Pages

ബോധോദയം

ബോധോദയം
 
കോടിമുണ്ടുടുത്ത്
കൊടുങ്ങല്ലൂരിനു പോകുന്നവര്‍
പാടിയ ഭരണിപ്പാട്ട്
വീട്ടിലിരുന്ന്  ഏറ്റുപാടിയപ്പോള്‍
തുടയില്‍വീണ ചൂരല്‍വടി
ചെറുപ്പകാലത്തെ നേര്‍വഴികള്‍

പിന്നെയും പുതിയ വാക്കുകള്‍
പലവഴി കൂട്ടുകൂടി നാവിലുറങ്ങി
കണ്ണീര്‍വീഴ്ത്തിയ  അമ്മയ്ക്കുവേണ്ടി
കവചകുണ്ടലങ്ങള്‍
അറുത്തുമാററിയ കര്‍ണ്ണനായും
ക്രൌഞ്ചപക്ഷികളുടെ വിലാപത്താല്‍
ആദികവിയായ വാത്മീകിയായും
പിതൃവാക്കുകള്‍കേട്ട്
അയോദ്ധ്യവിട്ട രാമനായും
ബോധിവൃക്ഷച്ചുവട്ടില്‍
ജ്ഞാനംലഭിച്ച  സിദ്ധാര്‍ത്ഥനായും
ബോധമനസ്സിലേക്ക്
ഓരോന്നായവ കയറിയിറങ്ങി

മുച്ചീട്ടുകളിക്കാരന്റെ കളിത്തട്ടില്‍
ഇരട്ടിയ്ക്കുന്നപണം സ്വപ്നംകണ്ട്
കളത്തില്‍വെച്ച ശൂന്യഹൃദയം
ഇരട്ടിയായി തിരികെ കിട്ടിയപ്പോള്‍
തോളില്‍ നിന്നും
വേതാളം നിലത്തിറങ്ങി
ചൂരല്‍വടിയുമായി മുമ്പേനടന്നു.

കള്ളക്കളികള്‍ ഏതെന്ന് തിരിച്ചറിയാന്‍
ഇന്‍റര്‍നെറ്റില്‍ സേര്‍ച്ചു ചെയ്തു
ഭരണിപ്പാട്ടിന്റെ ഭക്തിയും
മുച്ചീട്ടു കളിക്കാരന്റെ വേഗതയും
ആദികവിയുടെ കാവ്യ ദർശനവും
ബുദ്ധന്റെ ചിരിയും
ഒന്നുമല്ല മനുഷ്യൻ 
എന്നായി അവസാനം 
ബോധോദയം
.... 

..

3 അഭിപ്രായങ്ങൾ:

പ്രദീപ്‌ പേരശ്ശന്നൂര്‍ പറഞ്ഞു...

my present

viswamaryad പറഞ്ഞു...

nice to see you

Unknown പറഞ്ഞു...

നല്ല കവിതകൾ! ഈ വഴി വരാൻ വൈകി..
നന്ദി...