Pages

കടലാസുപൊതികള്‍

കടലാസുപൊതികള്‍

മുളംകുറ്റിപുട്ട് 
പപ്പടം, പൂവന്‍പഴം
കഴിച്ചൂ, മൂക്കറ്റം.

കല്‍ക്കട്ടയ്ക്കുള്ള തീവണ്ടിയില്‍
വയറ്റത്തിട്ടടിച്ചു പാടുമ്പോൾ 
തുട്ടുകള്‍ക്കൊപ്പം കിട്ടിയപൊതി 
പഴകിയതെങ്കിലും
രുചിയുള്ളതായിരുന്നു

ആലുവാ പ്ലാറ്റ്ഫോമിൽ 
തുണിയില്‍ പൊതിഞ്ഞ്
ഉപേക്ഷിച്ഛതാണമ്മ
 
കടിയ്ക്കാതെ, കുരച്ചു കുരച്ച്
കാവല്‍നിന്ന നായ
കടലാസ് പെറുക്കികൾക്കൊപ്പം
യാത്രയാക്കിയതാണെന്ന് 
കൂടെ തെണ്ടുന്നവര്‍

ഓരോ പൊതിക്കെട്ട് കിട്ടുമ്പോഴും
ഹൃത്തടത്തില്‍ നിന്ന്
സ്നേഹത്തിന്റെ ഒരു കുളിര്‍കാറ്റ്
തണുത്തു തണുത്ത്
കണ്ണുകളിലൂടെ പെയ്തിറങ്ങുന്നു

ട്രെയിൻയാത്രക്കാരായ കുട്ടികള്‍
ഉറുമ്പുകടികൊണ്ട് 
തുണിക്കെട്ടിനുള്ളിൽ 
നിലവിളിച്ചവൾക്കു മുന്നിൽ  
അച്ഛനമ്മമാരുമായി
കൊഞ്ചിക്കുഴയുന്നു 

കമ്പാര്‍ട്ടുമെൻ്റുകളിൽ
കൈകൊട്ടിപാടി 
തെണ്ടിനടക്കുമ്പോള്‍
കണ്ണുകള്‍ തിരയുന്നത്
കണ്ണെഴുതി കരിവളയിട്ട്  
കവിളില്‍ മറുകുംകുത്തി
കടലാസുവഞ്ചി പോലെ
സ്റ്റേഷനില്‍ ഒഴുക്കിവിട്ട
ആ കടിഞ്ഞൂല്‍കാരിയെ

ഒറ്റയ്ക്കിരിയ്ക്കുമ്പോൾ
ഒരായിരം അമ്മചോദ്യങ്ങൾ
അവളെയും വേട്ടയാടി
ആരുമറിയാതെങ്ങനെയമ്മയവൾ 
ഉദരത്തില്ലെന്നെ കിടത്തി?
എവിടെ വെച്ചായിരിക്കും
അന്ന് വയറൊഴിഞ്ഞത്?
തുണിയില്‍ പൊതിഞ്ഞത്?
ആദ്യമായ് കരഞ്ഞപ്പോള്‍
ഊറിയില്ലേ അമ്മയ്ക്ക് നൊമ്പരം!
ഒരുതുള്ളി മുലപ്പാലെങ്കിലും
ഞാൻ നുണഞ്ഞു കാണുമോ?

തീവണ്ടിയോടികൊണ്ടിരുന്നു
പാടിയ പാട്ടുതീര്‍ന്നപ്പോള്‍
പുതിയ പാട്ടുപാടി
കൈകള്‍ മാറി മാറി
പുതിയപുതിയ മുഖങ്ങളിലേക്കുനീട്ടി
കൈവെള്ളയില്‍ വീണത്
വാടിക്കൊഴിഞ്ഞ നാണയത്തുട്ടുകള്‍
 
സ്വരം ഇടറിയപ്പോൾ
പാട്ട് നിര്‍ത്തി
പുറത്ത്  മരങ്ങളും വകെട്ടിടങ്ങളും
പിന്നിലേക്ക് ഓടി മറയുന്നു
താഴെയിരുന്നവൾ കിടിയ
കടലാസുപൊതി തുറന്നു

....... ...... വിശ്വം.

2 അഭിപ്രായങ്ങൾ:

grkaviyoor പറഞ്ഞു...

കാഴ്ചകള്‍ കുത്തി കുനിച്ചു വെച്ച കവിത തെരുവ് ജീവിതത്തിന്റെ പകര്‍ച്ച പൊതി

വിശ്വനാഥന്‍ ജീവിത ഗന്ധിയായ കവിത

viswamaryad പറഞ്ഞു...

കവിതയിലൂടെ കടന്നുപോയതിനും വിലയേറിയ നിരീക്ഷണത്തിനും നന്ദി കവിയൂരെ.
സ്നേഹപുര്വം വിശ്വം