Pages

പാഴ്ക്കണക്കുകള്‍

പാഴ്ക്കണക്കുകള്‍

കടലെങ്ങനെ കടലായെന്നൊരു
കടലാസ്സിലും കാലമെഴുതിയില്ല
കടലെടുക്കാതെങ്ങനെ ഇമ്മട്ടില്‍
കരയെ എങ്ങനെകാക്കുന്നു കാലം

ഇടവമാസത്തിലെങ്ങനീഭൂവില്‍
മഴ തിമിര്‍ക്കുന്നു നിർത്താതെ
കരയെങ്ങനെ താങ്ങുന്നു
മഴയില്‍ മുങ്ങാതെ ഭൂവിനെ

കുടയെടുക്കാതെ പോണോരെ
കുളിപ്പിച്ചെന്തിനു ചിരിയ്ക്കുന്നു
മഴ മടുക്കുമോ മാനവര്‍
ചൂടെടുത്ത് വിയർക്കുമ്പോള്‍

കരയിലെങ്ങനെ കാടുകള്‍
കടലിലെങ്ങനെ കണ്ടലും
നിലമെന്തിനു ഞങ്ങള്‍ക്ക്
സ്ഥലമല്ലേ യാവശ്യം

കൂര വെയ്ക്കുവാന്‍ നിലം
നികത്തി മാറ്റുന്നു മാനവര്‍
വീടുവെയ്ക്കുമ്പോള്‍ മരം
വെട്ടിവീഴ്ത്തുന്നു നിര്‍ദ്ദയം

കാടുവെട്ടുന്നു ദിവസേന
കൈയ്യേറ്റമാണെന്നു ചിലര്‍
കടലു മൂടുന്നു മിണ്ടാതെ
കാറ്റ് നന്നെന്നു സഞ്ചാരി

കടലു പൊട്ടുന്നിടയ്ക്കിടെ
കര കുലുങ്ങുന്നു പലപ്പോഴും
പുഴ കളഞ്ഞൊരു കാടത്തം
മന്നിരങ്ങളായ് പൊങ്ങുന്നു

മനുജനായ് വീണ്ടുമീ മണ്ണില്‍
സഹസ്ര ജന്മങ്ങളുണ്ടാകും
മൃഗ സസ്യങ്ങളായുള്ളോര്‍
എണ്ണമില്ലാതെ തീര്‍ന്നിടും

നഗരവാസത്തിലിന്നു ഞാന്‍
മഴയെ ക്കാണുന്നു പേടിച്ച്
നിലയില്ലാതെ ഒഴുകുന്നു
റോഡിലൂടുയര്‍ന്നു മഴജലം

ഇനിയുമെന്തെല്ലാം ചോദ്യങ്ങള്‍
ഉത്തരങ്ങള്‍ തേടുന്നു
പതിവുതെറ്റാതെ പകലവന്‍
ആഴിതന്നില്‍ മറയുന്നു.

.............. 

6 അഭിപ്രായങ്ങൾ:

s'kumar പറഞ്ഞു...

കടലെങ്ങനെ കടലായെന്നൊരു
കടലാസ്സിലും കാലമെഴുതിയില്ല
നിലമെന്തിനു ഞങ്ങള്‍ക്ക്
സ്ഥലമല്ലേ യാവശ്യം...
Really good

Sadanandan പറഞ്ഞു...

മനുജനായ് വീണ്ടുമീ മണ്ണില്‍
സഹസ്ര ജന്മങ്ങളുണ്ടാകും
മൃഗ സസ്യങ്ങളായുള്ളോര്‍
എണ്ണമില്ലാതെ തീര്‍ന്നിടും

അജ്ഞാതന്‍ പറഞ്ഞു...

ശരിയ്ക്കും അറിയാതെ പലപ്പോഴും തോന്നിയ ചോദ്യങ്ങള്‍. കവിതയിലാക്കിയപ്പോള്‍ മനോഹരം. നന്ദി.

Unni പറഞ്ഞു...

പ്രകൃതി മനുഷ്യന് മാത്രം മുള്ളതാണോ..? കവിതയ്ക്കും കവിയ്ക്കും ആശംസകള്‍.

viswamaryad പറഞ്ഞു...

@s,kumar,Sadanadan, Anony, & Unni എല്ലാവരോടും നന്ദി . വിലയേറിയ അഭിപ്രായങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിയ്ക്കുന്നു.

Nandakumar Chellappanachary പറഞ്ഞു...

മനുജനായ് വീണ്ടുമീ മണ്ണില്‍
സഹസ്ര ജന്മങ്ങളുണ്ടാകും
മൃഗ സസ്യങ്ങളായുള്ളോര്‍
എണ്ണമില്ലാതെ തീര്‍ന്നിടും

nice..............