Pages

ഈര്‍പ്പം തേടുന്ന നേര്‍ച്ചകള്‍

ഈര്‍പ്പം തേടുന്ന നേര്‍ച്ചകള്‍

 

ഉറവകള്‍ തേടി ഉണങ്ങിവരണ്ട നദി

കൂട്ടംകുട്ടമായി കാട്ടുമൃഗങ്ങള്‍

ദാഹജലം  നൽകാത്ത നദിയോട് പിണങ്ങി

തിരിച്ചു കാടുകയറുന്നു

നീരാട്ടു മുടങ്ങിയ ചീങ്കണ്ണികള്‍

അടവെച്ചിരിക്കുന്ന അവയുടെ മുട്ടകള്‍

കുഴിമാന്തി ഓരോന്നായി തിന്നുന്നു

മത്സ്യങ്ങളെ കാത്ത്

കണ്ണുവരണ്ട പൊന്മാനുകള്‍

കാലിടറി നിലം പതിക്കുന്നു

മൂർച്ചയുള്ളൊരു അസ്ത്രത്തില്‍ കുരുങ്ങിയ കലമാന്‍

നായാട്ടുകാരനെ കാണാഞ്ഞ്

രക്തത്തില്‍ കുളിച്ചു കിടന്നു പിടയുന്നു

ദര്‍ശനം കഴിഞ്ഞു

തിരിച്ചിറങ്ങുന്ന തീര്‍ത്ഥാടകരെ കാത്ത്

പുലിനഖവും രുദ്രാക്ഷവുമായി

വഴിയരുകിൽ ഗോത്രവര്‍ഗക്കാര്‍

വ്രതം തെററിയവരുടെ

വിഴുപ്പു വീണതിനാലാണ്

ഉറവ നഷ്ടപ്പെട്ടതെന്ന് തടാകവിലാപം

ഒരു പ്രളയകാലത്തില്‍

ഹൃദയം മുറിക്കുന്ന താന്തോന്നികളെ

നഗരകുടങ്ങളില്‍ മുക്കിതാഴ്ത്തുന്നതും

സ്വപ്നം കണ്ട്, നെടുവീർപ്പിട്ടു്,

ഓരോ ഉണങ്ങികുഴിഞ്ഞ നദിയും

നീരൊഴുക്കിനായി നേര്‍ച്ചകള്‍ നേരുന്നു.

..................... വിശ്വം

അഭിപ്രായങ്ങളൊന്നുമില്ല: