Pages

വേനല്‍ നൊമ്പരങ്ങള്‍

വേനല്‍ നൊമ്പരങ്ങള്‍


ആവി പറക്കുന്ന നൊമ്പരങ്ങൾക്ക്
കണ്ണീര്‍ അളക്കുവാനാവില്ല
കാലന്റെ കാല്‍പെരുമാറ്റം
ആരും റിംഗ് ടോണാക്കില്ല.
കാഴ്ച്ചക്കാർക്ക്
പടവുകൾ കയറി മടുത്തിരിക്കുന്നു
നിലത്ത്  കൂർപ്പിച്ചകാതുകളുമായി
അവള്‍ ഉറങ്ങുന്നുണ്ട്.

ഒന്ന് ചുമച്ചാല്‍ , തുമ്മിയാല്‍
കട്ടിലില്‍  അറിയാതെ  കൈതട്ടിയാല്‍
എന്നിലേക്ക്  നീളുന്ന
സ്റെറതസ്കോപ്പുകൾക്കായി
അവള്‍ ഓടിയിരിക്കും.
തുറക്കാന്‍ മടിക്കുന്ന കണ്‍പോളകളിൽ
അടയാന്‍ മടിയ്ക്കുന്ന അകകണ്ണിൽ
എന്റെ ഹൃദയസ്പന്ദനം ശ്രവിക്കുന്നത്
അവളുടെ മുടിനാരുകൾ


സൂര്യന്റെ നിറമുള്ള കൊന്നപ്പൂക്കള്‍
വെള്ളരിയ്ക്ക, മാങ്ങ, നെല്‍ക്കതിര്‍
ഓട്ടുരുളി, സ്വർണ്ണമാല
പാടത്ത്
മഴപെയ്തു മറിഞ്ഞ
വിളവിന്റെ നിലവിളി
കണികണ്ടത്‌
കണ്ണുനീരണിഞ്ഞ ശൌരിയെ

മഴയിൽ കുഴഞ്ഞുതിര്‍ന്ന കതിർ മുത്തുകൾ
പുനർ ഭവത്തിന്റെ നാമ്പുകള്‍ നീട്ടുന്നു
ദയാപൂര്‍വ്വം നോക്കിയവർ
തോല്‍വിയുടെ ചോര ശർദ്ദിക്കുന്നു
എന്റെ ചുമയില്‍
അവളുറങ്ങി പോകുന്നു.

വേനല്‍ ചുരം കടന്ന്
ഉള്ളിലേക്കാഴ്ന്നിറങ്ങിയ കനലുകള്‍
നുകങ്ങളാഴ്ത്തി വലിയ്ക്കുന്നു.
കൊയ്തുപാട്ടിന്റെ ശീതക്കാറ്റില്‍
വെള്ളിടിയുടെ മിന്നല്‍ പിണരുകളായി
വ്യര്‍ത്ഥ ചിന്തകള്‍ ആളിപ്പടരുന്നു.
ഉറക്കത്തിലേക്കവൾ
ആഴ്ന്നു പോകുന്നു
.... .... .... ..... .... വിശ്വം.

അഭിപ്രായങ്ങളൊന്നുമില്ല: