Pages

ശേഷിപ്പുകൾ തേടുന്നത്.......

ശേഷിപ്പുകൾ  തേടുന്നത്.......


"കിനാക്കൾ  എങ്ങനെയാണ്
ഒഴുക്കിൽ പെട്ടത്?
കാറ്റ്  എന്തിനാണ്
കൊടുങ്കാററായത്?"
......  കലാപത്തിനിടയില്‍
തെറിച്ചു വീണ കൊലക്കത്തി
ഉടലററ ശിരസ്സിനോട് ചോദിച്ചു

"തേന്മാവ് പൂക്കുന്നതും നോക്കി
സ്പന്ദിച്ചിരുന്ന ഒരു ഹൃദയമുണ്ടായിരുന്നു
നിന്റെ മൂർച്ചയ്ക്കുള്ളില്‍
വഴിതെറ്റി പിരിഞ്ഞത്   എന്റെ ഹൃദയം"
            .........ശിരസ്സു കത്തിയോടു് പറഞ്ഞു


'വെളിച്ചം തെളിയുന്നതും കാത്ത്
പൂങ്കോഴികൾ  ഉറക്കളയ്ക്കുന്നു
നിഴലുകള്‍ വളരുന്നതും നോക്കി
ഉച്ച വെയില്‍ തീകായുന്നു 
ഇഴഞ്ഞിഴഞ്ഞ്  ഭൂമിയളക്കുന്നു  ചന്ദ്രിക
തുറന്ന  ഈ കണ്ണുകള്‍ തേടുന്നത്
പാതിവഴിയില്‍  വെച്ച്
നീ കാരണം പിരിയേണ്ടി വന്ന... ... .'
        .......... .പൂർത്തിയാക്കാതെ  ശിരസ്സ് വിതുമ്പി 

നീ കൊത്തിവലിച്ചപ്പോൾ
 തുടിക്കുന്ന എൻറെ ഹൃദയം
കൊഞ്ചിക്കുഴയുകയായിരുന്നു .
നിന്റെ കൈപ്പിടിയിലെ രക്തക്കറ
എന്റെ ഹൃദയം
നല്കിയ  അവസാനത്തെ മുത്തം


മൂര്‍ച്ചയില്‍ നിന്ന് കണ്ണീരൊഴുകി
തണുത്തു തുടങ്ങിയ കത്തിയിൽ  
ഒട്ടിപ്പിടിച്ച  ഹൃദയരക്തത്തിൽ
സ്നേഹപൂർവ്വം   മൂർച്ച തലോടി 

"ഒരു ഹൃദയമുണ്ടയിരുന്നെങ്കില്‍....."

ആദ്യമായി കത്തി
ഹൃദയത്തെ പറ്റി ചിന്തിച്ചു.
.... .... ... വിശ്വം.