* മുമ്പേനടന്ന കവിയ്ക്ക്
***************
നെയ് വനങ്ങള്‍ പുതച്ച്
പമ്പയാറൊഴുകുന്നു
തീരത്തൊരു തീപ്പന്തംകുത്തി
നിഴലളക്കുന്നു കവി
നീതിയുടെ കരിമിഴികളിളകുന്നു
ദൂരെയൊരു കാട്ടാളന്‍
വില്ലുകുലയ്ക്കുന്നു.
ക്രൌഞ്ചം പിടഞ്ഞ മണ്ണിൽ
കുറത്തി എത്തുന്നു ക്രോധയായ്
കേളികൊട്ടുന്നു അരങ്ങില്‍
ശബ്ദനാദമാം കവിതയും
പടയണിയ്ക്കായ് കാവില്‍
തിരികള്‍ തെളിയ്ക്കുമ്പോള്‍
വെന്മുകിലിന്‍ ശ്യാമച്ഛവിയിൽ
കുലുങ്ങിചിരിക്കുന്നുവോ നീ
കവേ....കടമ്മനിട്ടേ....!
ശാന്തം സുന്ദരം
വാതകച്ചുല്ലിയില്‍ പുകയാത്ത കണ്ണുകള്‍
വേദാന്തമോതി കുഴയുന്നചുണ്ടുകള്‍
തെളിനീരുകിട്ടാതെയലയുന്ന പുഴകൾ
ചിരിയ്ക്കാതെ ചിതറാതെ
പിന്നെയും മലയിറങ്ങുന്നു
നാട്ടിന്‍ പുറങ്ങളില്‍
പൊന്നണിഞ്ഞാടിയ വയലുകള്‍
പായുന്നു നഗരമായ് തീരുവാൻ
കാവ്യലോകത്തിൻ വരമ്പിൽ
നെല്ലിൻ തണ്ടിന്റെ മണമില്ല
കവേ ...... കടമ്മനിട്ടേ
പ്രാന്തരങ്ങളിൽ മടമ്പല്ലൊടിഞ്ഞ്
ഒരുനാൾ കുറത്തിവീഴും
പോയ കാല്പാദധ്വനികളിൽ
വീണ്ടും ഞാണുതിർത്ത്
കാട്ടാളനലറും
നിന്നോർമ്മയിൽ
നാമകീർത്തനങ്ങൾ പാടി
കാലം കടക്കും കവിതകൾ
കവേ ...... കടമ്മനിട്ടേ
... ........
* കവി കടമ്മനിട്ട രാമകൃഷ്ണന്റെ ഓർമ്മയ്ക്ക് മുന്നിൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ