Pages

സന്ധ്യ

സന്ധ്യ


വിരൽ  തുമ്പില്‍ ഞാന്നു കിടക്കുന്നു കാലം
വിളർ ച്ച ബാധിച്ചൊരമ്മയ്ക്ക് ഭാരമായ്.
തളര്‍ന്ന മെയ്യിലൂന്നി മുറിയ്ക്കപ്പുറത്തുള്ളോരിടിഞ്ഞ
വാതില്‍പടിയിലൂടിറങ്ങുന്നു സന്ധ്യ.

ഇരുളുമാകാശത്തില്‍ മെല്ലെവിരിയുന്നു ചന്ദ്രിക
തപോവാസമുപേക്ഷിച്ചാഴിയിൽ
ആത്മസ്നാനം ചെയ്തു രസിക്കുന്ന ദിനകരന്‍.
ചിറകടിനാദമായ് ഉയരുന്ന പറവതന്‍ വിഷാദം.
അന്തി ദീപത്തിനായ് കല്‍വിളക്കില്‍
ഇണചേര്‍ന്നു നില്‍ക്കും തിരിതന്‍ ആത്മാഹൂതി
എരിഞ്ഞടങ്ങുന്ന ചിതയില്‍ മൌനമായ്
ഉടഞ്ഞു പൊട്ടുന്ന നെഞ്ചകം.
കർ മ്മ ത്തിന്നടിയേററു ബലിക്കല്ലില്‍
വീണു പിടഞ്ഞു ചാകുന്ന പുത്രന്റെ ശോണീതം

ഹോ..! ഇനിയുമെത്ര സന്ധ്യകള്‍ ബാക്കി
ഈ മിഴികള്‍ തുയിലു കൂടുവാന്‍.

...... ....... വിശ്വം.

നഷ്ടപ്പെട്ട വിളികള്‍

നഷ്ടപ്പെട്ട വിളികള്‍


അവളുടെ വിളികേട്ടിട്ട്  മാസങ്ങളായി
അവളുടെ മൊബേൽ  നമ്പര്‍
എങ്ങനെയോ ഡിലീറ്റ് ആയീ.

ഏതോ ഒരു സിം കാര്‍ഡില്‍
പെരെഴുതാതെ സേവ് ചെയ്തിരുന്നതാണ്.
മററുള്ള സിമ്മുകളിൽ
മിസ്ഡ്കാളുകളുടെ കൂട്ടത്തിലും.കാണണം

ഏതു പുതിയ സിം കാർഡ് വരുമ്പോഴും
ആദ്യം തന്നെ വാങ്ങി
അവളുടെ നമ്പരിലേക്ക് മിസ്ഡ് കാള്‍ അയച്ച്
അവസാനം ഡൌണ്‍ ലോഡ് ചെയ്ത
സംഗീതം അവളെ കേള്‍പ്പിച്ചിരുന്നു.


ഞങ്ങള്‍ മോബേലിൽ  സംസാരിച്ചിട്ടേയില്ല!
എല്ലാം മിസ്ഡ് കാളുകളായിരുന്നു.
സുഗന്ധം പരത്തുന്ന കാററിനെ പോലെ
ഇംഗിതങ്ങള്‍ മിസ്ഡ് കാളുകള്‍
പരസ്പരം അറിയിച്ചുകൊണ്ടേയിരുന്നു.

ഒരു റിംഗ് മാത്രം വന്നാൽ
സ്ഥലത്തെ ഹോട്ടല്‍ മുറിയിലവളുണ്ടെന്നും
റിംഗ് ടോണ്‍ രണ്ടു തവണയായാൽ
അവളുടെ കൂടെ കറങ്ങുവാന്‍ ചെല്ലണമെന്നും
മൂന്നു റിംഗ് കേട്ടാല്‍
അന്നത്തെ ഡിന്നറിനവളെ വെയിറ്റ് ചെയ്യണമെന്നും
എനിയ്ക്ക് മനസ്സിലാകുമായിരുന്നു.
നിര്‍ത്താത്ത റിംഗുകൾ  കേട്ടാല്‍
ഒരാഴ്ച്ചത്തേക്ക് അവൾ സ്ഥലത്തുണ്ടാവില്ല.

റിംഗുകള്‍ എണ്ണിയെണ്ണിയാണ്
സംസാരിയ്ക്കാന്‍ മറന്നുപോയത്
ഇനി കണ്ടു മുട്ടുമ്പോൾ
മോബേലിൽ  സംസാരിയ്ക്കുന്നതിനുള്ള
റിംഗ്കോഡുകൂടി ഉണ്ടാക്കണം..!

 റിംഗ് ടോണുകളുടെ  താളം മുടങ്ങിയപ്പോൾ 
സംശയം തോന്നിയ എല്ലാ നമ്പരുകളിലും
മിസ്ഡ് കാളയച്ചു
മറുപടി സംസാരത്തിലേക്കായാൽ
അവളല്ലെന്നു തിരിച്ചറിയുന്നു.

ഇപ്പോൾ വരുന്ന റിംഗു കള്‍
നോക്കാതെ എണ്ണിയെണ്ണി
കാളുകള്‍ നഷ്ടപ്പെട്ടുതുടങ്ങി.
രണ്ടു റിംഗിൽ  നിന്ന കാളുകള്‍ കേട്ട്
മണിക്കൂറോളം  തിയറെററിനു മുന്നില്‍ നിന്നു..!
മൂന്നു റിംഗുകേട്ടു തിരക്കുപിടിച്ച്
ഡിന്നര്‍ ഹാളിലെത്തി കാത്തിരുന്നു


എല്ലാം നിര്‍ത്താത്ത വിളികളാണ്‌
എടുക്കാതെ നീണ്ടു പോകുന്നവ
ഒറ്റ റിംഗുകൾ കേട്ടകാലം മറന്നിരിയ്ക്കുന്നു.
                                   ... .... ... ... .. .വിശ്വം.

തലക്കെട്ടുകള്‍

ഏട്ടിലെ പശു

ഏട്ടിലാണിപ്പോഴും പുള്ളിപ്പശു
പുല്ല്   തിന്നാറേയില്ല.
വൈക്കോൽ തുറു കണ്ടിട്ടും
തിരിച്ചറിയുന്നതേയില്ല.
..... ...... ......

നടത്തം

ജീവിച്ചിരിക്കുവാന്‍ വേണ്ടി
നടക്കുന്നവര്‍
മൈതാനത്തിനുച്ചുറ്റും
ഏഴുറൌണ്ട്
മലമുകളിലേക്ക്  കയറ്റം
പിന്നെ
കിതച്ചുകിതച്ച് ഇറക്കം
എല്ലാം
ഗുളികകള്‍
കഴിക്കുന്നതിനുമുമ്പ്...!
... .... ....... .....

ചരമക്കുറിപ്പ്

ജീവിച്ച്
പ്രായവ്യത്യാസമില്ലാതെ
തിരിച്ചുപോകുന്നവര്‍ക്ക്
കൂട്ടിനായി
ബന്ധവും പദവിയും
കാട്ടുന്നവരുടെ
ചരമക്കുറിപ്പുകൾ
... .... ... .....

ചിന്തകന്‍

ഭൂമി ഉരുണ്ടതാണ്
നീ ഇരുണ്ടതാണ്
ഇത് വിഷമാണ്
നീ വിഷമാണ്
ഇത് നീ കുടിക്കുക.
.... .... ......

മന്ത്രം

ചുണ്ടനക്കി തുടങ്ങുന്ന ഉണ്ണി
പറയുന്നതെല്ലാം
അമ്മയ്ക്ക് മന്ത്രം
പുഞ്ചപ്പാടങ്ങളില്‍
കടല്‍ കടന്നെത്തുന്ന
ഇരണ്ടകൾ  തമ്മില്‍
പറയുന്നതൊക്കെയും
കൊക്കിനു മന്ത്രം.
താളം തെറ്റുന്ന നര്‍ത്തകി
ചുവടു തെറ്റി കണ്ണെറിയുമ്പോൾ
പക്കക്കാരന്റെ
ചുണ്ടിലും മന്ത്രം.
... .... .... ...

നീ

എന്റെ സ്വപ്നങ്ങളെല്ലാം
നീ നേരത്തെ കാണുന്നു.
ശേഷിച്ചവയിലെല്ലാം
നീ തന്നെ
നിറഞ്ഞു നില്‍ക്കുന്നു.
... .... .... ...

ആനവില

താടിവളര്‍ത്തിയ
ആനക്കാരന്‍
കുമാരേട്ടന്‍
പറഞ്ഞു
സ്നേഹത്തിന്
ആനയുടെ വിലയുണ്ടെന്ന്...!
അപ്പോള്‍ ഇത്തിരി സ്നേഹം
തന്നാല്‍ ആനയെ തരുമോ..
കുമാരേട്ടാ....?
.... ... ....

ക്യൂ

എല്ലായ്പ്പോഴും
ക്യൂവിലാണ്
ചിലപ്പോള്‍
ഏറ്റവും പുറകില്‍
പലപ്പോഴും
ഇടയില്‍
ഒന്നാമതെത്തുമ്പോൾ
പുറകില്‍ നീണ്ട നിരകാണാം
തിരകളെപോലെ
തീരുന്ന നിര.
... ... ..... ...

കണ്ണാടി

നീയാണ് ചങ്ങാതി
കഷണ്ടിയും നരയും
യഥാസമയം
കാട്ടിത്തരുന്നു.
... ... ... ... ...

തീപ്പെട്ടി

ഒരു കെട്ടുഭീകരർ
പതിയിരിക്കുന്നു
ഓരോരുത്തരെയായി
തല കത്തിച്ചില്ലാതാക്കി.
.... ..... .... ....

മരുന്ന്

ഇടയ്ക്കിടയ്ക്ക്
ഒരു പനിയും
സുഖക്കുറവും
വന്നു പോകട്ടെ
എന്തിനാ വെറുതെ
അവററകളെ
രാസമരുന്ന് വെച്ച്
തുരത്തുന്നത്.....!
..... .... ........

ഇതുമാത്രമാണ് സത്യം

ഇനി ഒരു സത്യം പറയട്ടെ
ഇതുവരെ പറഞ്ഞതെല്ലാം
ശുദ്ധ നുണയായിരുന്നു.

...... .... ...... .... വിശ്വം.

കടലാസുപൊതികള്‍

കടലാസുപൊതികള്‍

മുളംകുറ്റിപുട്ട് 
പപ്പടം, പൂവന്‍പഴം
കഴിച്ചൂ, മൂക്കറ്റം.

കല്‍ക്കട്ടയ്ക്കുള്ള തീവണ്ടിയില്‍
വയറ്റത്തിട്ടടിച്ചു പാടുമ്പോൾ 
തുട്ടുകള്‍ക്കൊപ്പം കിട്ടിയപൊതി 
പഴകിയതെങ്കിലും
രുചിയുള്ളതായിരുന്നു

ആലുവാ പ്ലാറ്റ്ഫോമിൽ 
തുണിയില്‍ പൊതിഞ്ഞ്
ഉപേക്ഷിച്ഛതാണമ്മ
 
കടിയ്ക്കാതെ, കുരച്ചു കുരച്ച്
കാവല്‍നിന്ന നായ
കടലാസ് പെറുക്കികൾക്കൊപ്പം
യാത്രയാക്കിയതാണെന്ന് 
കൂടെ തെണ്ടുന്നവര്‍

ഓരോ പൊതിക്കെട്ട് കിട്ടുമ്പോഴും
ഹൃത്തടത്തില്‍ നിന്ന്
സ്നേഹത്തിന്റെ ഒരു കുളിര്‍കാറ്റ്
തണുത്തു തണുത്ത്
കണ്ണുകളിലൂടെ പെയ്തിറങ്ങുന്നു

ട്രെയിൻയാത്രക്കാരായ കുട്ടികള്‍
ഉറുമ്പുകടികൊണ്ട് 
തുണിക്കെട്ടിനുള്ളിൽ 
നിലവിളിച്ചവൾക്കു മുന്നിൽ  
അച്ഛനമ്മമാരുമായി
കൊഞ്ചിക്കുഴയുന്നു 

കമ്പാര്‍ട്ടുമെൻ്റുകളിൽ
കൈകൊട്ടിപാടി 
തെണ്ടിനടക്കുമ്പോള്‍
കണ്ണുകള്‍ തിരയുന്നത്
കണ്ണെഴുതി കരിവളയിട്ട്  
കവിളില്‍ മറുകുംകുത്തി
കടലാസുവഞ്ചി പോലെ
സ്റ്റേഷനില്‍ ഒഴുക്കിവിട്ട
ആ കടിഞ്ഞൂല്‍കാരിയെ

ഒറ്റയ്ക്കിരിയ്ക്കുമ്പോൾ
ഒരായിരം അമ്മചോദ്യങ്ങൾ
അവളെയും വേട്ടയാടി
ആരുമറിയാതെങ്ങനെയമ്മയവൾ 
ഉദരത്തില്ലെന്നെ കിടത്തി?
എവിടെ വെച്ചായിരിക്കും
അന്ന് വയറൊഴിഞ്ഞത്?
തുണിയില്‍ പൊതിഞ്ഞത്?
ആദ്യമായ് കരഞ്ഞപ്പോള്‍
ഊറിയില്ലേ അമ്മയ്ക്ക് നൊമ്പരം!
ഒരുതുള്ളി മുലപ്പാലെങ്കിലും
ഞാൻ നുണഞ്ഞു കാണുമോ?

തീവണ്ടിയോടികൊണ്ടിരുന്നു
പാടിയ പാട്ടുതീര്‍ന്നപ്പോള്‍
പുതിയ പാട്ടുപാടി
കൈകള്‍ മാറി മാറി
പുതിയപുതിയ മുഖങ്ങളിലേക്കുനീട്ടി
കൈവെള്ളയില്‍ വീണത്
വാടിക്കൊഴിഞ്ഞ നാണയത്തുട്ടുകള്‍
 
സ്വരം ഇടറിയപ്പോൾ
പാട്ട് നിര്‍ത്തി
പുറത്ത്  മരങ്ങളും വകെട്ടിടങ്ങളും
പിന്നിലേക്ക് ഓടി മറയുന്നു
താഴെയിരുന്നവൾ കിടിയ
കടലാസുപൊതി തുറന്നു

....... ...... വിശ്വം.

ശേഷിപ്പുകൾ തേടുന്നത്.......

ശേഷിപ്പുകൾ  തേടുന്നത്.......


"കിനാക്കൾ  എങ്ങനെയാണ്
ഒഴുക്കിൽ പെട്ടത്?
കാറ്റ്  എന്തിനാണ്
കൊടുങ്കാററായത്?"
......  കലാപത്തിനിടയില്‍
തെറിച്ചു വീണ കൊലക്കത്തി
ഉടലററ ശിരസ്സിനോട് ചോദിച്ചു

"തേന്മാവ് പൂക്കുന്നതും നോക്കി
സ്പന്ദിച്ചിരുന്ന ഒരു ഹൃദയമുണ്ടായിരുന്നു
നിന്റെ മൂർച്ചയ്ക്കുള്ളില്‍
വഴിതെറ്റി പിരിഞ്ഞത്   എന്റെ ഹൃദയം"
            .........ശിരസ്സു കത്തിയോടു് പറഞ്ഞു


'വെളിച്ചം തെളിയുന്നതും കാത്ത്
പൂങ്കോഴികൾ  ഉറക്കളയ്ക്കുന്നു
നിഴലുകള്‍ വളരുന്നതും നോക്കി
ഉച്ച വെയില്‍ തീകായുന്നു 
ഇഴഞ്ഞിഴഞ്ഞ്  ഭൂമിയളക്കുന്നു  ചന്ദ്രിക
തുറന്ന  ഈ കണ്ണുകള്‍ തേടുന്നത്
പാതിവഴിയില്‍  വെച്ച്
നീ കാരണം പിരിയേണ്ടി വന്ന... ... .'
        .......... .പൂർത്തിയാക്കാതെ  ശിരസ്സ് വിതുമ്പി 

നീ കൊത്തിവലിച്ചപ്പോൾ
 തുടിക്കുന്ന എൻറെ ഹൃദയം
കൊഞ്ചിക്കുഴയുകയായിരുന്നു .
നിന്റെ കൈപ്പിടിയിലെ രക്തക്കറ
എന്റെ ഹൃദയം
നല്കിയ  അവസാനത്തെ മുത്തം


മൂര്‍ച്ചയില്‍ നിന്ന് കണ്ണീരൊഴുകി
തണുത്തു തുടങ്ങിയ കത്തിയിൽ  
ഒട്ടിപ്പിടിച്ച  ഹൃദയരക്തത്തിൽ
സ്നേഹപൂർവ്വം   മൂർച്ച തലോടി 

"ഒരു ഹൃദയമുണ്ടയിരുന്നെങ്കില്‍....."

ആദ്യമായി കത്തി
ഹൃദയത്തെ പറ്റി ചിന്തിച്ചു.
.... .... ... വിശ്വം.

നിറങ്ങള്‍

നിറങ്ങള്‍


ഏഴു നിറങ്ങള്‍ നിനക്ക്
കറുപ്പില്‍ കരിമുകില്‍
വെളുപ്പില്‍ മേഘകൂട്ടുകള്‍
നീലപരവതാനിയിലൂടെ
ചുവന്നു തുടുത്ത സൂര്യന്‍


വെളുപ്പില്‍ പൊതിഞ്ഞ്
കറുത്ത കൈകള്‍
പകരം വെക്കാനാവാത്ത
ഓര്‍മകളുമായി
പിന്നില്‍.


ഇപ്പോള്‍
നിറങ്ങള്‍ക്ക്
നിന്നെ
തിരിച്ചറിയുവാന്‍
കഴിയുന്നില്ല.
...... ... വിശ്വം

മഴ

മഴ

ഒഴുക്കില്‍പ്പെട്ട നിനക്ക്
മനസ്സുതുറന്നൊന്നും
കേഴുവാനായില്ലല്ലോ


ഒരു നീര്‍മണിയുടെ വിതുമ്പല്‍
ഓളങ്ങള്‍ക്കൊപ്പം
വിദൂരതയിൽ

നനഞ്ഞുതിർന്ന
ദിനരാത്രങ്ങൾക്ക്
ഒരു താളംപോലെ
നിഴലുകള്‍ ഇല്ലാതെ
നീ യും.


മഴയ്ക്ക്‌
സംഗീതം
അറിയുമോ .ആവോ ....?

.... ..... .... .. വിശ്വം

കായൽ ചുറ്റുമ്പോൾ

കായൽ ചുറ്റുമ്പോൾ


കായലില്‍ കക്കവാരുന്നവർ
ഹൌസ് ബോട്ടുകളുടെ ശബ്ദം കേള്‍ക്കുമോ ? .
കാറ്റിൽ ഉലയുന്നത്  കൊച്ചുവള്ളം
കടന്നുപോയ ബോട്ടിന്റെ ഓളത്തില്‍.

ടൂറിസം കണ്ടുപിടിച്ച സായിപ്പും
ചുരുട്ടുവലിച്ചു ചുറ്റിനടക്കുന്ന മദാമ്മയും
വെള്ളത്തില്‍ മുങ്ങികിടക്കുന്നവരുടെ
താളം പിടിച്ച് കാവൽ  നിന്നിരുന്ന
കൊതുമ്പു വള്ളങ്ങൾ കണ്ടിരുന്നോ? .

പാഞ്ഞ് ഓടുന്ന പനമ്പ് കൊട്ടാരങ്ങള്‍
പായ്മരം കെട്ടിയ വള്ളങ്ങൾ
ഒഴുകിയ  വഴികളിലൂടെ
സ്പീഡില്‍ കുമരകത്തേക്ക്

യമഹാ തുപ്പിയ  എണ്ണയിൽ
നിലാവെളിച്ചം ചിരിയ്ക്കുന്നു .
കാറ്റില്‍ പൊരിയുന്ന കരിമീൻ മണം
കായല്‍ മത്സ്യങ്ങൾക്കും  കൊതിയൂറി

ടൂറിസ്ററുബോട്ടുകൾ  തകര്‍ത്തത് വട്ടവലകള്‍.
അടിക്കായലിളകി വംശം നശിച്ച കക്കകള്‍.
മുങ്ങി വാരിയവർക്ക് കിട്ടിയത്  ചെളിക്കൂനകൾ
കയറൂരി ഒഴുകിയ തോണികൾ
പായല്‍ക്കൂട്ടങ്ങൾ തടഞ്ഞു വെച്ചിരിക്കുന്നു.

ഇടയ്ക്കിടയ്ക്ക് വിളക്കുമരച്ചുവട്ടിലേക്ക്
പൊങ്ങിവന്ന്  മുങ്ങിമരിച്ചവരുടെ ആത്മാക്കൾ
കക്കാക്കായലില്‍ കൊയ്ത്തിനു പോയി
കായലിൽ മറിഞ്ഞ കെട്ടുവള്ളം തിരയുന്നു.
പള്ളി ജെട്ടിയിലെ സിമിത്തേരി മതിലിൽ 
പുതിയ ആത്മാക്കൾ എത്തിനോക്കുന്നു.
പാതിരാമണലിലെ പക്ഷിക്കൂട്ടങ്ങള്‍
പൊരിച്ച കോഴിക്കാലുകള്‍ തിന്നുന്നു
ഒഴുകിനടക്കുന്ന പോളക്കൂട്ടങ്ങള്‍
കായലില്‍ നിറഞ്ഞു തുളുമ്പുന്ന
ചൈനീസ് വെളിച്ചത്തില്‍
ദിക്കുകള്‍ തിരിച്ചറിയുന്നു.


നല്ല തണുപ്പാണ്
കായലിന്റെ അടിത്തട്ടിൽ
കക്കകൾ തിരഞ്ഞ് മുങ്ങിയവരുടെ കുടങ്ങള്‍
ഹൌസ് ബോട്ടുകളുടെ പുറകേയൊഴുകി.
കുമരകത്തേക്ക്  നീന്തിനടന്നു

............. ....................... വിശ്വം.


വേനല്‍ നൊമ്പരങ്ങള്‍

വേനല്‍ നൊമ്പരങ്ങള്‍


ആവി പറക്കുന്ന നൊമ്പരങ്ങൾക്ക്
കണ്ണീര്‍ അളക്കുവാനാവില്ല
കാലന്റെ കാല്‍പെരുമാറ്റം
ആരും റിംഗ് ടോണാക്കില്ല.
കാഴ്ച്ചക്കാർക്ക്
പടവുകൾ കയറി മടുത്തിരിക്കുന്നു
നിലത്ത്  കൂർപ്പിച്ചകാതുകളുമായി
അവള്‍ ഉറങ്ങുന്നുണ്ട്.

ഒന്ന് ചുമച്ചാല്‍ , തുമ്മിയാല്‍
കട്ടിലില്‍  അറിയാതെ  കൈതട്ടിയാല്‍
എന്നിലേക്ക്  നീളുന്ന
സ്റെറതസ്കോപ്പുകൾക്കായി
അവള്‍ ഓടിയിരിക്കും.
തുറക്കാന്‍ മടിക്കുന്ന കണ്‍പോളകളിൽ
അടയാന്‍ മടിയ്ക്കുന്ന അകകണ്ണിൽ
എന്റെ ഹൃദയസ്പന്ദനം ശ്രവിക്കുന്നത്
അവളുടെ മുടിനാരുകൾ


സൂര്യന്റെ നിറമുള്ള കൊന്നപ്പൂക്കള്‍
വെള്ളരിയ്ക്ക, മാങ്ങ, നെല്‍ക്കതിര്‍
ഓട്ടുരുളി, സ്വർണ്ണമാല
പാടത്ത്
മഴപെയ്തു മറിഞ്ഞ
വിളവിന്റെ നിലവിളി
കണികണ്ടത്‌
കണ്ണുനീരണിഞ്ഞ ശൌരിയെ

മഴയിൽ കുഴഞ്ഞുതിര്‍ന്ന കതിർ മുത്തുകൾ
പുനർ ഭവത്തിന്റെ നാമ്പുകള്‍ നീട്ടുന്നു
ദയാപൂര്‍വ്വം നോക്കിയവർ
തോല്‍വിയുടെ ചോര ശർദ്ദിക്കുന്നു
എന്റെ ചുമയില്‍
അവളുറങ്ങി പോകുന്നു.

വേനല്‍ ചുരം കടന്ന്
ഉള്ളിലേക്കാഴ്ന്നിറങ്ങിയ കനലുകള്‍
നുകങ്ങളാഴ്ത്തി വലിയ്ക്കുന്നു.
കൊയ്തുപാട്ടിന്റെ ശീതക്കാറ്റില്‍
വെള്ളിടിയുടെ മിന്നല്‍ പിണരുകളായി
വ്യര്‍ത്ഥ ചിന്തകള്‍ ആളിപ്പടരുന്നു.
ഉറക്കത്തിലേക്കവൾ
ആഴ്ന്നു പോകുന്നു
.... .... .... ..... .... വിശ്വം.

വെടിയുണ്ടയ്ക്ക് പറയുവാനുള്ളത്.....

വെടിയുണ്ടയ്ക്ക് പറയുവാനുള്ളത്.....
***************************

ഒരു വിരല്‍ തുമ്പിന്റെ ചലനം മാത്രം മതി
മുന്നിലകപ്പെട്ടവന്റെ
വിരിമാറിലേക്ക്  തുളച്ചു കയറുവാന്‍
ചിറകുകള്‍ തകർന്ന്  നിലം പതിയ്ക്കുമ്പോള്‍
നിർദ്ദയം കുതിച്ചു പായുക
അതുമാത്രമാണ്
തോക്കിനകപ്പെട്ടവന് ചെയ്യുവാനുള്ളത്.


രക്ത മൊലിപ്പിച്ച്
രാമബാണമേററ മാരീചനെപോലെ
ചുണ്ടുകള്‍ പിളർത്തുമ്പോൾ
ഏറെറടുത്ത ദൌത്യത്തിന്റെ
പൂര്‍ണ്ണത
ഓരോ വെടിയുണ്ടയ്ക്കും.

ചലനങ്ങൾക്ക്  പറയുവാനുണ്ട്
ഒരുപാടു വീരകഥകള്‍
ഒരു പക്ഷേ  ഒരു രാഷ്ട്രീയ എതിരാളി
ഉന്നതന്റെ ശ്രേണീവലയം തകര്‍ക്കാന്‍ ശ്രമിച്ചവൻ
ലിഫ്ററിനുള്ളിൽ  സംശയപൂർവ്വം
സഞ്ചരിച്ചവന്‍
തെളിവുകള്‍ തീർക്കാനായി
തുടച്ചുനീക്കപ്പെട്ടവന്‍
സംഘം ചേര്‍ന്ന് ഒരു ജനതയെ
തിരുത്തുവാന്‍ ശ്രമിച്ചവന്‍

തോക്കിനുള്ളില്‍
വീര്‍പ്പുമുട്ടിയിരിയ്ക്കുമ്പോൾ
ചലനമററവരുടെ
ചോരയില്‍ നീന്തുമ്പോള്‍
രക്ഷ പെടാത്തവനെ നോക്കി
രക്ഷപെട്ട വെടിയുണ്ടയുടെ രോദനം
"ലക്‌ഷ്യം തെററുന്നവന്റെ കയ്യിലെങ്കിൽ  
എതിരാളികൾ രക്ഷപ്പെട്ടേനെ" 

സാക്ഷികള്‍
അറിഞ്ഞുകൊണ്ടു മറക്കുന്നു
വെച്ചവനും കൊണ്ടവനുമിടയില്‍
കർമ്മപൂരകമാകുന്ന "വെടിയുണ്ട."


പോസ്റ്റ് മോര്‍ട്ടം തട്ടുകളില്‍
ഫോറെൻസിക്ക്  ലാബുകളില്‍
കോടതിമുറികളില്‍
മൂകമായ്
നിരപരാധിയെ  പോലെ
കയറി ഇറങ്ങുന്നു
വെടിയുണ്ട 

അതിര്‍ത്തിയിലും
അകമ്പടി കൂട്ടത്തിലും
ബ്രീഫ് കേയ്സുകളിലും
ഉണ്ടകള്‍
ശ്വാസമടക്കി
രക്ഷപെടാനുള്ള പഴുതുകൾതേടി
കാഞ്ചിയിലമരുന്ന
വിരൽ തുമ്പിനായി
വിതുമ്പുന്നു.
................. . വിശ്വം

രാഖി

രാഖി
****

തിണ്ണയില്‍ വിശപ്പോടിഴയും കിടാങ്ങളെത്തടവി
കണ്ണീരില്‍ തളരുമെന്നോർമ്മയില്‍ തിരയുമ്പോള്‍
തുള്ളും ചിലങ്കതന്‍ ചെറുമന്ദഹാസത്തില്‍
പെങ്ങളായ് വരുന്നു നീ, ഏതോ ദിവസത്തിൽ


വെള്ളിത്തളികയില്‍ രാഖിച്ചരടുമായ്
ഉല്ലസിച്ചന്നു നീ, പെങ്ങളായ് പിറക്കവേ
രക്തബന്ധത്തിന് രൂക്ഷ ഗന്ധമില്ലാത്ത
രക്ഷകനായല്ലോ എൻരക്തധമനികള്‍

ബന്ധമില്ലത്തൊരു ബന്ധിത സോദരന്‍
വെന്തുരുകുന്ന വിശപ്പില്‍ തളരുമ്പോള്‍
ഭ്രാതാവിന്‍ നിരർത്ഥക ദുഃഖമക റ്റുവാൻ
മൂകയായ്‌ മാന്ത്രിക ചെപ്പു തുറന്നു നീ

മാറിലെ മദജലം തേടിയെത്തുന്നവര്‍
കൂറത്തുണിയിലൊതുങ്ങും നിന്‍ യൌവനം
വാരിപ്പുണരുന്ന രാവിൽ, നിന്‍ തപസ്യയ്ക്കായ്‌
കൂട്ടിരുന്നിറയത്ത്, വാതില്‍ പടിയിന്മേൽ .

വാതില്‍ തുറന്നവര്‍ ഇരുളില്‍ മറയുമ്പോള്‍
വേതനം എണ്ണി നീ, എന്നെയേല്പിയ്ക്കുമ്പോൾ
ഉള്ളുപഴിയ്ക്കുന്നു പൊള്ളുമാ മുഹൂർത്തത്തെ
എന്‍ മണിബന്ധത്തില്‍ നീ കെട്ടിയ ചരടിനെ.

ഒന്നുമറിയാതറിഞ്ഞു ഞാനൊരുനാളിൽ
പുണ്ണുപോലേതോരോഗം നിന്നില്‍ വളർന്നെന്നും
കണ്ണകാണുവാന്‍ പോലും കഴിയാത്തൊരന്ധനായ്
വിണ്ടു കീറിയ ചുണ്ടും വിളറും മേനിയും കാണ്‍കെ

മൂര്‍ധാവില്‍ ദീനം മൂത്തു, ദിനമെണ്ണി
നിശകളില്‍ പശിയുമായ് നിന്‍ വയറൊട്ടവേ
വ്യർത്ഥമായ് ഞാന്‍ നിന്നു ബന്ധത്തെ പഴിക്കവേ
കൃത്യമായ് നിന്‍ ദേഹി ദേഹം വെടിഞ്ഞല്ലോ!

തിണ്ണയില്‍ കരിന്തിരികത്തും വിളക്കിനായ്
എണ്ണ തിരഞ്ഞു തളര്‍ന്നു നടക്കുമ്പോള്‍
പട്ടില്‍ പൊതിഞ്ഞാരോ നിന്മേനി പിന്നതാ
പട്ടടയ്ക്കുള്ളില്‍ കിടത്തിയുറക്കുന്നു

പെങ്ങളേ, നിന്‍ ശീലകള്‍ , പിന്നുരിയുന്നു പാപകന്‍
ആർത്ത  ചിതതന്‍ മറവില്‍ , രതിലയമാടിടാന്‍
കണ്ണുപൊത്തുന്നു ഞാന്‍, മിഴികളിൽ നിറയുന്ന
കണ്ണീരില്‍ലെന്‍ കാഴ്ച മങ്ങി മറയുന്നു

...... ..... .... .

ശില്പി



 ശില്പി

ഇരുളടഞ്ഞ ഗുഹാമുഖത്തു നില്‍കുക
ഉള്ളിലെ ശില്പം  നോക്കുക
അടര്‍ന്നുവീണ കാല്പാദങ്ങളില്‍
ശില്പിയുടെ ഉമിനീരിന്റെ ഗന്ധം

വെളിച്ചം
വിണ്ട പാറകള്‍ക്കിടയിലേക്ക്
എത്തിനോക്കുമ്പോള്‍
പ്രിയേ,   നിനക്കായ്‌
എന്‍റെ കല്ലിച്ച ഹൃദയം

പട്ടുനൂല്‍പുഴുക്കള്‍ തിന്നുതീർത്ത
ഞരമ്പെഴുന്നുനില്‍ക്കുന്ന കല്തൂണുകൾ
ജലധിയില്‍
മുങ്ങിത്താഴുന്ന മീനുകള്‍
മുങ്ങാങ്കുഴിയിട്ട കൊററി പറഞ്ഞു
നിര്‍മ്മലമാണ് നിന്‍റെ ഹൃദയം


തിരകളൊതുക്കിയൊതുക്കി
പളുങ്കുമുത്തുകൾ കോർക്കുന്നു   തീരം
പച്ചിലകൂടാരത്തില്‍ കിരണങ്ങള്‍
പവിഴമുത്തുകള്‍ വാരി വിതറി
നൂലുകളിറക്കി
വലനെയ്തിരുന്ന ചിലന്തിയ്ക്ക്
കുടുങ്ങിയ ഇരയോട്  ദയ
കാട്ടുപാതയിലൂടെ കൈകൾകോര്‍ത്ത്
പ്രണയിച്ചൊഴുകുന്ന പൂഞ്ചോലകള്‍
ശിലയിൽ
ശില്പിയുടെ നെറ്റിയിലെ രക്തക്കറ

ഇന്ന്
തിരുവാതിരയാണ്
നിലാവ് കൂട്ടിനുണ്ടാകും
കൃഷ്ണശിലയില്‍ കൊത്തിയ
ശിവലിംഗത്തെ
പാല്‍ചുരത്തുന്ന അകിടുകള്‍
ആലിംഗനം ചെയ്യും


ഉള്ളിലേക്ക് കടന്ന്
ഇരുട്ടിനെ തപ്പുക
പ്രേമത്തിന്റെ
തളിരുകള്‍
ശില്പി
അവിടെയാണ്
ഒളിപ്പിച്ചിരിക്കുന്നത്

........

* മുമ്പേനടന്ന കവിയ്ക്ക്


* മുമ്പേനടന്ന കവിയ്ക്ക്
***************
നെയ് വനങ്ങള്‍ പുതച്ച്
പമ്പയാറൊഴുകുന്നു
തീരത്തൊരു തീപ്പന്തംകുത്തി
നിഴലളക്കുന്നു  കവി
നീതിയുടെ കരിമിഴികളിളകുന്നു
ദൂരെയൊരു കാട്ടാളന്‍
വില്ലുകുലയ്ക്കുന്നു.

ക്രൌഞ്ചം പിടഞ്ഞ മണ്ണിൽ
കുറത്തി എത്തുന്നു ക്രോധയായ്
കേളികൊട്ടുന്നു അരങ്ങില്‍
ശബ്ദനാദമാം കവിതയും

പടയണിയ്ക്കായ് കാവില്‍
തിരികള്‍ തെളിയ്ക്കുമ്പോള്‍
വെന്മുകിലിന്‍  ശ്യാമച്ഛവിയിൽ
കുലുങ്ങിചിരിക്കുന്നുവോ നീ
 കവേ....കടമ്മനിട്ടേ....!


ശാന്തം സുന്ദരം
വാതകച്ചുല്ലിയില്‍ പുകയാത്ത കണ്ണുകള്‍
വേദാന്തമോതി കുഴയുന്നചുണ്ടുകള്‍
തെളിനീരുകിട്ടാതെയലയുന്ന പുഴകൾ
ചിരിയ്ക്കാതെ   ചിതറാതെ
പിന്നെയും മലയിറങ്ങുന്നു

നാട്ടിന്‍ പുറങ്ങളില്‍
പൊന്നണിഞ്ഞാടിയ വയലുകള്‍
പായുന്നു നഗരമായ് തീരുവാൻ
കാവ്യലോകത്തിൻ വരമ്പിൽ
നെല്ലിൻ തണ്ടിന്റെ മണമില്ല

കവേ ...... കടമ്മനിട്ടേ

പ്രാന്തരങ്ങളിൽ  മടമ്പല്ലൊടിഞ്ഞ്
ഒരുനാൾ  കുറത്തിവീഴും
പോയ കാല്പാദധ്വനികളിൽ
വീണ്ടും ഞാണുതിർത്ത്
കാട്ടാളനലറും
നിന്നോർമ്മയിൽ
നാമകീർത്തനങ്ങൾ  പാടി
കാലം കടക്കും കവിതകൾ

കവേ ...... കടമ്മനിട്ടേ
... ........

* കവി കടമ്മനിട്ട രാമകൃഷ്ണന്റെ ഓർമ്മയ്ക്ക്‌ മുന്നിൽ 


കവിയും കവിതയും

കവിയും കവിതയും


സന്ധ്യയ്ക്ക്
ഉത്തരത്തിൽ
ഗൌളി തീറ്റ തേടുന്നത് കാണ്കെ
കവി കവിത കോറി.

ദൈനസോറുകളെ പോലെ
വേട്ടയാടുന്ന പല്ലീ
നിനക്കെത്ര പല്ല്?
ചുഴററിയെറിയുന്ന വാലിന്
കുതിരശക്തികളെത്ര?
ആകാശത്തിനെതിരെ
ആഞ്ഞുതറപ്പിച്ച കാല്പാദങ്ങൾക്ക് 
ആരെയൊക്കെ ചവുട്ടി വീഴ്ത്താൻ  പറ്റും

പല്ലി ചിലച്ചില്ല
കവി തുടർന്നു
നിന്റെ മൌനം
എനിക്ക് നൊമ്പരം
ചിലമ്പൽ ആശ്വാസം
നിന്റെ കരുത്തിൽ
ഞാൻ  നിസ്സാരൻ

"നിന്റെ ജോലി നീ തന്നെ ചെയ്യുന്നു."


നിമിഷങ്ങൾക്കുള്ളിൽ
പല്ലി കൊതുകിനെ വേട്ടയാടി.
പല്ലി ചവച്ചോ   . ചവച്ചില്ല
നീണ്ടനാവിനുള്ളിൽ
നീന്തലറിയാത്ത കൊതുകിനെ
പല്ലി വിഴുങ്ങി

കവി വിളിച്ചൂ  "പല്ലി നിനെക്കെന്തിനീ നാവ്?"

കൊതികിന്റെ പുനർജ്ജന്മം
പല്ലിയാകണമെന്നു പ്രാർത്തിച്ച്
കവി പല്ലിയെ തടവി.

പല്ലിയിൽ  നിന്ന് ഭൂമിയിൽ  പതിച്ച
വാൽ  നൃത്തം ചെയ്തു.
തലയും കാലും കൈയ്യുമില്ലാത്ത
അവയവ വടിവില്ലാത്ത "കാബറെ"

കുതിര ശക്തികൾ  കുറച്ചുകുറച്ച്
നൃത്തം നിലപ്പിച്ച വാൽ
നീണ്ടു നിവര്ന്നു കിടന്നപ്പോൾ
കവി വീണ്ടും കവിത തേടി
കവിത പല്ലിയെ തേടി


പല്ലി ഇല്ലാഞ്ഞ ഉത്തരത്തിൽ
കവിത നഷ്ടപ്പെട്ട കവി
ഇങ്ങനെ എഴുതിവെച്ചു..


കോടാനുകോടി യുഗങ്ങൾക്കു   മുമ്പ്
ദൈനസോറുകൾ മനുഷ്യരെ വേട്ടയാടിയപ്പോൾ
വാലുണ്ടായിരുന്ന മനുഷ്യർ
വാലുമുറിച്ചു രക്ഷനേടിയിരുന്നു.

കുതിരശക്തിയുണ്ടായിരുന്ന വാല്
ദൈനസോറുകളെ ആക്രമിച്ച്
ഭൂമുഖത്തുനിന്നും തുടച്ചുനീക്കി.

വാൽ  രൂപാന്തരം പ്രാപിച്ച്
പാമ്പുകളായി മാറി
പാമ്പുകൾ  പെരുകി വർഗ്ഗങ്ങളുണ്ടായി.
ചിലർ  വിഷമുള്ളവയായി
ചിലർ  നിറമുള്ളവരായി.

പാരമ്പര്യം കണ്ടെത്തിയ മനുഷ്യൻ
പാമ്പിൽ  രക്തബന്ധവും കണ്ടെത്തി
" നിറങ്ങളും വിഷങ്ങളും തലമുറകൾ  കൈമാറി
ആധുനിക മനുഷ്യനുണ്ടായി"


വാലിൽ  കവിത നഷ്ടപ്പെട്ട കവി
പിന്നീടൊന്നും എഴുതിയില്ല.

..... ..... ...

കെടാവിളക്കുകൾ


കെടാവിളക്കുകൾ
***************

എന്റെ വീടിന്റെ ഈശാകോണില്‍
ഒരു സർപ്പക്കാവുണ്ട്
തൊട്ടുവടക്കേതിൽ സർപ്പദംശനമേററയാള്‍
മരോട്ടിമരമാണ് കാവിലെ തണല്‍ മരം
സര്‍പ്പക്കുളത്തിലേക്ക് വേരുകളിറക്കി
തലമുറകളായത് വെള്ളമൂററുന്നു.


ഉത്തരംപൊങ്ങിയോലമേഞ്ഞ
ഇരുട്ടുറങ്ങും വീടായിരുന്നു എന്റേത്
വടക്കുവശത്തെ നാട്ടുവഴിയോടുചേർന്ന്
പത്തായമൊളിപ്പിച്ചു തലയുയർത്തി നിന്നത്
അഗ്നികോണിൽ  അസ്ഥിത്തറയുണ്ടായിരുന്നു
കാലത്തും വൈകിട്ടും കരിങ്ങേട്ടയെണ്ണകുടിച്ച്
മരോട്ടിവിളക്കുകൾ കാറ്റിൽ  കളിച്ചിരുന്നു
ബീഢി വലിച്ചു നടന്ന വല്യച്ഛൻ വീണതുവരെ!


വിരുന്നു വന്നിരുന്ന കാക്കകൾ  കാവിൽ
കൊത്തിപ്പിരിച്ചുവിട്ട കുയിലുകളെ തേടുമായിരുന്നു
ചൂടേററു വിരിഞ്ഞു  തൂവൽ മുളച്ചതുവരെ
ഇടിമിന്നൽ  കണ്ടുപേടിച്ചുവളർന്നവർ


പടിഞ്ഞാപ്പുറത്തെ അടുക്കളയിൽ, പത്തായത്തിനു കീഴെ
കല്ലുകൾ കൂട്ടി ചാണകമെഴുതിയ അടുപ്പുണ്ടായിരുന്നു.
കൊതുമ്പും കോഞ്ഞാട്ടയും തിന്ന് അഗ്നിച്ചിറകുകൾ
പടിക്കുപിന്നിലൊളിച്ചിരുന്ന വല്യമ്മച്ചിയ്ക്കൊപ്പം
മധുരംകുറുക്കിയ തേയിലകാപ്പി നീട്ടുമായിരുന്നു.


വെളിച്ചമാണാദ്യം ഇരുട്ടുമുറിയിൽ  കടന്നത്
ആടിതുടങ്ങിയ കാഞ്ഞിരക്കട്ടിലിൽ  കിടന്ന അപ്പച്ചിയെ
ഇടവപ്പാതിയിൽ മഴത്തുള്ളികൾ  തോണ്ടിവിളിച്ചിരുന്നു.
പിച്ചളപാത്രങ്ങളിൽ  പിന്നീടവ പാട്ടുപാടി
കഴുക്കോലും ആണിക്കൂട്ടും ദ്രവിച്ചെന്ന്  മൂത്താശ്ശാരി


തലമുറ വളർന്നു   പടർന്നപ്പോൾ
സർപ്പ ക്കാവും വീടും തനിച്ചായി
ഒരു കാറ്റത്ത് മേൽക്കൂര പറന്നപ്പോൾ
തലകുനിച്ച്  ഓടുകൾ  ചൂടി വീട് നിന്നു
അസ്ഥിത്തറപ്പൊളിച്ചു ശേഷിപ്പുകൾ
വർക്കലക്കടലിൽ കുളിയ്ക്കാൻ  പോയി
സർപ്പക്കുളത്തിലേക്ക്   ഇരുട്ട് കൂടുമാറി
മരോട്ടിമരം മഴുവീഴുന്നതും കാത്തു കുളക്കരയിൽ


കിഴക്കേദിക്കിലിപ്പോൾ  റോഡാണ്
താറിട്ട, യന്ത്രവണ്ടികളോടുന്ന റോഡ്
വീടുപൊളിച്ച്  അറമാറ്റി പുതുക്കിപ്പണിയണം
കാവുവെട്ടി സർപ്പത്തെമാറ്റി കുളംനികത്തണം
കുട്ടികൾക്ക്   കാവും സർപ്പവും പേടിയാണ്
മതിലും ഗേയ്ററുമില്ലാത്ത വീട് കുറച്ചിലാണ്
എന്റെ നരയും പല്ലുകൊഴിഞ്ഞ മുഖവും
പുറത്തു കാണാതിരിക്കാൻ
അവശേഷിച്ച ഇരുട്ടുമുറിയിൽ
എന്നെയവർ  പൂട്ടിയിട്ടിരിക്കുകയാണ്.

അസ്ഥിത്തറയിലൊളിപ്പിക്കാതെ
വിളക്കുകൾ  കത്തിയ്ക്കാതെ
മരോട്ടിമരത്തിനോടൊപ്പം
എന്റെയും ശേഷിപ്പുകൾ
സർപ്പക്കുളത്തിൽ
ഒരിക്കലവർ ഏറിയും

പടിഞ്ഞാററയിലെ ഇരുട്ടിലേക്ക്
പകലിനോടൊപ്പം ഞാനും താഴുകയാണ്.

....... ........ ..

അവസാനത്തെ ആശ്വാസ വചനം

അവസാനത്തെ ആശ്വാസ വചനം



ഒരുതുള്ളി ചോര പോലും പൊടിയാതെ
ഒരു അപശബ്ദം പോലും പുറപ്പെടുവിയ്ക്കാതെ
ഒരു പ്രതീക്ഷ പോലും കണ്ണുകൾക്ക്   നല്‍കാതെ
ഒരു കച്ചിതുരുമ്പിനെപോലും കൈകള്‍ തിരയാതെ
ഒരു രോമം പോലും പുറമേകാണാതെ
ശരീരമാസകലം മൂടി
കൈകള്‍ ബന്ധിച്ചു
മുഖം മൂടിയണിഞ്ഞു
ഒരു ഊരാക്കുടുക്കില്‍
നീതി നടപ്പാക്കാന്‍ വിധിക്കപ്പെട്ടു...!

രാത്രി ഉണര്‍ന്നു വരുന്നതെയുള്ളു
ഇരുട്ട് മുറിയിലേയ്ക്ക് ചീവീടുകളുടെ
നിലവിളി കടന്നതേയില്ല....
നീലവെളിച്ചം ഊറിയൂറി വീഴ്ത്തി കൊണ്ട്
നീതിയുടെ കാവല്‍ക്കാര്‍ അകമ്പടിയേകി.

പുലരുവാന്‍ പോകുന്ന പ്രപഞ്ചം
പുകപടലങ്ങളാല് മൂടപ്പെട്ടിരിക്കുന്നു.
കാരാഗൃഹത്തിന്റെ തൂക്കുമരത്തില്‍
പ്രതിയെ കാത്തു ക്ഷമകെട്ട കൊലവള്ളി...!

കൃത്യത പാലിച്ച ഘടികാരം
കുറ്റപത്രം വായിച്ച ന്യായാധിപന്‍
ശിക്ഷ നടപ്പാക്കാന്‍
കാത്തിരിക്കുന്ന ആരാച്ചാര്‍

ഏറ്റുപറയാത്ത കുറ്റത്തിന്
എഴുതികൂട്ടിവായിച്ച വിധി
പെര്പെടുന്നതിന്റെ ദുഃഖം പേറി
ചിരിച്ചുകൊണ്ട് ദേഹത്തില്‍
അതിവേഗം ചലിക്കുന്ന ജീവന്‍

"ദൈവ പുത്രന്മാര്‍ കാലാകാലങ്ങളായി
കടന്നുപോയ വഴികളിതുതന്നെയല്ലേ....?"

.............ദേഹി ദേഹതിനോടു പറഞ്ഞ
അവസാനത്തെ ആശ്വാസ വചനം.

.................... .................. വിശ്വം.

കണ്ണ്

കണ്ണ്
*****
ഉണർന്നിരിയ്ക്കാൻ
ഉണരാതിരിക്കാൻ ‍
ഉറക്കം നടിക്കാൻ ‍
ഉറങ്ങുമ്പോൾ ‍ മാത്രം
വിശ്രമിക്കുന്നു.

ഉണർ‍ന്നിരിക്കുമ്പോൾ ‍
ശ്രദ്ധയോടെ
യാത്രയ്ക്കിടയിൽ ‍
വകതിരിച്ച വിലയിരുത്തലുകൾ ‍
ജനാവലിയ്ക്ക് മുന്നിൽ ‍
ധ്യാനദൃഷ്ടി

ഉണരാതിരിയ്ക്കാൻ
കണ്‍പോളകൾ
ഇറുക്കി പിടിച്ച്
ഉറക്കം നടിച്ച്
ചുറ്റുവട്ടങ്ങൾക്കായി
ചെവി കൂർപ്പിച്ച്

കിടപ്പറയിൽ ‍
തുറന്നിരുന്ന
കണ്ണുകളെ കണ്ടത്
ശിക്ഷ്യയ്ക്ക് നല്‍കിയ
സാരോപദേശം
വാർത്താ ചാനലുകൾ ‍
പുറത്തു വിട്ടപ്പോൾ മാത്രം.

..... .... .... വിശ്വം

വെള്ളം

വെള്ളം
******
മഴയത്ത്
താഴേക്ക് വീഴുന്ന
തണുപ്പുണ്ടാക്കുന്ന
ഐസ്ക്രീം അലുക്കുമ്പോളുണ്ടാകുന്ന
കടലിലുള്ളതും ഉപ്പില്ലാത്തതുമായ
...... .... ..... ....

ഒരു സൂചന കൂടിത്തരാം

നൈൽ നദിയിലും
ആമസോണ്‍ നദിയിലും
മത്സ്യങ്ങളും അന്നക്കോണ്ടകളും
ഒളിച്ചുപാര്‍ക്കുന്ന
ദ്രാവകം.
.............. വിശ്വം


മണ്ണ്

മണ്ണും വെള്ളവും
          ****
ജലമേ....
ആദ്യം നീ എന്നെ ഒളിപ്പിച്ചു
പിന്നെ ഞാന്‍ നിന്നെയും

ഇപ്പോൾ ‍ നമ്മൾ ‍
രണ്ടുപാത്രങ്ങളിലായി
വിലപേശുന്നതും കേട്ട്
നഗ്നത മറച്ചു്
ഒളിച്ചിരിക്കുന്നു.

.... ..... ...... വിശ്വം

മുങ്ങാംകുഴി


മുങ്ങാങ്കുഴി
*********

ശ്വാസം പിടിച്ച്
അടിത്തട്ടില്‍
ഒളിച്ചിരിക്കുമായിരുന്നു
സോപ്പും ഷാമ്പുവും
കിട്ടുന്നതുവരെ

അക്കരെയിക്കരെ
മുങ്ങിപ്പൊങ്ങുമായിരുന്നു
മുങ്ങാങ്കുഴിയിട്ടാല്‍
എണ്ണി സമയം നോക്കാന്‍
കരയില്‍
കൂട്ടുകാരുമുണ്ടായിരുന്നു

ശ്വാസം പിടിച്ച്
ഇപ്പോള്‍
കുറുകെ നടക്കുകയാണ്
മുങ്ങാംകുഴിയിട്ട മണ്ണ്
പൊങ്ങുന്നതും കാത്ത്
....... ........... ...

പാലം


പാലം
കുറുകെ ഒരു പാലം
വേണമെന്ന്
കടത്തുകാരനെ നോക്കി
മഴക്കാലത്ത് നാട്ടുകാർ ‍

പനിപിടിച്ചു വിറയ്ക്കുമ്പോൾ ‍
കാറ്റു ചുററിത്തിരി യുമ്പോൾ ‍
വഞ്ചി ക്കുവേണ്ടി
കാത്തിരിക്കേണ്ടല്ലോ.?


വീതിയേറിയതിനാൽ ‍
കോവണിപ്പാലം, തടിയിൽ ‍
പിന്നീട്

വീതികുറഞ്ഞതിനാൽ ‍
കോണ്‍ക്രീറ്റ് പാലം

കടവിൽ ‍
ഓലക്കീറുകൾ ക്കുതാഴെ
കടത്തുവള്ളം

പാലം കയറാൻ ‍
കടത്തുകാരനും പഠിച്ചു!

ഇപ്പോൾ ‍
ടിപ്പറുകളുടെ തിരക്കിലൂടെ

അക്കരയിക്കരെ
പാലം കയറാതെ
കടത്തുകാരൻ  ‍.
............... വിശ്വം

കാളകുട്ടന്‍

കാളകുട്ടൻ ‍


"വിത്തുകാളയ്ക്കാണ്"
വില പറഞ്ഞപ്പോൾ ‍
ഇറച്ചി വില്പനക്കാരൻ ‍

രണ്ടുവയസ്സുള്ള കുട്ടനെ പിരിഞ്ഞപ്പോൾ ‍
അകിടിൽ ‍ സ്നേഹം ചുരത്തി തള്ളപ്പശു
തലയിൽ ‍ നാവുകൊണ്ട് നക്കി


"കൊന്നേക്കരുത്"
പണമെണ്ണുമ്പോൾ  
പ്രത്യേകം ഓർ‍മ്മപ്പെടുത്തി

പിറേറന്നു്
അമ്പലത്തില്‍ പോകുംവഴി
ഇറച്ചിക്കടയുടെ മുന്നിൽ ‍
ചിരിച്ചുകൊണ്ട്
കാളക്കുട്ടന്റെ തല

........ വിശ്വം

സംഭാഷണം

 സംഭാഷണം
 *********
"നാരായണന്നായ്.രേ,
എവിട്വാ നീ?"
ഇക്കണ്ട നിലമെല്ലാം  തരിശ്ശിട്വാ
തെങ്ങിലെന്താ   വെള്ളയ്ക്കാ പിടിക്കില്ലേ
ടേയ്...! 
ചിറേലെ  നാരണക്കോരന്റെ കൂരയെവ്ടെ?
പടിപ്പുരയാരാ പൊളിച്ചു കളഞ്ഞേ!
നാം കണ്ണടച്ചപ്പോൾ  ഇതെല്ലാം  അച്ചട്ടല്ലാർന്നല്ലോ!

"അങ്ങുന്നെ വികസനാ  ഇപ്പോളിവിടെ"

 (മോബേല്‍ ഫോണ്‍  ചെവിയോടുചേര്‍ത്ത്
നാരായണ കൈമളോടൊപ്പം
നാരായണന്‍ നായര്‍ ചേര്‍ന്നുനിന്നു
വെയില്‍ കൊള്ളാതിരിക്കാന്‍
 "നൈക്ക് "തൊപ്പിയും)

നാരായണന്നായ്.രേ..;
വികസനത്തിലെന്താ  വിശപ്പുണ്ടാകില്ലേ?
കോരരെല്ലാമെവിടാ  കിടക്വാ?
നേര് പറയ്ക്വാ..... നിനക്കിപ്പോഴെന്താ..പണി?

അങ്ങുന്നേ...
അന്നത്തിനിപ്പോള്‍ 
അയലത്തുനിന്നേറെ വരുന്നുണ്ട്..!
നിലമിപ്പോള്‍ നഗരമാവില്ലേ...?
സഹ്യനിലും വലിയ സൌധങ്ങള്‍
ഇവിടെ കിളിര്‍ക്കില്ലേ...!
കോരരെല്ലാം കോട്ടിട്ടു കാവല്‍ നില്‍ക്കില്ലേ....!
പടിപ്പുരയുടെയുത്തരം കളഞ്ഞല്ലേ
മോബേല്‍ ടവ്വര്‍ പണിതേ ...

"നാരായണന്നായ് ....രേ..;
നീ എന്താ ... നഗരവാസികളാക്വാ...?"
ന്റെ ..നാരായണാ...,
ന്ത്വാ....നാമീ കേള്‍ക്കണേ....!
ന്താച്ചാലും നീ എന്നെയങ്ങ്
വിളിച്ചതേറെ നന്നായി...

അങ്ങുന്നേ ...
റെയ്ഞ്ച്  കിട്ടിന്നില്ലല്ലോ...!
തിരിച്ചുവിളിക്കാം...

.... കാൾ  കട്ട് ചെയ്ത്
നാരായണന്‍ നായര്‍
റിയാലെസ്റ്റേറ്റ്
ഏജന്റിനെ വിളിച്ചൂ..!
----    വിശ്വം 

പാം ബീച്ച് റണ്വേ....

 പാം ബീച്ച് റണ്വേ..
 *************

കിളിർത്തു പൊങ്ങുന്ന
കൂടാരങ്ങൾ
സിമന്റു പൊടികളിൽ
കുളിയ്ക്കുന്നു.

ഇതിലെ പോയാല്‍
കുറുക്കുവഴിയിലൂടെ
കുതിച്ചുപാഞ്ഞ്  "*വാശി"യിലെത്താം
മുറിച്ചു കടക്കുന്നവരെ
പാം ബീച്ച് റോഡില്‍ ശ്രദ്ധിയ്ക്കുക

വേലിയേററത്തിൽ  കണ്ടല്‍ കാടുകള്‍
കടലിലേക്കിറങ്ങുന്നു
കൈയേററത്തില്‍
കരിമ്പിന്‍ കണപോലെ
കൂട്ടം കൂട്ടമായി മുറിയുന്നു.

പാം ബീച്ചിൽ കോടികള്‍ വിലവരും
*വാശി...നെരൂള്‍....സി.ബി.ഡി....
എല്ലാം വിരലകലത്തില്‍

വഴി പിശകി വരുന്ന വണ്ടികൾക്കുപോലും
വേഗത കുറവില്ല.
വഴി നടക്കുന്നവര്‍ക്ക്
ഇടവുമില്ല
ഇടയ്ക്കുയരുന്ന ടയര്‍ മര്‍മ്മരതതിൽ
തകര്‍ന്നു മറിയുന്ന വണ്ടികള്‍


"മോണിംഗ് വാക്കിനു" പോയ കൂട്ടുകാരന്റെ
"മോണീംഗ്" കൂടാന്‍ പോകേണ്ടിവന്നു!
തിരക്കില്ലാത്തപ്പോൾ നടന്ന്
മേദസ്സ് കുറയ്ക്കുകയായിരുന്നു
കറണ്ടുകട്ടുളളപ്പോൾ  കയറിയ
"ക്വാലീസ്" കൂട്ടക്കുരുതി നടത്തി..!

ബ്രേക്ക്‌ തകർന്നതാണെന്നും
അപകടം നിത്യസംഭവമെന്നും
പാം ബീച്ച് വാര്‍ത്തകള്‍

സിമന്റു തൂണുകള്‍ പൊങ്ങുമ്പോള്‍
റണ്വേ പോലെ
പായുന്ന വണ്ടികള്‍ക്കായി
പാം ബീച്ച് കാത്തുക്കിടക്കുന്നു.!
പാംബീച്ചിൽ  പരന്ന നിലാവെളിച്ചം
കട്ടപിടിച്ച രക്തക്കറയോടു്
ആളൊഴിയുമ്പോൾ
കണക്ക് ചോദിയ്ക്കും 
 ....... ..... ...... ......

* നവി മുംബയിലെ  സ്ഥലങ്ങൾ 

ഒരു വെളുപ്പാന്‍ കാലത്ത്

 ഒരു വെളുപ്പാന്‍ കാലത്ത്
*****************
റോസാ നിറത്തിലുള്ള തുണിയില്‍
അവള്‍ അവളെപ്പൊതിഞ്ഞ്
ടാക്സിയില്‍ കയറുമ്പോള്‍
അയാൾക്കവളൊരു
യാത്രക്കാരി

ചുണ്ടുകളുടെ നിറം
ദിവസവും മാറികൊണ്ടിരുന്നു
കാതുകളിലെ ആഭരണങ്ങളും
കാലില്‍ അണിയുന്ന ചെരുപ്പും
അവളുടെ അടയാളമല്ല


പലയിടങ്ങളില്‍ നിന്നുകയറി
പുറകില്‍ തളര്‍ന്നിരുന്നു
അങ്ങനെ
അവളയാളുടെ
സ്ഥിരം കസ്റ്റമറായി.!

ഉറങ്ങാതെ സ്വപ്നം കാണാതെ
തലമുടികോതിയും
ചുണ്ടുമിനുക്കിയും
ട്യൂട്ടക്സിട്ടും
നിശബ്ദമായവൾ
വണ്ടിയിലിരിക്കും.

വെളുപ്പിനെ
"റോസാനിറം"
ഇറങ്ങിയപ്പോള്‍
വെള്ളിനിറത്തിലുള്ള
അവളുടെ വാനിറ്റി ബാഗ്‌
പിന്‍ സീറ്റില്‍

ലിപ്സ്ററിക്കും
ചോരപുരണ്ട കർചീഫും
ചെറിയ ഒരുഡയറിയും
ചുരുട്ടി  സൂക്ഷിച്ച പണവും
ഉറക്ക ഗുളികളും.!

ഉടനെ
അവളെത്തേടി
അയാള്‍ പാഞ്ഞു
പിന്നീട്
അയാള്‍
അയാളെത്തന്നെ
അവളില്‍
മറന്നു വെച്ചു

........ .......

അച്ചാര്‍



അച്ചാര്‍

വില്പനക്കാരന്‍
കണ്ണിറുക്കിയപ്പോൾ
നാലുപായ്ക്കററു്
അമ്മാവന്‍
നാലുപേര്‍ക്ക് വീതിച്ചു

ദിവസങ്ങള്‍ക്കുള്ളില്‍
നാലുപേരും
നാലു വൈദ്യമേഖലയില്‍
അഭയം തേടി

ഒന്നാമന്റെ വയറുവേദന
യുനാനിയും
രണ്ടാമന്റെ വായനാററം
അലോപ്പതിയും
മൂന്നാമന്റെ നെഞ്ചെരിച്ചില്‍
ആയുര്‍വേദവും
നാലാമന്റെ ലൂസ് മോഷന്‍
ഹോമിയോപ്പതിയും
ചികിത്സിച്ചു പോന്നു..!

അച്ചാര്‍ രുചിയ്ക്കാതെ
അമ്മാവന്‍
തീസിസെഴുതി
ഡോക്ടറായി!
..... ..... ....... .

കാവല്‍

കാവല്‍


ഉണർന്നിരിയ്ക്കുവാനാണ്
ആദ്യം പഠിയ്ക്കേണ്ടത്
നാലും കൂടിയ തെരുവോരത്ത്
അടച്ചിട്ട  കടത്തിണ്ണയില്‍
വായ പിളര്‍ത്തി, നാക്കും നീട്ടി
ശ്വാസം നീട്ടി വലിച്ച്
നിവർന്നിരിയ്ക്കണം!

പ്രളയക്കെടുതിയിൽ
നിറഞ്ഞൊഴുകുന്ന ഓടയും
പ്രണയപരുക്കുകളിൽ
തളരുന്ന  വീഥിയും
ഉറക്കം തൂങ്ങുമ്പോള്‍
ഉണർന്നിരിയ്ക്കാൻ
ഉത്സാഹം  കൂട്ടുന്നു.


ഏഴുപേരുമായി 
മുലഞെട്ടുകളില്‍
കടിച്ചുവലിക്കുമ്പോള്‍
പുറം കാലാൽ തൊഴിച്ചത്
ഓര്‍മ്മയിലെ അമ്മചിത്രം

പിന്നെയും  കല്ലേറുകള്‍
അടി
എവിടെന്നോവന്ന
അൾസേഷന്റെ കടി


ഇപ്പോള്‍ തീറ്റ 
ഉണര്ന്നിരിയ്ക്കാനായി 
മീന്തലയ്ക്കായി മത്സരിച്ചപ്പോള്‍
പുറം തകര്‍ത്തത്
"ഇരിരുമ്പു വടി."


ഇളംകാറ്റിന്റെ സംഗീതം
നീട്ടിയ മൂളല്‍
നീണ്ടകുര
അടക്കിപ്പിടിച്ചുള്ള സംസാരം
ഉറക്കം പോകാനിത്രയും മതി.


തണുത്തു വീശുന്ന മഴച്ചാററലില്‍
മുറ്റം തുളുമ്പുന്ന പെരുമഴയില്‍
മഞ്ഞു വീഴുന്ന മകരരാത്രിയില്‍
കാവല്‍ക്കാരന്റെ കണ്ണുകള്‍ തിളങ്ങണം.!


ഉണർന്നു  കാവല്‍ നില്‍ക്കുന്നത്
 തലയ്ക്കുമുകളില്‍
ചുററികയുമായി തിരിയുന്ന
കാവൽക്കാർക്ക്  വേണ്ടിയാണ്.
.... ...... ...... .............

കാള്‍ സെന്‍റര്‍

കാള്‍ സെന്‍റര്‍


രാത്രി
നീണ്ടു നീണ്ടില്ലാതായതും
പകല്‍
ഉറങ്ങിയുറങ്ങി പാഴായതും
കാള്‍ സെന്‍റെറിന്റെ
കണക്കില്‍
എഴുതപ്പെടാതെ പോകുന്നു.

നിരന്തരം എത്തുന്ന
ഇ-മെയില്‍ സന്ദേശങ്ങള്‍
എസ്.എം.എസ്.കള്‍
തിരഞ്ഞുതിരഞ്ഞു തള്ളവിരല്‍
അവധിയെടുത്തുകൂടെയെന്നു്
തലച്ചോര്‍

ഇന്നുകൂടി ഉറക്കളച്ചാല്‍
ഈ വര്‍ഷത്തെ പാക്കേജ്  കഴിയും
വൈകിയെത്തിയ പിക്കപ്പ് കാറില്‍
സ്ഥിരം റൂട്ടിലൂടെ പായുമ്പോള്‍
പിന്നില്‍ നിന്നെത്തിയ ടാങ്കര്‍ ലോറി
തകർത്തത് .. .. ..

തകരക്കൂട്ടങ്ങള്‍ പൊളിച്ച്
പുറത്തെടുത്തത്
നഷ്ടപ്പെട്ട ജന്മത്തിന്റെ
പാക്കേജു്

ഉറങ്ങാൻവേണ്ടി
ഒരു നീണ്ട രാത്രി!
........................

പ്രശ്നസാരം

പ്രശ്നസാരം

കവടി നിരത്തിയ കാലത്തിനോട്
പൃച്ഛകന്‍ പ്രശ്നം പറഞ്ഞു

കാലം
നിമിഷ ശാസ്ത്രം  നോക്കി
" വന്ന കാലവും സമയവും മോശം
പ്രശ്നഫലം  നന്നല്ല

ദിശ തെറ്റി വന്നതെങ്കിലും വെയ്ക്കൂ
ഒരു വെള്ളിനാണയം കളത്തില്‍"

പൃച്ഛകന്‍ പൂർണ്ണേന്ദുവിനെ
രാശിചക്രത്തിൽ  വെച്ചു

ആരൂഢ സ്ഥിതി  മാറി
ഒന്നാം ഭാവത്തില്‍ ആദിത്യനും
ഏഴാം ഭാവത്തില്‍ ഗുരുവും
പന്ത്രണ്ടില്‍ മന്ദനും നില്‍ക്കുന്നു

കവടി വാരികൂട്ടി
ഭാവി പറയാതെ
മററുഭാവങ്ങളെ നോക്കാതെ
രാഹുകേതുക്കളെ മാത്രം
ജ്യോതിഷി ശ്രദ്ധിച്ചു

ആറിലെ രാഹുവും
പന്ത്രണ്ടിലെ കേതുവും
ആറില്‍ നിന്നേഴിലേക്കെത്തുന്ന
"മലയാളവും"

പൃച്ഛകന്റെ കണ്ണിൽനോക്കി
കാലം ചിരിച്ചു

രാശി ഭാവങ്ങൾ ശ്രദ്ധിച്ചു
ഫലം പറയാൻ തുടങ്ങി
കണ്ടില്ലേ രണ്ടും ഒമ്പതും
പതിനൊന്നും ഒഴിഞ്ഞു കിടക്കുന്നത്

നമുക്ക് പുഴയും മലയും
മഞ്ഞും മഴയും വേണോ.?
സമ്പന്നത
മരുഭൂമികളിലല്ലേ
ശ്രദ്ധിച്ചു കളിച്ചാല്‍
ഇവിടം  സമ്പന്നമാക്കാം

..........................

പേരയ്ക്ക

പേരയ്ക്ക

പേരമരത്തിന് എല്ലാകായും
പേരയ്ക്കാ
കുലകുലയായി കൂടിക്കിടക്കുന്ന
പേരയ്ക്കാകള്‍
കുട്ടികള്‍ എറിഞ്ഞെടുത്ത്
വട്ടു കളിച്ചു.

പച്ചനിറത്തില്‍ നിന്ന്
നിറഭേദം വന്നതൊക്കെ
കിളികള്‍ കൊത്തിനോക്കി
കയ്പുള്ളവ, കമര്‍പ്പുള്ളവ
തരം തിരിച്ചു താഴെയിട്ടു.
പേരയ്ക്കായില്‍ മധുരമുള്ളവ
തിന്നു കിളികള്‍ പറന്നുപോയി


ഞെട്ടുറപ്പില്ലാത്തവ
കാറ്റില്‍ നിലം പതിച്ചു
വിളഞ്ഞു പഴുത്ത കായ്ക്കള്‍
മരംകയറികള്‍ പറിച്ചു
പേരമരത്തിന്
പേരയ്ക്കാകൾ
പേരക്കുട്ടികള്‍ .
............... 

ബാക്കി




ബാക്കി

ദൈവമേ.........
അവന്‍ കൈകള്‍ ഉയര്‍ത്തി വിളിച്ചു.......
പുഴയിലോട്ടു ചാഞ്ഞുനിന്നിരുന്ന മരം
കട പുഴകി, കിഴക്കന്‍ വെള്ളത്തിനോടൊപ്പം
തിരക്കിട്ട് യാത്രയായി.........!
ഒട്ടുപാലൊഴുക്കുന്ന മരക്കൂട്ടത്തിലേക്ക്
മലമടക്കുകള്‍ ഇടിച്ചു തകര്‍ത്ത്
വെള്ളക്കെട്ടുകള്‍ പാഞ്ഞെത്തി

" നിനക്ക് സംഗീതമറിയാമെന്നു പറഞ്ഞിട്ട്
അട്ടഹാസം മുഴക്കുന്നതെന്തിനെന്നു്........?"
വേരുകള്‍ ഉയര്‍ത്തിയ വൃക്ഷങ്ങള്‍
നിലവിളിച്ചു മറിഞ്ഞപ്പോള്‍ പിറുപിറുത്തു.

ദൈവമേ.........
അവന്‍ അവനെ തന്നെ വിളിച്ചു കൊണ്ടിരുന്നു.....
ധൃതിയില്‍ മഞ്ഞുപാളികള്‍ പോലെ
താഴേയ്ക്ക് പറക്കുന്ന നീര്കൂട്ടങ്ങള്‍
രക്ഷകനെ തേടി അവന്‍.......
മേല്‍കൂരയില്‍ കയറിനിന്നു ഉറക്കെ വിളിച്ചു

കീഴെ.......
മുട്ടോളം വെള്ളത്താല്‍ മൂടപ്പെട്ടിരിക്കുന്നു
ഉയര്ന്നുയര്ന്നൊഴുകുന്ന ജലകൂമ്പരങ്ങള്‍

ദൈവമേ.........
അവന്‍ വെള്ളത്തില്‍ കൈകാലിട്ടടിച്ചു വിളിച്ചു
താഴ്ന്നു പോകുന്ന കൈകള്‍.....വിരലുകള്‍.....
പിന്നെ....
ഒഴുക്കുനിലയ്ക്കാതെ 
വെള്ളപാച്ചില്‍ മാത്രം ബാക്കിയായി..!

............... ..... വിശ്വം


നഷ്ടം

എത്രനാള്‍ കുടിയാണൊരു തിരുവോണമോണമായ്

പത്രക്കടലാസിലൂടെ പ്പിറക്കുക

പുത്രനു നല്‍കുവാന്‍ പുതുമുണ്ടുമായയച്ഛന്‍

സത്രപ്പടി വാതിലിലെത്തി വിളിക്കുക

കഷ്ടം, ഉറങ്ങി..ഉത്രാട രാത്രിയില്‍

ശിഷ്ട വരുമാനം നല്‍കിയ മദ്യത്തില്‍

നഷ്ടമായല്ലോ കണ്ണുകള്‍ ,നഷ്ടമായല്ലോ കാഴ്ച

ഇഷ്ടമില്ലാത്തൊരു കുട്ടിനു തുടക്കമായ്

എത്ര നാള്‍ കാക്കണം ഇനിയുമൊരൂണിനായ്

പപ്പടം പരിപ്പില്‍ പൊടിച്ചുള്ള ഉരുളയ്ക്കായ്‌

എത്ര നാള്‍ കാക്കണം മിഴികള്‍ തിളങ്ങുവാന്‍

കപ്പല്‍ പുകയാല്‍ ദുരം അളക്കുവാന്‍

മദ്യം വിഷമാണെന്ന് തത്വം

മദ്യദുരന്തങ്ങള്‍ വീണ്ടും സത്യം

മര്‍ത്ത്യന് വേണ്ടാത്ത ദു:സ്വഭാവം

വ്യര്‍ത്തമാക്കുന്നോണം ഓരോന്നായ്....!

...... ....................... വിശ്വം

ഈര്‍പ്പം തേടുന്ന നേര്‍ച്ചകള്‍

ഈര്‍പ്പം തേടുന്ന നേര്‍ച്ചകള്‍

 

ഉറവകള്‍ തേടി ഉണങ്ങിവരണ്ട നദി

കൂട്ടംകുട്ടമായി കാട്ടുമൃഗങ്ങള്‍

ദാഹജലം  നൽകാത്ത നദിയോട് പിണങ്ങി

തിരിച്ചു കാടുകയറുന്നു

നീരാട്ടു മുടങ്ങിയ ചീങ്കണ്ണികള്‍

അടവെച്ചിരിക്കുന്ന അവയുടെ മുട്ടകള്‍

കുഴിമാന്തി ഓരോന്നായി തിന്നുന്നു

മത്സ്യങ്ങളെ കാത്ത്

കണ്ണുവരണ്ട പൊന്മാനുകള്‍

കാലിടറി നിലം പതിക്കുന്നു

മൂർച്ചയുള്ളൊരു അസ്ത്രത്തില്‍ കുരുങ്ങിയ കലമാന്‍

നായാട്ടുകാരനെ കാണാഞ്ഞ്

രക്തത്തില്‍ കുളിച്ചു കിടന്നു പിടയുന്നു

ദര്‍ശനം കഴിഞ്ഞു

തിരിച്ചിറങ്ങുന്ന തീര്‍ത്ഥാടകരെ കാത്ത്

പുലിനഖവും രുദ്രാക്ഷവുമായി

വഴിയരുകിൽ ഗോത്രവര്‍ഗക്കാര്‍

വ്രതം തെററിയവരുടെ

വിഴുപ്പു വീണതിനാലാണ്

ഉറവ നഷ്ടപ്പെട്ടതെന്ന് തടാകവിലാപം

ഒരു പ്രളയകാലത്തില്‍

ഹൃദയം മുറിക്കുന്ന താന്തോന്നികളെ

നഗരകുടങ്ങളില്‍ മുക്കിതാഴ്ത്തുന്നതും

സ്വപ്നം കണ്ട്, നെടുവീർപ്പിട്ടു്,

ഓരോ ഉണങ്ങികുഴിഞ്ഞ നദിയും

നീരൊഴുക്കിനായി നേര്‍ച്ചകള്‍ നേരുന്നു.

..................... വിശ്വം

ഇറച്ചി ക്കോഴി


ഇറച്ചി ക്കോഴി

കണ്‍ മുമ്പില്‍
ജീവനുള്ളവരെ
നോക്കി
കൊത്തിക്കൊറിച്ചു്
കൊക്കി കൊക്കി
കിടക്കുന്നു 
ഇറച്ചിക്കോഴികള്‍

കാററിന്‍റെ ഗതിയ്ക്കൊപ്പം
പുടകള്‍ പറക്കുന്നു
പുവും തലയും കൂടുന്നിടത്ത്
ഈച്ചകള്‍ കാവലിരിയ്ക്കുന്നു

ഓരോ ജീവനും
വാങ്ങുന്നവന്‍റെ കൈകളിലാണ്
കനം കുടിയാല്‍  രക്ഷപെടാം
കനം കുറഞ്ഞാല്‍  തലപോകാം
മറിച്ചും

സ്വന്തം തൂക്കമാണ്
ജീവന്‍ നിലനിർത്തുന്ന
ഭാഗ്യരേഖ!
മാസങ്ങളായി തടവിലായവര്‍
പെട്ടന്ന് തലപോയവര്‍

ഇവിടെയും
ത്രാസുതന്നെ
ജഢ്ജി 
....  


കാത്തിരിപ്പ്

കാത്തിരിപ്പ്

കളിച്ചു കളിച്ച് 
കാണാതായ കണ്മണി
വിളിച്ചു വിളിച്ച് 
സ്വരമിടറിയ തൊണ്ടക്കുഴി

കുടിക്കുവാനുള്ള ബോണ്‍വിററ
അടുക്കളയില്‍ ചൂടോടെ
നിന്‍റെ കുഞ്ഞിക്കൈകള്‍ കഴുകി
മുഖത്തുമ്മവെച്ചു്
വെറുതേ  വഴക്കുപറഞ്ഞ്
ഗൃഹപാഠങ്ങള്‍ കുടി
ചെയ്യിക്കാനുണ്ട്


ഇന്നലെ
അവയവങ്ങളുടെ
അസ്ഥികുട്ടങ്ങള്‍
മറനീക്കി പുറത്തുവന്നപ്പോള്‍
എന്റെ കാത്തിരിപ്പ്‌
കുടിക്കിടന്ന തലയോട്ടികളില്‍ നിന്ന്
നിന്‍റെ നിലവിളി  കേട്ടില്ലെന്ന
വാര്‍ത്തയ്ക്കു വേണ്ടിയായിരുന്നു

ഇപ്പോള്‍
കരയുമ്പോള്‍ കണ്ണുനീരിന്
ചുവപ്പുനിറം
ഓടിക്കളിച്ചപ്പോള്‍
കാൽമുട്ടുപ്പൊട്ടി
ഉതിര്‍ന്ന നിന്‍റെ ചോരയുടെ
അതേ അടയാളം
............

ആകാശത്തിലെ അതിഥികള്‍

ആകാശത്തിലെ അതിഥികള്‍


നിറങ്ങളാണ്
തിരക്കുകൂട്ടി
അതിഥിയായിവന്ന്
ആകാശത്തില്‍ നിറയുന്നത്

നീല നിറത്തിൽ 
വെളുത്തപഞ്ഞിമേഘങ്ങള്‍

പകല്‍  കാവല്‍നില്ക്കാന്‍
കിഴക്കുനിന്ന്  സുര്യന്‍
ചുവന്ന നിറകുടുകളില്‍

മഞ്ഞ് കൊഴിച്ച്
പര്‍വ്വത ശിഖരങ്ങള്‍
ആകാശത്തിലെ അതിഥികളാകാന്‍
നിരനിരയായി നില്‍ക്കുന്നു


ഇടയ്ക്കിടയ്ക്ക്  ചിത്രകാരന്‍
വരക്കുന്ന വര്‍ണ്ണ ചിത്രങ്ങള്‍
ആകാശത്തിലെ അതിഥികളെ
സല്ക്കരിയ്ക്കാന്‍ വേണ്ടി


രാത്രി തുന്നിപ്പിടിപ്പിച്ച മിനുക്കുകള്‍
പാത്തും പതുങ്ങിയും എത്തുന്ന
അമ്പിളിയ്ക്കുള്ള ചിത്രപ്പുതപ്പ് 




സ്ഥിരമായിപ്പോള്‍
അതിഥികളായി എത്തുന്നത്‌
പോര്‍ വിമാനങ്ങളാണ്
നഗരങ്ങള്‍ക്കു മുകളില്‍
തീ മഴ പെയ്യിക്കുമ്പോള്‍
നിറക്കുട്ടുകള്‍ കൂട്ടമായി
ആകാശത്തു നിന്ന് മറയുന്നു.
.................

നക്ഷത്രങ്ങളോടു്..........

നക്ഷത്രങ്ങളോടു്..........

അമ്മന്‍ കോവിലില്‍ ഉത്സവത്തിന്
അമിട്ടുകള്‍ക്കൊപ്പം ഓലപ്പടക്കങ്ങള്‍
പൊട്ടിതിമിര്‍ക്കുമ്പോള്‍
പൂത്തിരികാട്ടി കണ്ണിറുക്കി നില്‍ക്കുന്ന
നക്ഷത്രങ്ങളോട് വഴിവിളക്കുകള്‍
രഹസ്യമായി ചോദിച്ചു
" നിങ്ങളിതുപോലെ വിരിഞ്ഞു പൊട്ടുന്നത്
എന്നാണ്....?"




കല്‍പ്പടവുകളില്‍
മണ്ണപ്പംചുട്ട്  കളിവള്ളമിറക്കി
കളഞ്ഞുപോയ സോപ്പുതിരഞ്ഞ്
മുങ്ങാങ്കുഴിയിട്ടു തിമിർത്തയിടങ്ങളില്‍
വയറു വീര്‍ത്ത്
കണ്ണ് ചീഞ്ഞ്
മലര്‍ന്നു പൊങ്ങിയ പുഴമീനുകള്‍


കുത്താടി നില്‍ക്കുന്ന വാല്‍മാക്രികള്‍
നക്ഷത്രങ്ങളെ നോക്കി പറഞ്ഞു
" നിങ്ങള്‍ പുഴമീനിന്‍റെ
കണ്ണുകളാണ് !"



കുളിമുറിയില്‍
പൈപ്പുവെള്ളം ബക്കറ്റില്‍
മണസോപ്പിന്‍റെ പത കണ്ട്
കുട്ടി ചോദിച്ചു
"നക്ഷത്രങ്ങളുണ്ടാകുന്നത്
സോപ്പുപതയില്‍ നിന്നാണോ?"
.... ....

വേര്‍പിരിയല്‍

വേര്‍പിരിയല്‍

ഇനി നാം കണ്ടു മുട്ടുമ്പോള്‍
ഉറുമ്പെരിയ്ക്കാതെ
തണുത്തുതണുത്ത് 
ഒരു പെട്ടിയ്ക്കുള്ളില്‍
നിനക്കുവേണ്ടി മാത്രം
ഞാന്‍
കാത്തുകിടക്കുകയാകാം



അന്ന് നിനക്ക്
ഓർത്തെടുക്കുവാന്‍
നഷ്ടപ്പെടുത്തിയ
നിമിഷങ്ങള്‍ ബാക്കിയാകും

നിന്റെ അകകണ്ണു തേങ്ങുന്നതും
മുഖം വിങ്ങി നില്‍ക്കുന്നതും
ചുറ്റും കൂടിനില്ക്കുന്നവര്‍
വായിക്കും 


ശരീരം
തണുത്തു മരവിച്ച്
നിനക്കുവേണ്ടി കാത്തുകിടക്കുന്നത്
ചെയ്തുതീര്‍ക്കാനുളള
നിന്റ അവസാനത്തെ
കർമ്മങ്ങൾക്ക്


നീ അപ്പോൾ 
എന്റെ അസമയത്തുള്ള
വിയോഗത്തില്‍
നിരാശപ്പെട്ട്
കരഞ്ഞു  നില്ക്കും 


ഇപ്പോള്‍ 
വേർപിരിയുന്നത് 
ഞാന്‍ ഞാനായും
നീ നീയായും
നിലനില്‍ക്കാന്‍ വേണ്ടി
   ....  

സിംഹക്കുട്ടികളുടെ പ്രതികാരം

സിംഹക്കുട്ടികളുടെ പ്രതികാരം

അപ്പുപ്പനെ പറ്റിച്ച
മുയലിനെപ്പിടിക്കാന്‍
സിംഹക്കുട്ടികള്‍
കാടരിച്ചുപ്പെറുക്കി

കാട്ടില്‍ മുയലില്ല

വിരണ്ടോടുന്ന
മാൻ പേടകള്‍ക്ക്
സിംഹരാജന്‍ മറഞ്ഞ
ഗുഹ അറിയാമായിരുന്നു

കല്ലുകെട്ടിയ
കയറുകെട്ടിയ
പാലമുള്ള
കണ്ണീരുള്ള
ആഴക്കിണര്‍


സിംഹക്കുട്ടികള്‍ പിടിച്ച
കലമാന്‍ പറഞ്ഞു
വിട്ടാല്‍ കാട്ടിത്തരാം
രാജാവിനെ ചതിച്ച മുയലിനെ

നിലാവുളള രാത്രിയില്‍
ഒന്നിച്ചു വന്നാല്‍
പുല്ലുപോലെ
നിങ്ങൾക്ക് 
മുയലിനെ പിടിക്കാം


വെളുത്തവാവിൽ
സിംഹക്കുട്ടികള്‍
തെളിവെള്ളത്തില്‍
കാടുകള്‍ക്കിടയിലൂടെ
ഓടുന്ന മുയലിനെ കണ്ടു


മാന്‍ പേടയ്ക്ക് നന്ദിപറഞ്ഞ്
സിംഹക്കുട്ടികള്‍
മുയലിനെപ്പിടിക്കാന്‍
കിണറ്റിലേക്ക്
...............

മണ്ണിര

മണ്ണിര


എര്‍ത്തുവേമിനെ
എന്ത് പറയും അച്ഛാ?

"മണ്ണിര"

എര്‍ത്തിനെ?

"ഭൂമി....."

എര്‍ത്തുവേംമിനെ
ഭൂമിയിരയെന്നും പറയാമോ?

മണ്ണ് ഭൂമിയാണ്
മണ്ണുതിന്നുന്ന ജിവി
മണ്ണിര - എര്‍ത്തുവേം!

അച്ഛാ .. അച്ഛാ..
ബുള്‍ഡോസ്സർ
മണ്ണിരയാണോ?
....................

വിക്കറ്റ്

വിക്കറ്റ്


കൊച്ചുകുഞ്ഞുങ്ങള്‍
ക്രിക്കറ്റ് കളിച്ചപ്പോൾ
സ്ക്കോര്‍ ചോദിച്ചു

" തേര്ട്ടിഫോര്‍ വണ്‍.."

കോണ്‍ ഗയ...?

സാനിയാ....റണ്‍.. ഔട്ട്‌...!

അപ്പോള്‍ വിക്കറ്റോ....?

കരഞ്ഞുകൊണ്ട്‌ സാനിയയെത്തി

എ..സബ് മില്‍കെ ജൂട്ട് ബോല്‍ത്താ  ഹേ!.
അങ്കിള്‍...സബ്സേ..... കട്ടിക്കരോ!
മൈം...ക്രിസ്..മേം ...ഥീ!

വിക്കറ്റ് കിട്ടാഞ്ഞ്
കുട്ടികള്‍ ചേര്‍ന്ന്
ഔട്ട്‌ ആക്കിയതാണ്

പറഞ്ഞുതിര്‍ന്നപ്പോഴേക്കും
സാനിയയുടെ ഊഴമായി

അങ്കിള്‍  അഭി   മേം!
ഖേൽക്കെ ആത്തീ  ഹും!
..........

കാര്‍മേഘങ്ങള്‍ മൂടി...മൂടി....

കാര്‍മേഘങ്ങള്‍ മൂടി...മൂടി...


കറുത്തവാവിലെ നക്ഷത്രങ്ങളെ തേടി
കടലിലെ പവിഴപുററുകള്‍
കാര്‍മേഘങ്ങളില്‍ ഒളിച്ചിരുന്ന
സുര്യമുമ്പില്‍
കാവടിയാടുന്നു


നീട്ടിയ കൊക്കുകള്‍
നീട്ടിയ കാലുകള്‍
കൂട്ടം തെറ്റാതെ
കഥകള്‍പറഞ്ഞു പറഞ്ഞ്
ചിറകുകള്‍ വീശി   വീശി
പറവകൾ 


കൊല്ലക്കുടിലില്‍ 
മദയാനയുടെ ചിന്നംവിളി
കൂവിപാഞ്ഞെത്തിയ കരിവണ്ടി
തട്ടിത്തെറിപ്പിച്ച നീർകണങ്ങള്‍


പതിയിരുന്ന്
ഇരയുടെ പിടലിയില്‍
പല്ലുകള്‍ കോർക്കുന്നവര്‍
പിടഞ്ഞുപിടഞ്ഞ്
രതിമുര്‍ച്ച കുടാതെ 
ഇറ്റുവീ ഴുന്ന ചോരയിൽ 
തുറിച്ചുനോക്കുന്നവള്‍

നനഞ്ഞ സാരിയില്‍

മാലിന്യങ്ങളിറക്കുന്ന കണ്ണുകള്‍
മൂക്കുകയര്‍ കടിച്ചു കളഞ്ഞവന്‍
തൊഴിച്ചു കുത്തിയത്
മുലക്കുപ്പി നുണഞ്ഞിരുന്ന ചുണ്ടില്‍

കടല്‍ക്കാറ്റ് 
വിരുന്നുവന്ന കരിമലയെ
തിരക്കൊപ്പം തഴുകി
നിര്‍വൃതിയിൽ രേണുക്കള്‍ തുടച്ച്
ഉടഞ്ഞ ശംഖില്‍ നിന്നും  ഇരുട്ടിലേക്ക് 


നോക്കി നില്‍ക്കെ  
കണ്മുമ്പിൽ 
കടല്‍ കാണാതായി
....................

മൂകത

മൂകത

മുകനാകുന്നു
ഇക്കിളിയ്ക്ക് പകരം
ഉറക്കത്തില്‍ 
കൊതുകുകടിയ്ക്കുമ്പോൾ 
മഴയ്ക്ക്‌ പകരം
നഗരത്തില്‍ 
കടല്‍ കയറുമ്പോള്‍
വെള്ളത്തിനുപകരം
ദാഹശമനിയായി
കോള വില്‍ക്കുമ്പോള്‍

നഷ്ടപ്പെടുമ്പോള്‍
നഷ്ടപ്പെട്ടവ മികച്ചതാകുന്നു
ഏഷണിക്കാരി 
പറഞ്ഞു നടന്നതെല്ലാം
സത്യസന്ധമായ 
വെളിപ്പെടുത്തൽ 
സുചിക്കുഴ കണ്ടു പകച്ചത്
ഒട്ടകത്തിന്റെ സത്യസന്ധത


തത്വചിന്തകള്‍ പറയാൻ 
ജീവത്യാഗം ചെയ്ത 
രാജ്യസ്നേഹികളുടെ
ഉററവര്‍

ഇപ്പോള്‍ മൂകനാകുന്നു
വെള്ളിത്തിരയിലെ 
നക്ഷത്രങ്ങള്‍
അതിര്‍ത്തികള്‍
കാക്കുന്നവര്‍ക്കുമുന്നില്‍
വീരനായി 
ഞെളിഞ്ഞുനില്ക്കുമ്പോൾ 
.........................