം
ഒന്നിച്ച്

കുറുകിചിരിച്ച
കാറ്റിന്
കരയാനറിയില്ല
ഇട്ടാമിട്ടായി
പൊട്ടിതെറിച്ചു

൦൦൦൦൦൦൦വിശ്വം




ബോധോദയം

ബോധോദയം
 
കോടിമുണ്ടുടുത്ത്
കൊടുങ്ങല്ലൂരിനു പോകുന്നവര്‍
പാടിയ ഭരണിപ്പാട്ട്
വീട്ടിലിരുന്ന്  ഏറ്റുപാടിയപ്പോള്‍
തുടയില്‍വീണ ചൂരല്‍വടി
ചെറുപ്പകാലത്തെ നേര്‍വഴികള്‍

പിന്നെയും പുതിയ വാക്കുകള്‍
പലവഴി കൂട്ടുകൂടി നാവിലുറങ്ങി
കണ്ണീര്‍വീഴ്ത്തിയ  അമ്മയ്ക്കുവേണ്ടി
കവചകുണ്ടലങ്ങള്‍
അറുത്തുമാററിയ കര്‍ണ്ണനായും
ക്രൌഞ്ചപക്ഷികളുടെ വിലാപത്താല്‍
ആദികവിയായ വാത്മീകിയായും
പിതൃവാക്കുകള്‍കേട്ട്
അയോദ്ധ്യവിട്ട രാമനായും
ബോധിവൃക്ഷച്ചുവട്ടില്‍
ജ്ഞാനംലഭിച്ച  സിദ്ധാര്‍ത്ഥനായും
ബോധമനസ്സിലേക്ക്
ഓരോന്നായവ കയറിയിറങ്ങി

മുച്ചീട്ടുകളിക്കാരന്റെ കളിത്തട്ടില്‍
ഇരട്ടിയ്ക്കുന്നപണം സ്വപ്നംകണ്ട്
കളത്തില്‍വെച്ച ശൂന്യഹൃദയം
ഇരട്ടിയായി തിരികെ കിട്ടിയപ്പോള്‍
തോളില്‍ നിന്നും
വേതാളം നിലത്തിറങ്ങി
ചൂരല്‍വടിയുമായി മുമ്പേനടന്നു.

കള്ളക്കളികള്‍ ഏതെന്ന് തിരിച്ചറിയാന്‍
ഇന്‍റര്‍നെറ്റില്‍ സേര്‍ച്ചു ചെയ്തു
ഭരണിപ്പാട്ടിന്റെ ഭക്തിയും
മുച്ചീട്ടു കളിക്കാരന്റെ വേഗതയും
ആദികവിയുടെ കാവ്യ ദർശനവും
ബുദ്ധന്റെ ചിരിയും
ഒന്നുമല്ല മനുഷ്യൻ 
എന്നായി അവസാനം 
ബോധോദയം
.... 

..

വൃദ്ധ സദനത്തിലേക്ക് ..........

വൃദ്ധ സദനത്തിലേക്ക് ..........


വയ്യ, ഇനിയും വഴക്കിടാന്‍ നിന്നോട് 
പയ്യിനെക്കെട്ടും തൊഴുത്തിലെങ്ങാനൊരിടം
തന്നാലവിടെ കഴിഞ്ഞിടാമല്ലോ ഞാൻ
വിവശയായിവിടിന്നു  തേങ്ങുന്നൊരമ്മയും

നിര്‍ദ്ദയം ചൊല്ലീ, ആ മകനമ്മയോട്
സ്വര്‍ഗ്ഗമാണല്ലോ, ആ വലിയ സദനം
കൂട്ടിനായ് ആഢ്യരാം അമ്മമാര്‍
വീട്ടു പണികളോ, കുഞ്ഞുമക്കള്‍ തന്‍
കരച്ചിലോ കേള്‍ക്കണ്ട , പിന്നയോ .....!
നേരം പുലരുന്നതിന്മുമ്പു ഡോക്ടര്
ശ്വാസവും പള്സും നോക്കിക്കുറിച്ചിടും
തെല്ലൊരു ജലദോഷമുണ്ടായാല്
വെല്ലുന്നൊരാശുപത്രി ക്കിടക്കയും
സായാഹ്നങ്ങളില്‍ ഇളംക്കാററു വീശുന്ന
ആരാമമൊന്നുണ്ടല്ലോ പുഴവക്കില്‍.
നേരെ മുമ്പിലായ് അമ്പലമല്ലോ നില്പൂ
ഈറനായ് എന്നും തൊഴുതിടാം ദേവിയേ..



വയ്യടാ പോകുവാന്‍, ഈ വീട്ടിലല്ലോ ...
ദിവ്യനാം നിന്നച്ഛനെന്നൊപ്പം വാണത്
ഇക്കാണും മരങ്ങളെല്ലാ മെനിയ്ക്കു പ്രിയര്‍
സര്പ്പക്കാവുകളെന്റെ ജീവ വിളക്കുകള്



അയ്യോ, പറയരുതമ്മേ, പത്തുമാസത്തോളമായ്
കാത്തിരിയ്ക്കുന്നു ഞാന്‍
ഇന്നലെയാണാ മുത്തശ്ശി ചത്തത്
ഏറെ നാള്‍ ദീനം പിടിപ്പെട്ടു കിടന്നിട്ട്
ഇക്കുറി പോയില്ലേല്‍, പോകുമാചാന്സും
മറ്റൊരൊഴിവിനായ് എത്രനാള്‍ കാള്‍ക്കണം
പത്തായിരം രൂപ പത്തുമാസമായ് കിടക്കുന്നു
പത്തായിരം തന്നെ പലിശ നഷ്ടം..!


കുട്ടികള്‍ രണ്ടും പിണങ്ങില്ലേ എന്നോടു
മുത്തശ്ശി കഥകള് പറയാന്‍ ഞാനില്ലെങ്കില്‍
രണ്ടും വളര്‍ന്നു വലുതായശേഷം ഞാന്‍
കട്ടായം പോകാം, വൃദ്ധ സദനത്തില്‍
ഇപ്പോളീ ഇറയത്തോ, തൊഴുത്തിലോ..
നാമം ജപിച്ചു ഞാന്‍ നേരം കളഞ്ഞിടാം.


പററില്ല , വീണ്ടും അവധി പറയുവാന്‍
ആയയും ചൊല്ലീ, അമ്മയുണ്ടെങ്കില്
വേറെ നോക്കണം , പററില്ലവള്‍ക്കെന്നും
രാവിലെ തുടരുന്ന ജീവിത പാച്ചിലില്‍
രാവില്‍ തകര്‍ന്നു ഞാന്‍ വീട്ടില്‍ അണയുമ്പോള്‍
വേറെന്തു സ്വസ്തത , അമ്മയെ കാണുമ്പോള്‍
കുട്ടികള്‍ നന്നായി പഠിച്ചിടാന്‍
പോകില്ലേയമ്മേ, ഇടയ്ക്കിടെ ഞാന്‍ വന്നിടാം.



ഈറന്‍ മിഴികളില്‍ കണ്ടുപിന്നായമ്മ
ഏറെ വളര്‍ന്ന തന്കുഞ്ഞിന്റെ ആശങ്ക..!
മാന്തളിര്‍ കണ്ടൊരു കാലത്ത് പൂന്തെന്നല്
കാന്തികലര്‍ത്തി പറഞ്ഞൊരു വാക്കുകല്
വെയ്ക്കേണ്ട മാനസം മാമ്പൂവില്‍
പാഴ്ജന്മങ്ങള്ലല്ലെയോ, പകുതിയും..!


നേരം കളഞ്ഞില്ല, പിന്നെയായമ്മ ചൊല്ലീ..
പോകാം , നന്നായി വളരട്ടെ നിന്‍ കുട്ടികള്‍.!

പടിയിറങ്ങുമ്പോള്‍ നീ പറയരുതാരോടും
പറയുക, പോയമ്മ കാശിയ്ക്കെന്ന്...!

ഒന്നുമേ വേണ്ടിനി, യെന്നാല്മാവുപോലും
പോകുന്നീയുടല്‍ വൃദ്ധ സദനത്തില്‍...!

....... ൦൦൦൦൦൦൦൦൦൦൦൦൦൦........വിശ്വം.

ഒരു പ്രണയഗീതം

ഒരു പ്രണയഗീതം

പ്രേമം മുളചെന്നിലേതോപെരുന്നാളു -
കണ്ടു തിരിയ്ക്കുന്നൊരു നാളില്‍
അറത്തുങ്കലേതോ, മലയാററൂരയോ,
അല്ലമ്പലമുററത്തു നിന്നാണെന്നെന്നോർമ്മ

ചൂളം വിളിച്ചു ചിരിച്ചു ഞാനവളുടെ
പിന്നാലെ ചെന്ന് കറങ്ങിത്തിരിഞ്ഞപ്പോള്‍
പ്രേമിക മെല്ലെ തിരിഞ്ഞൊന്നു നോക്കി
പേടിച്ചുപോയി ഞാന്‍, അടിയീറനായി.!

ജീവന്‍ തുളുമ്പുന്ന ചിരിയുമായവളെന്റെ
ചാരത്തുവന്നു, ശാഠ്യം നടിച്ചപ്പോള്‍
ഗോഷ്ടികള്ലേറെ കാട്ടികൂട്ടി ഞാനന്ന്
ശേഷിച്ച ജീവനാല്‍ നാവനക്കീടുവാൻ !

രോഗം പിടികിട്ടിയവള്‍ക്കുമന്നേരം, പിന്നെ-
രോഗിയായവളും, ശൃംഗാരം നീണ്ടുപോയ്
ഭാഗ്യം, ഞൊടിയിടകൊണ്ടു ഞങ്ങളൊന്നായ്
ഭാവനകള്‍ നെയ്തു  കറങ്ങി നടന്നന്ന്

ആദ്യം പറഞ്ഞു ഞാനെന്റെ പേരും
പിന്നെ തുടർന്നെൻ ദേശപ്പെരിമയും
കുശലം തുടരാന്‍ ചില നർമ്മകഥകളും
കേട്ടു ചിരിച്ചവള്‍ പറഞ്ഞഭിപ്രായവും .

നീണ്ട കാർക്കൂന്തലിനെ വർണ്ണിയ്ക്കുവാൻ
തേടിപ്പിടിച്ചു ഞാന്‍ കാളിദാസനെ
രവിവര്‍മ്മ പണ്ടുവരച്ച ചിത്രത്തിന്‍
തനിപ്പകര്‍പ്പല്ലയോ  നിന്റെ മിഴിയിണ

നാണം കുണുങ്ങി കുണുങ്ങിപ്പറഞ്ഞവള്‍
ഞാനും സുന്ദരനാണ് നസീറുപോൽ
ഭാഗ്യം, അല്ലെങ്കിലീ വഴിപാടിനായ്
ആഗമിയ്ക്കില്ലാ,  ഞാനേകയായിന്ന്

വീണ്ടുമാച്ചുണ്ടിൽ  നിന്നൂറുന്ന വിസ്മയം
തേടിയലഞ്ഞേതോലോകത്തിലായി ഞാന്‍
ഭാരമാം മിഥ്യകള്‍ മാററിമറിച്ചപ്പോൾ
നേരം ഇരുണ്ടതറിഞ്ഞില്ല തെല്ലുമേ

അവസാന വണ്ടിയ്ക്കായോടി ,ചാടി-
പ്പിടിച്ചവള്‍ പോകുന്നതുകാണ്കേ
പൊട്ടിയെന്നുള്ളിലായിരം ഉല്‍ക്കകള്‍
വിട്ടുപോകുന്ന  പ്രണയബോധത്തിനാല്‍

നീണ്ടു വിടർന്നയാ ശൃംഗാര ചൂടിനാല്‍
മണ്ടുവാൻ  മറന്നു വിലാസങ്ങളന്യോന്യം
തേടുവതെങ്ങുപോയവളെയെന്നോര്‍ത്തു ഞാൻ
റോഡുകള്‍ തോറും നടന്നു കരഞ്ഞന്ന്

പിന്നെയെല്ലാ പൂരപറമ്പിലും
പൂവുമായ് ഞാന്‍ നിന്നെ തേടിയലഞ്ഞല്ലോ!
കാർമുകിൽ  മാനത്തുചിത്രം വരയ്ക്കുമ്പോള്‍
കോമളേ, നീ തന്നെയെൻ കുടക്കീഴിലും

മുളയിലേ വാടിയ ഹൃദയക്കിളിര്‍പ്പിന്റെ
തളിരുമായ് ഓമലേ, നിന്നെ ഞാന്‍ തേടുന്നു.
വരില്ലേ വയമ്പുമായ്‌ ഇനിയുമൊരന്തിയില്‍
ഈ പ്രണയഗീതം പാടി നടയ്ക്കുവാന്‍
............................................