Pages

ശില്പി



 ശില്പി

ഇരുളടഞ്ഞ ഗുഹാമുഖത്തു നില്‍കുക
ഉള്ളിലെ ശില്പം  നോക്കുക
അടര്‍ന്നുവീണ കാല്പാദങ്ങളില്‍
ശില്പിയുടെ ഉമിനീരിന്റെ ഗന്ധം

വെളിച്ചം
വിണ്ട പാറകള്‍ക്കിടയിലേക്ക്
എത്തിനോക്കുമ്പോള്‍
പ്രിയേ,   നിനക്കായ്‌
എന്‍റെ കല്ലിച്ച ഹൃദയം

പട്ടുനൂല്‍പുഴുക്കള്‍ തിന്നുതീർത്ത
ഞരമ്പെഴുന്നുനില്‍ക്കുന്ന കല്തൂണുകൾ
ജലധിയില്‍
മുങ്ങിത്താഴുന്ന മീനുകള്‍
മുങ്ങാങ്കുഴിയിട്ട കൊററി പറഞ്ഞു
നിര്‍മ്മലമാണ് നിന്‍റെ ഹൃദയം


തിരകളൊതുക്കിയൊതുക്കി
പളുങ്കുമുത്തുകൾ കോർക്കുന്നു   തീരം
പച്ചിലകൂടാരത്തില്‍ കിരണങ്ങള്‍
പവിഴമുത്തുകള്‍ വാരി വിതറി
നൂലുകളിറക്കി
വലനെയ്തിരുന്ന ചിലന്തിയ്ക്ക്
കുടുങ്ങിയ ഇരയോട്  ദയ
കാട്ടുപാതയിലൂടെ കൈകൾകോര്‍ത്ത്
പ്രണയിച്ചൊഴുകുന്ന പൂഞ്ചോലകള്‍
ശിലയിൽ
ശില്പിയുടെ നെറ്റിയിലെ രക്തക്കറ

ഇന്ന്
തിരുവാതിരയാണ്
നിലാവ് കൂട്ടിനുണ്ടാകും
കൃഷ്ണശിലയില്‍ കൊത്തിയ
ശിവലിംഗത്തെ
പാല്‍ചുരത്തുന്ന അകിടുകള്‍
ആലിംഗനം ചെയ്യും


ഉള്ളിലേക്ക് കടന്ന്
ഇരുട്ടിനെ തപ്പുക
പ്രേമത്തിന്റെ
തളിരുകള്‍
ശില്പി
അവിടെയാണ്
ഒളിപ്പിച്ചിരിക്കുന്നത്

........

അഭിപ്രായങ്ങളൊന്നുമില്ല: