ഊട് വഴികളിലൂടെയായിരുന്നു
ആദ്യമെല്ലാം യാത്ര
ഇടയ്ക്കിടയ്ക്ക് പെരുവഴികൾ
ചുവടുതാങ്ങികൾ
ചൂളക്കാറ്റുറങ്ങുന്ന തണല്‍ മരങ്ങൾ
തൊട്ടാവാടികള്‍ കൂട്ടത്തോടെ
നാണംകുണുങ്ങുമായിരുന്നു.
ചെമ്പോത്ത് കൈതയോലയില്‍
കണക്കുകള്‍ എഴുതുമായിരുന്നു.
മഴവെള്ളം തോടുകിലൂടെ
കുരവയിട്ടു പായുമായിരുന്നു
ഒറ്റാലുകളില്‍ വരാലും വട്ടാനും
മത്സരിച്ചു കുടുങ്ങുമായിരുന്നു.
ഇടവഴികളില്‍
കല്ലുവട്ടും തലപ്പന്തും
തകരപ്പാട്ടയുടെ മേളത്തില്‍
കൂവി വിളിയ്ക്കുമായിരുന്നു.
കളസമണിഞ്ഞ തോക്കുകാരന്‍
പറക്കുന്ന പറവകളെ
വെടിയിറച്ചി യാക്കുമായിരുന്നു.
മഴയത്ത് കടത്തുകാരന്‍
തോണിയിലെ വെള്ളം
തുഴയ്ക്കൊപ്പം തേകുമായിരുന്നു
വീട്ടിലേയ്ക്കുള്ള വഴി
വേലിപ്പടർപ്പുകൾക്ക്
അറിയാമായിരുന്നു.
പകലും രാത്രിയും
മുററത്ത് കുട്ടികൾ
സാറ്റ് കളിയ്ക്കുമായിരുന്നു.
വളര്‍ന്ന് വളര്‍ന്ന്
സൈബര്‍ ഇടവഴികളില്‍
സിമന്റുഭിത്തികള്‍
കിളിത്തട്ട് കളിയ്ക്കുന്നു
മേല്‍വിലാസം തേടി
പടിവാതിലില്‍ തിരക്കുകള്‍
വീട്ടുകാർ ഒന്നിച്ച്
മുത്തശ്ശനേയുംമുത്തശ്ശിയേയും
കാണാന്‍
ശരണാലയത്തിലേക്ക്
ഉല്ലാസയാത്ര പോകുന്നു
നിലാവ് മേല്ക്കൂരയില്‍
തെരുവു വിളക്കുകളുമായി
ഇരുട്ടിനെപറ്റി പഴിപറയുന്നു
വീടിനിപ്പോൾ
ഒരു പൊതുവഴിയും
ഉറക്കം നുണഞ്ഞിറക്കുന്ന
കാവല്ക്കരാനുള്ള
അടഞ്ഞ ഗേറ്റും മാത്രം.
....... വിശ്വം.
2 അഭിപ്രായങ്ങൾ:
വിശ്വേട്ടാ...
കാലത്തിന്റെ പെരുവഴിയില്‍ നഷ്ട്ടപ്പെട്ട ഇടങ്ങളെ ക്രമത്തില്‍ പെറുക്കിയടുക്കി വച്ചു ഈ കവിതയില്‍. നന്നായിരിക്കുന്നു. കല്ലുവട്ടും തലപ്പന്തും ഇന്നത്തെ തലമുറ അറിയുവാന്‍ തരമില്ല ...
സുരേഷേ ....
വീട്ടിലോട്ടിപ്പോള്‍
ഒറ്റ പൊതുവഴിയും
ഉറക്കം നുണഞ്ഞിറക്കുന്ന
കാവല്ക്കരാനുള്ള
അടഞ്ഞ ഗേറ്റും മാത്രം.
...... ശരിയ്ക്കും അനാധമായപോലെ വീട് .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ