Pages

കെടാവിളക്കുകൾ


കെടാവിളക്കുകൾ
***************

എന്റെ വീടിന്റെ ഈശാകോണില്‍
ഒരു സർപ്പക്കാവുണ്ട്
തൊട്ടുവടക്കേതിൽ സർപ്പദംശനമേററയാള്‍
മരോട്ടിമരമാണ് കാവിലെ തണല്‍ മരം
സര്‍പ്പക്കുളത്തിലേക്ക് വേരുകളിറക്കി
തലമുറകളായത് വെള്ളമൂററുന്നു.


ഉത്തരംപൊങ്ങിയോലമേഞ്ഞ
ഇരുട്ടുറങ്ങും വീടായിരുന്നു എന്റേത്
വടക്കുവശത്തെ നാട്ടുവഴിയോടുചേർന്ന്
പത്തായമൊളിപ്പിച്ചു തലയുയർത്തി നിന്നത്
അഗ്നികോണിൽ  അസ്ഥിത്തറയുണ്ടായിരുന്നു
കാലത്തും വൈകിട്ടും കരിങ്ങേട്ടയെണ്ണകുടിച്ച്
മരോട്ടിവിളക്കുകൾ കാറ്റിൽ  കളിച്ചിരുന്നു
ബീഢി വലിച്ചു നടന്ന വല്യച്ഛൻ വീണതുവരെ!


വിരുന്നു വന്നിരുന്ന കാക്കകൾ  കാവിൽ
കൊത്തിപ്പിരിച്ചുവിട്ട കുയിലുകളെ തേടുമായിരുന്നു
ചൂടേററു വിരിഞ്ഞു  തൂവൽ മുളച്ചതുവരെ
ഇടിമിന്നൽ  കണ്ടുപേടിച്ചുവളർന്നവർ


പടിഞ്ഞാപ്പുറത്തെ അടുക്കളയിൽ, പത്തായത്തിനു കീഴെ
കല്ലുകൾ കൂട്ടി ചാണകമെഴുതിയ അടുപ്പുണ്ടായിരുന്നു.
കൊതുമ്പും കോഞ്ഞാട്ടയും തിന്ന് അഗ്നിച്ചിറകുകൾ
പടിക്കുപിന്നിലൊളിച്ചിരുന്ന വല്യമ്മച്ചിയ്ക്കൊപ്പം
മധുരംകുറുക്കിയ തേയിലകാപ്പി നീട്ടുമായിരുന്നു.


വെളിച്ചമാണാദ്യം ഇരുട്ടുമുറിയിൽ  കടന്നത്
ആടിതുടങ്ങിയ കാഞ്ഞിരക്കട്ടിലിൽ  കിടന്ന അപ്പച്ചിയെ
ഇടവപ്പാതിയിൽ മഴത്തുള്ളികൾ  തോണ്ടിവിളിച്ചിരുന്നു.
പിച്ചളപാത്രങ്ങളിൽ  പിന്നീടവ പാട്ടുപാടി
കഴുക്കോലും ആണിക്കൂട്ടും ദ്രവിച്ചെന്ന്  മൂത്താശ്ശാരി


തലമുറ വളർന്നു   പടർന്നപ്പോൾ
സർപ്പ ക്കാവും വീടും തനിച്ചായി
ഒരു കാറ്റത്ത് മേൽക്കൂര പറന്നപ്പോൾ
തലകുനിച്ച്  ഓടുകൾ  ചൂടി വീട് നിന്നു
അസ്ഥിത്തറപ്പൊളിച്ചു ശേഷിപ്പുകൾ
വർക്കലക്കടലിൽ കുളിയ്ക്കാൻ  പോയി
സർപ്പക്കുളത്തിലേക്ക്   ഇരുട്ട് കൂടുമാറി
മരോട്ടിമരം മഴുവീഴുന്നതും കാത്തു കുളക്കരയിൽ


കിഴക്കേദിക്കിലിപ്പോൾ  റോഡാണ്
താറിട്ട, യന്ത്രവണ്ടികളോടുന്ന റോഡ്
വീടുപൊളിച്ച്  അറമാറ്റി പുതുക്കിപ്പണിയണം
കാവുവെട്ടി സർപ്പത്തെമാറ്റി കുളംനികത്തണം
കുട്ടികൾക്ക്   കാവും സർപ്പവും പേടിയാണ്
മതിലും ഗേയ്ററുമില്ലാത്ത വീട് കുറച്ചിലാണ്
എന്റെ നരയും പല്ലുകൊഴിഞ്ഞ മുഖവും
പുറത്തു കാണാതിരിക്കാൻ
അവശേഷിച്ച ഇരുട്ടുമുറിയിൽ
എന്നെയവർ  പൂട്ടിയിട്ടിരിക്കുകയാണ്.

അസ്ഥിത്തറയിലൊളിപ്പിക്കാതെ
വിളക്കുകൾ  കത്തിയ്ക്കാതെ
മരോട്ടിമരത്തിനോടൊപ്പം
എന്റെയും ശേഷിപ്പുകൾ
സർപ്പക്കുളത്തിൽ
ഒരിക്കലവർ ഏറിയും

പടിഞ്ഞാററയിലെ ഇരുട്ടിലേക്ക്
പകലിനോടൊപ്പം ഞാനും താഴുകയാണ്.

....... ........ ..

അഭിപ്രായങ്ങളൊന്നുമില്ല: