Pages

ദൂര പ്രമാണം



 ദൂര പ്രമാണം

ദൂരെ എങ്ങോ മുഴങ്ങുന്നു
കാലചക്ര കതിനകള്‍
ദൂരമെത്ര താണ്ടുന്നു
മിന്നലെന്ന മഹാരഥന്‍

ചന്ദ്രനെത്ര ദൂരത്തില്‍
ഭൂമിതന്നില്‍ വിളങ്ങുന്നു
സമുദ്രമെത്ര ദൂരത്തില്‍
കരയെ വാരി പോകുന്നു

ഹിമാവാനെത്ര ദൂരത്തില്‍
ഉയര്‍ന്നു പൊങ്ങി നില്‍ക്കുന്നു
വഴിയിലെത്ര ദൂരത്തില്‍
മഞ്ഞുമൂടി കിടക്കുന്നു

സത്യമെത്രയോ ദൂരത്തില്‍
സമസ്യപോലെ തെളിയുന്നു
ശക്തിയുള്ളവര്‍ ദൂരത്തില്‍
സമൂഹത്തെയകറ്റുന്നു

സമദൂരത്തില്‍
വൃത്തങ്ങള്‍
പ്രകാശദൂരത്തില്‍ നക്ഷത്രം
തുല്യദൂരത്തില്‍ ബാഹുക്കള്‍
ശരിദൂരത്തില്‍ പ്രദക്ഷിണം.
                   ....... വിശ്വം.

ജീവിത സാഫല്യം



ജീവിത സാഫല്യം


ചന്ദ്രനിലേക്കൊരു പേടകം വിട്ടിട്ട്
പൂർവ്വികരെപററി ചിന്തിച്ചു നോക്കണം
ചലന പ്രയാണത്തില്‍ അമ്പിളി തന്നുള്ളില്‍
അഭയമായ്‌ കാണുമോ! മെല്ലെ തിരയണം.

വെളുപ്പും കറുപ്പും പക്ഷങ്ങളാക്കി
നിലാവില്‍ ഇറങ്ങി നടക്കുന്നു  നേരങ്ങള്‍
അമാവാസിനാളിലെ സ്വപ്ന ചിറകിലായ്
എത്തും പലപ്പോഴും അമ്മുമ്മ മുറ്റത്ത്

കുപ്പിയൊന്നില്‍ കുറിയൊരു നൂലുമായ്
ചുറ്റിക്കറക്കിക്കളിച്ചു നടന്നപ്പോള്‍
കത്തി പറന്നൊരു റോക്കറ്റ് കണ്ടപ്പോള്‍
പെട്ടെന്ന് തോന്നിയ ബുദ്ധി പ്രഭയിത്

അമ്പിളി മാമ്മനില്‍ പാത്തിരിയ്ക്കുന്നൊരു
കറുമ്പന്‍ മുയലെന്‍റെ മുത്തശ്ശനാകുമോ!
ജീവിച്ചിരുന്നപ്പോള്‍ പുകല മുറുക്കി
കറുത്ത ചിരിതന്നെ, പൂനിലാ ചന്ദ്രനും.

ഭൂമി കറങ്ങുന്നു, ചന്ദ്രന്‍ കറങ്ങുന്നു
സൂര്യന്‍ സ്ഥിരമായി കേന്ദ്രത്തില്‍ നില്‍ക്കുന്നു
പാഠം പഠിച്ചപ്പോള്‍ ആകെ കുഴപ്പമായി
വിണ്ണ് വിചാരിച്ച ചന്ദ്ര തലമല്ല !

എന്തൊക്കെയത്ഭുതം ജനനമരണങ്ങളില്‍
ഒപ്പം നടന്നെന്നു തോന്നിയതാണർക്കന്‍
ജീവിത യാത്രയില്‍ ഒറ്റയ്ക്ക് തന്നെ നാം
സൂക്ഷിച്ചു മുന്നോട്ടു നീട്ടുക ചുവടുകള്‍


വായുവില്ലത്തൊരു ലോകത്തിലേല്ലോക്കല്ലോ 
ശ്വാസം നിലയ്ക്കുമ്പോള്‍ പോകുന്നതെന്നൊരു
ശാസ്ത്രം, അടിസ്ഥാനമില്ലാത്ത വിശ്വാസം
ഒറ്റപ്പെടുമ്പോള്‍ തെറ്റെന്നും തോന്നുന്നു.

ആയുധങ്ങളില്‍ അണുവായുധം കേമം
അണുക്കളില്‍ പരമാണുക്കള്‍ പ്രഗത്ഭന്മാര്‍
ജീവനുമായുസ്സും തമ്മില്‍ പൊരുതുമ്പോള്‍
അഗ്നിയ്ക്ക് തന്നേ സമര്‍പ്പിതം ക്ലേശങ്ങള്‍.

.........................

മഴക്കാലം


മഴക്കാലം  



മഴയ്ക്ക്
പരിഭവങ്ങള്‍ മാത്രം
ഈയിടെയായി
പെയ്തുപെയ്ത്
അമ്മയോട്
വഴക്കടി യ്ക്കുന്നു

വെളുക്കുമുമ്പേ ഉണര്‍ന്ന്
ഇരുട്ടുമുമ്പേ തളര്‍ന്ന്
കിഴക്കു  പടിഞ്ഞാറ്
വെറുതേ നടക്കുന്ന ഭ്രാന്തന്‍
ഇടയ്ക്കിടയ്ക്ക്
മഴക്കാറില്‍ ഒളിച്ചു കളിച്ച്
ചാറ്റല്‍ മഴയില്‍
മഴവില്ല് തീര്‍ക്കുന്നു

കാറ്റ് 
മദപ്പാടെന്ന  പോലെ
വൃക്ഷങ്ങള്‍
പിഴുതെറിയുന്നു

തണുത്തു കുളിച്ച ഇണകള്‍
പ്രണയിച്ചു രസിയ്ക്കുന്നു
ചൂടറിയാത്ത തെരുവുകള്‍
ഒളികണ്ണുകള്‍ തുറക്കുന്നു

തിരകള്‍
അട്ടഹസിയ്ക്കുന്നു
നീന്തറിയാതെ  മുക്കുവന്‍
നടുക്കടലില്‍
മത്സ്യങ്ങളോട്
കഥ പറയുന്നു.

ഒഴുകാതിരുന്ന പുഴകള്‍
പുതിയ വഴികള്‍
അളന്ന് തിരിച്ചെടുക്കുന്നു
മഴക്കാല ത്ത്
മേഘങ്ങൾ ആകാശത്ത്
ദിവസവും 
വിരുന്നൊരുക്കുന്നു

........................ വിശ്വം.

പ്ലാവ്



പ്ലാവ്


മുറ്റത്ത് അപ്പുപ്പന്‍റെ
അച്ഛന്‍ നട്ടതാണ്
ഒരു  മരണത്തിലും
പൂക്കാറില്ല
വീട്ടുമുറ്റത്ത്
തണല്‍ വിരിച്ച്
ഒതുങ്ങി നിൽക്കുന്നു

വീടിലൊരു കുഞ്ഞു ജനിച്ചാൽ
പ്ലാവില്‍ പൂവീഴും
കൊമ്പുകളിലും വേരിലും
തേന്‍ വരിയ്ക്ക

ചിലവ  കാറ്റിൽ
പൊഴിഞ്ഞു വീഴും
പുഴുകുത്തില്‍
പിന്നെയും ചിലത്
ബാക്കിവന്നവ
ചക്കയാകും

വേരിലുള്ളവ
മൂക്കും മുമ്പേ
കാണാതാകും

ഒരിയ്ക്കൽ
ചക്കക്കറ
വീടുവരെ വരയിട്ടു
നാട്ടിലങ്ങനൊരു
ചക്കകള്ളന്‍

കിളികൾ
കൊത്തിയപ്പോൾ
പഴുത്ത ചക്ക
താഴെയിറങ്ങി
ചുളയ്ക്ക്
തേന്‍ മധുരം
ചുട്ടകുരുവിന്
മധുര രുചി

പച്ച ചക്ക
അവിയലായി
തോരനായി
ഉപ്പേരിയായി
വറത്തരച്ച
ചക്ക മടല്‍
ആട്ടിറച്ചിയെ
വെല്ലു വിളിച്ചു

ചക്കച്ചുളകള്‍
തിന്നു മടുത്തപ്പോൾ
'അലുവ'യായി

ഇപ്പോള്‍
പ്ലാവ്  കായ്ക്കാറേയില്ല
കിളികൾ വരാതായി
മുകള്‍ ഭാഗം  ഉണങ്ങിതുടങ്ങി .
തായ്തടിയില്‍
മരംകൊത്തി
പൊത്തുണ്ടാക്കുന്നു
തൊലിയുണങ്ങി

ഇനി നിന്നാല്‍
ഒടിഞ്ഞു  വീഴുമെന്ന്
തടി പോകുമെന്ന്
നാട്ടുകാര്‍

പ്രിയ ദേവ വൃക്ഷമേ
ഇനിയെങ്ങനെ.?
നിന്നെ
ദയാപൂര്‍വ്വം
വെട്ടി മാറ്റണോ!

...... വിശ്വം.

പാഴ്ക്കണക്കുകള്‍

പാഴ്ക്കണക്കുകള്‍

കടലെങ്ങനെ കടലായെന്നൊരു
കടലാസ്സിലും കാലമെഴുതിയില്ല
കടലെടുക്കാതെങ്ങനെ ഇമ്മട്ടില്‍
കരയെ എങ്ങനെകാക്കുന്നു കാലം

ഇടവമാസത്തിലെങ്ങനീഭൂവില്‍
മഴ തിമിര്‍ക്കുന്നു നിർത്താതെ
കരയെങ്ങനെ താങ്ങുന്നു
മഴയില്‍ മുങ്ങാതെ ഭൂവിനെ

കുടയെടുക്കാതെ പോണോരെ
കുളിപ്പിച്ചെന്തിനു ചിരിയ്ക്കുന്നു
മഴ മടുക്കുമോ മാനവര്‍
ചൂടെടുത്ത് വിയർക്കുമ്പോള്‍

കരയിലെങ്ങനെ കാടുകള്‍
കടലിലെങ്ങനെ കണ്ടലും
നിലമെന്തിനു ഞങ്ങള്‍ക്ക്
സ്ഥലമല്ലേ യാവശ്യം

കൂര വെയ്ക്കുവാന്‍ നിലം
നികത്തി മാറ്റുന്നു മാനവര്‍
വീടുവെയ്ക്കുമ്പോള്‍ മരം
വെട്ടിവീഴ്ത്തുന്നു നിര്‍ദ്ദയം

കാടുവെട്ടുന്നു ദിവസേന
കൈയ്യേറ്റമാണെന്നു ചിലര്‍
കടലു മൂടുന്നു മിണ്ടാതെ
കാറ്റ് നന്നെന്നു സഞ്ചാരി

കടലു പൊട്ടുന്നിടയ്ക്കിടെ
കര കുലുങ്ങുന്നു പലപ്പോഴും
പുഴ കളഞ്ഞൊരു കാടത്തം
മന്നിരങ്ങളായ് പൊങ്ങുന്നു

മനുജനായ് വീണ്ടുമീ മണ്ണില്‍
സഹസ്ര ജന്മങ്ങളുണ്ടാകും
മൃഗ സസ്യങ്ങളായുള്ളോര്‍
എണ്ണമില്ലാതെ തീര്‍ന്നിടും

നഗരവാസത്തിലിന്നു ഞാന്‍
മഴയെ ക്കാണുന്നു പേടിച്ച്
നിലയില്ലാതെ ഒഴുകുന്നു
റോഡിലൂടുയര്‍ന്നു മഴജലം

ഇനിയുമെന്തെല്ലാം ചോദ്യങ്ങള്‍
ഉത്തരങ്ങള്‍ തേടുന്നു
പതിവുതെറ്റാതെ പകലവന്‍
ആഴിതന്നില്‍ മറയുന്നു.

.............. 

പ്രണയ നിലാവ്

പ്രണയ നിലാവ്



പ്രഭയ്കെന്നെയറിയുമോ ....?
ചോദ്യത്തില്‍ തന്നെയുത്തരം
പിന്നീടെല്ലാം
ഒരു പഴുക്കാപാക്ക്
പൊളിയ്ക്കുന്നതുപോലെ
എളുപ്പം... സുന്ദരം.

പിരിഞ്ഞപ്പോള്‍
അമ്പലപ്പുഴ നാടകശ്ശാല സദ്യയ്ക്ക്
വരണമെന്നും പറഞ്ഞു.

പിന്നെ ഇടവിട്ട്
ശീമാട്ടിയിലും ശാന്തിയിലുമായി
മാറ്റിനികള്‍, ഉച്ചപ്പടങ്ങള്‍

എഴുതിയ കത്ത്
പ്രണയ ലേഖനമാണെന്ന്
കൂട്ടുകാരി പറഞ്ഞപ്പോള്‍
ഞങ്ങള്‍ പ്രണയത്തിലുമായി

കീറിയ പേജുകളെ
അച്ഛന്‍ അന്വേഷിച്ചപ്പോള്‍
ഹൃദയത്തില്‍ വരകള്‍ വീണു.
സ്കൂളിലും വീട്ടിലും
കാവലായി

കണ്ണുകളില്‍ കണ്ണുകളുമായി
പ്രണയാലസ്യം
അനുഭൂതികളെ കാത്ത്
വഴിയോരങ്ങള്‍  നിന്നു.


നിനക്കിവനെ  അറിയുമോ ...?
ഉത്തരം മുട്ടിച്ച  ചോദ്യം
മുന്നില്‍ നിന്നു ചിരിച്ചപ്പോള്‍
മാമ്പൂ കൊഴിയുന്നതുപോലെ
ഹൃദയത്തില്‍ നിന്നും
ഒരു പഴയ പ്രണയം
ഉർന്നൂർന്നു  പോയി.
                   ....... വിശ്വം

വീട്ടിലേക്കുള്ള വഴി




വീട്ടിലേക്കുള്ള വഴി


ഊട് വഴികളിലൂടെയായിരുന്നു
ആദ്യമെല്ലാം യാത്ര
ഇടയ്ക്കിടയ്ക്ക് പെരുവഴികൾ
ചുവടുതാങ്ങികൾ
ചൂളക്കാറ്റുറങ്ങുന്ന തണല്‍ മരങ്ങൾ

തൊട്ടാവാടികള്‍ കൂട്ടത്തോടെ
നാണംകുണുങ്ങുമായിരുന്നു.
ചെമ്പോത്ത് കൈതയോലയില്‍
കണക്കുകള്‍ എഴുതുമായിരുന്നു.
മഴവെള്ളം തോടുകിലൂടെ
കുരവയിട്ടു പായുമായിരുന്നു
ഒറ്റാലുകളില്‍ വരാലും വട്ടാനും
മത്സരിച്ചു കുടുങ്ങുമായിരുന്നു.
ഇടവഴികളില്‍
കല്ലുവട്ടും തലപ്പന്തും
തകരപ്പാട്ടയുടെ മേളത്തില്‍
കൂവി വിളിയ്ക്കുമായിരുന്നു.
കളസമണിഞ്ഞ തോക്കുകാരന്‍
പറക്കുന്ന പറവകളെ
വെടിയിറച്ചി യാക്കുമായിരുന്നു.

മഴയത്ത് കടത്തുകാരന്‍
തോണിയിലെ വെള്ളം
തുഴയ്ക്കൊപ്പം തേകുമായിരുന്നു
വീട്ടിലേയ്ക്കുള്ള വഴി
വേലിപ്പടർപ്പുകൾക്ക്
അറിയാമായിരുന്നു.
പകലും രാത്രിയും
മുററത്ത് കുട്ടികൾ
സാറ്റ് കളിയ്ക്കുമായിരുന്നു.

വളര്‍ന്ന്  വളര്‍ന്ന്
സൈബര്‍ ഇടവഴികളില്‍
സിമന്റുഭിത്തികള്‍
കിളിത്തട്ട് കളിയ്ക്കുന്നു

മേല്‍വിലാസം തേടി
പടിവാതിലില്‍ തിരക്കുകള്‍
വീട്ടുകാർ ഒന്നിച്ച്
മുത്തശ്ശനേയുംമുത്തശ്ശിയേയും
കാണാന്‍
ശരണാലയത്തിലേക്ക്
ഉല്ലാസയാത്ര പോകുന്നു

നിലാവ് മേല്ക്കൂരയില്‍
തെരുവു വിളക്കുകളുമായി
ഇരുട്ടിനെപറ്റി പഴിപറയുന്നു

വീടിനിപ്പോൾ
ഒരു  പൊതുവഴിയും
ഉറക്കം നുണഞ്ഞിറക്കുന്ന
കാവല്ക്കരാനുള്ള
അടഞ്ഞ ഗേറ്റും മാത്രം.

....... വിശ്വം.

ചിത കത്തിയ്ക്കുക


ചിത കത്തിയ്ക്കുക

ചിത കത്തിയ്ക്കുക
എരിയട്ടെ ജീവിത പിശകുകള്‍
കരിയട്ടെ കയ്പ വള്ളികള്‍

നിശബ്ദ വികാരങ്ങള്‍
ഇറ്റിറ്റു തീരട്ടെ

ജപിയ്ക്കുന്ന മന്ത്ര ധ്വനികളില്‍
നിലയ്ക്കട്ടെ
ജീവിത പിശകുകള്‍ 

ചിത കത്തിയ്ക്കുക
തീരട്ടെ ഹൃദയ മിടിപ്പുകള്‍
നിഴല്‍ പോലുമില്ലാത്ത 
കരിയായടങ്ങട്ടെ
കാറ്റ്  ചിരിയ്ക്കട്ടെ

കുന്നിക്കുരുക്കള്‍
കൂട്ടിവെയ്ക്കുമ്പോള്‍
പിറവികൊള്ളുന്ന
പൈതലേ നീ
കരിവാരി
കടലിലെറിയുക
ഉപ്പു കുറയട്ടെ

ഒരു രാത്രി കൂടി
ഉറുമ്പായുറങ്ങട്ടെ
പകലവന്‍ ഉണരട്ടെ
ചിത കത്തിയ്ക്കുക.

..... വിശ്വം.

മിഴിനീരില്‍ എഴുതാന്‍ മറന്നത്..

മിഴിനീരില്‍ എഴുതാന്‍ മറന്നത്..


ചുവരുകൾക്ക്
മനസ്സിലെ ചോദ്യത്തിന്
ഉത്തരം നല്കാന്‍
കഴിയില്ലെന്നായിരുന്നു
അടഞ്ഞ വാതിൽ  പറഞ്ഞുകൊണ്ടിരുന്നത്.

നാല്‍ക്കവലകള്‍ തൊട്ട്
കുതിരപ്പുറത്ത്‌
ഞെളിഞ്ഞിരുന്നു വരുന്നവരുടെ
അകമ്പടിക്കാര്‍
നിശബ്ദമായി കരാറുണ്ടാക്കുന്നു

ചതഞ്ഞരഞ്ഞ പ്രതീക്ഷകള്‍
ചിരിച്ച്  മുന്നിലെത്തുമ്പോള്‍
ഓട്ടുവിളക്കേല്പിച്ച
കാല്‍ വെള്ളയിലെ മുറിവിന്
ഒരുറക്കം ഉണരുവാനോളം വേദന

ഓരോ ചിരിയിലും അര്‍ത്ഥം കണ്ടെത്തുന്നവരുടെ
അഴിഞ്ഞ വസ്ത്രങ്ങളിലാടിക്കുഴയാൻ  വേണ്ടി
ഉള്ളിലും പുറത്തും ഓടാമ്പലുകള്‍  അടയുന്നു.

കരഞ്ഞു കലങ്ങിയ മിഴികളില്‍
നിറഞ്ഞൊഴുകുന്നത്  ചോര
ഇരകളെ തേടി നഗരങ്ങളില്‍
കെണികളുമായി ആത്മാവ് നഷ്ടപ്പെട്ടവര്‍
പൊട്ടിച്ചെറിയാന്‍ പറ്റാതെ  ഇരുട്ടില്‍
വേട്ടക്കാരന്റെ കരങ്ങളില്‍
ശബ്ദം നഷ്ടപ്പെടുമ്പോള്‍
തിളച്ചു  തൂവുന്നത്
രതിയുടെ അടങ്ങാത്ത  സ്പര്‍ശങ്ങള്‍


"ഒരു തീമഴ പെയ്തിരുന്നെങ്കില്‍"

പൊള്ളുന്ന ഓർമ്മകളുടെ
നിഴല്‍ തേടി അലയുവാന്‍
കാത്തിരിയ്ക്കാതെ
തീ നനഞ്ഞ് ചൂടകറ്റാം
എന്ന പ്രതീക്ഷ
വാതില്‍ പിളർപ്പിലൂടെ
ഇരു മിഴികളിലും
എഴുതാതെ
......................... വിശ്വം.