Pages

രാഖി

രാഖി
****

തിണ്ണയില്‍ വിശപ്പോടിഴയും കിടാങ്ങളെത്തടവി
കണ്ണീരില്‍ തളരുമെന്നോർമ്മയില്‍ തിരയുമ്പോള്‍
തുള്ളും ചിലങ്കതന്‍ ചെറുമന്ദഹാസത്തില്‍
പെങ്ങളായ് വരുന്നു നീ, ഏതോ ദിവസത്തിൽ


വെള്ളിത്തളികയില്‍ രാഖിച്ചരടുമായ്
ഉല്ലസിച്ചന്നു നീ, പെങ്ങളായ് പിറക്കവേ
രക്തബന്ധത്തിന് രൂക്ഷ ഗന്ധമില്ലാത്ത
രക്ഷകനായല്ലോ എൻരക്തധമനികള്‍

ബന്ധമില്ലത്തൊരു ബന്ധിത സോദരന്‍
വെന്തുരുകുന്ന വിശപ്പില്‍ തളരുമ്പോള്‍
ഭ്രാതാവിന്‍ നിരർത്ഥക ദുഃഖമക റ്റുവാൻ
മൂകയായ്‌ മാന്ത്രിക ചെപ്പു തുറന്നു നീ

മാറിലെ മദജലം തേടിയെത്തുന്നവര്‍
കൂറത്തുണിയിലൊതുങ്ങും നിന്‍ യൌവനം
വാരിപ്പുണരുന്ന രാവിൽ, നിന്‍ തപസ്യയ്ക്കായ്‌
കൂട്ടിരുന്നിറയത്ത്, വാതില്‍ പടിയിന്മേൽ .

വാതില്‍ തുറന്നവര്‍ ഇരുളില്‍ മറയുമ്പോള്‍
വേതനം എണ്ണി നീ, എന്നെയേല്പിയ്ക്കുമ്പോൾ
ഉള്ളുപഴിയ്ക്കുന്നു പൊള്ളുമാ മുഹൂർത്തത്തെ
എന്‍ മണിബന്ധത്തില്‍ നീ കെട്ടിയ ചരടിനെ.

ഒന്നുമറിയാതറിഞ്ഞു ഞാനൊരുനാളിൽ
പുണ്ണുപോലേതോരോഗം നിന്നില്‍ വളർന്നെന്നും
കണ്ണകാണുവാന്‍ പോലും കഴിയാത്തൊരന്ധനായ്
വിണ്ടു കീറിയ ചുണ്ടും വിളറും മേനിയും കാണ്‍കെ

മൂര്‍ധാവില്‍ ദീനം മൂത്തു, ദിനമെണ്ണി
നിശകളില്‍ പശിയുമായ് നിന്‍ വയറൊട്ടവേ
വ്യർത്ഥമായ് ഞാന്‍ നിന്നു ബന്ധത്തെ പഴിക്കവേ
കൃത്യമായ് നിന്‍ ദേഹി ദേഹം വെടിഞ്ഞല്ലോ!

തിണ്ണയില്‍ കരിന്തിരികത്തും വിളക്കിനായ്
എണ്ണ തിരഞ്ഞു തളര്‍ന്നു നടക്കുമ്പോള്‍
പട്ടില്‍ പൊതിഞ്ഞാരോ നിന്മേനി പിന്നതാ
പട്ടടയ്ക്കുള്ളില്‍ കിടത്തിയുറക്കുന്നു

പെങ്ങളേ, നിന്‍ ശീലകള്‍ , പിന്നുരിയുന്നു പാപകന്‍
ആർത്ത  ചിതതന്‍ മറവില്‍ , രതിലയമാടിടാന്‍
കണ്ണുപൊത്തുന്നു ഞാന്‍, മിഴികളിൽ നിറയുന്ന
കണ്ണീരില്‍ലെന്‍ കാഴ്ച മങ്ങി മറയുന്നു

...... ..... .... .

അഭിപ്രായങ്ങളൊന്നുമില്ല: