Pages

പ്രശ്നസാരം

പ്രശ്നസാരം

കവടി നിരത്തിയ കാലത്തിനോട്
പൃച്ഛകന്‍ പ്രശ്നം പറഞ്ഞു

കാലം
നിമിഷ ശാസ്ത്രം  നോക്കി
" വന്ന കാലവും സമയവും മോശം
പ്രശ്നഫലം  നന്നല്ല

ദിശ തെറ്റി വന്നതെങ്കിലും വെയ്ക്കൂ
ഒരു വെള്ളിനാണയം കളത്തില്‍"

പൃച്ഛകന്‍ പൂർണ്ണേന്ദുവിനെ
രാശിചക്രത്തിൽ  വെച്ചു

ആരൂഢ സ്ഥിതി  മാറി
ഒന്നാം ഭാവത്തില്‍ ആദിത്യനും
ഏഴാം ഭാവത്തില്‍ ഗുരുവും
പന്ത്രണ്ടില്‍ മന്ദനും നില്‍ക്കുന്നു

കവടി വാരികൂട്ടി
ഭാവി പറയാതെ
മററുഭാവങ്ങളെ നോക്കാതെ
രാഹുകേതുക്കളെ മാത്രം
ജ്യോതിഷി ശ്രദ്ധിച്ചു

ആറിലെ രാഹുവും
പന്ത്രണ്ടിലെ കേതുവും
ആറില്‍ നിന്നേഴിലേക്കെത്തുന്ന
"മലയാളവും"

പൃച്ഛകന്റെ കണ്ണിൽനോക്കി
കാലം ചിരിച്ചു

രാശി ഭാവങ്ങൾ ശ്രദ്ധിച്ചു
ഫലം പറയാൻ തുടങ്ങി
കണ്ടില്ലേ രണ്ടും ഒമ്പതും
പതിനൊന്നും ഒഴിഞ്ഞു കിടക്കുന്നത്

നമുക്ക് പുഴയും മലയും
മഞ്ഞും മഴയും വേണോ.?
സമ്പന്നത
മരുഭൂമികളിലല്ലേ
ശ്രദ്ധിച്ചു കളിച്ചാല്‍
ഇവിടം  സമ്പന്നമാക്കാം

..........................

അഭിപ്രായങ്ങളൊന്നുമില്ല: